പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസിലെ എ ഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം
Posted On:
11 FEB 2025 3:41PM by PIB Thiruvananthpuram
ബഹുമാന്യരേ,
സുഹൃത്തുക്കളേ,
ഒരു ലളിതമായ പരീക്ഷണത്തോടെ ഞാൻ ആരംഭിക്കാം.
നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു എ ഐ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്‌താൽ, അതിന് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി ലളിതമായ ഭാഷയിൽ, യാതൊരു പ്രയാസവുമില്ലാതെ വിശദീകരിക്കാൻ കഴിയും. എന്നാൽ, ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാൻ നിങ്ങൾ അതേ ആപ്പിനോട് ആവശ്യപ്പെടുകയാണെങ്കിൽ, വലതു കൈകൊണ്ട് എഴുതുന്ന ഒരാളെ ആപ്പ് മിക്കവാറും വരയ്ക്കും. കാരണം പരിശീലന ഡാറ്റയിൽ മുന്നിട്ട് നിൽക്കുന്നത് അതാണ്.
എ ഐ യുടെ അനുകൂല സാധ്യതകൾ തികച്ചും അത്ഭുതകരമാണെങ്കിലും, നമ്മൾ ശ്രദ്ധാപൂർവ്വം ആലോചിക്കേണ്ട നിരവധി വ്യത്യസ്തതകളുണ്ട് . അതുകൊണ്ട് ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും അതിന്റെ സഹ-അധ്യക്ഷനായി എന്നെ ക്ഷണിച്ചതിനും എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനോട് ഞാൻ നന്ദിപറയുന്നു.
സുഹൃത്തുക്കളേ,
എ ഐ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെയും, സമ്പദ്‌വ്യവസ്ഥയെയും, സുരക്ഷയെയും, നമ്മുടെ സമൂഹത്തെയും പോലും പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിൽ മനുഷ്യരാശിക്കുള്ള കോഡ് എ ഐ എഴുതുകയാണ്. എന്നാൽ, മനുഷ്യചരിത്രത്തിലെ മറ്റ് സാങ്കേതിക നാഴികക്കല്ലുകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്.
എ ഐ അഭൂതപൂർവമായ വ്യാപ്തിയിലും വേഗതയിലും വികസിച്ചുകൊണ്ടിരിക്കുന്നു. അതിവേഗത്തിൽ അത് സ്വീകരിക്കപ്പെടുകയും വിന്യസിക്കപ്പെടുകയും ചെയ്യുന്നു. അതിർത്തികൾക്കപ്പുറം ആഴത്തിലുള്ള പരസ്പരാശ്രിതത്വവുമുണ്ട്. അതിനാൽ, നമ്മുടെ പരസ്പരം പങ്കിട്ട മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, അപകടസാധ്യതകളെ അഭിസംബോധന ചെയ്യുന്ന, വിശ്വാസം വളർത്തിയെടുക്കുന്ന ഭരണനിർവഹണവും മാനദണ്ഡങ്ങളും സ്ഥാപിക്കുന്നതിന് കൂട്ടായ ആഗോള ശ്രമങ്ങൾ ആവശ്യമാണ്.
ഭരണം എന്നത് അപകടസാധ്യതകളും മാത്സര്യങ്ങളും കൈകാര്യം ചെയ്യുക മാത്രമല്ല അത് നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ആഗോള നന്മയ്ക്കായി വിന്യസിക്കുകയും ചെയ്യുന്നു. അതിനാൽ, നവീകരണത്തെയും ഭരണനിർവഹണത്തെയും കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കുകയും തുറന്ന ചർച്ച നടത്തുകയും വേണം.
ഭരണം എല്ലാവരിലേക്കും എത്തിക്കുന്നത് ഉറപ്പാക്കുന്നതിനെക്കുറിച്ചും കൂടിയാണ്, പ്രത്യേകിച്ച് ദക്ഷിണ മേഖലയിലെമ്പാടും. കമ്പ്യൂട്ടർ ശക്തി, പ്രാഗൽഭ്യം, ഡാറ്റ, സാമ്പത്തിക വിഭവങ്ങൾ എന്നിവയേതായാലും, ഏറ്റവും കുറവുള്ളത് ഈ മേഖലയിലാണ്.
