രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി അമൃത് ഉദ്യാനത്തിന്റെ ഉദ്ഘാടനവേളയിൽ  പങ്കെടുത്തു

ഫെബ്രുവരി 2 മുതൽ ഉദ്യാനം പൊതുജനങ്ങൾക്കായി തുറക്കും

Posted On: 01 FEB 2025 1:35PM by PIB Thiruvananthpuram
ഇന്ന് (ഫെബ്രുവരി 1, 2025) അമൃത് ഉദ്യാനം ശീതകാല വാർഷിക പതിപ്പ് 2025 ന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പങ്കെടുത്തു. 2025 ഫെബ്രുവരി 2 മുതൽ മാർച്ച് 30 വരെ അമൃത് ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

അറ്റകുറ്റപ്പണി ദിവസങ്ങളായ തിങ്കളാഴ്ചകൾ ഒഴികെ, ആഴ്ചയിൽ ആറ് ദിവസവും രാവിലെ 10 നും വൈകുന്നേരം 6 നും ഇടയിൽ പൊതുജനങ്ങൾക്ക് ഉദ്യാനം സന്ദർശിക്കാം. ഫെബ്രുവരി 5 (ഡൽഹി നിയമസഭയിലേക്കുള്ള പോളിംഗ്), ഫെബ്രുവരി 20, 21 (രാഷ്ട്രപതി ഭവനിൽ നടക്കുന്ന സന്ദർശക സമ്മേളനം ), മാർച്ച് 14 (ഹോളി) എന്നീ ദിവസങ്ങളിൽ ഉദ്യാനം അടച്ചിടുന്നതായിരിക്കും.

പ്രത്യേക വിഭാഗങ്ങൾക്കായി അമൃത് ഉദ്യാനം ഇനിപ്പറയുന്ന ദിവസങ്ങളിൽ തുറന്നിരിക്കുന്നതാണ്:
  • മാർച്ച് 26 – ഭിന്നശേഷിക്കാർക്കായി
  • മാർച്ച് 27 – പ്രതിരോധ ഉദ്യോഗസ്ഥർ, അർദ്ധസൈനികർ, പോലീസ് സേനകൾ എന്നിവർക്കായി
  • മാർച്ച് 28 – സ്ത്രീകൾക്കും ആദിവാസി വനിതാ സ്വയം സഹായ സംഘങ്ങൾക്കും
  • മാർച്ച് 29 – മുതിർന്ന പൗരന്മാർക്ക്

ഉദ്യാനത്തിലേക്കുള്ള ബുക്കിംഗും പ്രവേശനവും സൗജന്യമാണ്. https://visit.rashtrapatibhavan.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം. വാക്ക്-ഇൻ പ്രവേശനവും ലഭ്യമാണ്.

എല്ലാ സന്ദർശകർക്കും നോർത്ത് അവന്യൂ രാഷ്ട്രപതി ഭവനുമായി ചേരുന്നതിന് സമീപമുള്ള പ്രസിഡന്റ്സ് എസ്റ്റേറ്റിന്റെ 35-ാം നമ്പർ ഗേറ്റിൽ നിന്നാണ് പ്രവേശനവും എക്സിറ്റും. സന്ദർശകരുടെ സൗകര്യാർത്ഥം, സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഗേറ്റ് നമ്പർ 35-ലേക്ക് ഓരോ 30 മിനിറ്റിലും രാവിലെ 9.30 നും വൈകുന്നേരം 6.00 നും ഇടയിൽ ഷട്ടിൽ ബസ് സേവനം ഉണ്ടായിരിക്കുന്നതാണ്.

സന്ദർശകർക്ക് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് താക്കോലുകൾ, പഴ്‌സുകൾ/ഹാൻഡ്‌ബാഗുകൾ, വെള്ളക്കുപ്പികൾ, ശിശുക്കൾക്കുള്ള പാൽ കുപ്പികൾ എന്നിവ കൊണ്ടുപോകാം. പൊതുഗതാഗത പാതയിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം, ടോയ്‌ലറ്റുകൾ, പ്രഥമശുശ്രൂഷ/മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്.

ബാല വാടിക - പ്ലൂമേരിയ തീം ഉദ്യാനം - ബോൺസായ് ഉദ്യാനം - സെൻട്രൽ ലോൺ -ലോംഗ് ഗാർഡൻ , വൃത്താകൃതിയിലുള്ള ഉദ്യാനം  എന്നിങ്ങനെ ആയിരിക്കും സന്ദർശനമാർഗം.

ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ ഏത് പ്രദർശനത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ സന്ദർശകർക്ക് ലഭിക്കും.

ഈ വർഷം ട്യൂലിപ്പുകൾക്കൊപ്പം 140 വ്യത്യസ്ത തരം റോസാപ്പൂക്കളും 80-ലധികം മറ്റ് പൂക്കളും സന്ദർശകർക്ക് കാണാൻ കഴിയും.

2025 മാർച്ച് 6 മുതൽ 9 വരെ അമൃത് ഉദ്യാനത്തിന്റെ ഭാഗമായി വൈവിധ്യത്തിന്റെ അമൃത മഹോത്സവവും രാഷ്ട്രപതി ഭവൻ സംഘടിപ്പിക്കും. ഈ വർഷത്തെ മഹോത്സവം ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതുല്യമായ പാരമ്പര്യങ്ങളും പ്രദർശിപ്പിക്കും.

അമൃത് ഉദ്യാനത്തിന് പുറമെ, ആഴ്ചയിൽ ആറ് ദിവസവും (ചൊവ്വ മുതൽ ഞായർ വരെ) പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവനും രാഷ്ട്രപതി ഭവൻ മ്യൂസിയവും സന്ദർശിക്കാം. ഗസറ്റഡ് അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും ചേഞ്ച്-ഓഫ്-ഗാർഡ് ചടങ്ങ് കാണാൻ കഴിയും.

കൂടുതൽ വിവരങ്ങൾ https://visit.rashtrapatibhavan.gov.in ൽ ലഭ്യമാണ്

**************************


(Release ID: 2099167) Visitor Counter : 7