ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മൊത്തം GVA യിൽ സേവന മേഖലയുടെ സംഭാവന 2014 സാമ്പത്തിക വർഷത്തിലെ 50.6% ൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 55.3% ആയി ഉയർന്നു: സാമ്പത്തിക സർവേ 2024-25

Posted On: 31 JAN 2025 1:53PM by PIB Thiruvananthpuram

മൊത്തം GVA യിൽ സേവന മേഖലയുടെ സംഭാവന 2014 സാമ്പത്തിക വർഷത്തിലെ 50.6% ൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 55.3% ആയി ഉയർന്നു: സാമ്പത്തിക സർവേ 2024-25

 
കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2024-25 ലെ സാമ്പത്തിക സർവേയിൽ സേവന മേഖലയെ 'പഴയ പടക്കുതിര' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
 
സമ്പദ്‌വ്യവസ്ഥയുടെ മൊത്ത മൂല്യവർദ്ധനവിൽ (GVA) സേവന മേഖലയാണ് സ്ഥിരമായി ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത്. നിലവിലെ മൂല്യത്തിൽ മൊത്തംGVA യിലേക്കുള്ള മേഖലയുടെ സംഭാവന 2014 സാമ്പത്തിക വർഷത്തിലെ 50.6% ൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 55% ആയി വർദ്ധിച്ചു. തൊഴിൽശക്തിയുടെ ഏകദേശം 30% പേർക്ക് സേവന മേഖല തൊഴിൽ നൽകുന്നു.
 
ആഗോള സേവന കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ക്രമാനുഗതമായി വർദ്ധിച്ചു വരികയാണ്. ആഗോള സേവന കയറ്റുമതിയിൽ 4.3% വിഹിതമുള്ള ഇന്ത്യ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ്.
 
സേവന വ്യാപാരം
 
2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) സേവന കയറ്റുമതിയിലെ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ അഞ്ച് പ്രധാന രാജ്യങ്ങളിൽ ഒന്നായി തുടർന്നു. ഇന്ത്യയുടെ സേവന കയറ്റുമതി വളർച്ച സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-നവംബർ) 12.8% ആയി വർദ്ധിച്ചു. ഇന്ത്യയുടെ സേവന കയറ്റുമതിയുടെ ഏകദേശം 70% കമ്പ്യൂട്ടർ സേവനങ്ങളുടെയും ബിസിനസ് സേവനങ്ങളുടെയും കയറ്റുമതിയാണ്. 2024 സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ മാസങ്ങളിൽ 2.9% ഇടിവുണ്ടായപ്പോൾ 2025 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ സേവന ഇറക്കുമതി 13.9% വർദ്ധിച്ചു,
 
സാമ്പത്തിക സ്രോതസ്സുകൾ: ബാങ്ക് വായ്പയും നേരിട്ടുള്ള വിദേശ നിക്ഷേപവും (FDI)
 
2024 നവംബർ വരെ സേവന മേഖലയ്ക്ക് ലഭിച്ച ആകെ ബാങ്ക് വായ്പ 48.5 ലക്ഷം കോടി രൂപയാണ്. സേവന സേവന മേഖലയ്ക്ക് ലഭിച്ച വായ്പയിൽ 13% വാർഷിക വളർച്ച രേഖപ്പെടുത്തി. സേവന മേഖലയിൽ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറും പ്രൊഫഷണൽ സേവനങ്ങളും യഥാക്രമം 22.5% ഉം 19.4% ഉം എന്ന നിരക്കിൽ ഉയർന്ന വാർഷിക വായ്പാ വളർച്ച രേഖപ്പെടുത്തി.
 
2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) 29.8 ബില്യൺ യുഎസ് ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം.അതേ കാലയളവിൽ സേവന മേഖലയിൽ 5.7 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു. 2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) ഇൻഷുറൻസ് സേവന മേഖലയാണ് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നേടിയത്, 62%-ത്തിലധികം നേരിട്ടുള്ള വിദേശ നിക്ഷേപമാണ് മേഖലയ്ക്ക് ലഭിച്ചത്. നേരിട്ടുള്ള വിദേശ നിക്ഷേത്തിന്റെ 18%-ത്തിലധികം ലഭിച്ചത് സാമ്പത്തികാധിഷ്ഠിത സേവന മേഖലയ്ക്കാണ്.
 
