രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി 'യുനാനി വൈദ്യശാസ്ത്രത്തിലെ നൂതനാശയങ്ങൾ സമഗ്ര ആരോഗ്യ പരിഹാരങ്ങൾക്കായി' എന്ന വിഷയത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു
Posted On:
11 FEB 2025 6:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി , 11 ഫെബ്രുവരി 2025
യുനാനി ദിനമായ ഇന്ന് (ഫെബ്രുവരി 11, 2025) ന്യൂഡൽഹിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു യുനാനി വൈദ്യശാസ്ത്രത്തിലെ നൂതനാശയങ്ങൾ സമഗ്ര ആരോഗ്യ പരിഹാരങ്ങൾക്കായി' എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹക്കീം അജ്മൽ ഖാന്റെ സ്മരണാർത്ഥം 2016 മുതൽ ഈ ദിവസം യുനാനി ദിനമായി ആചരിച്ചുവരുന്നു എന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഹക്കീം അജ്മൽ ഖാൻ ഇന്ത്യയിൽ യുനാനി വൈദ്യശാസ്ത്ര സമ്പ്രദായം പ്രചരിപ്പിച്ചു. നവീകരണത്തിന്റെ നിരവധി ഉദാഹരണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി, ഇന്ത്യയിൽ യുനാനി വൈദ്യശാസ്ത്ര സമ്പ്രദായം വ്യാപകമായി സ്വീകരിക്കപ്പെട്ടു.

വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ സംരക്ഷണം, യുനാനി സമ്പ്രദായത്തിലെ ഔഷധ ഉത്പാദനം എന്നിവയിൽ ഇന്ത്യ ഇന്ന് ലോകത്തെ നയിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. യുനാനി സമ്പ്രദായവുമായി ബന്ധപ്പെട്ട ഗവേഷകരും പ്രാക്ടീഷണർമാരും ആധുനിക രീതികളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗപ്രദമായ വശങ്ങൾ സ്വീകരിക്കുന്നുണ്ട് എന്നതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള യുനാനി വൈദ്യശാസ്ത്രത്തിലെ സമീപകാല ഗവേഷണ പ്രവണതകൾ, ആയുഷ്/പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി നിർമ്മിതബുദ്ധിയും മെഷീൻ ലേണിങ്ങും ഉപയോഗപ്പെടുത്തൽ : സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ സമകാലിക വിഷയങ്ങൾ ഈ സമ്മേളനം ചർച്ച ചെയ്യുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നമ്മുടെ രാജ്യം ആരോഗ്യത്തോട് ഒരു സമഗ്ര സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിവിധ വൈദ്യശാസ്ത്ര സംവിധാനങ്ങൾക്ക് അർഹമായ ബഹുമാനം നൽകി അവയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. 2017 ലെ ദേശീയ ആരോഗ്യ നയം അനുസരിച്ച്, യുനാനി ഉൾപ്പെടെയുള്ള ആയുഷ് മെഡിക്കൽ സംവിധാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ദേശീയ കമ്മീഷന്റെ മാർഗ്ഗനിർദ്ദേശത്തിൽ നിരവധി യുനാനി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. യുനാനി മെഡിക്കൽ കോളേജുകളിൽ എംഡി, പിഎച്ച്ഡി പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്. യുനാനി മെഡിക്കൽ സയൻസിലെ പുതിയ തലമുറകൾ അറിവിന്റെയും അനുഭവത്തിന്റെയും പുരാതന പൈതൃകത്തെ ശക്തിപ്പെടുത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://static.pib.gov.in/WriteReadData/specificdocs/documents/2025/feb/doc2025211499201.pdf
***********
(Release ID: 2101966)
Visitor Counter : 47