രാഷ്ട്രപതിയുടെ കാര്യാലയം
കെഎല്‍ഇ കാന്‍സര്‍ ആശുപത്രിയുടെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വ്വഹിച്ചു
Posted On:
03 JAN 2025 6:00PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു (ജനുവരി 3, 2025) കര്‍ണാടകയിലെ ബെലഗാവിയില്‍ കെഎല്‍ഇ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു.
ആഗോളതലത്തില് നടത്തിയ പഠനമനുസരിച്ച് ലോകത്ത് മരണകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് കാന്‍സറാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. 2022-ല്‍ ലോകത്താകമാനം 20 ദശലക്ഷം പുതിയ കാന്‍സര്‍ കേസുകളും 9.7 ദശലക്ഷം മരണങ്ങളും ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ഒരു ലക്ഷം ആളുകള്‍ക്ക് ഏകദേശം 100 രോഗികള്‍ എന്ന തോതില്‍ കാന്‍സര്‍ ബാധിതരാണ്. ഐസിഎംആര്‍ നടത്തിയ പഠനമനുസരിച്ച്, 2020 നെ അപേക്ഷിച്ച് 2025 ല്‍ ഇന്ത്യയില്‍ കാന്‍സര്‍ രോഗം 13 ശതമാനം വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
കാന്‍സര്‍ രോഗികളുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ പരിഹരിക്കുന്ന സമഗ്രമായ പരിചരണം നല്‍കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരുടെ കടമയാണെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. സഹതാപത്തോടും അനുകമ്പയോടും ഡോക്ടര്‍ പറയുന്ന ഓരോ വാക്കും രോഗിയുടെ അവസ്ഥയെ മെച്ചപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന് അവര്‍ പറഞ്ഞു.
കാന്‍സറിന്റെ കാരണങ്ങള്‍, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവ സംബന്ധിച്ച് വര്‍ധിച്ച അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. രോഗിയുടെയും കുടുംബത്തിന്റെയും അജ്ഞത , സാമ്പത്തിക പരാധീനതകള്‍ എന്നിവ കാരണം രോഗനിര്‍ണയവും ചികിത്സയും വൈകുന്ന നിരവധി സംഭവങ്ങള്‍ നാം കാണാറുണ്ട്. കാന്‍സറിന്റെ കാര്യത്തില്‍, ഇത് മാരകമായേക്കാം. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കൂട്ടായ പ്രവര്‍ത്തനമാണെന്നും അവര്‍ പറഞ്ഞു. ലോകത്തര നിലവാരം പുലര്‍ത്തുന്നതിനോടൊപ്പം രോഗീകേന്ദ്രീകൃതവും നീതിയുക്തവുമായ ഒരു ആരോഗ്യ സംരക്ഷണ സംവിധാനം സൃഷ്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ചില കുടുംബങ്ങളില്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ചികിത്സയിലെ ഈ അസമത്വം പിന്നീട് പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തിലും കണ്ടുവരുന്നു. പലപ്പോഴും, ഒരു കുടുംബത്തിലെ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ യഥാസമയം നിര്‍ണ്ണയിക്കുകയോ ചികിത്സ ലഭ്യമാക്കുകയോ ചെയ്യുന്നില്ല. അത്തരം കാലതാമസം, പ്രത്യേകിച്ച് കാന്‍സറിന്റെ കാര്യത്തില്‍ നിര്‍ണായകമാകുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളെ അവരുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ എല്ലാ വീടുകളും പ്രോത്സാഹിപ്പിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. കുടുംബത്തിലെയും സമൂഹത്തിലെയും ഓരോ അംഗവും സ്ത്രീകളുടെ ആരോഗ്യം കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും അവരെ പരിപാലിക്കുന്നതിലും അവര്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിലും സജീവമായി സംഭാവന നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
(Release ID: 2090448)
Visitor Counter : 20