ധനകാര്യ മന്ത്രാലയം
തുല്യവും സമഗ്രവുമായ വികസനം ഉറപ്പാക്കുന്നതിന് ഗ്രാമീണ മേഖലകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ: സാമ്പത്തിക സർവേ 2024-25
2016 മുതൽ,പിഎംഎവൈ-ജി പ്രകാരം 2.69 കോടി വീടുകൾ പൂർത്തീകരിച്ചു
Posted On:
31 JAN 2025 1:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 31 ജനുവരി 2025
2047 ൽ വികസിത ഭാരതം എന്നതിനായുള്ള സർക്കാരിന്റെ വീക്ഷണം 'എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം' എന്ന ആശയത്തെ ദൃഢമായി ഉൾക്കൊള്ളുന്നു. ഗ്രാമീണ മേഖലകളിൽ തുല്യവും സമഗ്രവുമായ വികസനം ഉറപ്പാക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് ഊന്നൽ നൽകുന്നു . 'സമഗ്ര സർക്കാർ ' എന്ന പ്രവർത്തന തന്ത്രത്തിലൂടെ 'എല്ലാവർക്കും ക്ഷേമം' നേടുന്നതിനായുള്ള സമഗ്ര സമീപനത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായും 2024-25 ലെ സാമ്പത്തിക സർവേ പറയുന്നു.
ഗ്രാമീണ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനൊപ്പം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഭവന നിർമ്മാണം, കുടിവെള്ളം, ആരോഗ്യം, ശുചിത്വം, ശുദ്ധമായ ഇന്ധനം, സാമൂഹിക സംരക്ഷണം, സമ്പർക്ക സംവിധാനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാർഷിക പ്രവർത്തനങ്ങളിലായാലും ഭരണ നിർവഹണ മേഖലയിൽ ആയാലും , ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്ക് ഡിജിറ്റൽ വൽക്കരണവും സാങ്കേതികവിദ്യയും പ്രയോഗത്തിൽ വരുത്തുന്നത് ഗ്രാമവികസന അജണ്ടയിൽ നിർണായകമാണെന്ന് സർവേ എടുത്തുകാണിക്കുന്നു.
ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം
ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും കീഴിൽ കൈവരിച്ച പുരോഗതിയുടെ സംഗ്രഹം ഇപ്രകാരമാണ്:
പ്രത്യേകിച്ച് ദുർബലരായ ഗോത്ര വിഭാഗ (PVTG) പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകി,പ്രധാനമന്ത്രി ഗ്രാം സഡക് യോജന (PMGSY)യിലെ ജനസംഖ്യാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട്( ജനസംഖ്യ100 വരെ) പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്.ഈ പദ്ധതി പ്രകാരം PVTG ആവാസ വ്യവസ്ഥകളിലേക്ക് ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനായി ആകെ 8,000 കിലോമീറ്റർ റോഡുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു.
ഗ്രാമീണ ഭവന നിർമ്മാണം: സ്വത്വത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഒരു നാഴികക്കല്ല്
2016 മുതൽ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) പ്രകാരം 2.69 കോടി വീടുകളുടെ നിർമ്മാണം പൂർത്തിയായി. PMAY-G യുടെ കീഴിൽ ഒരു വീടിന്റെ നിർമ്മാണം വഴി ഏകദേശം 314 തൊഴിൽ ദിനങ്ങളിലൂടെ നേരിട്ടുള്ള തൊഴിൽ സൃഷ്ടിക്കുന്നു. ഇതിൽ 81 വിദഗ്ദ്ധ, 71 അർദ്ധ-വിദഗ്ധ, 164 അവിദഗ്ദ്ധ തൊഴിൽ ദിനങ്ങൾ ഉൾപ്പെടുന്നു.
SDG-കളുടെ പ്രാദേശികവൽക്കരണം: ഗ്രാമീണ പുരോഗതിയെ ശക്തിപ്പെടുത്തുന്നു
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിലൂടെ ഭവന നിർമ്മാണം, ശുചിത്വം, ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയും അതുവഴി ഗ്രാമവികസനം ആഗോള ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായി സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനായുള്ള ഇന്ത്യയുടെ ആഹ്വാനവും 2047 ഓടെ വികസിത ഭാരതം എന്ന ദർശനവും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മ പദ്ധതി നൽകുന്നു. സംസ്ഥാനങ്ങൾക്കിടയിൽ സഹകരണപരവും മത്സരപരവുമായ ഫെഡറലിസത്തിന് ഊന്നൽ നൽകിക്കൊണ്ട് ഒരു 'സമഗ്ര സർക്കാർ ' തന്ത്രം പിന്തുടരുന്നു.
ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് ഒന്നിലധികം കാര്യക്ഷമതാ വർദ്ധന നടപടികൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് സർവേ പറയുന്നു. ചോർച്ചകളുടെ സാധ്യത ഇല്ലാതാക്കാനും സത്യസന്ധത ഉറപ്പാക്കാനും, പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പും, പ്രവർത്തന സമയത്തും, പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷവും ജിയോ ടാഗിംഗ് നടപ്പാക്കും. 99.98% പണമിടപാടുകളും നാഷണൽ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ചെയ്യുന്നത്. വേതനം നേരിട്ട് അക്കൗണ്ട് വഴി (ഡി ബി ടി) കൈമാറ്റം ചെയ്യപ്പെടുന്നു. മൊത്തം സജീവ തൊഴിലാളികളിൽ 96.3% പേർക്കും ആധാർ അടിസ്ഥാനമാക്കിയുള്ള വേതന ഇടപാടുകൾ പ്രാപ്തമാക്കിയിട്ടുണ്ട്. അതേസമയം2024 ഡിസംബറിൽ വേതന ഗുണഭോക്താക്കളുടെ മൊത്തം 99.23% ഇടപാടുകളും എപിബിഎസ് (ആധാർ പേയ്മെന്റ് ബ്രിഡ്ജ് സിസ്റ്റം) വഴിയാണ് വിജയകരമായി പൂർത്തിയാക്കിയത് . 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാമൂഹ്യ ഓഡിറ്റ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സർവേ എടുത്തുകാണിക്കുന്നു.
DAY-NRLM (ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം), ദരിദ്ര കുടുംബങ്ങൾക്ക് ലാഭകരമായ സ്വയം തൊഴിലും വേതനം ലഭിക്കുന്ന വൈദഗ്ധ്യ തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന ഒരു പ്രധാനപ്പെട്ട ദാരിദ്ര്യ നിർമാർജന പദ്ധതിയാണ്. ഈ പദ്ധതിയിലൂടെ ദരിദ്രർക്ക് സുസ്ഥിരവും വൈവിധ്യപൂർണ്ണവുമായ ഉപജീവനമാർഗ്ഗങ്ങൾ ലഭ്യമാകുമെന്ന് സർവേ രേഖ പറയുന്നു.
ഗ്രാമീണ ക്ഷേമത്തിനായുള്ള മറ്റു നടപടികൾ
ആരോഗ്യം, പോഷകാഹാരം, വൃത്തി, ശുചിത്വ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി, ദീൻദയാൽ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം , 682 ജില്ലകളിലായി 5369 ബ്ലോക്കുകളിൽ ഭക്ഷണം, പോഷണം , ആരോഗ്യം, വാഷ് (FNHW) പദ്ധതി നടപ്പിലാക്കുന്നു.
സാമൂഹിക ഉൾപ്പെടുത്തൽ, ലിംഗപരമായ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ (SRLM) അനുയോജ്യമായ തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിൽ, 32 SRLM-കൾ ലിംഗ സമത്വത്തിനായുള്ള ഇടപെടലുകൾ നടപ്പിലാക്കുന്നുണ്ട്.
1987 ലെ ലീഗൽ സർവീസസ് അതോറിറ്റി (LSA) നിയമപ്രകാരം സ്ഥാപിതമായ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA), ഉൾനാടൻ, ഗ്രാമപ്രദേശങ്ങളിലെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് തുല്യനീതി ലഭ്യമാക്കുന്നതിനായി സൗജന്യ നിയമ സേവനങ്ങൾ നൽകുന്നു. 2008 ലെ ഗ്രാമന്യായാലയ നിയമം, ഗ്രാമീണ മേഖലയിലെ അടിസ്ഥാനതലത്തിൽ നീതി ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. 2020 ഡിസംബർ മുതൽ 2024 ഒക്ടോബർ വരെ 313 ഗ്രാമന്യായാലയങ്ങൾ 2.99 ലക്ഷത്തിലധികം കേസുകൾ തീർപ്പാക്കി(2024 ഒക്ടോബർ വരെയുള്ള കണക്കുകൾ ).
ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഭവന നിർമ്മാണം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 'എല്ലാവർക്കും ക്ഷേമം' എന്ന സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമീണ മേഖലയിലെ സമ്പർക്ക സംവിധാനങ്ങൾ, ശുചിത്വം, ഭവന നിർമ്മാണം, കുടിവെള്ള ലഭ്യത, സാമൂഹിക ഉൾപ്പെടുത്തൽ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെയും മൈക്രോഫിനാൻസ്, സ്വയം സഹായ സംഘങ്ങൾ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം എന്നിവയെ പിന്തുണയ്ക്കുന്നതിലൂടെയും ഈ സംരംഭങ്ങൾ സമഗ്ര വികസനം ഉറപ്പാക്കുന്നു. സമത്വത്തിലും ജീവിത നിലവാരത്തിലുമുള്ള അന്തരം ഇല്ലാതാക്കുന്നതിലൂടെ, ഈ സംരംഭങ്ങൾ എല്ലാം ഗ്രാമീണ സമൂഹങ്ങളുടെ ഉന്നമനത്തിലേക്ക് നയിക്കുന്നു
****
(Release ID: 2098180)
Visitor Counter : 7