ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളം സമയത്തിൽ ഏകീകരണം  ഉറപ്പാക്കുന്നതിനായി   ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) 2025കരട് ചട്ടങ്ങൾ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് വിജ്ഞാപനം ചെയ്തു

"ഒരു രാഷ്ട്രം, ഒരു സമയം" നടപ്പിലാക്കുക എന്നതാണ് ഈ ചട്ടങ്ങളുടെ ലക്ഷ്യം.

Posted On: 27 JAN 2025 12:21PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 27 ജനുവരി 2025

‘ഒരു രാഷ്ട്രം, ഒരു സമയം’ എന്ന ലക്ഷ്യത്തോടെയും  ഇന്ത്യൻ സ്റ്റാൻഡേർഡ് സമയ (IST)ത്തിൽ  മില്ലിസെക്കൻഡ്, മൈക്രോസെക്കൻഡ് വരെ കൃത്യത കൈവരിക്കുന്നതിനും നാഷണൽ ഫിസിക്കൽ ലബോറട്ടറി (NPL), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) എന്നിവയുമായി സഹകരിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ  ഉപഭോക്തൃ കാര്യ വകുപ്പ് ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു .രാജ്യത്തുടനീളമുള്ള അഞ്ച് ലീഗൽ മെട്രോളജി ലബോറട്ടറികളിൽ നിന്ന് IST യുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള  സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

നാവിഗേഷൻ, ടെലികമ്മ്യൂണിക്കേഷൻസ്, പവർ ഗ്രിഡ് സമന്വയം  , ബാങ്കിംഗ്, ഡിജിറ്റൽ ഗവേണൻസ്, തുടങ്ങി ബഹിരാകാശ  നാവിഗേഷൻ, ഭൂഗുരുത്വ തരംഗങ്ങളെ തിരിച്ചറിയൽ  എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ശാസ്ത്ര ഗവേഷണ മേഖലകൾക്ക് ഈ കൃത്യത അത്യന്താപേക്ഷിതമാണ്. ഗണ്യമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, എല്ലാ ടെലികോം സേവന ദാതാക്കളും (TSP-കൾ) ഇന്റർനെറ്റ് സേവന ദാതാക്കളും (ISP-കൾ) IST നിർബന്ധമായും പിന്തുടരുന്നില്ലെന്ന് മാത്രമല്ല  അവരിൽ പലരും GPS പോലുള്ള വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കുകായും ചെയ്യുന്നു . ദേശീയ സുരക്ഷ, തത്സമയ ആപ്ലിക്കേഷനുകൾ, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സുഗമമായ പ്രവർത്തനം എന്നിവയ്ക്ക് എല്ലാ ശൃംഖലകളെയും സംവിധാനങ്ങളെയും IST-യുമായി സമന്വയിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഈ വെല്ലുവിളികളെ നേരിടുന്നതിനായി, ലീഗൽ മെട്രോളജി ആക്ട്  2009 പ്രകാരം IST സ്വീകരിക്കുന്നതിനുള്ള നയ ചട്ടക്കൂട്, നിയന്ത്രണ നടപടികൾ , നിയമനിർമ്മാണം എന്നിവ തയ്യാറാക്കുന്നതിനായി  വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി  ഒരു ഉന്നതാധികാര സമിതി  രൂപീകരിച്ചു. ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി  അധ്യക്ഷനായ കമ്മിറ്റിയിൽ NPL, ISRO, IIT കാൺപൂർ, NIC, CERT-In, SEBI,എന്നിവയിൽ നിന്നും  റെയിൽവേ, ടെലികോം, ധനകാര്യ സേവനങ്ങൾ തുടങ്ങിയ പ്രധാന ഗവൺമെൻറ്  വകുപ്പുകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്നു. ISTസംവിധാനം പിന്തുടരുന്നത് നിർബന്ധമാക്കുന്നതിനുള്ള കരട്  ചട്ടങ്ങൾ  തയ്യാറാക്കുക , ശൃംഖലകൾക്കായി ഏകീകരണ  മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപിക്കുന്നതിനും, ടൈം സ്റ്റാമ്പിംഗിനും സൈബർ സുരക്ഷയ്ക്കുമുള്ള നിയന്ത്രണ ചട്ടക്കൂടുകൾ തയ്യാറാക്കുക , നൂതന സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും വഴി IST പ്രചാരണ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുക എന്നിവയ്ക്കായി  ഉന്നതസമിതിയുടെ  വിവിധ യോഗങ്ങൾ നടന്നു.

