വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യൻ കാപ്പിയ്ക്ക് ആഗോളതലത്തിൽ ആവശ്യക്കാരേറുന്നു കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം
Posted On:
20 JAN 2025 3:54PM by PIB Thiruvananthpuram
1600-കളിൽ സന്യാസിയായ ബാബ ബുദാൻ ഏഴ് കാപ്പി വിത്തുകൾ കൊണ്ടുവന്ന് കർണാടകയിലെ ഒരു കുന്നിൻപ്രദേശത്ത് നട്ടുപിടിപ്പിച്ചതോടെയാണ് ഇന്ത്യയിൽ കാപ്പിയുടെ ചരിത്രം ആരംഭിക്കുന്നത്. ബാബ ബുദാൻ ഗിരിയിലെ സ്വന്തം ആശ്രമ മുറ്റത്ത് ഈ വിത്തുകൾ നട്ടുപിടിപ്പിച്ച അദ്ദേഹം സ്വയമറിയാതെ ആഗോളതലത്തിൽ പ്രമുഖ കാപ്പി ഉത്പാദക രാജ്യങ്ങളിലൊന്നായി ഇന്ത്യ വളർന്നു വരുന്നതിന് തുടക്കം കുറിക്കുകയായിരുന്നു. എളിയ രീതിയിൽ തുടങ്ങി ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്ന വ്യവസായമായി ഇന്ത്യയിലെ കാപ്പി കൃഷി നൂറ്റാണ്ടുകൾ കൊണ്ട് പരിണമിച്ചു. ഇപ്പോൾ ഇന്ത്യൻ കാപ്പിയ്ക്ക് ആഗോളതലത്തിൽ ആരാധകരേറെയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 1.29 ബില്യൺ ഡോളറിലെത്തിയിരിക്കുന്നു. 2020-21 ൽ 719.42 മില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണിത്.
ഇന്ത്യൻ കാപ്പിയുടെ സമൃദ്ധവും അതുല്യവുമായ രുചിപ്പെരുമയ്ക്ക് ആഗോള ആവശ്യകത വർദ്ധിച്ചതോടെ കയറ്റുമതി ഗണ്യമായി ഉയർന്നു. 2025 ജനുവരി, ആദ്യ പകുതിയിൽ 9,300 ടണ്ണിലധികം കാപ്പി ഇറ്റലി, ബെൽജിയം, റഷ്യ ഉൾപ്പെടെയുള്ള മുൻനിര രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തു. ഇന്ത്യൻ കാപ്പി ഉത്പാദനത്തിൽ ഏകദേശം നാലിൽ മൂന്നും അറബിക്ക, റോബസ്റ്റ ബീൻസ് എന്നീയിനങ്ങളാണ്. വറുക്കാത്ത കാപ്പിക്കുരുവാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. വറുത്ത കാപ്പിക്കുരുവും ഇൻസ്റ്റന്റ് കാപ്പിയും പോലുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുള്ള ആവശ്യകതയും വർദ്ധിച്ചു വരികയാണ്. കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് ഇത് കൂടുതൽ ഊർജ്ജം പകരും.
കഫേ സംസ്കാരത്തിന്റെ വളർച്ച, നികുതി ശേഷമുള്ള ഉയർന്ന വരുമാനം, ചായയേക്കാൾ കാപ്പിക്ക് ലഭിക്കുന്ന മുൻഗണന എന്നിവ കാരണം, ഇന്ത്യയിലെ കാപ്പി ഉപഭോഗവും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ പ്രവണത നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2012-ൽ 84,000 ടണ്ണായിരുന്ന ഗാർഹിക ഉപഭോഗം 2023-ൽ 91,000 ടണ്ണായി വർദ്ധിച്ചു. കാപ്പി ദൈനംദിന ജീവിതത്തിൽ ഒരു അനിവാര്യ ഘടകമായി മാറുന്ന സാഹചര്യത്തിൽ, പാനീയ ശീലങ്ങളിലുണ്ടായ പരിവർത്തനത്തെ കൂടിയാണ് ഈ കുതിച്ചുചാട്ടം പ്രതിഫലിപ്പിക്കുന്നത്.
ജൈവവൈവിധ്യത്തിന് പേരുകേട്ട ജൈവ സമ്പന്നമായ പശ്ചിമ, പൂർവ്വ ഘട്ടങ്ങളിലാണ് ഇന്ത്യൻ കാപ്പി പ്രധാനമായും വളരുന്നത്. 2022-23 ൽ 248,020 മെട്രിക് ടൺ സംഭാവന ചെയ്ത കർണാടകയാണ് ഉത്പാദനത്തിൽ മുന്നിൽ. തൊട്ടുപിന്നിൽ കേരളവും തമിഴ്‌നാടും ഉണ്ട്. കാപ്പി വ്യവസായത്തെ പിന്തുണയ്ക്കുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിലും, ഈ ജൈവവൈവിധ്യ കേന്ദ്രങ്ങളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന തണൽ തോട്ടങ്ങളാണ് ഈ പ്രദേശങ്ങളിലുള്ളത്.
കാപ്പി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന ആഭ്യന്തര, അന്താരാഷ്ട്ര ആവശ്യകത
നിറവേറ്റുന്നതിനും കോഫി ബോർഡ് ഓഫ് ഇന്ത്യ ഒട്ടേറെ സുപ്രധാന സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് കോഫി ഡെവലപ്‌മെന്റ് പ്രോജക്റ്റ് (ITDA) മുഖേന വിളവ് മെച്ചപ്പെടുത്തുന്നതിലും പാരമ്പര്യേതര പ്രദേശങ്ങളിലും കൃഷി വ്യാപിപ്പിക്കുന്നതിലും കാപ്പി കൃഷിയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യൻ കാപ്പി വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആഗോള മത്സരശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള സമഗ്ര തന്ത്രത്തിന്റെ ഭാഗമാണ് ഈ നടപടികൾ.
ഈ നടപടികൾ വിജയം കണ്ടതിന്റെ പ്രധാന ഉദാഹരണമാണ് അരക്കു താഴ്‌വര. കോഫി ബോർഡുമായും ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് ഏജൻസിയുമായും (ITDA) സഹകരിച്ച് ഏകദേശം 150,000 ഗോത്ര കുടുംബങ്ങൾ അവിടെ കാപ്പി ഉത്പാദനം 20% വർദ്ധിപ്പിച്ചു. ഗിരിജൻ കോ ഓപ്പറേറ്റീവ് കോർപ്പറേഷനിൽ (GCC) നിന്നുള്ള വായ്പയാണ് നേട്ടത്തിന് ഒരു കാരണം. കാപ്പി കൃഷി ജനസമൂഹങ്ങളെ എങ്ങനെ ശാക്തീകരിക്കുന്നുവെന്നും ആത്മനിർഭര ഭാരതം എന്ന ദർശനത്തെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.
കയറ്റുമതി പ്രോത്സാഹനവും ലോജിസ്റ്റിക് പിന്തുണയും സമന്വയിപ്പിക്കുന്നതിലൂടെ ഈ സംരംഭങ്ങൾ ഇന്ത്യൻ കാപ്പി വ്യവസായത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ആഭ്യന്തര ഉത്പാദനവും ആഗോള മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ആഗോള കാപ്പി വിപണിയിൽ ഒരു മുൻനിര രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നതിനും മേൽപ്പറഞ്ഞ നടപടികൾ ഏറെ സഹായകമാണ്.
(Release ID: 2094827)
Visitor Counter : 12