ഉപരാഷ്ട്രപതിയുടെ കാര്യാലയം
കർഷകന്റെ മകൻ എപ്പോഴും സത്യത്തിനായി നിലകൊള്ളാൻ പ്രതിജ്ഞാബദ്ധൻ : ഉപരാഷ്ട്രപതി
Posted On:
17 FEB 2025 2:46PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻഖർ ഇന്ന് മൊഹാലിയിലെ നാഷണൽ അഗ്രി-ഫുഡ് ആൻഡ് ബയോമാനുഫാക്ചറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (NABI) അഡ്വാൻസ്ഡ് എന്റർപ്രണർഷിപ്പ് ആൻഡ് സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (A-ESDP) കാമ്പസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
“ഞാൻ ഒരു കർഷകന്റെ മകനാണ്. ഒരു കർഷകന്റെ മകൻ എപ്പോഴും സത്യത്തിനായി നിലകൊള്ളാൻ പ്രതിജ്ഞാബദ്ധനായിരിക്കും. ഇന്ത്യയുടെ ആത്മാവ് അതിന്റെ ഗ്രാമങ്ങളിലാണ്. ഗ്രാമീണ വ്യവസ്ഥ രാഷ്ട്രത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നു. വികസിത ഇന്ത്യയിലേക്കുള്ള പാത ഗ്രാമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വികസിത ഇന്ത്യ ഇനി കേവലം ഒരു സ്വപ്നം മാത്രമല്ല; അത് നമ്മുടെ ലക്ഷ്യമാണ് ” കൃഷിയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, “നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ അറിവിന്റെയും വൈജ്ഞാനിക ശക്തിയുടെയും- പ്രത്യേകിച്ച് ശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും നേതൃത്വം വഹിച്ച നാടായിരുന്നു. നമ്മുടെ വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും പ്രതിഫലിക്കുന്നു. നളന്ദ, തക്ഷശില തുടങ്ങിയ പുരാതന വിശ്വവിദ്യാലയങ്ങളിൽ അഭിമാനാം കൊള്ളുന്ന ഒരു ജനതയാണ് നാം. ഏകദേശം 12-ാം നൂറ്റാണ്ടോടെ നമ്മുടെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ നമ്മുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത രീതിയിലുള്ള മാറ്റങ്ങൾ വന്നു. എന്നാൽ ഇപ്പോൾ നാം വീണ്ടും കുതിച്ചുയരുന്നു എന്നതാണ് ഏറ്റവും മികച്ച ഒരു കാര്യം " അദ്ദേഹം പറഞ്ഞു.
ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി വ്യക്തമായ ഒരു വീക്ഷണം മുന്നോട്ടുവച്ചു: "ഉപരിപ്ലവമായ ഗവേഷണം നടത്തി ഒരു പ്രബന്ധം തയ്യാറാക്കുന്നതോ, വിഷയത്തെക്കുറിച്ച് അറിവില്ലാത്ത ഒരാളെ ആകർഷിക്കുന്നതോ അല്ല ഗവേഷണം. ആഗോള നിലവാരത്തിൽ പ്രസ്തുത വിഷയം നിങ്ങൾക്ക് അറിയാവുന്നത്രയോ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്നതിനേക്കാൾ കൂടുതലോ അറിയുന്നവരെ ആകർഷിക്കുക എന്നതാണ് ഗവേഷണം. അത് വെറും അമൂർത്തമായ അക്കാദമിക പ്രവർത്തനം ആയിരിക്കരുത്. നാം ചെയ്യുന്ന കാര്യങ്ങളിൽ ഗവേഷണം സ്വാധീനം ചെലുത്തണം. ” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാംസ്കാരിക - പൈതൃക ശക്തി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു: “ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. നമ്മുടെ രാജ്യത്തെ ചിലർ ഒഴികെ മറ്റാരും ഇതിൽ സംശയിക്കുന്നില്ല. നമ്മുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയിലും രാജ്യം ഒന്നാമത് എന്ന തത്വത്തിലുള്ള വിശ്വാസത്തിലും വ്യക്തിപരമോ രാഷ്ട്രീയമോ ആയ ഒരു തരത്തിലുള്ള താൽപ്പര്യവും ദേശീയ താൽപ്പര്യത്തേക്കാൾ ഉയർന്നതല്ല എന്ന പ്രത്യയശാസ്ത്രത്തിലും ഉറച്ചുനിൽക്കുക എന്നതാണ് ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അവരോടുള്ള എന്റെ അഭ്യർത്ഥന. "
“സർക്കാരിന്റെ കാർഷിക നയങ്ങൾ കർഷകനെ സഹായിക്കുന്നുണ്ടെന്ന് എനിക്ക് നിങ്ങളോട് ഉറപ്പിച്ചു പറയാൻ കഴിയും. കർഷകൻ അതിനെക്കുറിച്ച് അറിയേണ്ടതുണ്ട്. നിങ്ങളുടേത് പോലുള്ള സ്ഥാപനങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ടുകളുമായയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായും നേരിട്ട് ബന്ധം പുലർത്തണം"- അദ്ദേഹം പറഞ്ഞു.
