വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഐഐഎംസിയിൽ ജനപ്രിയ സിനിമകളുടെ രഹസ്യങ്ങൾ അനാവരണം ചെയ്ത് സരസ്വതി ബുയ്യാല നയിച്ച കഥാഖ്യാന ശിൽപശാല

Posted On: 23 JAN 2025 7:49PM by PIB Thiruvananthpuram
മതിപ്പുളവാക്കുന്ന കഥകളിലൂടെ നിക്ഷേപകരെയും നിർമാതാക്കളെയും ആകർഷിക്കാനും ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാനും അഭിലാഷണീയ ചലച്ചിത്ര സംവിധായകരെയും ഉള്ളടക്ക നിര്‍മാതാക്കളെയും ശാക്തീകരിക്കുന്ന ശില്പശാല

WAVES 2025-ന്റെ ഭാഗമായി 'ക്രിയേറ്റ് ഇൻ ഇന്ത്യ' മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ ആനിമേഷൻ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്ന ഡാൻസിങ് ആറ്റംസ്, 2025 ജനുവരി 23-ന് ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC)  കഥാഖ്യാന ശില്പശാല സംഘടിപ്പിച്ചു. സ്വന്തം കഥകളിലൂടെ നിക്ഷേപകരെയും നിർമാതാക്കളെയും  ആകർഷിക്കാന്‍ നൈപുണ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രശസ്ത എഴുത്തുകാരിയും സംവിധായികയുമായ സരസ്വതി ബുയ്യാലയുടെ നേതൃത്വത്തില്‍ ഗഹനമായ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ഡിസൈൻ, ലോകത്തിനുള്ള ഡിസൈന്‍ എന്ന കാഴ്ചപ്പാടിനൊപ്പം  

114-ാമത്  ‘മൻ കി ബാത്ത്’ പ്രഭാഷണത്തില്‍ ഗെയിമിംഗ്, ആനിമേഷൻ, ചലച്ചിത്ര നിർമാണം തുടങ്ങിയ സര്‍ഗാത്മക മേഖലകളിലെ വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ സാധ്യതകളെയും വളർന്നുവരുന്ന അവസരങ്ങളെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞിരുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ മത്സരങ്ങളില്‍ പങ്കെടുക്കാൻ അദ്ദേഹം സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളോട് അഭ്യർത്ഥിച്ചു. “ഇന്ത്യയിലെ ഡിസൈൻ, ലോകത്തിനുള്ള ഡിസൈന്‍” എന്ന വിശാല കാഴ്ചപ്പാടിനൊപ്പം  വിവിധ മേഖലകളില്‍ നൈപുണ്യവും നവീകരണവും പരിപോഷിപ്പിക്കുകയാണ് ഈ മത്സരങ്ങളുടെ ലക്ഷ്യം.

ശില്പശാലയെക്കുറിച്ച്

ആകർഷകമായ ആഖ്യാനങ്ങൾ തയ്യാറാക്കുന്നതിലും ആശയത്തെ രൂപകല്പന ചെയ്യുന്ന കലയിൽ പ്രാവീണ്യം നേടുന്നതിലും  ശില്പശാല പ്രായോഗിക ഉൾക്കാഴ്ചകൾ നൽകി. ശക്തമായ ഹ്വസ്വവിവരണങ്ങള്‍ തയ്യാറാക്കല്‍,  ബഹുതല കഥാപാത്രങ്ങൾ രൂപീകരിക്കല്‍, അവരുടെ കഥാവിഷ്ക്കാരങ്ങളുടെ അതുല്യ കാഴ്ചപ്പാട് എടുത്തുകാണിക്കുന്ന ആശയാവതരണങ്ങള്‍ ഘടനാപരമാക്കൽ തുടങ്ങിയ വിദ്യകളും ശില്പശാലയില്‍ പങ്കെടുത്തവര്‍ പരിശീലിച്ചു.  

