സാംസ്‌കാരിക മന്ത്രാലയം
ആത്മീയ ശക്തികേന്ദ്രങ്ങൾ: 2025 ലെ മഹാകുംഭമേളയുടെ മുൻനിരയിൽ അഖാഡകൾ
Posted On:
22 JAN 2025 4:02PM by PIB Thiruvananthpuram
സനാതന ധർമ്മത്തിന്റെ വിവിധ പാരമ്പര്യങ്ങളെയും വ്യത്യസ്ത വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന മഹാകുംഭമേളയുടെ ഹൃദയമായാണ് അഖാഡകൾ കണക്കാക്കപ്പെടുന്നത്. 'അഖണ്ഡ്' എന്ന പദത്തിൽ നിന്നാണ് 'അഖാഡ' ഉരുത്തിരിഞ്ഞത്. അഖണ്ഡമെന്നാൽ അവിഭാജ്യം എന്നർത്ഥം. ആറാം നൂറ്റാണ്ടിൽ, ആദി ഗുരു ശങ്കരാചാര്യരുടെ കാലം മുതൽക്കേ, ഈ സന്യാസി സംഘങ്ങൾ, കുംഭമേളയെ രൂപപ്പെടുത്തുന്ന ആദ്ധ്യാത്മിക ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷകരായി നിലകൊള്ളുന്നു. വ്യത്യസ്ത ആചാരങ്ങളാലും നേതൃ ഘടനകളാലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന അഖാഡകൾ, ഈ മഹാമേളയുടെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

കേവലം ആരാധനാ മാധ്യമങ്ങളായി മാത്രമല്ല, ആത്മീയ പഠനത്തിന്റെയും ശാരീരിക പരിശീലനത്തിന്റെയും കേന്ദ്രങ്ങളായും കുംഭമേളയിലുടനീളം അഖാഡകൾ വർത്തിക്കുന്നു. വേദങ്ങളിലൂടെയുള്ള ആത്മീയ പഠനത്തിന്റെയും ആയോധനകലകളിലൂടെയുള്ള ശാരീരിക പ്രതിരോധത്തിന്റെയും ഇരട്ട ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് അഖാഡ സംവിധാനം സ്ഥാപിതമായത്. മാറിയ കാലത്തോട് പൊരുത്തപ്പെടുന്ന ഈ അഖാഡകൾ അടിസ്ഥാനതത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നു. അഖാഡകളെ നയിക്കുന്ന മഹാമണ്ഡലേശ്വരന്മാർ, അവയുടെ ആത്മീയവും സംഘടനാപരവുമായ വശങ്ങൾ ചിട്ടയോടെ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. കുംഭാനുഭവത്തെ നിർവചിക്കുന്ന ആചാരങ്ങളിലും ഘോഷയാത്രകളിലും അവരുടെ നേതൃത്വം ശ്രദ്ധയമാണ്.

13 അഖാഡകകളിൽ, ശൈവ, വൈഷ്ണവ, ഉദാസീൻ വിഭാഗങ്ങൾ അവയുടെ അടിയുറച്ച ആത്മീയ പ്രാധാന്യത്താൽ വേറിട്ടുനിൽക്കുന്നു. ഈ അഖാഡകൾ കുംഭമേളയുടെ സമ്പന്നമായ വൈവിധ്യത്തിന് ഏറെ സംഭാവനകൾ നൽകുന്നു. ഭക്തി, ആരാധന, സാമൂഹിക ജീവിതം എന്നിവയിൽ തനത് ദർശനങ്ങൾ ഓരോ അഖാഡയും മുന്നോട്ടു വയ്ക്കുന്നു. ഉദാഹരണത്തിന്, ഭഗവാൻ പരമശിവനെ ആരാധിക്കുന്നവരും ആത്മീയ, ആയോധന വൈദഗ്ധ്യങ്ങൾക്ക് പേരുകേട്ടവരുമായ നാഗ സന്യാസിമാരാണ് ശൈവ അഖാഡകളെ നയിക്കുന്നത്.പരമ്പരാഗത ആയുധങ്ങളായ കുന്തം, വാൾ എന്നിവ ഏന്തുന്ന നാഗ സന്യാസിമാർ, കുംഭമേളയുടെ മഹാ ഘോഷയാത്രകളിലും ആചാരങ്ങളിലും പ്രാധാന്യമേറെയുള്ള ഷാഹി സ്നാൻ ചടങ്ങുകളിലും നിർണ്ണായക പങ്ക് വഹിക്കുന്നു.