രാജ്യത്തുടനീളം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) ഉപയോഗിക്കുന്നത് മാനദണ്ഡമാക്കുകയും നിർബന്ധമാക്കുകയും ചെയ്യുന്ന ഒരു സമഗ്ര ചട്ടമായി, ഉപഭോക്തൃ കാര്യ വകുപ്പിന്റെ  ലീഗൽ മെട്രോളജി വിഭാഗം, ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) 2025കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു . പൊതുജനാഭിപ്രായങ്ങൾ സമാഹരിക്കുന്നതിനായി  ഈ കരട് ചട്ടങ്ങൾ , വകുപ്പിന്റെ വെബ്‌സൈറ്റിൽ 15.01.2025 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട് . അഭിപ്രായങ്ങൾ 14.02.2025 ന് മുമ്പ് സമർപ്പിക്കാം. കരട് നിയമങ്ങളുടെ വെബ്‌സൈറ്റ് ലിങ്ക് :https://consumeraffairs.nic.in/sites/default/files/file-uploads/latestnews/Draft%20Rules%20Time%20Dissemination.pdf

രാജ്യത്തെ  എല്ലാ മേഖലകളിലും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) ഉപയോഗിക്കുന്നത് മാനദണ്ഡമാക്കാനും നിർബന്ധമാക്കാനും ഈ നിർണായക ചട്ടങ്ങൾ  ലക്ഷ്യമിടുന്നു. ഇത് തന്ത്രപരവും അല്ലാത്തതും വ്യാവസായികവും സാമൂഹികവുമായ ആപ്ലിക്കേഷനുകൾക്കായി ഏകീകൃതവും കൃത്യവുമായ സമയപരിപാലന ചട്ടക്കൂട് നൽകുകയും  ഉപഭോക്താക്കൾക്ക് ഗണ്യമായ പ്രയോജനങ്ങൾ ലഭ്യമാക്കുകയും ചെയ്യും . ഈ ചട്ടങ്ങൾ ആശയവിനിമയ ശൃംഖലകൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, പൊതു സേവനങ്ങൾ എന്നിവ ഏകീകരിക്കുകയും തടസ്സമില്ലാത്ത ഇടപെടലുകൾ പ്രാപ്തമാക്കുകയും സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നിർദ്ദിഷ്ട ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) 2025 കരട് ചട്ടങ്ങൾ, എല്ലാ മേഖലകളിലും നിർബന്ധിത സമയ റഫറൻസായി ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) മാനദണ്ഡമായി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു, ഇത് ഏകീകൃതതയും കൃത്യതയും ഉറപ്പാക്കുന്നു.  UTC അടിസ്ഥാനമാക്കിയുള്ളതും +5:30 മണിക്കൂർ ഓഫ്‌സെറ്റുള്ളതുമായ IST, CSIR-നാഷണൽ ഫിസിക്കൽ ലബോറട്ടറി (CSIR-NPL)യാണ്  പരിപാലിക്കുന്നത് . ഈ ചട്ടങ്ങൾ നിയമ, ഭരണ, വാണിജ്യ പ്രവർത്തനങ്ങളുടെ  സമയ ഏകീകരണം IST-യാക്കി  നിർബന്ധമാക്കുന്നു.കൂടാതെ വ്യക്തമായി അനുവദനീയമല്ലാത്തപക്ഷം  ഇതര സമയ റഫറൻസുകൾ ഉപയോഗിക്കുന്നത് ഈ ചട്ടങ്ങൾ നിരോധിക്കുന്നു. സർക്കാർ ഓഫീസുകളും പൊതു സ്ഥാപനങ്ങളും നെറ്റ്‌വർക്ക് ടൈം പ്രോട്ടോക്കോൾ (NTP), പ്രിസിഷൻ ടൈം പ്രോട്ടോക്കോൾ (PTP) പോലുള്ള വിശ്വസനീയമായ സമയ  ഏകീകരണ  പ്രോട്ടോക്കോളുകൾ സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പം സൈബർ ആക്രമണങ്ങളോ തടസ്സങ്ങളോ ഉണ്ടായാൽ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി, സൈബർ സുരക്ഷാ നടപടികളും ഇതര റഫറൻസ് സംവിധാനങ്ങളും സ്വീകരിക്കാനും നിർദ്ദേശമുണ്ട് .

