ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

ഏഷ്യ-പസഫിക് രാജ്യങ്ങളിലെ 12-ാമത് പ്രാദേശിക 3 ആർ, ചാക്രിക സാമ്പത്തിക ഫോറത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.

ഏഷ്യ-പസഫിക് രാജ്യങ്ങളിൽ വിഭവ-കാര്യക്ഷമതയും ചാക്രിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനവും സാധ്യമാക്കുന്നതിനുള്ള 'ജയ്പൂർ പ്രഖ്യാപനം' അംഗീകരിച്ചുകൊണ്ട് പന്ത്രണ്ടാമത് ഫോറം സമാപിക്കും: ശ്രീ മനോഹർ ലാൽ

Posted On: 24 FEB 2025 5:32PM by PIB Thiruvananthpuram
ഏഷ്യ-പസഫിക് രാജ്യങ്ങളിലെ 12-ാമത് പ്രാദേശിക 3 ആർ, ചാക്രിക സാമ്പത്തിക ഫോറത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
 ജയ്പൂരിലെ രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ ഫോറം 2025 മാർച്ച് 3-5 തീയതികളിൽ നടക്കും. "ഏഷ്യ-പസഫിക്കിൽ എസ്ഡിജികളും കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിനായി ചാക്രിക സമൂഹങ്ങളെ യാഥാർത്ഥ്യമാക്കൽ" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരിക്കും പരിപാടി എന്ന് പ്രധാന ഫോറത്തിന്റെ മുന്നോടിയായി ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ഇന്ന് സംഘടിപ്പിച്ച കർട്ടൻ റൈസർ പരിപാടിയിൽ കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ പറഞ്ഞു.
 
പ്ലീനറി സെഷനുകൾ, രാജ്യാധിഷ്ഠിത ചർച്ചകൾ, പ്രമേയഅധിഷ്ഠിത യോഗങ്ങൾ , അറിവ് പങ്കിടൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവ അടങ്ങിയ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 500-ലധികം അന്താരാഷ്ട്ര, ആഭ്യന്തര പങ്കാളികൾ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ജയ്പൂരിലെ ഖര, ദ്രവ മാലിന്യ സംസ്കരണ സൗകര്യങ്ങളിൽ സാങ്കേതിക സന്ദർശനങ്ങൾ നടത്താനും പ്രധാന പൈതൃക സ്ഥലങ്ങൾ സന്ദർശിക്കാനും പ്രതിനിധികൾക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
 സമ്മേളനത്തിന്റെ ഭാഗമായി 3R, ചാക്രിക സാമ്പത്തിക മേഖലകളിലെ ഇന്ത്യയുടെ ശ്രദ്ധേയമായ സംരംഭങ്ങളും നേട്ടങ്ങളും ഒരു പ്രത്യേക 'ഇന്ത്യ പവലിയനിൽ ' പ്രദർശിപ്പിക്കും . സുസ്ഥിര വികസനത്തിനായുള്ള ഇന്ത്യയുടെ സമഗ്ര ഗവൺമെന്റ് എന്ന സമീപനത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ പ്രധാന മന്ത്രാലയങ്ങളുടെയും ദേശീയ ദൗത്യങ്ങളുടെയും പ്രദർശനങ്ങൾ ഈ പവലിയനിൽ ഉണ്ടാകും. 'മന്ത്രിമാരും അംബാസഡർമാരും പങ്കെടുക്കുന്ന വട്ടമേശ സംഭാഷണം', 'മേയർമാരുടെ സംഭാഷണം', 'നയ സംഭാഷണം', CITIIS 2.0 പ്രോഗ്രാമിന് കീഴിലുള്ള കരാറുകളിൽ ഒപ്പുവയ്ക്കൽ തുടങ്ങിയ സെഷനുകൾക്കൊപ്പം അറിവ് പങ്കിടലിനുള്ള ഒരു സംവേദനാത്മക കേന്ദ്രമായും ഇത് വർത്തിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് (NIUA) സമാഹരിച്ച 100-ലധികം മികച്ച രീതികളുടെ ഒരു സംഗ്രഹം ഉൾപ്പെടെ നിരവധി വിജ്ഞാന ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനവും ഫോറത്തിൽ നടക്കും.
 
ഒരു അന്താരാഷ്ട്ര '3R വ്യാപാര-സാങ്കേതിക പ്രദർശനം' ഫോറത്തിന്റെ ഭാഗമായി നടക്കും. 40-ലധികം ഇന്ത്യൻ, ജാപ്പനീസ് ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ചാക്രിക സമ്പദ് വ്യവസ്ഥയെയും 3R തത്വങ്ങളെയും പിന്തുണയ്ക്കുന്നതും പരസ്പര പഠനം പ്രോത്സാഹിപ്പിക്കുന്നതുമായ മികച്ച രീതികളും ആശയങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഈ ഫോറം മാറും. ഇന്ത്യയിലുടനീളമുള്ള എൻ‌ജി‌ഒകളും സ്വയം സഹായ ഗ്രൂപ്പുകളും നടത്തുന്ന ' പാഴ് വസ്തുക്കളിൽ നിന്ന് സമ്പത്തിലേക്ക്' സംരംഭങ്ങൾ ഫോറത്തിൽ പ്രദർശിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ അറിയിച്ചു.ഇത് സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭകത്വവും സമൂഹ ഇടപെടലും പ്രോത്സാഹിപ്പിക്കും.
 