ശൈവ അഖാഡകളിലെ നാഗ സന്യാസിമാരിൽ, ജുന അഖാഡയിലുള്ളവർ, കുംഭമേളയിലെ ഏറ്റവും ആദരണീയ വിഭാഗമായി കണക്കാക്കപ്പെടുന്നു. കഠിനമായ സന്യാസ പരിശീലനങ്ങൾക്കും ആയോധനകലാ വൈദഗ്ധ്യത്തിനും പേരുകേട്ട നാഗ സന്യാസിമാർ കുംഭമേളയുടെ ആത്മീയ യോദ്ധാക്കളുടെ പാരമ്പര്യം പേറുന്നു. നിരവധി സമർത്ഥരായ നാഗ സന്യാസിമാരുള്ള ജുന അഖാഡ, കുംഭമേളയിലെ സുപ്രധാന ആത്മീയ സ്രോതസ്സായി തുടരുന്നു. ആത്മീയ പ്രബുദ്ധതയും ശാരീരിക അച്ചടക്കവും ആഗ്രഹിക്കുന്ന ഭക്തരെ ആകർഷിക്കുന്നു.
ഏറെ ചരിത്ര പ്രാധാന്യമുള്ള അഖാഡകളിൽ ഒന്നാണ് ശ്രീ പഞ്ച ദശനം ആവാഹൻ അഖാഡ. 1,200 വർഷത്തിലേറെയായി ഈ അഖാഡ കുംഭമേളയുടെ ഭാഗമാണ്. മഹന്ത് ഗോപാൽ ഗിരി നയിക്കുന്ന ഈ അഖാഡ, ആത്മീയാധികാരത്തിന്റെ പ്രതീകമായ വിശുദ്ധ ദണ്ഡ് വഹിച്ചുകൊണ്ടുള്ള ഛരി ഘോഷ യാത്രയുടെ പവിത്രമായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. ആധുനിക കാലഘട്ടത്തിനനുസൃതമായി പുരാതന ആചാരങ്ങൾ സംരക്ഷിക്കുന്നു എന്നതാണ് ആവാഹൻ അഖാഡ കുംഭമേളയ്ക്കു നൽകുന്ന സംഭാവന. സനാതന ധർമ്മത്തിന്റെ ആത്മീയ പൈതൃകം സംരക്ഷിക്കുന്നതിൽ അഖാഡകളുടെ കാലാതിവർത്തിയായ പ്രസക്തി നിരന്തര സാന്നിധ്യത്തിലൂടെയാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്.

ശ്രീ പഞ്ച് നിർമോഹി അനി അഖാഡ, ശ്രീ പഞ്ച് നിർവാണി അഖാഡ, ശ്രീ പഞ്ച് ദിഗംബർ അനി അഖാഡ എന്നിവയുൾപ്പെടെയുള്ള വൈഷ്ണവ അഖാഡകളും കുംഭമേളയിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ അഖാഡകൾ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നതിൽ, പ്രത്യേകിച്ച് ഹനുമാൻ അവതാരത്തെ ആരാധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹനുമാന്റെ ആലേഖനമുള്ള ധർമ്മ ധ്വജങ്ങൾ (മതപരമായ പ്രാധാന്യമുള്ള പതാകകൾ) ഉയർത്തുന്നത് ഭക്തർക്ക് ലഭിക്കുന്ന ഈശ്വരന്റെ സംരക്ഷണത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്നു. മേളയുടെ ആത്മീയ അന്തരീക്ഷത്തെ ഇത് കൂടുതൽ ശോഭനമാക്കുന്നു.
