പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജീനോംഇന്ത്യ പദ്ധതിയുടെ തുടക്കത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണ്ണരൂപം

Posted On: 09 JAN 2025 6:38PM by PIB Thiruvananthpuram

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ഡോ. ജിതേന്ദ്ര സിംഗ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെയെത്തിയ ശാസ്ത്രജ്ഞരെ, മറ്റ് വിശിഷ്ടാതിഥികളെ, മഹതികളെ, മാന്യരെ!

ഇന്ന്, ഗവേഷണ ലോകത്ത് ഇന്ത്യ ചരിത്രപരമായ ഒരു ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു. അഞ്ച് വർഷം മുമ്പ്, ജീനോംഇന്ത്യ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും, ഈ പദ്ധതി പൂർത്തിയാക്കാൻ നമ്മുടെ ശാസ്ത്രജ്ഞർ ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഐഐഎസ്‌സി, ഐഐടികൾ, സിഎസ്‌ഐആർ, ബിആർഐസി തുടങ്ങിയ രാജ്യത്തെ 20-ലധികം പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ ഈ ഗവേഷണത്തിൽ പ്രധാന പങ്ക് വഹിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. 10,000 ഇന്ത്യക്കാരുടെ ജനിതകഘടനാ ശ്രേണികൾ അടങ്ങിയ ഈ പദ്ധതിയുടെ ഡാറ്റ ഇപ്പോൾ ഇന്ത്യൻ ബയോളജിക്കൽ ഡാറ്റ സെന്ററിൽ ലഭ്യമാണ്. ബയോടെക്നോളജി ഗവേഷണ മേഖലയിലെ ഒരു നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സഹപ്രവർത്തകർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ബയോടെക്നോളജി വിപ്ലവത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ജീനോംഇന്ത്യ പദ്ധതി. ഈ പദ്ധതിയുടെ സഹായത്തോടെ, രാജ്യത്ത് ഒരു വൈവിധ്യമാർന്ന ജനിതക സമ്പത്ത് വിജയകരമായി സൃഷ്ടിച്ചതായി എനിക്ക് അറിയാൻ സാധിച്ചു. ഈ പദ്ധതിയുടെ കീഴിൽ, രാജ്യത്തുടനീളമുള്ള വിവിധ ജനസമൂഹത്തിൽ നിന്നുള്ള 10,000 വ്യക്തികളുടെ ജനിതകഘടനാ ശ്രേണികരണം പൂർത്തിയായി. ഇനി, ഈ ഡാറ്റ നമ്മുടെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ലഭ്യമാക്കും. ഇന്ത്യയുടെ ജനിതക ഭൂപ്രകൃതി മനസ്സിലാക്കുന്നതിൽ ഇത് നമ്മുടെ പണ്ഡിതന്മാരെയും ശാസ്ത്രജ്ഞരെയും വളരെയധികം സഹായിക്കും. ഈ വിവരങ്ങൾ രാജ്യത്തിന്റെ നയരൂപീകരണവും ആസൂത്രണവും കൂടുതൽ എളുപ്പമാക്കും.

ബഹുമാന്യരായ ശാസ്ത്രജ്ഞരെ,നിങ്ങളെല്ലാവരും അവരവരുടെ മേഖലകളിൽ വിദഗ്ധരാണ്. ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ഭക്ഷണം, ഭാഷ, ഭൂമിശാസ്ത്രം എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് നിങ്ങൾക്കറിയാം. ഇന്ത്യയിൽ താമസിക്കുന്ന ജനങ്ങളുടെ ജീനുകളിലും ഗണ്യമായ വൈവിധ്യമുണ്ട്. സ്വാഭാവികമായും, രോഗങ്ങളുടെ സ്വഭാവവും വൈവിധ്യത്താൽ നിറഞ്ഞിരിക്കുന്നു. അതിനാൽ, ഏത് തരം മരുന്ന് ഏത് വ്യക്തിക്ക് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കേണ്ടത് നിർണായകമാണ്. ഇതിനായി, രാജ്യത്തെ പൗരന്മാരുടെ ജനിതക സ്വത്വം അറിയേണ്ടത് അത്യാവശ്യമാണ്.


