സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

കലാഗ്രാമം : മഹാകുംഭമേള 2025 ന്റെ സാംസ്കാരിക അലങ്കാരം

Posted On: 15 JAN 2025 8:11PM by PIB Thiruvananthpuram
ഇന്ത്യയിലെ ഏറ്റവും പുണ്യനദികളായ ഗംഗ, യമുന, പുരാണ നദിയായ സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് നിങ്ങൾ നിൽക്കുന്നതായി സങ്കൽപ്പിക്കുക. ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ ഒരേ സ്വരത്തിലുള്ള മന്ത്രങ്ങൾ, ക്ഷേത്രമണികളുടെ നാദം , ഈ അനശ്വര നദികളുടെ താളാത്മകമായ ഒഴുക്ക് എന്നിവയുടെ ഊർജം അവിടുത്തെ അന്തരീക്ഷത്തെ സജീവമാക്കുന്നു.  വിശ്വാസത്തിന്റെയും ആത്മീയതയുടെയും ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായ മഹാകുംഭമാണിത് (2025). ഇവിടെ ഭക്തി സമാനതകളില്ലാത്ത തോതിൽ ആഘോഷവുമായി അലിയുന്നു .

പ്രയാഗ്‌രാജിലെ ഈ സ്വർഗ്ഗീയ അന്തരീക്ഷത്തിൽ, 10 ഏക്കർ വിസ്തൃതിയുള്ള നാഗവാസുകി പ്രദേശത്ത് സാംസ്കാരിക അലങ്കാരമായ കലാഗ്രാമം സ്ഥിതിചെയ്യുന്നു. കലാഗ്രാമം വെറുമൊരു പ്രദർശന സ്ഥലമല്ല; ഇന്ത്യയുടെ പൈതൃകത്തിന്റെ ജീവസ്സുറ്റ ചിത്രമാണിത്. ഭാരതത്തിന്റെ കാലാതീതമായ പാരമ്പര്യങ്ങളും ആധുനിക സർഗ്ഗ സൃഷ്ടികളും സംഗമിക്കുന്ന ഇടമാണിത്. വൈവിധ്യത്തിനും വ്യാപ്തിയ്ക്കും പേരുകേട്ട ഒരു രാജ്യത്തിന്റെ ആത്മാവിലേക്ക് ആഴത്തിലുള്ള യാത്ര ഇത് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയം വിഭാവനം ചെയ്ത് ക്യൂറേറ്റ് ചെയ്ത കലാഗ്രാമം , കരകൗശല രീതി( Craft), പാചകരീതികൾ(Cuisines) ,സംസ്കാരം( Culture) എന്നീ മൂന്ന് പ്രമേയങ്ങളിൽ വേരൂന്നിയ ഒരു കാവ്യശില്പമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പുരാതന കലാരൂപങ്ങൾ, പ്രാദേശിക പാചകരീതികൾ, ആകർഷകമായ കലാ പ്രകടനങ്ങൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന ഈ ഊർജ്ജസ്വലമായ സങ്കേതം, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ദൃശ്യവും അദൃശ്യവുമായ വശങ്ങളെ ഒരുപോലെ ആഘോഷിക്കുന്ന സമാനതകളില്ലാത്ത അനുഭവം സൃഷ്ടിക്കുന്നു.

2025 ജനുവരി 12 ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്ത കലാഗ്രാമം ഇന്ത്യയുടെ പാരമ്പര്യങ്ങളുടെ സത്തയിലേക്കുള്ള ഒരു കവാടമായി വർത്തിക്കുന്നു. ഇത് വെറുമൊരു വേദിയല്ല; രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധർ, കലാകാരന്മാർ, പാചക വിദഗ്ദ്ധർ എന്നിവരുടെ പ്രതിഭകൾ ഒരുമിച്ച് നെയ്തെടുക്കുന്ന ഒരു സംവേദനാത്മകവും പരിവർത്തനാത്മകവുമായ അനുഭവമാണിത്.


 പ്രൗഢമായ സ്വാഗതം: കഥകൾ ഇവിടെ നിന്ന് ആരംഭിക്കുന്നു

കലാഗ്രാമിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുന്നത് അതിന്റെ വിസ്മയിപ്പിക്കുന്ന പ്രവേശന കവാടത്തിൽ നിന്നാണ് - 35 അടി വീതിയും 54 അടി ഉയരവുമുള്ള ഒരു വിസ്മയമാണിത്. ഇന്ത്യയുടെ പവിത്രമായ പൈതൃകത്തിന്റെ ദൃശ്യ വിവരണമാണ് ഈ വാസ്തുവിദ്യാ അത്ഭുതം. 12 ജ്യോതിർലിംഗങ്ങളുടെയും ഭഗവാൻ ശിവൻ കാളകൂട വിഷം ഭക്ഷിക്കുന്നതിന്റെയും കഥകൾ ചിത്രീകരിക്കുന്നു ഇവ .

