പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
2025 ലെ ഇന്ത്യ എനർജി വീക്കിന്റെ സമാപനത്തിൽ, ആഗോള ഊർജ്ജ നേതാവായി സ്ഥാനം ഉറപ്പിച്ച് ഇന്ത്യ
Posted On:
14 FEB 2025 2:42PM by PIB Thiruvananthpuram
2025 ലെ ഇന്ത്യ എനർജി വീക്കിന്റെ സമാപനത്തിൽ, ആഗോള ഊർജ്ജ നേതാവായി സ്ഥാനം ഉറപ്പിച്ച് ഇന്ത്യ
പങ്കാളികളുടെയും പ്രദർശകരുടെയും സാങ്കേതിക പ്രബന്ധ സമർപ്പണങ്ങളുടെയും എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധന ഇന്ത്യ എനർജി വീക്ക് 2025 ന്റെ വിജയമാണെന്ന് കേന്ദ്രപെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. പെട്രോളിയം, പ്രകൃതി വാതകം, ഹരിത ഊർജ്ജം, ജൈവ ഇന്ധനം, സിബിജി എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളെ ഉൾപ്പെടുത്തി ശ്രദ്ധേയമായ നൂതന വികസനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് , പരിപാടി പ്രതീക്ഷകൾക്കപ്പുറത്തേക്ക് ഉയർന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യ എനർജി വീക്ക് ലോകത്തിലെ രണ്ടാമത്തെ വലിയ ഊർജ പ്ലാറ്റ്‌ഫോമായി സ്വയം സ്ഥാപിച്ചുവെന്നും അതിൻ്റെ നാലാം പതിപ്പ് ഗോവയിൽ നടക്കുമെന്നും ശ്രീ പുരി ഊന്നിപ്പറഞ്ഞു.

ഇന്ത്യ-യുഎസ് ഊർജ്ജ സഹകരണത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, ഉഭയകക്ഷി ബന്ധങ്ങളിൽ പ്രത്യേകിച്ച് പ്രകൃതി വാതക മേഖലയിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു . ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണത്തിനായി അമേരിക്കയുമായുള്ള ബന്ധത്തിന്റെ തന്ത്രപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ ഊർജ്ജ ശേഷിയിൽ പ്രകൃതി വാതക ഉപഭോഗം നിലവിലെ 6% ൽ നിന്ന് 15% ആയി ഉയർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു.
പര്യവേക്ഷണ, ഉൽപ്പാദന (ഇ & പി) മേഖലയിലെ പരിഷ്കാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഏകദേശം 200,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഓപ്പൺ ഏക്കറേജ് ലൈസൻസിംഗ് പ്രോഗ്രാം (ഒഎഎൽപി) 10 മത് ഘട്ടത്തെ ശ്രീ പുരി വിശദീകരിച്ചു. നിയന്ത്രണ ചട്ടക്കൂടിലെ വ്യവസ്ഥാപിത പരിഷ്കാരങ്ങൾ, ഉൽപ്പാദനത്തിൽ നിന്ന് വരുമാനം പങ്കിടൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം, 1948 ലെ എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതികൾ എന്നിവയാണ് ഈ ഘട്ടത്തിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കാൻ കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു.
കൂടാതെ, വിപുലമായ കൂടിയാലോചനകളിലൂടെ രൂപീകരിച്ച പുതിയ നിയമനിർമ്മാണ ചട്ടക്കൂട് ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് ശ്രീ പുരി പ്രഖ്യാപിച്ചു. മുൻ ഘട്ടങ്ങളിൽ ബ്ലോക്കുകൾക്കായുള്ള ലേലത്തിൽ ഒഎൻജിസി,ബിപിയുമായും റിലയൻസുമായും സഹകരിച്ചത് വ്യവസായ പങ്കാളിത്തത്തിന്റെ ശക്തമായ സന്ദേശമാണെന്ന് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിന്റെ മുൻഗണനകൾ വിശദീകരിച്ച മന്ത്രി, പര്യവേക്ഷണത്തിലും ഉൽപാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചൂണ്ടിക്കാട്ടി.വിദഗ്ദ്ധ സഹകരണത്തിന്റെ പ്രാധാന്യവും വിഭവങ്ങൾ കണ്ടെത്തുന്ന മേഖലയിലെ പങ്കാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുന്ന നിയന്ത്രണ ചട്ടക്കൂടിലെ നിർദ്ദിഷ്ട മാറ്റങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആഗോള ഊർജ്ജ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യവെ, എണ്ണ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ യുഎസ് ഭരണകൂടത്തിന്റെ ശ്രമം ആഗോള വിപണികളിൽ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി നിരീക്ഷിച്ചു. ബ്രസീൽ, അർജന്റീന, സുരിനാം, കാനഡ, യുഎസ്, ഗയാന എന്നിവയുൾപ്പെടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള പുതിയ എണ്ണ സ്രോതസ്സുകളുടെ ആവിർഭാവം ഇന്ത്യ പോലുള്ള പ്രധാന ഉപഭോഗ രാജ്യങ്ങൾക്ക് ഗുണകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീൽ, വെനിസ്വേല, റഷ്യ, മൊസാംബിക്ക് എന്നിവിടങ്ങളിലെ എണ്ണ, വാതക ആസ്തികളിലെ ഇന്ത്യയുടെ അന്താരാഷ്ട്ര നിക്ഷേപങ്ങളിൽ ശ്രീ പുരി പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജൈവ ഇന്ധന പദ്ധതിയുടെ ശ്രദ്ധേയമായ മുന്നേറ്റത്തെ വിവരിച്ച ശ്രീ ഹർദീപ് സിംഗ് പുരി, എഥനോൾ മിശ്രണത്തിനുള്ള നിലവിലെ ശേഷി 1,700 കോടി ലിറ്റർ ആണെന്ന് ചൂണ്ടിക്കാട്ടി. അതേസമയം 20% മിശ്രണം എന്ന ലക്ഷ്യത്തിനപ്പുറമുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. ഹരിത ഹൈഡ്രജൻ ഉൽപാദനം 2030 ൽ 5MMT വാർഷിക ഉത്പാദനം കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആത്മവിശ്വാസത്തോടെയുള്ള പുരോഗതി മന്ത്രി ഉത്സാഹത്തോടെ സ്ഥിരീകരിച്ചു. അതോടൊപ്പം സുസ്ഥിര വ്യോമയാന ഇന്ധന വികസനവും അദ്ദേഹം ചൂണ്ടിക്കാട്ടി
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ മുൻനിര സംരംഭമായ അവിന്യ 25 - എനർജി സ്റ്റാർട്ടപ്പ് ചലഞ്ച് അവാർഡുകൾ ശ്രീ ഹർദീപ് സിംഗ് പുരി, ശ്രീ പങ്കജ് ജയ് എന്നിവർ ചേർന്ന്ചടങ്ങിൽ സമ്മാനിച്ചു.
SKY
*************
(Release ID: 2103281)
Visitor Counter : 35