കാർഷിക, ക്ഷീരോൽപ്പന്നങ്ങൾക്ക് മൂല്യം കൂട്ടുന്ന സൂക്ഷ്മ വ്യവസായങ്ങളിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണമെന്ന് ശ്രീ ധൻഖർ ആഹ്വാനം ചെയ്തു. “കാർഷിക ഉൽപന്നങ്ങൾക്ക് മൂല്യം കൂട്ടുന്ന, പാൽ തുടങ്ങിയ ജന്തുജന്യ ഉൽപ്പന്നങ്ങൾക്ക് മൂല്യം കൂട്ടുന്ന, സൂക്ഷ്മ വ്യവസായങ്ങൾ ഉള്ള തരത്തിൽ ഗ്രാമങ്ങളിലെ സംവിധാനത്തിൽ മാറ്റം ഉണ്ടാവണം. സുസ്ഥിരമായ ഒരു സമൂഹത്തെ വികസിപ്പിക്കാൻ ഇത് സഹായിക്കും, പോഷകാഹാര ഭക്ഷ്യമൂല്യം തീർച്ചയായും ഉയരും."അദ്ദേഹം പറഞ്ഞു
കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് കാർഷിക രീതികളിൽ സാങ്കേതികവിദ്യ സംയോജിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. " രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിൽ സ്റ്റാർട്ടപ്പുകൾ ഉണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ ജീവരേഖയും വ്യവസായത്തിനുള്ള അസംസ്കൃത വസ്തുവുമായതിനാൽ സ്റ്റാർട്ടപ്പുകൾ ഇനി ഗ്രാമങ്ങളിലേക്ക് എത്തണം . ഇത് ഗ്രാമീണ കൃഷിഭൂമിയോട് ചേർന്ന് നിലവിൽ വരുമ്പോൾ,ഒരു ക്ലസ്റ്ററായി പരിണമിക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥയിൽ കുതിച്ചുചാട്ടം ഉണ്ടാവുകയും ജനങ്ങൾ കൃഷിഭൂമിയിൽ വിശ്വസിക്കുകയും ചെയ്യും. "
സാങ്കേതികവിദ്യയിലെ പുരോഗതിയെക്കുറിച്ചും അതിന്റെ നേട്ടങ്ങളുടെ സാധ്യതയെക്കുറിച്ചും അറിവ് നേടണമെന്ന് ശ്രീ ധൻഖർ കർഷകരോട് അഭ്യർത്ഥിച്ചു. "ചെറിയ ഗ്രൂപ്പുകൾ രൂപീകരിക്കുക, നിങ്ങളുടെ ഉൽപ്പന്നം നിങ്ങൾക്ക് ഇഷ്ടമുള്ള വിലയ്ക്ക് വിൽക്കുക. നിങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ല. നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ വളരെ ഉയർന്ന തലത്തിലേക്ക് മാറ്റാൻ കഴിവുള്ള നിങ്ങളുടെ ആന്തരിക ശക്തി തിരിച്ചറിഞ്ഞാൽ മാത്രം മതി" അദ്ദേഹം പറഞ്ഞു.
പഞ്ചാബ് സർക്കാരിന്റെ സാങ്കേതികവിദ്യ, പരിസ്ഥിതി അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ശ്രീ പ്രിയങ്ക ഭാരതി ഐഎഎസ്, ബ്രിക്-NABI എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. അശ്വനി പരീഖ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ശ്രീമതി ഏക്താ വിഷ്ണോയ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
*****************
(Release ID: 2104144)
Visitor Counter : 27