ശാസ്ത്രീയ, ജ്യോതിശാസ്ത്ര, നാവിഗേഷൻ ആവശ്യങ്ങൾക്ക് ഗവണ്മെന്റിന്റെ മുൻകൂർ  അനുമതിയോടെ ചട്ടത്തിൽ നിന്നും ഇളവുകൾ  അനുവദിച്ചിരിക്കുന്നു. ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഓഡിറ്റുകൾ വഴി  നിരീക്ഷിക്കുകയും , ലംഘനങ്ങൾക്ക് പിഴ ചുമത്തുകായും ചെയ്യും . സമയ സമന്വയത്തിനുള്ള നടപടിക്രമങ്ങൾ, നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, കൃത്യതയ്ക്കുള്ള മാനദണ്ഡങ്ങൾ, IST യുമായി രാജ്യവ്യാപകമായ ഏകീകരണം ഉറപ്പാക്കൽ , മെച്ചപ്പെട്ട ഭരണം, സൈബർ സുരക്ഷ, പ്രവർത്തന കാര്യക്ഷമത എന്നിവ സുഗമമാക്കൽ  എന്നിവയും ചട്ടങ്ങൾ നിർദ്ദേശിക്കുന്നു.

സാമ്പത്തിക ഇടപാടുകൾ കൃത്യതയോടെ സുഗമമാക്കുന്നതിനും, അടിയന്തര പ്രതികരണ ഏകോപനസംവിധാനത്തെ പിന്തുണയ്ക്കുന്നതിനും, പൊതുഗതാഗതത്തിന്റെ സ്ഥിരമായ ക്രമീകരണം  ഉറപ്പാക്കുന്നതിനും ഈ ചട്ടങ്ങൾ സഹായിക്കും. മാത്രമല്ല, രേഖാകുളുടെ സൂക്ഷിക്കലും നിർവഹണവും,  റെക്കോർഡ് സൂക്ഷിക്കൽ എന്നിവയ്ക്കും ഏകീകൃത സമയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട് അവ നിയമാനുസൃതമാക്കുന്നു . ഏകീകൃതമായ നിർമ്മാണ പ്രക്രിയകൾ പ്രാപ്തമാക്കുന്നതിലൂടെയും, സാങ്കേതിക സംയോജനം വർദ്ധിപ്പിക്കുന്നതിലൂടെയും, ആഗോള മത്സരശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും വ്യാവസായിക പ്രവർത്തനങ്ങൾ കരുത്തുറ്റതാക്കാൻ ഈ നിയമങ്ങൾ സഹായിക്കും .

സമയ പരിപാലനത്തിനുള്ള  ഈ സമഗ്ര സമീപനം ഗവണ്മെന്റിന്റെ നിർവഹണ പ്രവർത്തനങ്ങളെ  കാര്യക്ഷമവും കൃത്യവും ഏകീകൃതവുമാക്കുകയും  ഭരണപരമായ ഫലപ്രാപ്തി ർദ്ധിപ്പിക്കുകായും ചെയ്യൂന്നു. നാവിഗേഷൻ, ടെലികമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ്, ബാങ്കിംഗ്, പവർ ഗ്രിഡ് ഏകീകരണം , 5G സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധി  IoT തുടങ്ങിയ നിർണായക മേഖലകളിൽ , ഈ ചട്ടങ്ങൾ കൃത്യത വർദ്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് ഈ ചട്ടങ്ങൾ വഴി ഡിജിറ്റൽ ഉപകരണങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, പൊതു സേവനങ്ങൾ എന്നിവയുടെ വിശ്വസനീയമായ ഏകീകരണം സാധ്യമാകും  . വ്യവസായ മേഖലയിൽ കൃത്യമായ സാമ്പത്തിക ഇടപാടുകൾ, കാര്യക്ഷമമായ ഉൽപ്പാദനം, ആഗോള ബിസിനസ്സ് ഇടപെടലുകൾ എന്നിവ സുഗമമാക്കുന്നതിനും ഈ ചട്ടങ്ങൾ സഹായിക്കും .

ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) 2025കരട് ചട്ടങ്ങൾ നടപ്പിലാക്കുന്നതിലൂടെ, രാജ്യത്തുടനീളം കൃത്യവും ഏകീകൃതവുമായ സമയപരിപാലനം ഉറപ്പാക്കുന്നതിന് കേന്ദ്ര  ഗവൺമെന്റ് നിർണായകമായ ഒരു ചുവടുവെപ്പ് നടത്തുകയാണ്. ഇത് സാങ്കേതിക പുരോഗതി, സാമ്പത്തിക കാര്യക്ഷമത, തന്ത്രപരമായ സുരക്ഷ എന്നിവയ്ക്ക് വഴിയൊരുക്കുന്നു.

(Release ID: 2096741) Visitor Counter : 33