ആത്മീയ മേഖലയിൽ നിർണ്ണായകമായ ഒരു പരിവർത്തനമാണ് മഹാ കുംഭമേളയിൽ ആദ്യമായി പങ്കെടുക്കുകയും പ്രമുഖ അഖാഡകളിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന 1,000-ത്തിലധികം വനിതകളുടെ സാന്നിധ്യം. സംസ്കൃതത്തിൽ പിഎച്ച്ഡി നേടിയ രാധേനന്ദ് ഭാരതിയെപ്പോലുള്ള വനിതകൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇതിനോടകം സന്യാസദീക്ഷ സ്വീകരിച്ചു. അഖാഡകളിൽ വനിതകളെ ഉൾപ്പെടുത്തുന്നത് ആത്മീയ ജീവിതത്തിൽ അവരുടെ പങ്കിന് ലഭിക്കുന്ന വർദ്ധിച്ച അംഗീകാരത്തെ സൂചിപ്പിക്കുന്നു. ചില അഖാഡകൾ സന്യാസിനിമാർക്ക് പ്രത്യേക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.

കുംഭമേളയിലെ ഏറ്റവും വലുതും സ്വാധീനശേഷിയുള്ളതുമായ അഖാഡകളിൽ ഒന്നായ ശ്രീ പഞ്ചദശനം ജുന അഖാഡയാണ് ഈ മുന്നേറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത്. ഈ അഖാഡ 200-ലധികം വനിതകൾക്ക് സന്യാസ ദീക്ഷ നൽകിയിട്ടുണ്ട്. എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, ജുന അഖാഡ അടുത്തിടെ തങ്ങളുടെ സന്യാസിനിമാരുടെ സംഘടനയെ സന്യാസിനി ശ്രീ പഞ്ചദശനം ജുന അഖാഡ എന്ന് പുനർനാമകരണം ചെയ്തു. ഇത് ആത്മീയ സമൂഹത്തിൽ സന്യാസിനിമാർക്ക് ഔദ്യോഗികവും ആദരണീയവുമായ വ്യക്തിത്വം പകർന്ന് നൽകി. ലിംഗസമത്വം സ്വീകരിക്കുന്നതിലൂടെ അഖാഡകൾ സ്വന്തം ആന്തരിക ഘടനകളെ പുനർനിർമ്മിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക-ആത്മീയ ഘടനകളിൽ സജീവ സംഭാവനകൾ നൽകാൻ വനിതകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

അതിസമ്പന്നവും സ്വാധീനശേഷിയുള്ളതുമായ മഹാ നിർവാണി അഖാഡ, ലിംഗ ശാക്തീകരണത്തിലും മുൻപന്തിയിലാണ്. വനിതകൾക്കായി മഹാമണ്ഡലേശ്വര സ്ഥാനം സ്ഥാപിച്ച ആദ്യ അഖാഡ എന്ന നിലയിൽ, ആത്മീയ മേഖലയിൽ ലിംഗസമത്വത്തിനായി വാദിക്കുന്നത് തുടരുകയാണ് മഹാ നിർവാണി അഖാഡ. സാധ്വി ഗീത ഭാരതി, സന്തോഷ് പുരി തുടങ്ങിയ വനിതാ മഹാമണ്ഡലേശ്വരരുടെ പങ്കാളിത്തം, വനിതകൾക്ക് ആത്മീയ സമൂഹത്തെ നയിക്കാനും മാർഗ്ഗദർശനമേകാനും തുല്യ അവസരം ഉറപ്പാക്കുന്നതിൽ അഖാഡയ്ക്കുള്ള പ്രതിബദ്ധത എടുത്തുകാട്ടുന്നു.
