രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസ്, ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ (ഫിനാൻസ് & അക്കൗണ്ട്‌സ്) സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസ് (അക്കൗണ്ട്‌സ്), ഇന്ത്യൻ പോസ്റ്റൽ സർവീസ് പ്രൊബേഷണർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 13 FEB 2025 12:20PM by PIB Thiruvananthpuram
ന്യൂഡൽഹി, 13 ഫെബ്രുവരി 2025


ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസ്, ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ (ഫിനാൻസ് & അക്കൗണ്ട്‌സ്) സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസ് (അക്കൗണ്ട്‌സ്), ഇന്ത്യൻ  പോസ്റ്റൽ  സർവീസ് എന്നീ കേന്ദ്ര സിവിൽ സർവീസുകളിലെ പ്രൊബേഷണർമാർ ഇന്ന് (ഫെബ്രുവരി 13, 2025) രാഷ്ട്രപതിഭവനിൽ വച്ച് രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.


 

പൊതു ധനകാര്യം കൈകാര്യം ചെയ്യുക, രാജ്യത്തുടനീളമുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും ആശയവിനിമയവും ഉറപ്പാക്കുക,  തുടങ്ങിയ പ്രവർത്തന മേഖലകളിലൂടെ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും നേരിട്ട് സംഭാവന നൽകാൻ യുവ ഉദ്യോഗസ്ഥർക്ക് അവസരങ്ങളുണ്ടെന്ന്  അവരെ അഭിസംബോധന ചെയ്തുകൊണ്ട്, രാഷ്‌ട്രപതി പറഞ്ഞു. നവീകരണത്തിലും ഡിജിറ്റൽ സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യ സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വികസനത്തിലേക്ക് നീങ്ങുമ്പോൾ, അവരെപ്പോലുള്ള യുവ സിവിൽ സർവീസുകാർക്ക് സുപ്രധാന ഉത്തരവാദിത്തം വഹിക്കാനുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു.


സേവന വിതരണത്തിൽ കൂടുതൽ വേഗത, കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം എന്നിവ പൊതുജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന പ്രതീക്ഷയാണെന്നും, ഈ ആവശ്യകതകൾ നിറവേറ്റുന്നതിന്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സർക്കാർ വകുപ്പുകൾ അവരുടെ സംവിധാനങ്ങളെ നവീകരിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മെഷീൻ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി എന്നിവ അത്തരം സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു. നൂതന സാങ്കേതികവിദ്യകളും കഴിവുകളും ഉപയോഗിച്ച് സ്വയം പരിചിതമാക്കുവാനും കൂടുതൽ പൗരകേന്ദ്രീകൃതവും കാര്യക്ഷമവും സുതാര്യവുമായ ഭരണ സംവിധാനങ്ങൾ സൃഷ്ടിക്കാൻ പരിശ്രമിക്കാനും രാഷ്‌ട്രപതി യുവ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അവരുടെ വ്യക്തിഗത കരിയറിൽ മികവ് പുലർത്താൻ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഫലപ്രദമായി എത്തിക്കുന്നതിന് സംഭാവന നൽകാനും അവർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക

(Release ID: 2102668) Visitor Counter : 30