സാംസ്‌കാരിക മന്ത്രാലയം
മഹാകുംഭമേള 2025: 15 ലക്ഷം വിദേശ വിനോദസഞ്ചാരികളടക്കം 45 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷ; കിന്നർ അഖാര ഉൾപ്പെടെ 13 അഖാരകൾ
प्रविष्टि तिथि:
20 JAN 2025 8:30PM by PIB Thiruvananthpuram
മഹാകുംഭമേളയുടെ ആത്മീയ, സാംസ്കാരിക, സാമ്പത്തിക പ്രാധാന്യം ഇന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു ഭവനിൽ വിദേശ മാധ്യമപ്രവർത്തകർക്കായി വിശദീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെയും ഉത്തർപ്രദേശ് സർക്കാരിന്റെയും മുതിർന്ന ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.
ലോകമെങ്ങുമുള്ള പത്ത് ലക്ഷത്തിലധികം ഭക്തരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേള മതത്തിന്റയും സംസ്കാരത്തിന്റെയും സ്വയം തിരിച്ചറിയലിന്റെയും പ്രതീകമായി വിശേഷിപ്പിക്കപ്പെട്ടു. മതപരമായ ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരല്‍ എന്ന പദവി എടുത്തുപറഞ്ഞുകൊണ്ട് ഉത്തര്‍പ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ 2025-ലെ മഹാകുംഭമേളയുടെ വ്യാപ്തിയെക്കുറിച്ച് വിശദാംശങ്ങള്‍ പങ്കുവെച്ചു.
വിദേശകാര്യ മന്ത്രാലയവും ഉത്തര്‍പ്രദേശ് സർക്കാരും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മഹാകുംഭമേളയുടെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം എടുത്തുകാണിക്കുന്നതായിരുന്നു. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മേള. പുരാണങ്ങളിൽ പ്രതിപാദിക്കുന്ന അമൃത മന്ഥനത്തിൽ, പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജെയ്ന്‍, നാസിക് എന്നിവിടങ്ങളിൽ അമൃതതുള്ളികൾ വീണതായി പറയപ്പെടുന്നു. ഇതിൽ നിന്നാണ് കുംഭമേളയുടെ ഉത്ഭവം. ആത്മശുദ്ധീകരണത്തിന്റയെും ആത്മസാക്ഷാത്കാരത്തിന്റെയും പ്രതീകമാണ് പുണ്യസ്നാനം.
സർക്കാരിന്റെ കണക്കനുസരിച്ച് 2025 ലെ മഹാകുംഭമേളയിൽ 15 ലക്ഷം വിദേശ വിനോദസഞ്ചാരികളടക്കം 45 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ലെ കുംഭമേളയിൽ 25 കോടി പേരാണ് പങ്കെടുത്തത്. വൈവിധ്യമാർന്ന സംസ്കാരങ്ങളിലെയും പാരമ്പര്യങ്ങളിലെയും ഭക്തരെ ഒരുമിച്ചുചേര്‍ക്കുന്ന, ഐക്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ഒരു വേദിയായി മേള പ്രോത്സാഹിപ്പിക്കപ്പെടുന്നു.
പങ്കാളിത്തത്തില്‍ ആഗോള തലത്തിലെ മറ്റ് പ്രധാന പരിപാടികളെ മഹാകുംഭമേള മറികടക്കുമെന്ന് വിദേശ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ ഉത്തർപ്രദേശ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. റിയോ കാർണിവലിൽ 70 ലക്ഷം പേരും ഹജ്ജിൽ 25 ലക്ഷം പേരും ഒക്ടോബർമേളയില്‍ 72 ലക്ഷം പേരും പങ്കെടുക്കവെ 45 കോടി പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന 2025-ലെ മഹാകുംഭമേള സമാനതകളില്ലാത്തതാണ്. ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലുകളിലൊന്നായ മഹാകുംഭമേളയുടെ അസാധാരണ വ്യാപ്തിയും ആഗോള പ്രാധാന്യവും ഇത് എടുത്തുകാണിക്കുന്നു.
സമ്പദ്‌വ്യവസ്ഥയ്ക്ക് 2 ലക്ഷം കോടി രൂപ വരെ സംഭാവന നൽകുന്നതിലൂടെ 2025-ലെ മഹാാകുംഭമേള രാജ്യത്തിന് ഗണ്യമായ സാമ്പത്തിക ഉത്തേജനം നൽകും. ഉത്തർപ്രദേശിന്റെ ആഭ്യന്തര ഉത്പാദന വളർച്ച (GDP) ഒരു ശതമാനത്തിലധികം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വ്യാപാരത്തില്‍ 17,310 കോടി രൂപയും ഹോട്ടൽ, യാത്രാ മേഖലകളില്‍ 2,800 കോടി രൂപയുമാണ് കണക്കാക്കുന്നത്. പൂജാവസ്തുക്കളും പൂക്കളും യഥാക്രമം 2,000 കോടി രൂപയുടെയും 800 കോടി രൂപയുടെയും വരുമാനം നേടുമെന്ന് കണക്കാക്കപ്പെടുന്നു.
സുഗമവും സുരക്ഷിതവുമായ മേള ഉറപ്പാക്കാൻ പ്രയാഗ്‌രാജിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 14 പുതിയ മേല്‍പ്പാലങ്ങളും 9 സ്ഥിരം തീര്‍ത്ഥഘട്ടങ്ങളും 7 പുതിയ ബസ് സ്റ്റേഷനുകളും 12 കിലോമീറ്റർ താൽക്കാലിക തീര്‍ത്ഥഘട്ടങ്ങളും പ്രധാന പദ്ധതികളാണ്. 37,000 പോലീസുകാരെയും 14,000 ഹോം ഗാർഡുകളെയും, 2,750 നിര്‍മിതബുദ്ധി അധിഷ്ഠിത നിരീക്ഷണ ക്യാമറകളും വിന്യസിച്ചുകൊണ്ട് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
6,000 കിടക്കകളും 43 ആശുപത്രികളും എയർ ആംബുലൻസുകളും ആരോഗ്യ സേവനങ്ങളുടെ ഭാഗമാണ്. കൂടാതെ, പരിപാടിയിലുടനീളം ശുചിത്വം നിലനിർത്താൻ 10,200 ശുചീകരണ തൊഴിലാളികളെയും 1,800 ഗംഗാ സേവാദൂതരെയും വിന്യസിച്ചിട്ടുണ്ട്.
കിന്നർ അഖാര, ദശനം സന്യാസിനി അഖാര, വനിതാ അഖാരകൾ എന്നിവയടക്കം 13 അഖാരകളുടെ പങ്കാളിത്തവും ഈ വര്‍ഷത്തെ മഹാകുംഭമേളയിൽ കാണാം. ഈ അഖാരകൾ ലിംഗസമത്വത്തെയും പുരോഗമനപരമായ സമീപനത്തെയും പ്രതീകപ്പെടുത്തുമ്പോള്‍ ജാതി, മതം, സാംസ്കാരിക വൈവിധ്യം എന്നിവയ്‌ക്കപ്പുറം ഐക്യം പ്രോത്സാഹിപ്പിക്കുന്നതാണ് മേള. മതപരമായ പ്രാധാന്യത്തിനപ്പുറം, ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകവും സാമ്പത്തിക അഭിവൃദ്ധിയും ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദികൂടിയാണ് മഹാകുംഭമേള.
(रिलीज़ आईडी: 2094801)
आगंतुक पटल : 98