വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭമേള 2025: മാഘ പൂര്‍ണ്ണിമയില്‍ തീര്‍ത്ഥാടകരെ മഹാകുംഭമേളയ്ക്കു കൊണ്ടു പോകുന്നതിനുള്ള അധിക ക്രമീകരണങ്ങള്‍
Posted On:
11 FEB 2025 10:26PM by PIB Thiruvananthpuram
മഹാകുംഭമേളയിലെ മാഘ് പൂര്‍ണ്ണിമ സ്‌നാനത്തിനായി പ്രയാഗ്‌രാജിലേക്ക് തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും പ്രവാഹമാണ് അനുഭവപ്പെടുന്നത്. ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാന്‍ യുപി റോഡ്‌വേസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.പ്രത്യേക ബസുകള്‍ക്കു പുറമെ യാത്രാ ക്ലേശം ഇല്ലാതാക്കുന്നതിന് ഷട്ടില്‍ ബസുകളുടെ ഒരു നിര തന്നെ സജ്ജീകരിച്ചിരിക്കുന്നു.
തീര്‍ത്ഥാടകരുടെ മടക്കയാത്രയ്ക്കായി റോഡ്‌വേസിന്റെ 1200 പ്രത്യേക ബസുകള്‍, ഓരോ പത്തു മിനിറ്റിലും ലഭ്യമാണ്
ഫെബ്രുവരി 11ന് വൈകുന്നേരത്തോടെ 45 കോടി ആളുകള്‍ മാഘ് പൂര്‍ണ്ണിമ ഉത്സവത്തോടനുബന്ധിച്ച് ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി. അവര്‍ സുരക്ഷിതമായും ചിട്ടയായും ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. 2025ലെ മഹാകുംഭമേളയിലെ പ്രധാന സ്‌നാന ഉത്സവങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിന് ഗ്രാമീണ മേഖലയില്‍ നിന്നും 1200 അധിക ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ഗതാഗത സഹമന്ത്രി ശ്രീ ദയാ ശങ്കര്‍ സിംഗ് പറഞ്ഞു. മഹാകുംഭമേളയ്ക്കായി ഇതിനകം അനുവദിച്ച 3050 ബസുകള്‍ക്കു പുറമേ ഗതാഗതം സുഗമമാക്കുന്നതിന് ഇതു സഹായിക്കും. തീര്‍ത്ഥാടകര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിന്, അധികമായി അനുവദിച്ച ഈ ബസുകള്‍ മാഘ് പൂര്‍ണ്ണിമ സ്‌നാനത്തിനും തുടര്‍ന്നു നടക്കുന്ന സ്‌നാന ഉത്സവങ്ങള്‍ക്കുമായി പ്രത്യേകം മാറ്റി വച്ചിരിക്കുന്നു. നാലു താത്കാലിക ബസ്‌സ്റ്റേഷനുകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഓരോ പത്തു മിനിറ്റ് ഇടവിട്ട് റോഡ്‌വേസ് ബസുകള്‍ ലഭ്യമാകും.
മഹാകുംഭമേളയുമായി ബന്ധപ്പെടുത്തി ഓരോ രണ്ടു മിനിറ്റിലും ഷട്ടില്‍ സര്‍വ്വീസുകള്‍
മാഘ് പൂര്‍ണ്ണിമ സ്‌നാനത്തിനായി തീര്‍ത്ഥാടകര്‍ വന്‍തോതില്‍ എത്തുന്നതോടെ, നഗരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ താത്കാലിക ബസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ഓരോ സ്ഥലത്തും റോഡ്‌വേസ് ബസുകള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, മഹാകുംഭമേള പ്രദേശത്തിനു സമീപ സ്ഥലങ്ങളിലേക്കു തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിന് 750 ഷട്ടില്‍ ബസുകളും സജ്ജമാക്കിയിട്ടുണ്ട്. ഓരോ രണ്ടു മിനിറ്റിലും ഈ ഷട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് റോഡ്‌വേസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബസ് സ്റ്റേഷനുകളിലെ തിരക്കു നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമൃത്‌സ്‌നാന സമയത്തും വരും ദിവസങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് യാത്രാ ക്ലേശം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഗതാഗത മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.
SKY
(Release ID: 2102124)
Visitor Counter : 30