ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

അപകീർത്തില്‍നിന്ന് പരിഹാരങ്ങളിലേക്ക് മിസോറാമിൽ എച്ച്ഐവി സ്വയം പരിശോധനയുടെ ഉയർച്ച

Posted On: 25 FEB 2025 2:42PM by PIB Thiruvananthpuram

മനോഹരമായ പ്രകൃതിഭംഗിയ്ക്കും ഇഴചേർന്ന സമുദായങ്ങള്‍ക്കും പേരുകേട്ടതാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മിസോറം. എച്ച്ഐവി - എയ്ഡ്സിനെതിരായ പോരാട്ടത്തിനും മിസോറം ഒരു പ്രചോദനമായി മാറുകയാണ്. ചെറുപ്പക്കാര്‍ക്കിടയിലെ ഉയര്‍ന്ന രോഗബാധയോടെ ഇന്ത്യയിൽ ഏറ്റവുമധികം എച്ച്ഐവി വ്യാപനമുള്ള സംസ്ഥാനമെന്ന പ്രശ്‌നം അഭിമുഖീകരിക്കുകയായിരുന്നു മിസോറം. തെറ്റിദ്ധാരണകള്‍ മൂലമുള്ള അപകീർത്തിയും സേവന വിതരണത്തിലെ വെല്ലുവിളികളും കാരണം വ്യക്തികളെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർബന്ധിക്കുന്ന എച്ച്ഐവി പരിശോധനയുടെ പരമ്പരാഗത രീതികൾ അപര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ സ്വകാര്യവും സൗകര്യപ്രദവും ഫലപ്രദവുമായ രോഗനിർണയ മാർഗം വാഗ്ദാനം ചെയ്യുന്ന എച്ച്ഐവി സ്വയം പരിശോധന (എച്ച്ഐവിഎസ്ടി) വിപ്ലവകരമായ സമീപനമായി ഉയർന്നുവന്നിരിക്കുന്നു. 

മിസോറാമിൽ സ്ഥിരമായി രേഖപ്പെടുത്തപ്പെട്ട എച്ച്ഐവി അണുബാധയുടെ ഭയാനക നിരക്കുകൾ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. രോഗസംക്രമണത്തിന്റെ പ്രാഥമിക കാരണങ്ങള്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഞരമ്പുകളില്‍ കുത്തിവെയ്ക്കുന്ന മയക്കുമരുന്ന് ഉപയോഗവുമാണ്. ബോധവൽക്കരണ പ്രചാരണങ്ങൾക്കിടയിലും പലരും പരിശോധനയ്ക്ക് വിധേയരാകാൻ മടിക്കുന്നത് രോഗനിർണയം വൈകാനും അതുവഴി രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയേറാനും കാരണമാകുന്നു. അതിനാൽ അപകീർത്തിയെക്കുറിച്ചോ സേവനവിതരണത്തിലെ വെല്ലുവിളികളെക്കുറിച്ചോ ഭയക്കാതെ വ്യക്തികൾക്ക് അവരുടെ ആരോഗ്യം സ്വയം നിയന്ത്രിക്കാനാവുന്ന പുതിയൊരു സമീപനം അനിവാര്യമായിരുന്നു. ഇവിടെയാണ് എച്ച്ഐവി സ്വയം പരിശോധന ഒരു സുപ്രധാന വഴിത്തിരിവായി മാറിയത്.

 

എച്ച്ഐവി സ്വയം പരിശോധനയില്‍ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന കിറ്റുകൾ ഉപയോഗിച്ച് വ്യക്തികൾക്ക് വീടിനകത്ത് സ്വകാര്യമായി സ്വയം പരിശോധിക്കാം. സാധാരണഗതിയില്‍‌ ഈ കിറ്റുകളുപയോഗിച്ച് ഉമിനീരോ രക്ത സാമ്പിളോ ശേഖരിക്കുന്നതിലൂടെ മിനിറ്റുകൾക്കകം ഫലം ലഭിക്കും. നിരവധി രാജ്യങ്ങളിൽ ഇതിനകം വിജയകരമായി നടപ്പാക്കിയ ഈ രീതി മിസോറാമിൽ അവതരിപ്പിച്ചത് എച്ച്ഐവിക്കെതിരായ പോരാട്ടത്തിൽ പ്രതീക്ഷ പകരുന്നു. അപകീർത്തിക്ക് പരിഹാരം കാണാനും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ ആരോഗ്യ വിദഗ്ധനെ സന്ദർശിച്ച് സ്വന്തം ആരോഗ്യം കൈകാര്യം ചെയ്യുന്നതിൽ മുൻകരുതൽ സ്വീകരിക്കാനും ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് എച്ച്ഐവി സ്വയം പരിശോധനയുടെ ലക്ഷ്യം. കൂടാതെ, എച്ച്ഐവിഎസ്ടി പരിശോധനകൾ ജനങ്ങളുടെ വീട്ടിലെത്തുന്നതോടെ സേവനവിതരണത്തിലെ വിടവ് നികത്താനും വിദൂര സ്ഥലങ്ങളിൽ പോലും ദീർഘദൂര യാത്ര ചെയ്യാതെ സ്വയം പരിശോധന നടത്താനും സാധിക്കുന്നു.  

