പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ആഗോള ഊർജ്ജ സംവാദം പുനർനിർവചിക്കാൻ 'ഇന്ത്യ ഊർജ വാരം 2025 (IEW’25)'
Posted On:
13 JAN 2025 4:58PM by PIB Thiruvananthpuram
IEW’25 ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂഡൽഹിയിൽ നടക്കും. പ്രദർശകരുടെയും പങ്കാളികളുടെയും എണ്ണത്തിൽ റെക്കോർഡ് ഭേദിച്ചു കൊണ്ട് മുൻ രണ്ട് പതിപ്പുകളെ മറികടക്കുന്നതിന് ലക്ഷ്യമിടുന്നു
മുൻ രണ്ട് പതിപ്പുകളുടെയും ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ , കേന്ദ്ര ഗവൺമെന്റിന്റെ പ്രത്യേക ഊർജ്ജ പരിപാടിയായ ഇന്ത്യ എനർജി വീക്ക് 2025/ഇന്ത്യ ഊർജ വാരം (IEW’25), പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി (FIPI)യുടെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു.
ഊർജ്ജ കലണ്ടറിലെ ആദ്യത്തെ പ്രധാന ആഗോള പരിപാടിയായ IEW 2025, ഈ വർഷത്തെ ഏറ്റവും സമഗ്രവും ഉൾക്കൊള്ളുന്നതുമായ ആഗോള ഊർജ്ജ സമ്മേളനമായിരിക്കും.
വികസിത സമ്പദ്‌വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന 20ലധികം വിദേശ ഊർജ്ജ മന്ത്രിമാരും ഡെപ്യൂട്ടി മന്ത്രിമാരും, ഏറ്റവും വലിയ ഊർജ്ജ ഉൽപാദകർ, ഗ്ലോബൽ സൗത്ത് മേഖലയിലെ പ്രധാന രാജ്യങ്ങൾ എന്നിവർ ഉൾപ്പെടെ ഈ പരിപാടിയിൽ സമാനതകളില്ലാത്ത ആഗോള പങ്കാളിത്തം ഉണ്ടായിരിക്കും. പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളും ലോകത്തിലെ ഏറ്റവും വലിയ ഫോർച്യൂൺ 500 ഊർജ്ജ കമ്പനികളായ ബിപി, ടോട്ടൽ എനർജിസ്, ഖത്തർ എനർജി, അഡ്‌നോക്, ബേക്കർ ഹ്യൂസ്, വിറ്റോൾ എന്നിവയുൾപ്പെടെ കമ്പനികളിൽ നിന്നുള്ള 90 സിഇഒമാരും ഈ പരിപാടിയിൽ പങ്കെടുക്കും.
കാർബൺ രഹിതമാക്കൽ,ഊർജ്ജ തുല്യത, കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥകൾ എന്നിവയ്‌ക്കുള്ള പ്രായോഗിക പരിഹാരങ്ങളിൽ കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഏഴ് പ്രധാന തന്ത്രപരമായ പ്രമേയങ്ങൾ (സഹകരണം, പുനരുജീവനശേഷി, പരിവർത്തനം, വിഭവ ശേഷി, ഡിജിറ്റൽ അതിർത്തികൾ, നൂതനാശയം , നേതൃത്വം) IEW 2025 ഉൾക്കൊള്ളുന്നു.
120 രാജ്യങ്ങളിൽ നിന്നുള്ള 70,000-ത്തിലധികം പ്രതിനിധികൾ, 700 ൽ അധികം പ്രദർശകർ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഇറ്റലി, ജപ്പാൻ, റഷ്യ തുടങ്ങിയ 10 രാജ്യങ്ങളുടെ പവലിയനുകൾ, പ്രമേയം അടിസ്ഥാനമാക്കി 8 മേഖലകളിൽ നിന്നുള്ള പങ്കാളിത്തം പരിപാടിയിൽ പ്രതീക്ഷിക്കുന്നു.
ഊർജ്ജ മന്ത്രാലയം, നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE), ഖനി& ധാതു മന്ത്രാലയം,നിതി ആയോഗ് എന്നിവയുൾപ്പെടെ പ്രധാന ഇന്ത്യൻ ഊർജ്ജ മന്ത്രാലയങ്ങളുടെ ശക്തമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടാകും. ഇത് സമഗ്ര ഗവൺമെന്റ് എന്ന സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ഊർജ്ജ മേഖലയിലുടനീളം തടസ്സമില്ലാത്ത സഹകരണവും സമഗ്രമായ ഇടപെടലും ഉറപ്പാക്കുന്നു.കൂടാതെ സംയോജിതവും സമഗ്രവുമായ ഊർജ്ജ പരിഹാരങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു.
: ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തൽ, ഊർജ്ജ നീതി പ്രോത്സാഹിപ്പിക്കൽ, ഗ്ലോബൽ സൗത്തിന്റെ ശബ്ദം വർദ്ധിപ്പിക്കൽ, ഇന്ത്യയുടെ ഹൈഡ്രോകാർബൺ മേഖലയിലെ അപാരമായ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കൽ എന്നിവയുൾപ്പെടെ ഊർജ്ജ മേഖലയിലുടനീളമുള്ള ഇന്ത്യയുടെ പരിവർത്തന ശ്രമങ്ങളെ പ്രദർശിപ്പിക്കുന്നതിന് ഈ പരിപാടി പ്രത്യേക ഊന്നൽ നൽകുന്നു.പുനരുപയോഗ ഊർജ്ജത്തിലും ബാറ്ററി സംഭരണം, 2G, 3G ജൈവ ഇന്ധനങ്ങൾ, ഹരിത അമോണിയ, ഹൈഡ്രജൻ ഉൽപ്പാദനം തുടങ്ങിയ മുൻനിര സാങ്കേതികവിദ്യകളിലും ഇന്ത്യയുടെ പുരോഗതി ഇത് ഉയർത്തിക്കാട്ടും. സുസ്ഥിരവും നൂതനവുമായ ഊർജ്ജ പരിഹാരങ്ങളിൽ രാജ്യത്തിന്റെ ആഗോള നേതൃ സ്ഥാനം ഉയർത്തിക്കാട്ടാനും ലക്ഷ്യമിടുന്നു
“ആഗോള പങ്കാളികൾക്ക് സ്വതന്ത്രമായി ആശയങ്ങൾ കൈമാറാനും അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും സങ്കീർണ്ണമായ ഊർജ്ജ പരിവർത്തനങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തിന് സാക്ഷ്യം വഹിക്കാനും കഴിയുന്ന ഒരു വേദിയാണ് IEW 2025 വാഗ്ദാനം ചെയ്യുന്നത്. ഹരിത ഹൈഡ്രജൻ സാങ്കേതികവിദ്യകൾ, സൗരോർജ മേഖലയിലെ നൂതനാശയങ്ങൾ, അല്ലെങ്കിൽ നൂതന പര്യവേക്ഷണ സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഊർജ്ജ പദ്ധതികളിലെ സഹകരണത്തിനുള്ള ഒരു വേദി എന്ന നിലയിൽ, ഈ പരിപാടി ആഗോള ഊർജ്ജ നൂതനാശയത്തിന്റെ ഒരു നിർണായക ഘടകത്തെ പ്രതിനിധീകരിക്കുന്നു.”ഈ അഭിമാനകരമായ പരിപാടിയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ശ്രീ പങ്കജ് ജെയിൻ അഭിപ്രായപ്പെട്ടു.
അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, IEW 2025 അവിന്യ എനർജി സ്റ്റാർട്ടപ്പ് ചലഞ്ച്2.0 ന് ആതിഥേയത്വം വഹിക്കും. ഈ ചലഞ്ചിലെ മികച്ച അഞ്ച് സ്റ്റാർട്ടപ്പുകൾക്ക് അവരുടെ അത്യാധുനിക പരിഹാരങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള പ്രത്യേക അവസരം ലഭിക്കും. ഇത് അവരുടെ ആഗോള ദൃശ്യപരതയും സ്വാധീനവും ഗണ്യമായി വർദ്ധിപ്പിക്കുന്നു.
ഏകദേശം 3,000 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക പ്രബന്ധ അവതരണത്തിലെ വിജയികൾക്ക് അവരുടെ വിപ്ലവകരമായ പരിഹാരങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും.
രാജ്യത്ത് ലഭ്യമായ നൈപുണ്യമുള്ള മനുഷ്യ വിഭവശേഷിയെ ഉയർത്തി കാട്ടിക്കൊണ്ട് , വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിപാടിയിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും സംരംഭകർക്കും വിദഗ്ധർക്കും വേണ്ടി അന്താരാഷ്ട്ര വിദഗ്ധർ പ്രത്യേക ശില്പശാലകൾ /മാസ്റ്റർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഈ മാസ്റ്റർ ക്ലാസുകൾ സൗജന്യമായി നൽകുന്നു.
സന്ദർശകർക്ക് എല്ലാ ദിവസവും പ്രദർശനം കാണുന്നതിന് പ്രവേശനം സൗജന്യമാണ്.
ഒരു സമ്മേളനം എന്നതിനുപരി , പ്രധാന ഊർജ്ജ ഉപഭോഗ രാജ്യം എന്ന നിലയിൽ ഇന്ത്യ സംഘടിപ്പിക്കുന്ന ഏറ്റവും സമഗ്രവും പ്രധാനപ്പെട്ടതുമായ ഊർജ്ജ പരിപാടികളിൽ ഒന്നായി IEW മാറിയിട്ടുണ്ട്. ഇപ്പോൾ ഇത് ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഊർജ്ജ പരിപാടിയാണ്. ആഗോള ഊർജ്ജ സംവാദത്തിലെ ഒരു നിർണായക നിമിഷത്തെ ഐ ഇ ഡബ്ല്യൂ അടയാളപ്പെടുത്തും
(Release ID: 2093066)
Visitor Counter : 22