ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

2025ലെ ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയുടെ 'വാഷ്' ആശയം ആഗോള ചർച്ചകളെ നയിച്ചു

കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ മുഖ്യ പ്രഭാഷണം നടത്തി

Posted On: 24 JAN 2025 3:29PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 24  ജനുവരി 2025 
Picture 1 
 

ദാവോസിൽ നടന്ന 2025 ലെ ലോക സാമ്പത്തിക ഫോറത്തിലെ ഇന്ത്യാ പവലിയനിൽ "ഇന്ത്യയുടെ 'വാഷ് ' നൂതനാശയം:കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിലും ജല സുസ്ഥിരതയിലുമുള്ള ആഗോള സ്വാധീനം" എന്ന ശീർഷകത്തിൽ ആഗോള ചർച്ച നടന്നു. ജലവും ശുചിത്വവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച മികച്ച രീതികൾ പ്രദർശിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ഉന്നതതല സമ്മേളനം ജലം , ശുചിത്വം, വൃത്തി (water,sanitation, and hygiene - വാഷ്) എന്നീ മേഖലകളിലെ ഇന്ത്യയുടെ പരിവർത്തനപരമായ നേട്ടങ്ങളെ എടുത്തുകാണിച്ചു. ആഗോള കാലാവസ്ഥാ മാറ്റത്തിന്റെ  പ്രതിരോധത്തിലും സുസ്ഥിര വികസനത്തിലും ഈ മേഖലയുടെ നിർണായക പങ്ക് ഇത് ചൂണ്ടിക്കാട്ടി.

സ്വച്ഛ് ഭാരത് മിഷൻ (എസ്‌ബി‌എം), ജൽ ജീവൻ മിഷൻ (ജെ‌ജെ‌എം) എന്നിവ നടപ്പിലാക്കുന്നതിലെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ മുഖ്യ പ്രഭാഷണം നടത്തി. ശുചിത്വം മെച്ചപ്പെടുത്തുന്നതിലും ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം നൽകുന്നതിലും ഈ സംരംഭങ്ങൾ നിർണായകമാണ്.

 "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യ ജലസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് മാത്രമല്ല, ഈ നിർണായക മേഖലയിൽ പരിവർത്തനാത്മക വിപ്ലവം നയിക്കുകയും ചെയ്യുന്നുവെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഇത്," കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി. ആർ. പാട്ടീൽ പറഞ്ഞു. ബൃഹത്തായ ശ്രമങ്ങളിലൂടെ, രാജ്യം അതിന്റെ ജലസ്രോതസ്സുകളെ ഗണ്യമായി ശക്തിപ്പെടുത്തുകയും , സുസ്ഥിര ജല പരിപാലനത്തിനുള്ള ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു . കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാപെരുപ്പം, അമിത ഉപയോഗം എന്നിവയാൽ കൂടുതൽ പ്രതിസന്ധിയിലാകുന്ന ഒരു സാർവത്രിക വെല്ലുവിളിയായ ജലക്ഷാമത്തെ നേരിടുന്നതിന്, അന്താരാഷ്ട്ര സഹകരണവും കൂട്ടായ പ്രവർത്തനവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.

 "ഗ്രാമീണ ഇന്ത്യയ്ക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിൽ വർഷങ്ങളായി ഞങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജൽ ജീവൻ മിഷൻ (ജെജെഎം) ആരംഭിച്ചപ്പോൾ ഗ്രാമീണ കുടുംബങ്ങളിൽ 17% പേർക്ക് മാത്രമേ പ്രവർത്തനക്ഷമമായ പൈപ്പ് വെള്ള കണക്ഷനുകൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ , ഇന്ന്, ജൽ ജീവൻ മിഷന് കീഴിൽ ഗ്രാമീണ കുടുംബങ്ങളിൽ 79.66% പേർക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാണ്. വെള്ളം നൽകുന്നതിൽ മാത്രമല്ല, ജീവിതത്തെ മാറ്റിമറിക്കുന്നതിലും  ഈ പരിവർത്തനം ദൃശ്യമാണ്. ഗ്രാമീണ ഇന്ത്യ വെള്ളം കൊണ്ടുവരുന്നതിന് ചെലവിട്ടിരുന്ന 55 ദശലക്ഷം മണിക്കൂർ ഇപ്പോൾ പ്രതിദിനം ലാഭിക്കുന്നു.ഇത് തൊഴിൽ ശക്തിയുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നു." മന്ത്രി പറഞ്ഞു.

'വാഷ്' നൂതനാശയത്തിലും കാലാവസ്ഥാ മാറ്റ പ്രതിരോധത്തിലും ഇന്ത്യയുടെ വിപ്ലവകരമായ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്രജൽശക്തി മന്ത്രാലയത്തിന് ലോക സാമ്പത്തിക ഉച്ചകോടി വേദിയായി .
'വാഷ്' സേവനങ്ങളിലേക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന തുല്യമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ  ഇവിടെ എടുത്തു കാണിക്കുകയും ചെയ്തു

ശുചിത്വവും ജല ലഭ്യതയും മെച്ചപ്പെടുത്തുന്നതിൽ സര്ക്കാരിന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ ഫലപ്രാപ്തി സ്വച്ഛ് ഭാരത് മിഷനും ജെജെഎമ്മും പ്രകടമാക്കുന്നു. "ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുക മാത്രമല്ല, അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ദശകത്തിൽ നടത്തിയ ശ്രമങ്ങൾ അഞ്ച് വയസ്സിന് താഴെയുള്ള 3 ലക്ഷം കുട്ടികളുടെ ജീവൻ രക്ഷിച്ചു . മാത്രമല്ല, സമൂഹ ഇടപെടൽ, ശീലങ്ങളിലെ മാറ്റം, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തൽ എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്."മുഖ്യപ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു.