 

എച്ച്ഐവി സ്വയം പരിശോധനയുടെ മിസോറാമിലെ വിജയം സമാന വെല്ലുവിളികൾ നേരിടുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് വിലയേറിയ മാതൃകയാണ്. ശരിയായി വികസിപ്പിച്ചെടുത്താൽ എച്ച്ഐവിഎസ്ടി വഴി ഇന്ത്യയിലുടനീളം ‌ അണുബാധ നിരക്കുയര്‍ന്നതും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ പരിമിതവുമായ പ്രദേശങ്ങളിൽ എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിവർത്തനം ചെയ്യാനാവും. പ്രാദേശിക പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രത്യേക ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് കൃത്യമായ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ആവിഷ്ക്കരിക്കുന്ന പൊതു അവബോധ പ്രചാരണ പരിപാടികള്‍ സാമൂഹ്യ അപമാനത്തിന്റെ ആശങ്ക ഇല്ലാതാക്കാന്‍ സഹായിക്കും. കൗൺസിലിങിനും തുടർ പിന്തുണയ്‌ക്കുമായി മൊബൈൽ ആപ്പുകളും ടെലിഹെൽത്ത് സേവനങ്ങളും എച്ച്ഐവിഎസ്ടിയുമായി സംയോജിപ്പിച്ച് ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നത് കൂടുതല്‍ പേരെ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കും. സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളുമായും എൻ‌ജി‌ഒകളുമായും സഹകരണം സാധ്യമാക്കുന്നതുവഴി ഈ സംവിധാനങ്ങളുടെ പ്രാപ്തിയും ലഭ്യതയും വർധിപ്പിക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് നിർണായക പങ്ക് വഹിക്കാനാവും. 

 

എച്ച്ഐവി - എയ്ഡ്‌സ് പകർച്ചവ്യാധിയെ നേരിടാൻ വിവിധ സംരംഭങ്ങളിലൂടെ ഭാരതസര്‍ക്കാര്‍ സജീവമായി പ്രവർത്തിച്ചുവരികയാണ്. പൂർണ സര്‍ക്കാര്‍ ധനസഹായത്തോടെ ആവിഷ്ക്കരിച്ച കേന്ദ്ര പദ്ധതിയായ ദേശീയ എയ്ഡ്‌സ് ആൻഡ് എസ്ടിഡി നിയന്ത്രണ പരിപാടിയുടെ (എൻഎസിപി) അഞ്ചാംഘട്ടത്തിന് 15,471.94 കോടി രൂപ വകയിരുത്തിയത് ഈ രംഗത്തെ സുപ്രധാന ശ്രമങ്ങളിലൊന്നാണ്. ഇതുവഴി 2025-26 സാമ്പത്തിക വർഷം വരെ ദേശീയ എയ്ഡ്‌സ് - എസ്ടിഡി നിയന്ത്രണ പരിപാടി വിപുലീകരിക്കുകയും 2030-ഓടെ പൊതുജനാരോഗ്യ ഭീഷണിയായ എച്ച്ഐവി - എയ്ഡ്‌സ് തുടച്ചുനീക്കാന്‍ ലക്ഷ്യമിടുന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) 3.3 ന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

 

