സാംസ്‌കാരിക മന്ത്രാലയം
2025 ലെ മഹാകുംഭമേളയിലെ സാംസ്കാരിക കലാകാരന്മാർ
കലാ പാരമ്പര്യത്തെ ആത്മീയതയിലേക്ക് ഇഴചേർക്കുന്നു
Posted On:
09 JAN 2025 6:15PM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലുകളിലൊന്നായ മഹാകുംഭമേള നദികളുടെ മാത്രമല്ല, സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കലാപ്രകടനങ്ങളുടെയും സംഗമസ്ഥാനമായി വർത്തിക്കുന്നു. ഓരോ പന്ത്രണ്ട് വർഷത്തിലും ആഘോഷിക്കുന്ന ഈ മഹത്തായ മേള മതത്തിന്റെയും ആത്മീയതയുടെയും അതിരുകൾ ഭേദിച്ച് ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കാന്‍ വേദിയൊരുക്കുന്നു. വിശ്വാസത്തിന്റെയും ഭക്തിയുടെയും ചരിത്രത്തിന്റെയും കഥകൾ വിവരിക്കുന്ന സംഗീതത്തിലൂടെയും നൃത്തപ്രകടനങ്ങളിലൂടെയും നാടകാവതരണങ്ങളിലൂടെയും ദശലക്ഷക്കണക്കിന് പേരുടെ മനംകവരുന്ന സാംസ്കാരിക കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് മേളയുടെ വിവിധ തലങ്ങള്‍ക്കിടയിലും പ്രത്യേക ഇടം ലഭിക്കുന്നു. പരമ്പരാഗത നൃത്തങ്ങൾ മുതൽ നാടോടി പൈതൃകം വരെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ഈ കലാകാരന്മാർ ആകര്‍ഷണീയമായി ചിത്രീകരിക്കുന്നതിലൂടെ തീർത്ഥാടകരുടെയും സന്ദർശകരുടെയും ആത്മീയ അനുഭവം ഒരുപോലെ മികച്ചതാകുന്നു.
2025-ലെ മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ കലാകാരന്മാരെ ഉത്തർപ്രദേശ് സർക്കാർ ക്ഷണിച്ചിട്ടുണ്ട്. 2025 ജനുവരി 16 ന് ആരംഭിക്കുന്ന കലാപ്രകടനങ്ങള്‍ ഫെബ്രുവരി 24 വരെ തുടരും. മഹത്തായ സാംസ്കാരിക മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യദിനം ശ്രീ ശങ്കർ മഹാദേവന്റെ കലാപ്രകടനം അരങ്ങേറും. അവസാന ദിവസം ശ്രീ മോഹിത് ചൗഹാൻ വേദിയിലെത്തും. ഭക്തർക്ക് ആകർഷകവും മനോഹരവുമായ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ശ്രീ കൈലാഷ് ഖേർ, ശ്രീ ഷാൻ മുഖർജി, ശ്രീ ഹരിഹരൻ, ശ്രീമതി കവിത കൃഷ്ണമൂർത്തി, ശ്രീമതി കവിതാ സേഠ്, ശ്രീ റിഷബ് റിഖിറാം ശര്‍മ്മ, ശ്രീമതി ഷോവന നാരായണ്‍, ഡോ. എൽ സുബ്രഹ്മണ്യം, ശ്രീ ബിക്രം ഘോഷ്, ശ്രീമതി മാലിനി അവസ്തി തുടങ്ങി പ്രശസ്തരായ നിരവധി കലാകാരന്മാരെയും ക്ഷണിച്ചിട്ടുണ്ട്.
മഹാകുംഭമേളയിലെ സാംസ്കാരിക കലാകാരന്മാർ ആത്മീയതയും കലാവിഷ്കാരവും സമന്വയിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഭാഷാപരവും പ്രാദേശികവുമായ തടസ്സങ്ങള്‍ മറികടന്ന് പരസ്പരം പങ്കിടുന്ന ഭക്തിയിലൂടെയും ആരാധനയിലൂടെയും ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ഹൃദയത്തില്‍ ഈ കലാപ്രകടനങ്ങൾ മായാമുദ്ര പതിപ്പിക്കുന്നു. ഈണങ്ങളും താളങ്ങളും കഥകളും മഹാകുംഭമേളയുടെ പുണ്യഭൂമിയില്‍ പ്രതിധ്വനിക്കുമ്പോൾ ഭൂമിയ്ക്കും ദൈവികതയ്ക്കുമിടയിലെ ഒരു പാലമായി ശാശ്വത സംസ്കാരികശക്തി ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നു. കലാപരമായ ഈ ആഘോഷത്തിലൂടെ മഹാകുംഭമേള ഒരു തീർത്ഥാടനത്തേക്കാളുപരി മറക്കാനാവാത്ത സാംസ്കാരിക ഇതിഹാസമായി മാറുന്നു.
2025-ലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടികയ്ക്കായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക:
https://drive.google.com/file/d/1oWHyhakcdnB-ZIsTMNrLul_WM-b5Dc4Q/view?usp=sharing
സൂചനകള്‍:
ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ്, ഉത്തർപ്രദേശ് സർക്കാർ
************************
(Release ID: 2091684)
Visitor Counter : 10