ഉദാഹരണത്തിന്, നമ്മുടെ ഗോത്ര സമൂഹത്തിൽ അരിവാൾ കോശ രോഗം ഒരു വലിയ പ്രതിസന്ധിയാണ്. ഇത് പരിഹരിക്കുന്നതിനായി, ഞങ്ങൾ ഒരു ദേശീയ ദൗത്യം ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇവിടെ പോലും നിരവധി വെല്ലുവിളികളുണ്ട്. നമ്മുടെ ഗോത്ര സമൂഹത്തിലെ ഒരു പ്രദേശത്തെ അരിവാൾ കോശ രോഗ പ്രശ്നം മറ്റൊരു പ്രദേശത്ത് നിലവിലില്ലായിരിക്കാം,എന്നാൽ അവിടെ വ്യത്യസ്തമായ ഒരു പ്രശ്നവും നിലനിൽക്കുന്നുണ്ടാവാം. ഒരു പൂർണ്ണമായ ജനിതക പഠനം നടത്തുമ്പോൾ മാത്രമേ നമുക്ക് ഈ വിശദാംശങ്ങളെല്ലാം അറിയാൻ കഴിയൂ. ഇന്ത്യൻ ജനസംഖ്യയുടെ സവിശേഷമായ ജനിതകഘടന ക്രമം മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കും. അപ്പോൾ മാത്രമേ ഒരു  പ്രത്യേക ഗ്രൂപ്പിന്റെ പ്രത്യേക പ്രശ്നങ്ങൾക്ക് പ്രത്യേക പരിഹാരങ്ങളോ ഫലപ്രദമായ മരുന്നുകളോ തയ്യാറാക്കാൻ നമുക്ക് കഴിയൂ.

അരിവാൾ കോശ രോഗത്തെ ഒരു ഉദാഹരണമായി ഞാൻ പരാമർശിച്ചിട്ടുണ്ട്, പക്ഷേ ഇത് അതിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു ഉദാഹരണമായി മാത്രമാണ് ഞാൻ ഇത് ഉപയോഗിച്ചത്. പാരമ്പര്യ രോഗങ്ങളുടെ വലിയൊരു ഭാഗത്തെക്കുറിച്ച്, അതായത്, ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങളെക്കുറിച്ച് ഇന്ത്യ ഇപ്പോഴും അജ്ഞരാണ്. ഇന്ത്യയിൽ ഇത്തരം എല്ലാ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സകൾ വികസിപ്പിക്കുന്നതിന് ജീനോംഇന്ത്യ പദ്ധതി സഹായിക്കും.


സുഹൃത്തുക്കളേ,

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഇന്ത്യയുടെ ജൈവ സമ്പദ് വ്യവസ്ഥ വികസിക്കുമ്പോൾ, ബയോടെക്നോളജിയുടെയും ബയോമാസിന്റെയും സംയോജനം അതിന്റെ അടിത്തറയുടെ ഒരു നിർണായക ഭാഗമാണ്. പ്രകൃതിവിഭവങ്ങളുടെ ശരിയായ ഉപയോഗം, ജൈവ അധിഷ്ഠിത ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുക, ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഒരു ജൈവ സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യം. ജൈവ സമ്പദ് വ്യവസ്ഥ സുസ്ഥിര വികസനം നയിക്കുകയും നൂതനാശയങ്ങൾക്ക് അവസരങ്ങൾ നൽകുകയും ചെയ്യുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ജൈവ സമ്പദ് വ്യവസ്ഥ അതിവേഗം പുരോഗമിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2014 ൽ 10 ബില്യൺ ഡോളർ മൂല്യമുള്ള ജൈവ സമ്പദ് വ്യവസ്ഥ ഇപ്പോൾ 150 ബില്യൺ ഡോളറിലധികം വളർന്നു. ഇന്ത്യയും അതിന്റെ ജൈവ സമ്പദ് വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി പ്രവർത്തിക്കുന്നു. കുറച്ച് നാളുകൾക്ക് മുൻപ്, ഇന്ത്യ ബയോ ഇ3 നയം ആരംഭിച്ചു. ഐടി വിപ്ലവത്തിന് സമാനമായി ആഗോള ബയോടെക് മേഖലയിൽ ഇന്ത്യ ഒരു നേതാവായി ഉയർന്നുവരുക എന്നതാണ് ഈ നയത്തിന്റെ ദർശനം. ശാസ്ത്രജ്ഞരായ നിങ്ങൾ ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഈ ശ്രമത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.