മുഖ്യ പ്രഭാഷണത്തിന് ശേഷം രണ്ട് പ്രധാന പാനൽ ചർച്ചകൾ നടന്നു. "ജല സുസ്ഥിരതയിലെ ആഗോള സ്വാധീനം " എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ NMCG, UNICEF, വാട്ടർ എയ്ഡ് എന്നിവയുൾപ്പെടെയുള്ള സംഘടനകളിലെ ആഗോള വിദഗ്ധർ പങ്കെടുത്തു.ആഗോള ജല സുസ്ഥിരത മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നൂതന സമീപനങ്ങളും തന്ത്രങ്ങളും ചർച്ചയായി.

"ശുചിത്വത്തിലൂടെ ആഗോള ആരോഗ്യത്തിനായുള്ള നൂതനാശയങ്ങൾ " എന്ന വിഷയത്തിൽ നടന്ന ശുചിത്വ പാനൽ ചർച്ചയിൽ , ഗേറ്റ്സ് ഫൗണ്ടേഷൻ, റൈസ്ബർഗ് വെഞ്ച്വേഴ്സ്, BCHAR, ക്യാപ്ജെമിനി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും അഭിനേതാവും നയ രൂപകർത്താവുമായ ശ്രീ വിവേക് ഒബ്റോയിയും  പങ്കെടുത്തു. ശുചിത്വത്തിലെ വിപ്ലവകരമായ നൂതന ആശയങ്ങളും ആഗോള ആരോഗ്യത്തിൽ അവയുടെ സ്വാധീനവും സംബന്ധിച്ച വിഷയത്തിൽ ചർച്ച നടന്നു.

ഇന്ത്യയുടെ വാഷ് നൂതനാശയങ്ങളും ആഗോള സുസ്ഥിരതാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലെ അവയുടെ പ്രാധാന്യവും ഇന്ത്യാ പവലിയനിൽ നടന്ന പാനൽ ചർച്ചയിൽ എടുത്തുകാട്ടി. പൊതു-സ്വകാര്യ പങ്കാളിത്തം, സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ, ആഗോളതലത്തിൽ വിജയകരമായ മാതൃകകൾ വ്യാപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ചർച്ചകൾ വേദിയായി

സുസ്ഥിര ജല പരിപാലനം, കാലാവസ്ഥാ മാറ്റ -പ്രതിരോധശേഷിയുള്ള രീതികൾ, പൊതു-സ്വകാര്യ സഹകരണങ്ങൾ എന്നിവയ്ക്കായുള്ള ഇന്ത്യയുടെ മികച്ച രീതികളിൽ ചർച്ചകൾ കേന്ദ്രീകരിച്ചു .വെളിയിട വിസർജ്ജനം ഇല്ലാതാക്കൽ, എസ്ബിഎമ്മിന് കീഴിൽ 95 ദശലക്ഷത്തിലധികം ശൗചാലയങ്ങളുടെ നിർമ്മാണം, ജെജെഎമ്മിന് കീഴിൽ വ്യാപകമായ ഗാർഹിക ടാപ്പ് വാട്ടർ കണക്ഷനുകൾ തുടങ്ങിയ പ്രധാന നേട്ടങ്ങൾ ഇന്ത്യയെ 'വാഷ്' സംരംഭങ്ങളിൽ ആഗോള നേതൃനിരയിൽ എത്തിച്ചിട്ടുണ്ട് .

 മെച്ചപ്പെട്ട ശുചിത്വം, വൃത്തി , വെള്ളം ശേഖരിക്കുന്നതിലെ സമയനഷ്ടം കുറയ്ക്കൽ എന്നിവയിലൂടെ ആരോഗ്യം, വിദ്യാഭ്യാസ ലഭ്യത, സാമ്പത്തിക അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തി.ഈ ശ്രമങ്ങൾ ജീവിതങ്ങളെ മാറ്റിമറിച്ചു.സുസ്ഥിര കാലാവസ്ഥാ, ജലപരിപാലന പ്രവർത്തനങ്ങൾക്ക് സഹകരണപരമായ പരിഹാരങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ലോക സാമ്പത്തിക ഫോറത്തിന്റെ വിശാലമായ ലക്ഷ്യങ്ങളുമായി ഈ നേട്ടങ്ങൾ യോജിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (UNSDG), പ്രത്യേകിച്ച് ജലത്തിലും ശുചിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ നിർണായക പങ്ക് ലോക സാമ്പത്തിക ഫോറം ഊന്നിപ്പറഞ്ഞു. ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക വളർച്ച, ജൈവവൈവിധ്യം എന്നിവയ്ക്ക് ഭീഷണി ഉയർത്തുന്ന ആഗോള ജല പ്രതിസന്ധിയെ നേരിടുന്നതിന് സഹകരണപരമായ പ്രവർത്തനം ആവശ്യമാണ്. ആഗോള വാഷ് തന്ത്രങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ അനുഭവം ഉൾക്കാഴ്ചയുള്ള പാഠങ്ങൾ നൽകുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ), പ്രത്യേകിച്ച് ശുദ്ധജലവും ശുചിത്വവും (SDG 6), കാലാവസ്ഥാ പ്രവർത്തനം (SDG 13) എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ നിർണായക പങ്ക് ആവർത്തിച്ചു ഉറപ്പിച്ചുകൊണ്ട്, പ്രായോഗികമായ ഉൾക്കാഴ്ചകളും പൊതു പ്രതിബദ്ധതകളും രൂപപ്പെടുത്തി ചർച്ച സമാപിച്ചു

*****

(Release ID: 2095940) Visitor Counter : 15