ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

മാലദ്വീപിലെ മാലെയില്‍ നടന്ന 13-ാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ബേ ഓഫ് ബംഗാള്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളുടെ ചെയര്‍മാന്‍ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു

Posted On: 21 FEB 2025 5:21PM by PIB Thiruvananthpuram

ചരിത്രപരമായ ഒരു നീക്കത്തില്‍, മാലദ്വീപിലെ മാലെയില്‍ നടന്ന പത്തിമൂന്നാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ബേ ഓഫ് ബംഗാള്‍ (ബിഒബി) ഇന്റര്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകളുടെ ചെയര്‍മാന്‍ സ്ഥാനം, ശ്രീലങ്ക, മാലദ്വീപ്, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍, ഇന്ത്യ ഏറ്റെടുത്തു. മാലദ്വീപിലെ ലങ്കനഫിനോളു (Lankanfinolhu) വില്‍ 2025 ഫെബ്രുവരി 20 മുതല്‍ 22 വരെ വിജയകരമായി നടത്തിയ, ' പോളിസി ഗൈഡന്‍സ് ഫോര്‍ മെയിന്‍ സ്ട്രീമിംഗ് ഇക്കോസിസ്റ്റം അപ്രോച്ച് ടു ഫിഷറീസ് മാനേജ്‌മെന്റ് (EAFM) ഇന്‍ സ്‌മോള്‍ സ്‌കെയില്‍ ഫിഷറീസ്' എന്ന ഉന്നതതല സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യാ ഗവണ്‍മെന്റ് (GoI) ഫിഷറീസ് വകുപ്പു സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘമാണ് ചടങ്ങില്‍ വച്ച് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടത്തത്. ബംഗ്ലാദേശില്‍ നിന്നും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യ , ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ (BOBP-IGO) നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് സെക്രട്ടറി എടുത്തു പറഞ്ഞു. BOBP- IGO യുടെ നേട്ടങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതില്‍ ഫിഷറീസ് വകുപ്പ് ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുമെന്നും അംഗരാജ്യങ്ങളുടെയും മത്സ്യബന്ധന മേഖലയുടെ വികസനത്തിനുള്ള എല്ലാ ഭാവി സംരംഭങ്ങള്‍ക്കും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കൂടാതെ, പ്രാദേശിക സഹകരണത്തിന്റെ പ്രാധാന്യവും വികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇന്ത്യയും മറ്റു രാജ്യങ്ങളും വഹിക്കുന്ന നിര്‍ണ്ണായക പങ്കും അഭിലാഷ് ലിഖി അടിവരയിട്ടു പറഞ്ഞു. സമുദ്രവിഭവ മാനേജ്‌മെന്റ്, പരിശീലനവും കാര്യ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകൾ, ഗവേഷണവും നയരൂപീകരണവും, നിയമവിരുദ്ധവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയൽ, പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കൽ തുടങ്ങിയ മേഖലകളിലാണ് പ്രാദേശിക സഹകരണം പ്രധാനമായും വര്‍ദ്ധിപ്പിക്കുന്നത്. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO), ദക്ഷിണപൂര്‍വ്വേഷ്യന്‍ ഫിഷറീസ് ഡെവലപ്‌മെന്റ് സെന്റര്‍ (SEAFDEC), യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (UNODC), ബന്ധപ്പെട്ട മറ്റ് സംഘടനകള്‍ എന്നിവയുടെ നിരന്തര പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ ഇന്ത്യ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. അറിവ്, സാങ്കേതികവിദ്യ, അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിലൂടെ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാന്‍ എല്ലാ അംഗ രാജ്യങ്ങളോടും ഫിഷറീസ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഈ സഹകരണങ്ങള്‍ മേഖലയുടെ സമുദ്ര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തോടൊപ്പം സാമ്പത്തിക വികസനവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സാദ്ധ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. ചെറുകിട മത്സ്യബന്ധന മേഖലയുടെ ക്ഷേമത്തിനായുള്ള ഇന്ത്യയുടെ വികസന നയങ്ങളും വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും കീഴില്‍ നടപ്പാക്കുന്ന സുസ്ഥിര വികസന നടപടികളും ഫിഷറീസ് സെക്രട്ടറി യോഗത്തില്‍ എടുത്തു പറഞ്ഞു.

 

ഈ സുപ്രധാന പരിപാടിയുടെ വിജയകരമായി സമാപനവും, ഒപ്പം ഇന്ത്യ BoBP-IGO യുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെ , കൂട്ടായ പ്രയത്‌നങ്ങളിലൂടെ അംഗരാജ്യങ്ങളെ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ രീതിയില്‍ നയിക്കുന്നതിനു മാത്രമല്ല, മേഖലയിലെ ചെറുകിട മത്സ്യബന്ധന (SSF) മേഖലയുടെ വികസനത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്യുന്നതിനായിരിക്കും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിനു കീഴിലുള്ള ഫിഷറീസ് വകുപ്പിന്റെ ശ്രമം. ഈ നേട്ടം അന്താരാഷ്ട്ര നേതൃത്വവും ഉത്തരവാദിത്തങ്ങളും ഇന്ത്യയ്ക്കു നല്‍കുന്നുവെന്നു മാത്രമല്ല, ' വികസിത് ഭാരത് 2047' എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ബഹുമുഖ മുന്നേറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു.

****************


(Release ID: 2105405) Visitor Counter : 18


Read this release in: English , Urdu , Hindi , Tamil