ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

മധ്യപ്രദേശിൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ചു ന്യൂ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ,അവലോകനയോഗം ചേർന്നു.

യോഗത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പങ്കെടുത്തു

ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ,അവലോകനയോഗം ചേർന്നു.

മധ്യപ്രദേശിൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച യോഗത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പങ്കെടുത്തു.

Posted On: 17 JAN 2025 6:21PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 17 ജനുവരി 2025

മധ്യപ്രദേശിലെ പോലീസ്, ജയിലുകൾ, കോടതികൾ, പ്രോസിക്യൂഷൻ, ഫോറൻസിക്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ പുതിയ വ്യവസ്ഥകളുടെ നടപ്പാക്കലും തൽസ്ഥിതിയും യോഗം അവലോകനം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, മധ്യപ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറൽ, ബിപിആർ & ഡി ഡയറക്ടർ ജനറൽ, എൻസിആർബി ഡയറക്ടർ ജനറൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും സംസ്ഥാന ഗവൺമെന്റിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെയും അന്തസത്ത, എഫ്‌ഐആർ ഫയൽ ചെയ്യുന്നത് മുതൽ സുപ്രീം കോടതിയിൽ നിന്ന് വിധി വരുന്നത് വരെയുള്ള നടപടികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി നീതി ലഭ്യമാക്കുക എന്നതാണ് എന്ന് ചർച്ചയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ മധ്യപ്രദേശ് ഗവണ്മെന്റ് ഇതുവരെ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച ആഭ്യന്തര മന്ത്രി, സംസ്ഥാനത്ത് എത്രയും വേഗം 100 ശതമാനവും അവ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഭീകരവാദം , സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രസ്തുത കേസുകളിൽ ആ വകുപ്പുകൾ പ്രയോഗിക്കുന്നത് യോഗ്യമാണോ എന്ന് പരിശോധിക്കണമെന്ന് ശ്രീ അമിത് ഷാ നിർദേശിച്ചു . ഈ നിയമ വ്യവസ്ഥകളുടെ ഏതെങ്കിലും തരത്തിലുള്ള  ദുരുപയോഗം അവയുടെ ഉദ്ദേശ്യ ശുദ്ധിയെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സീറോ എഫ്‌ഐആറുകളെ സാധാരണ എഫ്‌ഐആറുകളാക്കി മാറ്റുന്നത് തുടർച്ചയായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. സിസിടിഎൻഎസ് (ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് & സിസ്റ്റംസ്) വഴി രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ എഫ്‌ഐആറുകൾ കൈമാറാൻ പ്രാപ്തമാക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഓരോ ജില്ലയിലും ഒന്നിലധികം ഫോറൻസിക് സയൻസ് മൊബൈൽ വാനുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ശ്രീ ഷാ ചൂണ്ടിക്കാട്ടി.കൂടാതെ, വീഡിയോ കോൺഫറൻസിംഗിലൂടെ തെളിവ് രേഖപ്പെടുത്തുന്നതിന് ആശുപത്രികളിലും ജയിലുകളിലും മതിയായ എണ്ണം ക്യുബിക്കിളുകൾ നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

 ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ, ദീർഘകാലമായി രാജ്യത്ത് നിന്ന് ഒളിച്ചോടിയവർക്കെതിരെ, അവരുടെ അസാന്നിധ്യത്തിൽ വാദം ആരംഭിക്കണമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സിവിൽ സുരക്ഷാ നിയമത്തിൽ ഇത്തരം വാദത്തിനുള്ള (Trial in Absentia ) വ്യവസ്ഥകൾ ഉൾപ്പെടുന്നതായും ഇത് അത്തരത്തിൽ നാടുവിട്ട കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ സഹായിക്കുന്നതായും മന്ത്രി പറഞ്ഞു.ഐസിജെഎസ് (ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം) പ്രകാരം അനുവദിക്കുന്ന ഫണ്ടുകൾ, കേന്ദ്രഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി കർശനമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ഇലക്ട്രോണിക് ഡാഷ്‌ബോർഡിൽ പോലീസ് നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കൂടാതെ, പിടിച്ചെടുത്ത വസ്തുക്കളുടെയും കോടതികൾക്ക് അയയ്ക്കുന്ന കേസുകളുടെയും വിശദാംശങ്ങളും ഡാഷ്‌ബോർഡിൽ ലഭ്യമാക്കണം. ഈ കാര്യങ്ങളിൽ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കാൻ അദ്ദേഹം സംസ്ഥാന ഡിജിപിയോട് നിർദ്ദേശിച്ചു.

ഫോറൻസിക് സയൻസിൽ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ശ്രീ അമിത് ഷാ ഊന്നൽ നൽകി. ഇതിനായി മധ്യപ്രദേശ് ഗവൺമെന്റ്, നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുമായി ഒരു ധാരണാപത്രം ഒപ്പിടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്ക് ഫോറൻസിക് സയൻസിൽ ഡിപ്ലോമ കോഴ്‌സുകൾ വാഗ്ദാനം ചെയ്തുകൊണ്ട് അവസരങ്ങൾ നൽകാനും തുടർന്ന് അവരെ നിയമിക്കാനും അദ്ദേഹം ശുപാർശ ചെയ്തു.

 പുതിയ നിയമങ്ങളിലെ ഇലക്ട്രോണിക് തെളിവുകൾക്കായുള്ള വ്യവസ്ഥകളെക്കുറിച്ച് പരാമർശിക്കവേ, ആശുപത്രികൾ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ മെഡിക്കൽ റിപ്പോർട്ടുകൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകൾ യോഗങ്ങൾ നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 'ഇ-സമൻസ് ' നടപ്പിലാക്കുന്നതിൽ മധ്യപ്രദേശ് മുൻനിരയിൽ ആണെന്നും 'ഇ-സമൻസ്' ന്റെ

വിജയകരമായ നടത്തിപ്പ് മനസ്സിലാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് മധ്യപ്രദേശ് സന്ദർശിക്കാൻ കഴിയുന്ന ഒരു സംവിധാനം സ്ഥാപിക്കണമെന്നും അദ്ദേഹം സംസ്ഥാന ഗവൺമെന്റ്നോട് ആവശ്യപ്പെട്ടു.


പിന്നാക്കം നിൽക്കുന്നവർക്ക് നീതി ഉറപ്പാക്കുന്നതിന് ശക്തമായ ഒരു നിയമസഹായ സംവിധാനത്തിന്റെ ആവശ്യകത കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. ഇതിനായി ആവശ്യമായ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രർക്ക് നിയമസഹായം ഉറപ്പാക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ പുരോഗതി മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതിമാസവും , ചീഫ് സെക്രട്ടറി ഓരോ 15 ദിവസത്തിലും, പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഓരോ ആഴ്ചയിലും , ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്കൊപ്പം അവലോകനം ചെയ്യണമെന്ന് ശ്രീ ഷാ നിർദ്ദേശിച്ചു. സമയബന്ധിതമായി നീതി ലഭ്യമാക്കുക എന്നതാണ് അവരുടെ പ്രഥമ പരിഗണനയെന്ന് എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ബോധവൽക്കരിക്കണമെന്ന് അദ്ദേഹം ഡിജിപിയോട് നിർദ്ദേശിച്ചു.
 
*****

(Release ID: 2093938) Visitor Counter : 18