സുഹൃത്തുക്കളേ,

ലോകത്തിലെ ഒരു പ്രധാന ഫാർമസ്യൂട്ടിക്കൽ ഹബ് എന്ന നിലയിൽ, ഇന്ത്യ ഇപ്പോൾ അതിന്റെ വ്യക്തിത്വത്തിന് ഒരു പുതിയ മാനം നൽകുകയാണ്. കഴിഞ്ഞ ദശകത്തിൽ, പൊതുജനാരോഗ്യ മേഖലയിൽ ഇന്ത്യ നിരവധി വിപ്ലവകരമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സൗജന്യ ചികിത്സ നൽകുക, ജൻ ഔഷധി കേന്ദ്രങ്ങളിൽ 80% കിഴിവിൽ മരുന്നുകൾ വാഗ്ദാനം ചെയ്യുക, ആധുനിക മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക എന്നിവ കഴിഞ്ഞ 10 വർഷത്തെ സുപ്രധാന നേട്ടങ്ങളാണ്. കോവിഡ് മഹാമാരി സമയത്ത്, ഇന്ത്യ നമ്മുടെ ഫാർമ ആവാസവ്യവസ്ഥയുടെ ശക്തി തെളിയിച്ചു. ഇന്ത്യയ്ക്കുള്ളിൽ ഔഷധ നിർമ്മാണത്തിനായി ശക്തമായ ഒരു വിതരണ, മൂല്യ ശൃംഖല സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ദിശയിലുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ജീനോംഇന്ത്യ പദ്ധതി ഇപ്പോൾ ഒരു പുതിയ ഗതിവേഗം നൽകും, അതിൽ പുതിയ ഊർജ്ജം നിറയ്ക്കും.

സുഹൃത്തുക്കളേ,

ഇന്ന്, ആഗോള പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾക്കായി ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. നമ്മുടെ ഭാവി തലമുറകൾക്ക് ഇത് ഒരു ഉത്തരവാദിത്തവും അവസരവുമാണ്. അതുകൊണ്ടാണ് ഇന്ന് ഇന്ത്യയിൽ വളരെ വലിയ ഒരു ഗവേഷണ ആവാസവ്യവസ്ഥ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഗവേഷണത്തിനും നൂതനാശയത്തിനും വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ന്, 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകളിലായി, നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ദിവസവും പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. യുവജനങ്ങളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, രാജ്യത്തുടനീളം നൂറുകണക്കിന് അടൽ ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. പിഎച്ച്ഡി പഠനത്തിൽ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് പദ്ധതിയും നടത്തുന്നുണ്ട്. ബഹുവിധ, അന്താരാഷ്ട്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഒരു ദേശീയ ഗവേഷണ ഫണ്ട് സൃഷ്ടിച്ചിട്ടുണ്ട്. അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷനിലൂടെ, ശാസ്ത്രം, എഞ്ചിനീയറിംഗ്, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും പുതിയ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഉയർന്ന് വരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ ഗവേഷണത്തിനും നിക്ഷേപത്തിനും, ഒരു ലക്ഷം കോടി രൂപയുടെ ഒരു കോർപ്പസ് സൃഷ്ടിക്കാൻ ഗവണ്മെൻ്റ് തീരുമാനിച്ചു. ഇത് ബയോടെക്നോളജി മേഖലയുടെ വികസനത്തിന് സംഭാവന നൽകുകയും യുവ ശാസ്ത്രജ്ഞരെ വളരെയധികം സഹായിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

അടുത്തിടെ, ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്‌ഷൻ സംബന്ധിച്ച് ഗവണ്മെൻ്റ് മറ്റൊരു പ്രധാന തീരുമാനം എടുത്തു. ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകപ്രശസ്ത ജേണലുകൾ യാതൊരു ചെലവും വഹിക്കാതെ എളുപ്പത്തിൽ പ്രാപ്യമാക്കുമെന്ന് ഗവണ്മെൻ്റ് ഉറപ്പാക്കും. ഈ ശ്രമങ്ങൾ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലെ വിജ്ഞാന കേന്ദ്രവും നൂതനാശയങ്ങളുടെ കേന്ദ്രവുമാക്കുന്നതിന് വളരെയധികം സഹായിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ ജനപക്ഷ ഭരണവും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യവും ലോകത്തിന് ഒരു പുതിയ മാതൃക നൽകിയതുപോലെ, ജനിതക ഗവേഷണ മേഖലയിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ജീനോംഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി, ജീനോംഇന്ത്യ പദ്ധതിയുടെ വിജയത്തിനായി ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

നന്ദി. നമസ്‌കാരം.

ഡിസ്ക്ലയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

***

NK


(Release ID: 2104649) Visitor Counter : 39