സുഹൃത്തുക്കളേ,
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ എ ഐ-ക്ക് കഴിയും. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും സാധ്യമാകുന്ന ഒരു ലോകം സൃഷ്ടിക്കാൻ ഇത് സഹായിക്കും.
ഇതിനായി, വിഭവങ്ങളും കഴിവുകളും ഒരുമിച്ച് കൊണ്ടുവരണം. വിശ്വാസവും സുതാര്യതയും വർദ്ധിപ്പിക്കുന്ന ഓപ്പൺ സോഴ്‌സ് സംവിധാനങ്ങൾ നാം വികസിപ്പിക്കണം. മുൻവിധികളിൽ നിന്ന് മുക്തമായി ഗുണനിലവാരമുള്ള ഡാറ്റ സെറ്റുകൾ നാം നിർമ്മിക്കണം. സാങ്കേതികവിദ്യയെ ജനകീയവൽക്കരിക്കുകയും ജനകേന്ദ്രീകൃത ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുകയും വേണം. സൈബർ സുരക്ഷ, തെറ്റായ വിവരങ്ങൾ, ആഴത്തിലുള്ള കാപട്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ നാം പരിഹരിക്കണം. കൂടാതെ, സാങ്കേതികവിദ്യ ഫലപ്രദവും ഉപയോഗപ്രദവുമാകുന്നതിന്, പ്രാദേശിക ആവാസവ്യവസ്ഥയിൽ വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും വേണം.
സുഹൃത്തുക്കളേ,
തൊഴിൽ നഷ്ടം എന്നത് എ ഐ ഏറ്റവും ഭയപ്പെടുന്ന ഒരു തടസ്സമാണ്. എന്നാൽ, സാങ്കേതികവിദ്യ കാരണം ജോലി സാധ്യതൾ നഷ്ടപ്പെടില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. തെഴിലിന്റെ സ്വഭാവം മാറുകയും പുതിയ തരം ജോലികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. എ ഐ- നയിക്കുന്ന ഒരു ഭാവിക്കായി നമ്മുടെ ആളുകൾക്ക് വൈദഗ്ദ്ധ്യം ലഭ്യമാക്കുന്നതിനും അവരെ പുനർ നൈപുണ്യവൽക്കരിക്കുന്നതിലും നാം നിക്ഷേപിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
എ ഐ യുടെ ഉയർന്ന ഊർജ്ജ തീവ്രത പരിശോധിക്കേണ്ടതുണ്ടെന്നതിൽ സംശയമില്ല. അതിന്റെ ഭാവിക്കായി ഇന്ധനം നൽകാൻ ഹരിത ശക്തി ആവശ്യമാണ്.
സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മ പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യയും ഫ്രാൻസും വർഷങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുകയാണ്. എ ഐ- ലുള്ള നമ്മുടെ പങ്കാളിത്തം മുന്നോട്ട് പോകുമ്പോൾ, സുസ്ഥിരതയിൽ നിന്ന് നവീകരണത്തിലേക്കുള്ള പുരോഗതിയാണ് സ്വാഭാവികമായും മികച്ചതും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭാവി രൂപപ്പെടുത്തുന്നത്.
അതേസമയം, സുസ്ഥിര എ ഐ എന്നാൽ ശുദ്ധമായ ഊർജ്ജം ഉപയോഗിക്കുക എന്നത് മാത്രമല്ല അർത്ഥമാക്കുന്നത്. എ ഐ മാതൃകകൾ വ്യാപ്തിയിലും ഡാറ്റാ ആവശ്യകതകളിലും വിഭവ ആവശ്യകതകളിലും കാര്യക്ഷമവും സുസ്ഥിരവുമായിരിക്കണം. എല്ലാത്തിനുമുപരി, ലൈറ്റ് ബൾബുകളേക്കാൾ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് ബഹിരാകാശ വാഹനങ്ങൾ രൂപകൽപ്പന ചെയ്യാനും ഭാവനകൾ സൃഷ്ടിക്കാനും മനുഷ്യ മസ്തിഷ്കത്തിന് കഴിയും.