എച്ച്ഐവി-എയ്ഡ്സ് തടയലും നിയന്ത്രണവും നിയമം (2017), പരിശോധനാ-ചികിത്സാ നയം, സാര്‍വത്രിക വൈറൽ ലോഡ് പരിശോധന, മിഷൻ സമ്പർക്ക്, സാമൂഹ്യാധിഷ്ഠിത പരിശോധന തുടങ്ങിയ മുൻകാല സംരംഭങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപുരോഗതി ഏകീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും എൻഎസിപി അഞ്ചാംഘട്ടം പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നു. എച്ച്ഐവി, ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) എന്നിവയ്ക്ക് സാധ്യതയുള്ള വ്യക്തികൾക്കായി ഏകജാലക സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സമ്പൂർണ സുരക്ഷാ കേന്ദ്രങ്ങൾ (എസ്എസ്കെ) ഈ ഘട്ടത്തിന്റെ പ്രധാന ഭാഗമാണ്. ആരോഗ്യ സംരക്ഷണ സംവിധാനത്തിനകത്തും പുറത്തും ശക്തമായ ബന്ധങ്ങളും പരസ്പരനിര്‍ദേശങ്ങളും ഉറപ്പാക്കിക്കൊണ്ട് രോഗബാധിതരുടെ ആവശ്യങ്ങൾക്കനുസൃതമായി സമഗ്ര സേവനങ്ങൾ ഈ കേന്ദ്രങ്ങളിലൂടെ നൽകുന്നു. ഒരു സമഗ്ര പ്രതിരോധ-പരിശോധനാ-ചികിത്സാ-പരിചരണ തുടർച്ചയിലൂടെ എച്ച്ഐവി അണുബാധ കണ്ടെത്തലും ചികിത്സയും മിസോറാം പോലുള്ള വിദൂര സംസ്ഥാനങ്ങളടക്കം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നു.

കൂടാതെ എച്ച്ഐവി/എയ്ഡ്സ് പ്രതിരോധത്തിനും പരിശോധനയ്ക്കുമായി മിസോറമില്‍ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (എംഎസ്എസിഎസ്) മൊബൈൽ പരിശോധനാകേന്ദ്രങ്ങള്‍, കൗൺസിലിങ്, ചികിത്സ എന്നിവയുൾപ്പെടെ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രത്യേകിച്ച് ജയിലുകളിൽ എച്ച്ഐവി അണുബാധ തടയുന്നതിൽ എംഎസ്എസിഎസും മിസോറാം സംസ്ഥാന സർക്കാരും നടത്തുന്ന ശ്രമങ്ങളെ മയക്കുമരുന്ന് - കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ ഓഫീസ് പ്രത്യേകം അംഗീകരിച്ചിട്ടുണ്ട്.

 

എച്ച്ഐവി/എയ്ഡ്സിനെതിരായ പോരാട്ടത്തിൽ മിസോറാമിലെ എച്ച്ഐവി സ്വയം പരിശോധന വിപ്ലവകരമായ ഒരു സംവിധാനമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. സാമൂഹ്യ അപകീർത്തി, പരിശോധന സൗകര്യങ്ങളുടെ ലഭ്യത എന്നീ ഇരട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലൂടെ എച്ച്ഐവിഎസ്ടി ആരോഗ്യത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻ വ്യക്തികളെ പ്രാപ്തരാക്കുകയും നേരത്തെയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുകയും അതുവഴി രോഗപ്പകര്‍ച്ചാ നിരക്കുകൾ കുറയ്ക്കുകയും ചെയ്യുന്നു. സ്വയം പരിശോധന നടപ്പാക്കുന്നതിൽ മിസോറമിന്റെ നേതൃത്വം തുടരുമ്പോൾ പൊതുജനാരോഗ്യരംഗത്ത് നൂതനവും സാമൂഹ്യാധിഷ്ഠിതവുമായ സമീപനങ്ങൾ സ്വീകരിക്കാനാഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കും ഈ വിജയഗാഥ ഒരു പ്രചോദനമായി മാറുന്നു. ശരിയായ നയങ്ങൾ, പിന്തുണ, അവബോധം എന്നിവയിലൂടെ എച്ച്ഐവി - എയ്ഡ്സിനെതിരായ പോരാട്ടത്തിൽ ഒരു ദേശീയ തന്ത്രമായി മാറിയേക്കാവുന്ന എച്ച്ഐവി സ്വയം പരിശോധന ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നിനെ മാറ്റിമറിക്കുമെന്നതില്‍ തര്‍ക്കമില്ല. 

*************************


(Release ID: 2106365) Visitor Counter : 28