ലിംഗസമത്വത്തിന് പുറമേ, സാമൂഹികവും ആത്മീയവുമായ ഉത്തരവാദിത്തത്തിൽ അഖാഡകളുടെ വിശാലമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കും വിധം പരിസ്ഥിതി സംരക്ഷണത്തിനും മഹാ നിർവാണി അഖാഡ ഊന്നൽ നൽകുന്നു. സുസ്ഥിരതയിലുള്ള ഈ ശ്രദ്ധ ആത്മീയ ഐക്യത്തിന്റെ ദീപസ്തംഭമെന്ന നിലയിൽ കുംഭത്തിന്റെ പ്രമേയവുമായി യോജിക്കുന്നു. ആചാരങ്ങളിലും പ്രവർത്തനങ്ങളിലും പരിസ്ഥിതി കൂടുതലായി അവിടെ സമന്വയിക്കപ്പെട്ടിരിക്കുന്നു
പരമ്പരാഗതമായി സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടു പോയ കിന്നര (ഭിന്നലിംഗ) സമൂഹത്തെ സ്വാഗത പൂർവ്വം ഉൾക്കൊള്ളുന്ന കിന്നര അഖാഡകളുടെ വർദ്ധിച്ച സാന്നിധ്യമാണ് കുംഭമേളയിലെ മറ്റൊരു പ്രധാന സംഭവവികാസം. ഇതാദ്യമായാണ് കിന്നര അഖാഡ മഹാ കുംഭമേളയിൽ പങ്കെടുക്കുന്നത്. കുംഭമേളയ്ക്കും സമൂഹത്തിനും ഇത് ഒരു സുപ്രധാന നിമിഷമാണ്. സമത്വത്തിന്റെയും ബഹുമാനത്തിന്റെയും തത്വങ്ങൾ സ്വാംശീകരിക്കുന്ന ഈ അഖാഡ, സനാതന ധർമ്മത്തിലെ മറ്റ് വിഭാഗങ്ങൾക്കൊപ്പം കിന്നര വിഭാഗത്തിനും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള വേദി ഒരുക്കുന്നു.
ഇന്ത്യയുടെ ആത്മീയ ജീവിതത്തിൽ അഖാഡകളുടെ കാലിക പ്രസക്തിയ്ക്ക് തെളിവായി 2025-ലെ കുംഭമേള നിലകൊള്ളുന്നു. ഈ സ്ഥാപനങ്ങൾ സനാതന ധർമ്മത്തിന്റെ ആത്മീയവും സാംസ്കാരികവുമായ മൂല്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, സർവ്വാശ്ലേശിത്വവും സമത്വവും സർവ്വഥാ സ്വീകരിച്ചുകൊണ്ട് ആധുനിക ബോധതലവുമായി സമരസപ്പെടുകയും ചെയ്യുന്നു. മഹാകുംഭമേളയുടെ ഭാഗമായ അഖാഡകൾ കോടിക്കണക്കിന് ഭക്തരെ പ്രചോദിപ്പിക്കുകയും ആത്മീയ വളർച്ചയ്ക്കും അച്ചടക്കത്തിനും ഐക്യത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. പ്രൗഢമായ ഘോഷയാത്രകളിലൂടെയും പവിത്രമായ ആചാര പാലനത്തിലൂടെയും, അഖാഡകൾ മഹാകുംഭത്തിന്റെ ഹൃദയവും ആത്മാവുമായി തുടരുന്നു. അഗാധമായ പാരസ്പര്യത്തിലേക്കും ഈശ്വര സാക്ഷാത്ക്കാരത്തിലേക്കും വിശ്വാസികളെ നയിക്കുന്നു.
**********
(Release ID: 2095718)
Visitor Counter : 29