സാംസ്‌കാരിക മന്ത്രാലയം
ആഗോള മഹാ കുംഭം 2025
ആത്മീയ മഹത്വത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും ആഘോഷം
Posted On:
06 JAN 2025 5:38PM by PIB Thiruvananthpuram
ചരിത്രവും ആത്മീയതയും ഇഴചേർന്നു പരിലസിക്കുന്ന നഗരമാണ് മഹാ കുംഭത്തിൻ്റെ പ്രഭവകേന്ദ്രമായ പ്രയാഗ്‌രാജ്. 'തീർത്ഥരാജ്' അഥവാ തീർത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്ന് ഔചിത്യ പൂർവ്വം വിളിക്കപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രമെന്ന നിലയിലുള്ള നഗരത്തിൻ്റെ പ്രാധാന്യം പൗരാണിക ഗ്രന്ഥങ്ങളിലും യാത്രാവിവരണങ്ങളിലും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ്, പ്രയാഗ്‌രാജിനെ പ്രകൃതി സൗന്ദര്യത്തിൻ്റെയും സമൃദ്ധിയുടെയും സാംസ്കാരിക ഗരിമയുടെയും കേന്ദ്രമായി വിശേഷിപ്പിച്ചു. ത്രിവേണി സംഗമത്തെക്കുറിച്ചും അവിടെ അനുഷ്ഠിക്കുന്ന ആചാരങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ മഹാകുംഭമെന്ന ആത്മീയ വികാരത്തിന്റെ പ്രതിധ്വനിയാണ്.
വിശ്വാസങ്ങളുടെയും ജനപഥങ്ങളുടെയും സംഗമസ്ഥാനമായി ഹുയാൻസാങ്ങിൻ്റെ രചനകൾ ത്രിവേണി സംഗമത്തെ ഉയർത്തിക്കാട്ടുന്നു. പുണ്യതീർത്ഥത്തിൽ സ്നാനം ചെയ്യുകയും ഉദാരമായി ദാനധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്ത ഭരണകർത്താക്കളും സമ്പന്നരായ വ്യാപാരികളും ഉൾപ്പെടെ 5,00,000-ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ പ്രയാഗ്‌രാജിൽ നടന്ന മഹോത്സവത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ആത്മശുദ്ധീകരണാർത്ഥവും കാലാതിവർത്തിയായി നിലകൊള്ളുന്ന പൗരാണിക ആചാരത്തിൽ പങ്കുചേരാനും ദശലക്ഷക്കണക്കിന് പേർ ഒത്തുചേരുന്ന ഈ സംഗമ പാരമ്പര്യം ഉത്തരോത്തം അഭിവൃദ്ധി പ്രാപിക്കുന്നു.
=
മഹാ കുംഭം 2025 കേവലം മതപരമായ ഒരു ചടങ്ങ് മാത്രമല്ല; ഇന്ത്യയുടെ സാംസ്കാരിക പ്രതിരൂപം അഥവാ സാംസ്കാരിക അംബാസഡറാണ് മഹാ കുംഭം. "ബ്രാൻഡ് യുപി" എന്ന ദർശനത്തിലൂന്നി മഹാകുംഭമേളയെ അവതരിപ്പിക്കുന്നതിലൂടെ, വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സാംസ്കാരിക വിനിമയവും സുസ്ഥിര വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തർപ്രദേശ് സർക്കാർ ഈ മഹാ പൈതൃകത്തെ പ്രയോജനപ്പെടുത്തുന്നു. അന്താരാഷ്ട്ര മേളകളിൽ വിനോദസഞ്ചാര, അതിഥിസൽക്കാര മേഖലകളിലെ സുപ്രധാന സംരംഭകരുമായി നടത്തുന്ന ചർച്ചകൾ മഹാ കുംഭം കേന്ദ്രമാക്കി ആഗോള സംഗമം എന്ന ആവാസവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യമിടുന്നു. സജീവമായ ഈ സമീപനം ആത്മീയതയുടെയും നവോത്ഥാനത്തിന്റെയും നാടെന്ന നിലയിൽ ഉത്തർപ്രദേശിൻ്റെയും ഇന്ത്യയുടെയും കീർത്തി വാനോളമുയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.സംസ്ഥാനത്തിന്റെ വളർച്ചാ ഗാഥയിൽ പങ്കാളികളാകാൻ തീർത്ഥാടകരെയും നിക്ഷേപകരെയും ക്ഷണിക്കുന്നു.
പ്രയാഗ്‌രാജിൽ നടന്ന 2019 ലെ കുംഭമേളയുടെ വിജയം അതിൻ്റെ ആത്മീയവും സാംസ്‌കാരികവുമായ പ്രാധാന്യത്തോട് കിടപിടിക്കും വിധം വ്യത്യസ്ത മേഖലകളിൽ അംഗീകാരവും പ്രശംസയും പിടിച്ചു പറ്റി. ദശലക്ഷക്കണക്കിന് ജനങ്ങളുടെ സമർപ്പണത്തിൻ്റെ നേർസാക്ഷ്യം മാത്രമല്ല, സംഘാടക മികവിൻ്റെയും ആഗോള പ്രശംസയുടെയും ഒരു പ്രദർശനം കൂടിയായിരുന്നു പരിപാടി. വിവിധ രാജ്യങ്ങളിലെ സർക്കാരുകളുടെയും അംബാസഡർമാരുടെയും പ്രശംസ പിടിച്ചുപറ്റുന്നതിലും 2019 ലെ കുംഭമേള വിജയിച്ചു.
കൂടാതെ, ഇത് 3 ഗിന്നസ് റെക്കോർഡുകൾ സ്ഥാപിക്കുകയും 70 രാജ്യങ്ങളിലെ നയതന്ത്ര മേധാവിമാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രീഭവിക്കുകയും ചെയ്തു.