ഏഷ്യ-പസഫിക് രാജ്യങ്ങളിൽ വിഭവ-കാര്യക്ഷമവും ചാക്രികവുമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനം സാധ്യമാക്കുന്നതിനുള്ള 'ജയ്പൂർ പ്രഖ്യാപനം' അംഗീകരിക്കുന്നതോടെ 12-ാമത് ഫോറം അവസാനിക്കുമെന്നും അടുത്ത ആതിഥേയ രാജ്യത്തിന് ചുമതല കൈമാറുമെന്നും ശ്രീ മനോഹർ ലാൽ അറിയിച്ചു. ഹനോയ് പ്രഖ്യാപനത്തെ (2013-23) അടിസ്ഥാനമാക്കിയാണ് ജയ്പൂർ പ്രഖ്യാപനം (2025-34) രൂപവൽക്കരിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന രാജ്യങ്ങൾക്ക് 3R, ചാക്രിക സാമ്പത്തിക നയങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുക എന്നതാണ് ലക്ഷ്യം. എടുക്കുക, നിർമ്മിക്കുക, ഉപേക്ഷിക്കുക എന്ന രേഖീയ സമ്പദ് വ്യവസ്ഥയിൽ നിന്നും ചാക്രിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനം ഇത് സാധ്യമാക്കുന്നു. സ്വമേധയാ ഉള്ളതും നിയമപരമായ ബാധ്യതയില്ലാത്തതുമായ ഒരു കരാറാണ്.
 
 ഏഷ്യ-പസഫിക് മേഖലയിലെ ഗവണ്മെന്റുകൾക്ക് 3R  മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി തന്ത്രപരമായ നയ നിർദ്ദേശങ്ങൾ നൽകുന്നതിന് 2009-ൽ UNCRD ആരംഭിച്ചതാണ് റീജിയണൽ 3R & സർക്കുലർ ഇക്കണോമി ഫോറം/പ്രാദേശിക 3 ആർ, ചാക്രിക സാമ്പത്തിക ഫോറം .3R- കുറയ്ക്കുക, പുനരുപയോഗം ചെയ്യുക പുനചംക്രമണം ചെയ്യുക എന്നിവയുടെ മികച്ച രീതികൾ പ്രചരിപ്പിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു വേദിയായി വർത്തിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവസാന ഫോറത്തിന് 2023-ൽ കംബോഡിയയാണ് ആതിഥേയത്വം വഹിച്ചത്. 2018-ൽ ഫോറത്തിന്റെ എട്ടാം പതിപ്പ് ഇന്ത്യയിലെ ഇൻഡോറിൽ നടന്നു 
 
രാജസ്ഥാൻ സർക്കാരിന്റെ പിന്തുണയോടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ- അർബൻ ആണ് 12-ാമത് ഫോറത്തിന് നേതൃത്വം നൽകുന്നത്.
 ജപ്പാന്റെ പരിസ്ഥിതി മന്ത്രാലയം, UN ESCAP, UNCRP, UNDSDG, UNDESA എന്നിവയും ഫോറത്തിൽ സഹകരിക്കുന്നു.
 
ഏഷ്യ-പസഫിക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഈ ഫോറം, വരും വർഷങ്ങളിൽ 3R, ചാക്രിക സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള നയങ്ങളും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിൽ അംഗരാജ്യങ്ങളെ നയിക്കാൻ ലക്ഷ്യമിടുന്നു. 38 ക്ഷണിക്കപ്പെട്ട അംഗരാജ്യങ്ങൾ, കേന്ദ്ര ഗവൺമെന്റിന്റെ 15 പ്രധാന മന്ത്രാലയങ്ങൾ, മിക്കവാറും എല്ലാ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, 60-ലധികം നഗരങ്ങൾ, 40-ലധികം സ്റ്റാർട്ടപ്പുകൾ, ബിസിനസുകൾ, ഏകദേശം 120 പ്രഭാഷകർ എന്നിവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന 3 ദിവസങ്ങളിലായി നടക്കുന്ന ഈ ഫോറം, നയ ചർച്ചകൾ, സഹകരണം, വിജ്ഞാന കൈമാറ്റം എന്നിവയ്ക്കുള്ള ഒരു വേദിയായി വർത്തിക്കും. ഈ പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ഇത് ചാക്രിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കവും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG-കൾ) നേട്ടവും ത്വരിതപ്പെടുത്തും.
 
 
 
12-ാമത് പ്രാദേശിക 3 ആർ, ചാക്രിക സാമ്പത്തിക ഫോറത്തിൽ മൂന്ന് ദിവസവും വെർച്വൽ ആയി പങ്കെടുക്കാം 
 
https://3rcefindia.sbmurban.org/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌ത് പങ്കെടുക്കുന്നവർക്ക് ഓൺലൈനായി സെഷനുകളിൽ പങ്കെടുക്കാം.
 
വെർച്വൽ പങ്കാളിത്തത്തിനുള്ള QR കോഡ്:
********************
 
 
 

(Release ID: 2105961) Visitor Counter : 9


Read this release in: English , Khasi , Urdu , Hindi