ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര സർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ഗ്രാമവികസന വകുപ്പുകൾ നടത്തുന്ന പ്രധാന പദ്ധതികളെ കുറിച്ചുള്ള പ്രദർശനം - മഹാ കുംഭമേളയിൽ

Posted On: 06 FEB 2025 5:38PM by PIB Thiruvananthpuram
 മഹാകുംഭമേളയിൽ, കേന്ദ്രസർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ഗ്രാമവികസന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച ഒരു പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നു. വിവിധ ഗ്രാമ വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളുടെ മാറുന്ന പശ്ചാത്തലവും ഗ്രാമീണ ഇന്ത്യയുടെ മാറുന്ന മുഖവും പ്രതിഫലിപ്പിക്കുന്ന ഒരു പ്രദർശനമാണ് മഹാകുംഭമേളയുടെ സെക്ടർ 7 ൽ സജ്ജീകരിച്ചിട്ടുള്ളത്.
 
  1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA),
  2. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM),
  3. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണം),
  4. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (PMGSY),
  5. സംയോജിത നീർത്തട പരിപാലന സംവിധാനം,
  6.  ശുചിത്വ ഭാരത ദൗത്യം- ഗ്രാമീണം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.


അമൃത്-സരോവർ നിർമ്മാണം, മലിന ജലസംഭരണത്തിനുള്ള കുഴികൾ, പുരപ്പുറത്തു നിന്നുള്ള മഴവെള്ള സംഭരണം, തെരുവുകളുടെയും അഴുക്കുചാലുകളുടെയും നിർമ്മാണം, വൃക്ഷത്തൈ നടീൽ, സ്മാരക ഉദ്യാനങ്ങളുടെ നിർമ്മാണം, കന്നുകാലി തൊഴുത്ത്, മണ്ണിര കമ്പോസ്റ്റ്, NADEP, പഞ്ചായത്ത് ഭവന്റെ നിർമ്മാണം, പോഷകാഹാര ഉൽ‌പാദന യൂണിറ്റിന്റെ നിർമ്മാണം, പ്രേരണ കാന്റീന്‍, അന്നപൂർണ റേഷൻ ഷോപ്പ്, കളിസ്ഥല നിർമ്മാണം തുടങ്ങി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ പ്രവർത്തനങ്ങളിലൂടെ ഗ്രാമപ്രദേശങ്ങളുടെ മാറുന്ന മുഖം പ്രകടമാണ്. സാമൂഹ്യ ഓഡിറ്റിലൂടെ പ്രവർത്തിക്കുന്ന സുതാര്യമായ പദ്ധതികൾ സ്വീകരിച്ചുകൊണ്ട് ഗ്രാമ സ്വരാജ് എന്ന ആശയം സാക്ഷാത്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്.


 

ഗ്രാമീണ ദാരിദ്ര്യം കുറയ്ക്കുക, സുസ്ഥിരമായ ഉപജീവന അവസരങ്ങൾ നൽകുക, സ്ത്രീ ശാക്തീകരണം, സാമ്പത്തിക ഉൾപ്പെടുത്തൽ ത്വരിതപ്പെടുത്തുക എന്നിവയാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള സംഘങ്ങളുടെയും സ്വയം സഹായ സംഘങ്ങളിലെ സഹോദരിമാരുടെയും ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗ്, പ്രചാരണം, വിപണനം എന്നിവയ്ക്ക് സരസ് ഹാത്തിലൂടെ മികച്ച വേദിയൊരുക്കിയിട്ടുണ്ട്. അതുവഴി ഉൽപ്പന്നങ്ങളുടെ വില്പന വർദ്ധിപ്പിക്കാനും അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ കഴിയും. ബിസി സഖി, ഡ്രോൺ സഖി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ, സ്ത്രീകളുടെ ജീവിതത്തിൽ സാമ്പത്തിക ഉന്നമനവും സാമൂഹിക പദവിയിലെ മാറ്റവും സാധ്യമാക്കാൻ ശ്രമങ്ങൾ നടത്തി വരുന്നു . അതുവഴി ശാക്തീകരിക്കപ്പെട്ട ഗ്രാമവും ശാക്തീകരിക്കപ്പെട്ട ഇന്ത്യയും എന്ന ആശയം സാക്ഷാത്കരിക്കാനും ശ്രമിക്കുന്നു.



പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണം), മുഖ്യമന്ത്രി ആവാസ് യോജന (ഗ്രാമീണം) എന്നീ മാതൃകാ ഭവന നിർമ്മാണ പദ്ധതികളിലൂടെ ഗ്രാമപ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മുഖവും ഓരോ കുടുംബത്തിനും സ്വന്തമായി ഒരു സ്ഥിരം വീട് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിജ്ഞാബദ്ധതയും പ്രദർശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ജനസംഖ്യ 250-ലധികമുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ റോഡ് ഗതാഗത സൗകര്യം നൽകുന്നതിലൂടെ പ്രധാനമന്ത്രി ഗ്രാം സഡക് യോജന ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (RSETI) മാതൃകയിലൂടെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെയും ഉത്തർപ്രദേശിന്റെയും ഗ്രാമവികസന വകുപ്പുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെെ  ഇത്തരം പദ്ധതികൾ വരുത്തിയ സാമൂഹിക-സാമ്പത്തിക സ്വാധീനം സംബന്ധിച്ച മാതൃകകളും വിവരങ്ങളും മഹാകുംഭ് 2025 ന് അനുബന്ധമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

പുണ്യസ്ഥലമായ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ്-2025, മതപരവും ആത്മീയവും സാംസ്കാരികവും ഗ്രാമീണവും നഗരപരവുമായ  വൈവിധ്യത്തിലെ ഏകത്വത്തിന്റെ അത്ഭുതകരമായ സംഗമമാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്, അതുകൊണ്ടാണ് ഇന്ത്യയെ ഗ്രാമങ്ങളുടെ രാജ്യം എന്ന് വിളിക്കുന്നത്. ഗ്രാമത്തിന്റെ സാമൂഹിക-സാമ്പത്തിക, ഘടനാപരമായ വികസനത്തിൽ കേന്ദ്രസർക്കാരിന്റെയും   ഉത്തർപ്രദേശ് സർക്കാരിന്റെയും  ഗ്രാമവികസന വകുപ്പുകളുടെ പദ്ധതികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
 
********************
 
 

(Release ID: 2100535) Visitor Counter : 32