സുഹൃത്തുക്കളേ,
ഇന്ത്യ 1.4 ബില്യണിലധികം ജനങ്ങൾക്കായി വളരെ കുറഞ്ഞ ചെലവിൽ ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം വിജയകരമായി നിർമ്മിച്ചിട്ടുണ്ട്. ഇത് തുറന്നതും പ്രാപ്യവുമായ ഒരു ശൃംഖലയെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുന്നതിനും, ഭരണനിർവഹണം പരിഷ്കരിക്കുന്നതിനും, നമ്മുടെ ജനങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനുമുള്ള നിയമങ്ങളും വിപുലമായ ആപ്ലിക്കേഷനുകളും ഇതിലുണ്ട്.
നമ്മുടെ ഡാറ്റാ ശാക്തീകരണ, സംരക്ഷണ രൂപകൽപ്പനയിലൂടെ ഞങ്ങൾ ഡാറ്റയുടെ ശക്തി തുറന്നുകൊടുത്തു. കൂടാതെ, ഡിജിറ്റൽ വ്യവഹാരത്തെ എല്ലാവർക്കും പ്രാപ്യവും ജനകീയവുമാക്കി. ഈ ദർശനമാണ് ഇന്ത്യയുടെ ദേശീയ എ ഐ ദൗത്യത്തിന്റെ അടിത്തറ.
അതുകൊണ്ടാണ്, ഞങ്ങളുടെ G20 അധ്യക്ഷതയിൽ, ഉത്തരവാദിത്തത്തോടെ, നന്മയ്ക്കായി, എല്ലാവർക്കും വേണ്ടി എ ഐ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ഒരു സമവായം ഉണ്ടാക്കിയത്. ഇന്ന്, ഇന്ത്യ എ ഐ സ്വീകരിക്കുന്നതിലും ഡാറ്റാ സ്വകാര്യതയിലെ സാങ്കേതിക-നിയമ പരിഹാരങ്ങളിലും മുന്നിലാണ്.
പൊതുനന്മയ്ക്കായി ഞങ്ങൾ എ ഐ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എ ഐ ടാലന്റ് പൂളുകളിൽ ഒന്ന് ഞങ്ങൾക്ക് സ്വന്തമാണ്. നമ്മുടെ വൈവിധ്യം കണക്കിലെടുത്ത് ഇന്ത്യ സ്വന്തമായി ഒരു ലാർജ് ലാംഗ്വേജ് മോഡൽ നിർമ്മിക്കുകയാണ്. കമ്പ്യൂട്ട് പവർ പോലുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിന് ഞങ്ങൾക്ക് ഒരു സവിശേഷമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയും ഉണ്ട്. ഇത് ഞങ്ങളുടെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, എ ഐ സാങ്കേതികവിദ്യ ഭാവി നന്മയ്ക്കും എല്ലാവർക്കും വേണ്ടിയാണെന്നും ഉറപ്പാക്കാൻ ഇന്ത്യ അതിന്റെ അനുഭവവും വൈദഗ്ധ്യവും പങ്കിടാൻ തയ്യാറാണ്.
സുഹൃത്തുക്കളേ,
മാനവികതയുടെ ഗതി രൂപപ്പെടുത്തുന്ന എ ഐ യുഗത്തിന്റെ പ്രഭാതത്തിലാണ് നമ്മൾ. ബുദ്ധിശക്തിയിൽ യന്ത്രങ്ങൾ മനുഷ്യരേക്കാൾ മികച്ചതായി മാറുമെന്ന് ചിലർ ആശങ്കപ്പെടുന്നു. എന്നാൽ, നമ്മുടെ കൂട്ടായ ഭാവിയുടെയും പങ്കിട്ട ഭാഗധേയത്തിന്റെയും താക്കോൽ മനുഷ്യരായ നമ്മളുടെയല്ലാതെ മറ്റാരുടെയും കൈവശമല്ല.
ആ ഉത്തരവാദിത്തബോധം നമ്മെ നയിക്കണം.
നന്ദി.
***
NK
(Release ID: 2101903)
Visitor Counter : 15