പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പരാക്രം’ ദിനത്തിൽ വിദ്യാർഥികളുമായി സംവദിച്ചു

Posted On: 23 JAN 2025 3:36PM by PIB Thiruvananthpuram

‘പരാക്രം’ ദിനമായി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യുവസുഹൃത്തുക്കളുമായി ന്യൂഡൽഹിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രത്യേക ആശയവിനിമയം നടത്തി. 2047ൽ രാഷ്ട്രം ലക്ഷ്യമിടുന്നത് എന്താണെന്നു പ്രധാനമന്ത്രി വിദ്യാർഥികളോട് ആരാഞ്ഞു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക (വികസിത ഭാരതം) എന്നതാണെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ ഒരു വിദ്യാർഥി മറുപടിയേകി. എന്തുകൊണ്ട് 2047ൽ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് “ആ സമയം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം കൊണ്ടാടുമ്പോൾ ഞങ്ങളുടെ നിലവിലെ തലമുറ രാഷ്ട്രസേവനത്തിനു സജ്ജമാകും” എന്നു മറ്റൊരു വിദ്യാർഥി മറുപടി നൽകി.

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നു ശ്രീ മോദി കുട്ടികളോടു ചോദിച്ചു. ഒഡിഷയിലെ കട്ടക്കിൽ ജനിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികമാണെന്നു കുട്ടികൾ മറുപടി നൽകി. നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കുന്നതിനായി കട്ടക്കിൽ ബൃഹത്തായ പരിപാടി നടക്കുകയാണെന്നു ശ്രീ മോദി പറഞ്ഞു. നേതാജിയുടെ ആഹ്വാനങ്ങളിൽ ഏതാണ് ഏറ്റവുമധികം പ്രചോദിപ്പിച്ചതെന്നു ചോദിച്ചപ്പോൾ “നിങ്ങളെനിക്കു രക്തം തരൂ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തരാം” എന്ന ആഹ്വാനമാണെന്ന് ഒരു പെൺകുട്ടി മറുപടി പറഞ്ഞു. മറ്റെന്തിനും മീതെയായി രാജ്യത്ത‌ിനു മുൻഗണനയേകി ശരിയായ നേതൃത്വം എന്താണെന്നു നേതാജി കാട്ടിത്തന്നതായും ഈ അർപ്പണബോധം നിരന്തരം വളരെയധികം പ്രചോദനമേകുന്നുവെന്നും അവൾ വിശദീകരിച്ചു. ആ പ്രചോദനമുൾക്കൊണ്ട് എന്തു നടപടികൾ സ്വീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, രാജ്യത്തു സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായ കാർബൺ പാദമുദ്രകൾ കുറയ്ക്കല‌ിന് ഇക്കാര്യം തനിക്കു പ്രേരണയേകിയതായി പെൺകുട്ടി മറുപടിയേകി. കാർബൺ പാദമുദ്രകൾ കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണു രാജ്യം സ്വീകരിച്ചതെന്ന ചോദ്യത്തിന്, വൈദ്യുതവാഹനങ്ങളും ബസുകളും അവതരിപ്പിച്ച കാര്യം പെൺകുട്ടി മറുപടിയായി പറഞ്ഞു. ഡൽഹിയിൽ കേന്ദ്ര ഗവണ്മെന്റ് നൽകിയ 1200 വൈദ്യുതബസുകൾ പ്രവർത്തനക്ഷമമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, കൂടുതൽ ബസുകൾ ഇനിയും കൊണ്ടുവരുമെന്നും പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിടുന്നതിനുള്ള സങ്കേതമായി പിഎം സൂര്യഘർ യോജനയെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. പദ്ധതിയുടെ ഭാഗമായി സോളാർ പാനലുകൾ വീടുകളുടെ മേൽക്കൂരയിൽ സ്ഥാപിക്കുന്നതായി പ്രധാനമന്ത്രി വിദ്യാർഥികളോടു വിശദീകരിച്ചു. സൗരോർജ സഹായത്തോടെയുള്ള വൈദ്യുതോൽപ്പാദനത്തിന് ഇതു സഹായിക്കുമെന്നും അതിനാൽ, വൈദ്യുതബിൽ അടയ്ക്കേണ്ട ആവശ്യം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനും ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കാമെന്നും, അതിലൂടെ ജീവാശ്മ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാകുമെന്നും മലിനീകരണം തടയാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വീട്ടിലെ ആവശ്യംകഴിഞ്ഞ് അധികം വരുന്ന വൈദ്യുതി ഗവണ്മെന്റിനു വിൽക്കാനാകുമെന്നു പറഞ്ഞ അദ്ദേഹം, ആ വൈദ്യുതി വാങ്ങുന്ന ഗവണ്മെന്റ് അതിന്റെ വില നിങ്ങൾക്കു നൽകുമെന്നും വ്യക്തമാക്കി. അതിനർഥം, വീട്ടിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച് അതു വിറ്റഴിച്ചു നിങ്ങൾക്കു ലാഭമുണ്ടാക്കാനാകും എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-NK-

(Release ID: 2095576) Visitor Counter : 12