ആഭ്യന്തരകാര്യ മന്ത്രാലയം
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ ചേർന്ന ഉന്നതല യോഗങ്ങളിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 'ഭീകരവാദ മുക്ത ജമ്മു & കശ്മീർ' എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നു.
ഭീകരർക്ക് ലഭിക്കുന്ന ധനസഹായം നിരീക്ഷിക്കുക, മയക്കുമരുന്ന്- ഭീകരവാദ കേസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, ഭീകര ആവാസവ്യവസ്ഥയെ പൂർണ്ണമായും നിർമാർജനം ചെയ്യുക എന്നിവ മോദി ഗവൺമെന്റിന്റെ മുൻഗണനകളാണ്
അതിർത്തി സുരക്ഷാ ശൃംഖല ശക്തിപ്പെടുത്തുകയും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്തുകൊണ്ട് നുഴഞ്ഞുകയറ്റം ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി ബിഎസ്എഫിന് നിർദ്ദേശം നൽകി.
ജമ്മു & കാശ്മീരിൽ ' ഭീകരവാദ രഹിത പദ്ധതി' നടപ്പിലാക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
ജമ്മു & കാശ്മീരിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന് എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കാനും ഏകോപനത്തോടെ പ്രവർത്തിക്കാനും ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി.
Posted On:
11 FEB 2025 7:08PM by PIB Thiruvananthpuram
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല യോഗങ്ങളിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു . 2025 ഫെബ്രുവരി 4, 5 തീയതികളിൽ ഇന്ത്യൻ സൈന്യവുമായും ജമ്മു കശ്മീർ പോലീസുമായും നടന്ന ഉന്നതതല യോഗങ്ങളുടെ തുടർച്ചയായിരുന്നു ഈ യോഗങ്ങൾ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡയറക്ടർ (ഐബി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) എന്നിവയുടെ ഡയറക്ടർ ജനറൽമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരവാദ വിമുക്ത ജമ്മു & കശ്മീർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരവാദ മുക്ത ജമ്മു കാശ്മീർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അർദ്ധസൈനിക വിഭാഗത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ശക്തമായ ജാഗ്രതയോടെയും , അതിർത്തി ശൃംഖലകൾ ശക്തിപ്പെടുത്തിയും, നിരീക്ഷണത്തിനും അതിർത്തി കാവലിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും അന്താരാഷ്ട്ര അതിർത്തികളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രി ബിഎസ്എഫിനോട് നിർദ്ദേശിച്ചു.
ഇന്ത്യൻ സൈന്യവുമായും ജമ്മു & കശ്മീർ പോലീസുമായും സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്ന് സിആർപിഎഫിനോട് ശ്രീ അമിത് ഷാ നിർദ്ദേശിച്ചു. സിആർപിഎഫിന്റെ ശൈത്യകാല പ്രവർത്തന പദ്ധതി അദ്ദേഹം അവലോകനം ചെയ്യുകയും സേനയുടെ പ്രദേശ ആധിപത്യത്തിൽ വിടവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം ചെയ്തു. ജമ്മു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനും ശ്രീ ഷാ നിർദ്ദേശിച്ചു.
ജമ്മു & കശ്മീർ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് സംവിധാനത്തെയും ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു. വിശ്വാസയോഗ്യമായ വിവരസമാഹരണത്തിനായി ഇന്റലിജൻസ് സംവിധാനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു. ഇന്റലിജൻസ് വിവരസമാഹരണത്തിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. ഭീകര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ധനസഹായം നിരീക്ഷിക്കൽ, മയക്കുമരുന്ന്-ഭീകര കേസുകൾക്കെതിരായ നടപടികൾ ശക്തിപ്പെടുത്തൽ, ജമ്മു & കശ്മീർ മേഖലയിലെ ഭീകരവാദ ആവാസവ്യവസ്ഥ പൂർണ്ണമായും തകർക്കൽ എന്നിവയാണ് മോദി ഗവൺമെന്റിന്റെ മുൻഗണനയെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ ഭീകരവാദരഹിത പദ്ധതിയ്ക്കായി ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശവിരുദ്ധ ഘടകങ്ങളുടെ നിഷേധാത്മക പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി പൊതുജനങ്ങൾക്ക് ശരിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു. സുരക്ഷ ഏജൻസികൾക്കിടയിലെ ഏകോപനം തുടരാനും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും ഇന്റലിജൻസ് സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിനും അദ്ദേഹം നിർദ്ദേശം നൽകി.
ജമ്മു കശ്മീരിൽ നിന്നും ഭീകര പ്രവർത്തനങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായി എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കാനും ഏകോപനത്തോടെ പ്രവർത്തിക്കാനും ശ്രീ അമിത് ഷാ നിർദ്ദേശിച്ചു. ഈ ശ്രമങ്ങൾക്ക് എല്ലാ വിഭവങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
********************
(Release ID: 2102041)
Visitor Counter : 29