സംസ്കാരത്തിന്റെ ഹൃദയത്തിലേക്ക് ചുവടുവെക്കുക

അകത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഒരു മനോഹരമായ സമന്വയമായി കലാഗ്രാമം വികസിക്കുന്നു. സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഏഴ് സാംസ്‌കാരിക ക്ഷേത്രങ്ങൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.ഇവ ഓരോന്നും കൊൽക്കത്തയിലെ ദക്ഷിണേശ്വർ കാളി ക്ഷേത്രം, പുഷ്കറിലെ ബ്രഹ്മ മന്ദിർ തുടങ്ങിയ മഹാ ക്ഷേത്രങ്ങളുടെ പ്രമേയം അധിഷ്ഠിതമാക്കിയാണ്. ബംഗാളിലെ പട്ടചിത്ര പെയിന്റിംഗുകൾ, അസമിലെ മുള കരകൗശല വസ്തുക്കൾ മുതൽ തമിഴ്‌നാട്ടിലെ തഞ്ചാവൂർ പെയിന്റിംഗുകൾ, മധ്യപ്രദേശിലെ ഗോത്രകല എന്നിവ വരെ പ്രദർശിപ്പിക്കുന്ന പ്രാദേശിക കരകൗശല വൈദഗ്ധ്യത്തിന്റെ കലവറകളാണ് ഈ മേഖലകൾ.

പുരാതന സാങ്കേതിക വിദ്യകൾക്ക് ജീവൻ പകരുന്ന 230  കരകൗശല വിദഗ്ധരുടെ കലാ വൈദഗ്ധ്യം ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും. അവരുടെ അതിമനോഹരമായ സൃഷ്ടികളുടെ രൂപത്തിൽ ചരിത്രത്തിന്റെ ഒരു ഭാഗം നിങ്ങൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാം.

കല ആത്മാവിനെ കണ്ടുമുട്ടുന്നിടം: മോഹിപ്പിക്കുന്ന പ്രകടനങ്ങൾ

കലാഗ്രാമിലെ അന്തരീക്ഷം എല്ലാ ദിവസവും വിവിധ വേദികളിലായി അവതരിപ്പിക്കുന്ന ഏകദേശം 15,000 സാംസ്കാരിക കലാകാരന്മാരുടെ താള മേളങ്ങളാൽ മുഖരിതമാണ് . സംഗീത നാടക അക്കാദമി,പ്രാദേശിക സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ ക്യൂറേറ്റ് ചെയ്യുന്ന ഈ പ്രകടനങ്ങളിൽ ക്ലാസിക്കൽ സംഗീതം മുതൽഊർജസ്വലമായ നാടോടി നൃത്തങ്ങൾ വരെ ഉൾപ്പെടുന്നു. ഒരു കഥക് നർത്തകന്റെ സങ്കീർണ്ണമായ ചുവടുകളായാലും ഒരു ഭാംഗ്‌റ  സംഘത്തിന്റെ ഊർജ്ജമായാലും, ഓരോ പ്രകടനവും പാരമ്പര്യത്തിന്റെ തനത് കഥ പറയുന്നു.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ നാടകങ്ങളും പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന സെലിബ്രിറ്റി പ്രകടനങ്ങളും പരിപാടിയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. സമ്പന്നമായ കലാപരമ്പര, കലാഗ്രാമിലേക്കുള്ള ഓരോ സന്ദർശനവും പ്രേക്ഷകന് പുതിയ എന്തെങ്കിലും കണ്ടെത്താനുള്ള അവസരം നൽകുന്നു.


ഇതിഹാസങ്ങളിലേക്കുള്ള ഊളിയിടൽ :ആഴത്തിലുള്ള അനുഭവമേഖല

കലാഗ്രാമിലെ ഏറ്റവും മികച്ച ആകർഷണങ്ങളിലൊന്നാണ് അനുഭൂതി മണ്ഡപം. മറ്റെങ്ങുമില്ലാത്ത ഒരു ആഴത്തിലുള്ള അനുഭവം ഇത് നൽകുന്നു. 360-ഡിഗ്രി ദൃശ്യങ്ങളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെയും, ഗംഗയുടെ ഭൂമിയിലേക്കുള്ള സ്വർഗ്ഗീയ അവരോഹണമായ ഗംഗാ അവതരണ കഥയിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്നു. ഇടിമുഴക്കത്തിന്റെ പശ്ചാത്തലത്തിൽ ഭഗവാൻ ശിവൻ,നദിയെ ഉൾക്കൊള്ളുമ്പോൾ ദിവ്യ പ്രാധാന്യമുള്ള ഈ നിമിഷം, അതിശയകരമായ യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കുന്നു. ഇത് വെറുമൊരു കഥയല്ല - വളരെക്കാലം നിങ്ങളോടൊപ്പം ഉണ്ടാകുന്ന ഒരു അനുഭവമാണിത്.


 ചരിത്രം സജീവമാകുന്നു: പ്രദർശന മേഖല

അവിരാൽ ശാശ്വത് കുംഭ്- മഹാകുംഭിന്റെ പൈതൃകത്തിലേക്ക് ഒരു വൈജ്ഞാനിക പ്രവേശനം വാഗ്ദാനം ചെയ്യുന്നു.

 ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ ആർക്കൈവ്സ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച്, ഈ മേഖല കുംഭമേളയുടെ യുഗങ്ങളിലൂടെയുള്ള മഹത്വം വെളിപ്പെടുത്തുന്ന കരകൗശല വസ്തുക്കൾ, ഡിജിറ്റൽ പ്രദർശനങ്ങൾ, ചരിത്രപരമായ ഉൾക്കാഴ്ചകൾ എന്നിവ അവതരിപ്പിക്കുന്നു. യുനെസ്കോ അംഗീകരിച്ച ഈ അദൃശ്യ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നു.ചരിത്രവും സംസ്കാരവും സംഗമിക്കുന്ന ഒരു ഇടമാണിത്.


സെലസ്റ്റിയൽ നൈറ്റ്, സാത്വിക് ഡിലൈറ്റ്സ്

കലാഗ്രാമം സംസ്കാരത്തെക്കുറിച്ച് മാത്രമല്ല - ബന്ധത്തെക്കുറിച്ചുമാണ്. പ്രത്യേക രാത്രികളിൽ, സന്ദർശകർക്ക് ദൂരദർശിനികളിലൂടെ നക്ഷത്രനിബിഡമായ ആകാശത്തേക്ക് നോക്കാനും, ആത്മീയമായി തോന്നുന്ന ഒരു സാഹചര്യത്തിൽ പ്രപഞ്ചവുമായി ബന്ധപ്പെടാനും കഴിയും.

ഭക്ഷണപ്രിയർക്ക്, സാത്വിക് ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ മേഖല,ഒരു പാചക പറുദീസയാണ്. പ്രയാഗ്‌രാജിലെ പ്രാദേശിക വിഭവങ്ങൾ മുതൽ ഇന്ത്യയിലുടനീളമുള്ള സിഗ്നേച്ചർ വിഭവങ്ങൾ വരെ, ഈ പുണ്യ പരിപാടിക്ക് അനുയോജ്യമായ ശുദ്ധമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്നു.28 തരം സാത്വിക പാചകരീതികൾ ഈ മേഖല വാഗ്ദാനം ചെയ്യുന്നു.

അനിതരസാധാരണമായി : ഇടപഴകുക, പര്യവേക്ഷണം ചെയ്യുക

കലാഗ്രാം ആവേശകരമായ പ്രവർത്തനങ്ങളിലൂടെ പങ്കാളിത്തം ക്ഷണിക്കുന്നു. ലളിത കലാ അക്കാദമിയുടെ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക.അല്ലെങ്കിൽ IGNCA, പ്രാദേശിക സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ നിർമ്മിക്കുന്ന ഡോക്യുമെന്ററികളിൽ സ്വയം അലിയുക. കലാഗ്രാമത്തിന്റെ ഓരോ കോണും പഠിക്കാനും സൃഷ്ടിക്കാനും പ്രചോദനം ഉൾക്കൊള്ളാനുമുള്ള അവസരങ്ങളാൽ സമ്പന്നമാണ്.


ലോകത്തിനുള്ള ക്ഷണം

കലാഗ്രാമം സംസ്കാരത്തിന്റെ ആഘോഷം എന്നതിലുപരി - അതൊരു ക്ഷണമാണ്. ഇന്ത്യയുടെ ഹൃദയം പര്യവേക്ഷണം ചെയ്യാനുള്ള ഒരു ക്ഷണം. അവിടെ ഓരോ കരകൗശലവും, ഓരോ പ്രകടനവും, ഓരോ വിഭവവും ഒരു കഥ പറയുന്നു. ആഗോള വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ പൈതൃകത്തിന്റെ ആഴം അനുഭവിക്കാൻ കഴിയുന്ന ഒരു സ്ഥലമാണിത്. കൂടാതെ ഇവിടുത്തുകാർക്ക് അവരുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാനും കഴിയും. നിങ്ങൾ ഒരു ചരിത്ര ആരാധകനോ, കലാപ്രേമിയോ , ഭക്ഷണപ്രിയനോ , അല്ലെങ്കിൽ പ്രചോദനം തേടുന്ന ഒരാളോ ആകട്ടെ കലാഗ്രാം ഒരു മറക്കാനാവാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു. അതിന്റെ ഊർജ്ജസ്വലമായ പ്രദർശനങ്ങൾക്കും പ്രകടനങ്ങൾക്കും അപ്പുറം, ഇന്ത്യയുടെ അനശ്വരമായ ആത്മാവുമായി - ഇവിടുത്തെ ജനങ്ങളിലും കരകൗശലങ്ങളിലും, കഥകളിലും വളരുന്ന ഒരു ആത്മാവുമായി - ആഴത്തിലുള്ള ബന്ധം ഇത് പ്രദാനം ചെയ്യുന്നു.
 
SKY
 

(Release ID: 2093351) Visitor Counter : 19