സേവന മേഖലയ്ക്കായുള്ള തന്ത്രം
 
"സാധ്യതയുള്ള സേവന ഉപമേഖലകളെ തിരിച്ചറിയൽ": GVA, കയറ്റുമതി, തൊഴിൽ ഡാറ്റ എന്നിവയിൽ നിന്നുള്ള ഉൾക്കാഴ്ചകൾ” എന്ന വിഷയത്തിലെ നിതി ആയോഗിന്റെ പ്രവർത്തന രേഖ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിൽ സേവനമേഖലയുടെ സാധ്യതകളെക്കുറിച്ച് വിവിധ മാനങ്ങളിൽ പഠിക്കുന്നു, ഉദാഹരണത്തിന് ഉത്പാദനം / മൂല്യവർദ്ധനവ്, തൊഴിൽ, കയറ്റുമതി എന്നിവയിലെ സംഭാവന പഠനവിധേയമാക്കുന്നു. വിവിധ സേവന ഉപമേഖലകളുടെ പ്രകടനത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കി, സേവനങ്ങളെ സർവേ നാല് വിഭാഗങ്ങളായി തരംതിരിക്കുന്നു. സംരക്ഷിക്കുക, ത്വരിതപ്പെടുത്തുക, പരിവർത്തനം ചെയ്യുക, പ്രയോജനപ്പെടുത്തുക എന്നിങ്ങനെയാണ് തരംതിരിവ്. ഓരോന്നിനും തനതായ നയ ശുപാർശകളുണ്ട്: .
 
ലോജിസ്റ്റിക്സും ഭൗതിക കണക്റ്റിവിറ്റി അധിഷ്ഠിത സേവനങ്ങളും
 
ഇന്ത്യൻ റെയിൽവേയുടെ യാത്രാ ഗതാഗത മേഖല മുൻ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം വളർച്ച കൈവരിച്ചു. 2024 സാമ്പത്തിക വർഷത്തിൽ ചരക്ക് ഗതാഗത വരുമാനം 5.2 ശതമാനം വളർച്ച കൈവരിച്ചതായി സർവേയിൽ പറയുന്നു.
 
വ്യോമ ഗതാഗതത്തിലെ ഗണ്യമായ വളർച്ചയ്ക്ക് അനുസൃതമായി, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണി എന്ന നിലയിൽ, ആഗോളതലത്തിൽ തന്നെ വിമാനങ്ങൾക്കുള്ള ഏറ്റവും വലിയ ഓർഡറുകൾ നൽകിയത് ഇന്ത്യൻ വിമാനക്കമ്പനികളാണ്. കൂടാതെ, 140 റിമോട്ട് പൈലറ്റ് പരിശീലന സ്ഥാപനങ്ങൾ, 18,862 റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, 26,659 രജിസ്റ്റർ ചെയ്ത ഡ്രോണുകൾ, 82 അംഗീകൃത ഡ്രോൺ മോഡലുകൾ എന്നിവയിലൂടെ, ഡ്രോൺ മേഖലയിൽ ഇന്ത്യ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.
 
2025 സാമ്പത്തിക വർഷത്തിൽ, 870 മെട്രിക് ടൺ എന്ന വാർഷിക ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ, 2024 ഡിസംബർ വരെ ഏകദേശം 622 മെട്രിക് ടൺ ചരക്ക് നീക്കം കൈകാര്യം ചെയ്തിട്ടുണ്ട്. 2024 ഒക്ടോബർ വരെയുള്ള കണക്കിൽ, രാജ്യത്ത് 4,800 കിലോമീറ്ററിൽ കൂടുതൽ 26 പ്രവർത്തനക്ഷമമായ ഉൾനാടൻ ജലപാതകളുണ്ട്.
 
വിനോദസഞ്ചാരവും ആതിഥ്യവും
 
2023 സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ വിനോദസഞ്ചാര മേഖലയുടെ സംഭാവന മഹാമാരിയ്ക്ക് മുമ്പുള്ള 5% എന്ന നിലയിലേക്ക് തിരിച്ചു കയറി. വിനോദസഞ്ചാര മേഖല 2023 സാമ്പത്തിക വർഷത്തിൽ 7.6 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് (ITAs) 2023 ൽ മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി. ലോക ITA കളിൽ ഇന്ത്യൻ ITA കളുടെ പങ്ക് 2023 ൽ 1.45 ശതമാനമാണ്.
 