മഹാ കുംഭം 2025 ഇത്തവണ ഒട്ടെറെ ലോക റെക്കോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. 'ഒരു പരിപാടിയിൽ ഏറ്റവും കൂടുതൽ ഭക്തജന പങ്കാളിത്തം' എന്ന റെക്കോർഡ് സ്ഥാപിക്കാനുള്ള ശക്തമായ സാധ്യതയോടെ വിവിധ വിഭാഗങ്ങളിലായി നാല് വ്യത്യസ്ത ലോക റെക്കോർഡുകൾ സ്വന്തമാക്കാനാണ് മേളയുടെ സംഘാടകർ പദ്ധതിയിട്ടിരിക്കുന്നത്. നേത്ര പരിശോധനയ്ക്കും കണ്ണട വിതരണത്തിനുമുള്ള ഒരു ലോക റെക്കോർഡും പ്രതീക്ഷിക്കുന്നു. ഇദംപ്രഥമമായി അഞ്ച് ലക്ഷം പേർക്ക് നേത്രപരിശോധനയും മൂന്ന് ലക്ഷം കണ്ണടകളുടെ വിതരണവും പരിപാടിയിൽ നടക്കും. ഇതിനായി നാഗവാസുകിക്കടുത്തുള്ള സെക്ടർ 5ൽ ഏകദേശം 10 ഏക്കറോളം വിസ്തൃതിയിൽ വിശാലമായ "നേത്ര കുംഭം" (നേത്ര മേള) ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നേത്ര കുംഭം നേട്ടങ്ങളുടെ കാര്യത്തിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. അതിലും ഉയർന്ന മാനദണ്ഡങ്ങൾ സ്ഥാപിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടാനാണ് ഈ വർഷത്തെ "നേത്ര കുംഭം" ലക്ഷ്യമിടുന്നത്.
ഉത്തർപ്രദേശിനെ ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ, സ്പെയിലെ മാഡ്രിഡ്, ജർമ്മനിയിലെ ബെർലിൻ എന്നിവിടങ്ങളിൽ നടക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര വിനോദസഞ്ചാര വ്യാപാര മേളകളിൽ സംസ്ഥാന സർക്കാർ മഹാ കുംഭം 2025 പ്രദർശിപ്പിക്കും. 2025 ജനുവരി 24 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര വ്യാപാര മേളയിലും (FITUR), 2025 മാർച്ച് 4 മുതൽ 6 വരെ നടക്കുന്ന ITB ബെർലിൻ മേളയിലും മഹാ കുംഭം, ഉത്തർപ്രദേശിൻ്റെ സാംസ്കാരിക പൈതൃകം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ട പ്രമേയധിഷ്ഠിത പവലിയനുകൾ ആതിത്ഥ്യമരുളും. 40 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പവലിയനുകൾ സംസ്ഥാനത്തിൻ്റെ പൈതൃകത്തിൻ്റെ ആത്മാവ് ഉൾക്കൊള്ളുകയും ലോകത്തിലെ ഏറ്റവും വലിയ ആത്മീയ മഹാസമ്മേളനത്തിൻ്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കാൻ ആഗോള വിനോദസഞ്ചാരികളെ ക്ഷണിക്കുകയും ചെയ്യും. B2B, B2C സെഷനുകളിൽ VVIP ലോഞ്ചുകൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര പങ്കാളികളുമായി തന്ത്രപരമായ ഇടപഴകലിനും ഊന്നൽ നൽകിയിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള പ്രചാരണ സാമഗ്രികളുടെ വിതരണം മഹാ കുംഭത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം വൈവിധ്യമാർന്ന പ്രേക്ഷകരിലെത്തുന്നുവെന്ന് ഉറപ്പാക്കും.
കേവലമൊരു കാര്യക്രമം എന്നതിലുപരി സമാന വിശ്വാസങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും തലമുറകളെ പരസ്പരം ബന്ധിപ്പിക്കുന്ന ജീവസ്സുറ്റ പൈതൃകമാണ് മഹാ കുംഭം. തീർത്ഥാടകരിൽ മാത്രമല്ല, ഐക്യത്തിലധിഷ്ഠിതമായ വിശ്വാസത്തിൻ്റെ ശക്തി നേരിട്ടനുഭവിക്കുന്ന നിരീക്ഷകരിലും പരിവർത്തനം സൃഷ്ടിക്കുന്ന സവിശേഷ അനുഭവമാണത്. പണ്ഡിതന്മാരും സഞ്ചാരികളും ആത്മീയ ആത്മാന്വേഷികളും ഉൾപ്പെടുന്ന ലോകമെമ്പാടുമുള്ള ജനസഞ്ചയത്തെ നൂറ്റാണ്ടുകളായി പ്രയാഗ്രാജ് ആകർഷിച്ചു പോരുന്നു. സമാധാനം, ഐക്യം, സഹവർത്തിത്വം എന്നീ സാർവത്രിക മൂല്യങ്ങളുടെ പുനർ വായനയ്ക്ക് ലോകത്തെ ക്ഷണിച്ചുകൊണ്ട് ചരിത്രപരമായ ബന്ധത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭം 2025 ലക്ഷ്യമിടുന്നത്.
മഹാ കുംഭം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ ആത്മാവിനെയാണ് നാം ആഘോഷിക്കുന്നത്-ആധ്യാത്മികതയും ഭൗതികതയും ശ്രുതിമധുരമായി നിലകൊള്ളുന്ന ഒരു ദേശം, സ്വന്തം സ്വത്വം കണ്ടെത്താനുള്ള പ്രയാണം ആരംഭിക്കാൻ ലോകത്തെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
*****
(Release ID: 2090830)
Visitor Counter : 18