ശില്പശാലയുടെ പ്രധാന സവിശേഷതകള്‍:

 
  • മതിപ്പുളവാക്കുന്ന കഥാഖ്യാനങ്ങളിലൂടെ നിക്ഷേപകരെയും നിർമാതാക്കളെയും ആകർഷിക്കാൻ ചലച്ചിത്ര സംവിധായകരെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത വ്യക്തിഗത ശില്പശാലയിലൂടെ  ആശയാവതരണ കലയിൽ പ്രാവീണ്യം.  
  • https://wavesindia.org-ൽ പ്രോജക്റ്റുകൾ സമർപ്പിക്കുകയും ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ  WAVES ഇന്ത്യ പ്ലാറ്റ്‌ഫോം അവരുടെ ലക്ഷ്യങ്ങൾ നേടാൻ എങ്ങനെ സഹായിക്കുമെന്ന് തിരിച്ചറിയല്‍.
  • ആഗോള നിർമാതാക്കളുമായും നിക്ഷേപകരുമായും കഥാകാരന്മാരെ ബന്ധിപ്പിക്കുന്ന  WAVES 2025 സംരംഭത്തിന്റെ ഭാഗമാവല്‍.
  • കഥാകഥനത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തുന്നതിന് ടോയ് സ്റ്റോറി, 3-ഇഡിയറ്റ്‌സ്, ബാഹുബലി തുടങ്ങിയ ജനപ്രിയ ചലച്ചിത്രങ്ങളുടെ അവലോകനം.
കഥാകഥനത്തിന്റെയും ചലച്ചിത്രനിർമാണത്തിന്റെയും കലയ്ക്കായി സമർപ്പിച്ച ഈ ഗഹനമായ ശില്പശാലയില്‍  അഭിലഷണീയ ചലച്ചിത്ര സംവിധായകരുടെയും എഴുത്തുകാരുടെയും  തിരക്കഥാകൃത്തുക്കളുടെയും  ചലച്ചിത്രപ്രേമികളുടെയും  വൈവിധ്യമാർന്ന ഒരു സംഘം ഒത്തുചേര്‍ന്നു. ശില്പശാലയില്‍ പങ്കെടുത്തവര്‍ അനിവാര്യ കഥാഖ്യാന തത്വങ്ങളും പ്രായോഗിക ചലച്ചിത്രനിർമാണ സാങ്കേതിക വിദ്യകളും പരിശീലിപ്പിച്ച പരിവർത്തനാത്മക പഠനാനുഭവത്തിന്റെ ഭാഗമായി.  

അഭിലഷണീയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അവരുടെ ആഖ്യാന വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തില്‍ സ്വാധീനമേറിയ കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിനും എഴുത്തുകാരുടെയും തിരക്കഥാകൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ശക്തമായ അടിത്തറ നൽകാൻ ശില്പശാല സഹായിച്ചു. അതേസമയം, കഥാഖ്യാനത്തിന്റെയും  കഥാപാത്ര വികസനത്തിന്റെയും സങ്കീർണതകൾ മനസ്സിലാക്കി  ചലച്ചിത്രപ്രേമികൾ സിനിമയോടുള്ള അവരുടെ മതിപ്പ് വര്‍ധിപ്പിച്ചു.

സരസ്വതി ബുയ്യാല: ഓസ്കാർ പുരസ്കാരം നേടിയ ദൃശ്യവിസ്മയങ്ങള്‍ക്കു പിന്നിലെ സര്‍ഗപ്രതിഭ

ആനിമേഷൻ, വിഷ്വല്‍ എഫക്റ്റുകൾ, ഗെയിമുകൾ, കോമിക്സ്, എആർ/വിആർ എന്നിവയിൽ വൈദഗ്ധ്യം നേടിയ എഴുത്തുകാരിയും സംവിധായികയുമാണ് സരസ്വതി ബുയ്യാല. ലൈഫ് ഓഫ് പൈ, ദി ക്രോണിക്കിൾസ് ഓഫ് നാർണിയ, ദി ഗോൾഡൻ കോംപസ്സ് എന്നിവയടക്കം  ഓസ്കാർ പുരസ്കാരം നേടിയ ചിത്രങ്ങളിലും മറ്റ് പ്രശസ്ത സിനിമകളിലും അവർ സംഭാവന നൽകിയിട്ടുണ്ട്. കഥാഖ്യാനത്തോടുള്ള അഭിനിവേശവും അത്യാധുനിക ദൃശ്യ സാങ്കേതിക വിദ്യകളിലെ വൈദഗ്ധ്യവും അവരുടെ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് https://wavesindia.org/ സന്ദർശിക്കുക.  

നിങ്ങളുടെ സർഗാത്മകത തിളങ്ങട്ടെ; നിങ്ങളുടെ ചിത്രം ലോകത്തിന് മുന്നിൽ വേറിട്ടുനില്‍ക്കട്ടെ!

(Release ID: 2095673) Visitor Counter : 28