വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭ് 2025: ആയുഷ്മാൻ ഭാരത് പോലുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാർ സംരംഭങ്ങളെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതിനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രദർശനം.
Posted On:
18 JAN 2025 7:50PM by PIB Thiruvananthpuram
'സ്ത്രീ ശാക്തീകരണം രാഷ്ട്രത്തിന്റെ ഉന്നമനമാണ്' എന്ന തത്വം പിന്തുടർന്ന്, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ നിരവധി പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്. മഹാകുംഭമേളയിൽ പ്രയാഗ്‌രാജിലെ ത്രിവേണി മാർഗ് പ്രദർശന മേഖലയിൽ കേന്ദ്രസർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ഡിജിറ്റൽ പ്രദർശനത്തിലൂടെ മനോഹരവും ആകർഷകവുമായ രീതിയിൽ ഈ പദ്ധതികൾ, നയങ്ങൾ, പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കുന്നു.
സ്ത്രീകളെ ശാക്തീകരിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാട് ജീവസുറ്റതാക്കുന്ന നാരി ശക്തി വന്ദൻ നിയമം, നമോ ഡ്രോൺ ദീദി പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളാണ് ഈ വേദിയിൽ പ്രദർശിപ്പിക്കുന്നത്. നാരി ശക്തി വന്ദൻ നിയമത്തിലൂടെ ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സീറ്റുകൾ ഇപ്പോൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ടെന്ന് ഡിജിറ്റൽ പ്രദർശനം ചൂണ്ടിക്കാട്ടുന്നു. ഇതുവരെ, 10 കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങൾ വഴി സ്വയംപര്യാപ്തരായി. ഒരു കോടിയിലധികം സ്ത്രീകൾ ലക്ഷപതി ദീദികളായി. 2 കോടി സ്ത്രീകളെ കൂടി ലക്ഷപതി ദീദികളാക്കുക എന്നതാണ് ലക്ഷ്യം. നാരി സമ്മാൻ സംരംഭത്തിന് കീഴിൽ, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച വീടുകൾ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വനിതാ സ്വയം സഹായ ഗ്രൂപ്പുകളെ സ്വയംപര്യാപ്തമാക്കുക എന്നതാണ് നമോ ഡ്രോൺ ദീദി പദ്ധതിയുടെ ലക്ഷ്യം. ആയിരം നമോ ഡ്രോൺ ദീദികൾക്ക് ഇതിനകം ഡ്രോണുകൾ നൽകിയിട്ടുണ്ട്. കൂടാതെ,ആകെ 2.6 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി 4 കോടിയിലധികം സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഇത് പെൺകുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നു.
അതുപോലെ, ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, ഏകദേശം 68 കോടി ജനങ്ങൾക്ക് 5 ലക്ഷം രൂപയുടെ വരെ സൗജന്യ വൈദ്യചികിത്സ ലഭിച്ചു, 36 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തു. 70 വയസും അതിന് മുകളിലും പ്രായമുള്ള 6 കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ വയ വന്ദന കാർഡ് പ്രയോജനപ്പെടുന്നു. 2014-ൽ 51,000 ആയിരുന്ന മെഡിക്കൽ സീറ്റുകളുടെ എണ്ണം ഇപ്പോൾ ഇരട്ടിയിലധികമായി 1,18,000 ആയി. 14,000-ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ മിതമായ വിലയ്ക്ക് മരുന്നുകൾ നൽകുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള പതിവ് വാക്സിനേഷൻ രേഖകൾ സൂക്ഷിക്കുന്നതിനായി യു-വിൻ പോർട്ടൽ ആരംഭിച്ചു.
ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഈ ഗംഭീര ഡിജിറ്റൽ പ്രദർശനം, പ്രയാഗ്‌രാജിലെ മഹാകുംഭത്തിൽ പൊതുജനങ്ങൾക്ക് ഈ ഉൾക്കാഴ്ചകൾ നൽകുന്നു. നൂറുകണക്കിന് പേർ പതിവായി പ്രദർശനം സന്ദർശിക്കുന്നു. കൂടാതെ സർക്കാർ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന് അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്നു.
****
(Release ID: 2094237)
Visitor Counter : 13