റിയൽ എസ്റ്റേറ്റ്: സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നു
 
2024 ലെ ആദ്യ ആറ് മാസങ്ങളിൽ പാർപ്പിട റിയൽ എസ്റ്റേറ്റ് വിപണി 11 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 2036 ആകുമ്പോഴേക്കും ഇന്ത്യയിലെ ഭവന ആവശ്യകത 93 ദശലക്ഷം യൂണിറ്റുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
വിവര സാങ്കേതികവിദ്യ (IT) സേവനങ്ങൾ
 
ഇന്ത്യൻ IT/ITeS വ്യവസായം 254 ബില്യൺ യുഎസ് ഡോളർ വരുമാനം കണക്കാക്കുന്നു., ഇത് 2024 സാമ്പത്തിക വർഷത്തിൽ 3.8% വാർഷിക വളർച്ച കൈവരിച്ചു (ഇ-കൊമേഴ്‌സ് ഒഴികെ). സാങ്കേതിക കയറ്റുമതി ഏകദേശം 200 ബില്യൺ യുഎസ് ഡോളറിലെത്തി, ഇത് 3.3% വളർച്ച രേഖപ്പെടുത്തുന്നു ആഭ്യന്തര വിപണി 5.9% വർദ്ധിച്ച് 54 ബില്യൺ യുഎസ് ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റർ
 
 ഇന്ത്യയിലെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റകളുടെ (GCCs) എണ്ണം 2019 സാമ്പത്തിക വർഷത്തിൽ ഏകദേശം 1430 ൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 1700 ലായി വളർന്നു. 2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, ഇന്ത്യയിലെ GCC കൾ ഏകദേശം 1.9 ദശലക്ഷം പ്രൊഫഷണലുകൾക്ക് നിയമനം നൽകി.
 
ടെലികമ്മ്യൂണിക്കേഷൻ
 
2024 ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് 1.18 ബില്യണിലധികം ടെലിഫോൺ വരിക്കാരും, 84% മൊത്തത്തിലുള്ള ടെലി സാന്ദ്രതയും, 941 ദശലക്ഷം ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുമുള്ള രണ്ടാമത്തെ വലിയ ടെലികമ്മ്യൂണിക്കേഷൻ വിപണിയാണ് ഇന്ത്യ. പ്രതിശീർഷ മൊബൈൽ ഡാറ്റ ഉപഭോഗത്തിലും രാജ്യം മുന്നിലാണ്, ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകളും രാജ്യം വാഗ്ദാനം ചെയ്യുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഒരു ഉപയോക്താവിന്റെ ശരാശരി പ്രതിമാസ വയർലെസ് ഡാറ്റ ഉപയോഗം 19.3 ജിബിയായി വളർന്നു, 2021 സാമ്പത്തിക വർഷത്തിൽ ഇത് 12.1 ജിബിയായിരുന്നു.
 
2022-23 ലെ അൺഇൻകോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസിന്റെ വാർഷിക സർവേ പ്രകാരം, അൺഇൻകോർപ്പറേറ്റഡ് സെക്ടറിൽ ഉൾപ്പെടുന്നതായി കണക്കാക്കിയിരിക്കുന്ന സംരംഭങ്ങളുടെ എണ്ണം 6.5 കോടിയാണ്. ഈ സംരംഭങ്ങളിൽ 72.6% സേവന മേഖലയിലാണ് പ്രവർത്തിക്കുന്നത്.
 
ഉത്പാദന, സേവന മേഖലകളുടെ പുരോഗതിക്കുള്ള പ്രാഥമിക വ്യവസ്ഥകളിലൊന്ന് തൊഴിൽ സേനയുടെ ഉചിതമായ വൈദഗ്ധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സാമ്പത്തിക സർവേ പറയുന്നു. 2024-25 ബജറ്റിൽ പ്രഖ്യാപിച്ച സുപ്രധാന സംരംഭങ്ങൾ സർക്കാർ, സ്വകാര്യമേഖല, നൈപുണ്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സംയുക്ത ശ്രമങ്ങളിലൂടെ പ്രവൃത്തിപഥത്തിലെത്തിക്കേണ്ടതുണ്ട്.

(Release ID: 2098282) Visitor Counter : 12