ഊര്‍ജ്ജ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2024 - ഊർജ്ജ മന്ത്രാലയം
Posted On:
01 JAN 2025 2:37PM by PIB Thiruvananthpuram
ഊർജോല്പാദനം, പ്രസരണം, വിതരണം എന്നിവയില്‍ ചരിത്രപരമായ പുരോഗതി കൈവരിച്ചുകൊണ്ട് ഇന്ത്യയുടെ ഊർജ മേഖലയ്ക്ക് നാഴികക്കല്ലായി മാറിയ കാലഘട്ടമായിരുന്നു 2024. 250 ജിഗാവാട്ട് എന്ന റെക്കോർഡ് വൈദ്യുതി ആവശ്യകത നിറവേറ്റുന്നതുമുതല്‍ 2024-25 സാമ്പത്തിക വർഷം ദേശീയ തലത്തിൽ ഊർജക്ഷാമം വെറും 0.1 ശതമാനമായി കുറയ്ക്കുന്നതുവരെ സുസ്ഥിര വളർച്ചയ്ക്കായി പ്രതിരോധശക്തിയും പ്രതിബദ്ധതയും ഈ മേഖല പ്രകടമാക്കി.
വൈദ്യുതി വിതരണത്തിലെ സ്ഥാനക്കയറ്റം:
റെക്കോർഡ് ആവശ്യകത നിറവേറ്റി: എക്കാലത്തെയും പരമാവധി വൈദ്യുതി ആവശ്യകതയായ 250 ജിഗാവാട്ട് 2024-25 സാമ്പത്തിക വർഷം ഇന്ത്യ വിജയകരമായി നിറവേറ്റി.
വൈദ്യുതിക്ഷാമത്തിലെ ഗണ്യമായ കുറവ്: ഉൽപാദന - പ്രസരണ ശേഷികളിലെ ഗണ്യമായ വർധനയിലൂടെ ദേശീയ തലത്തിലെ ഊർജക്ഷാമം 2013-14 സാമ്പത്തിക വർഷത്തിലെ 4.2 ശതമാനത്തിൽനിന്ന് 2024-25 സാമ്പത്തിക വർഷം വെറും 0.1% ആയി കുറച്ച് സുപ്രധാന പുരോഗതി കൈവരിച്ചു.
ആളോഹരി വൈദ്യുതി ഉപഭോഗത്തിലെ വർധന: ഇന്ത്യയിലെ പ്രതിശീർഷ വൈദ്യുതി ഉപഭോഗം 2013-14 ലെ 957 kWh -ൽനിന്ന് 45.8% വർധനയോടെ (438 kWh) 2023-24 ൽ 1,395 kWh ആയി ഉയർന്നു.
സാർവത്രിക വൈദ്യുതീകരണമെന്ന നേട്ടം: രാജ്യത്തുടനീളം ഗ്രാമങ്ങളും വീടുകളും വൈദ്യുതീകരിച്ചതിലൂടെ ഇന്ത്യയുടെ വൈദ്യുതി മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി.
മെച്ചപ്പെട്ട വൈദ്യുതി ലഭ്യത: ഗ്രാമപ്രദേശങ്ങളിലെ ശരാശരി വൈദ്യുതി ലഭ്യത 2014-ലെ 12.5 മണിക്കൂറിൽ നിന്ന് 21.9 മണിക്കൂറായി വർധിച്ചു; അതേസമയം ഇപ്പോൾ നഗരപ്രദേശങ്ങളിലെ 23.4 മണിക്കൂർ വരെയുള്ള വൈദ്യുതി വിതരണം വൈദ്യുതി സേവനങ്ങളുടെ വിശ്വാസ്യതയിലും വ്യാപ്തിയിലുമുണ്ടായ ഗണ്യമായ പുരോഗതി പ്രതിഫലിപ്പിക്കുന്നു.
ഉത്പാദനം
ഇന്ത്യയുടെ ആകെ സ്ഥാപിത വൈദ്യുതി ഉൽപ്പാദന ശേഷി 83.8% വർധിച്ച് 2014 മാർച്ച് 31 ലെ 249 ജിഗാവാട്ടിൽനിന്ന് 2024 നവംബർ 30 ലെ കണക്കനുസരിച്ച് 457 ജിഗാവാട്ടായി വർധിച്ചു; 2014 ഏപ്രിൽ മുതൽ വലിയ ജലവൈദ്യുത പദ്ധതികളടക്കം 129 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷിയും ചേർക്കപ്പെട്ടു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും ഉയർന്ന ഊര്‍ജ ആവശ്യകത പരിഹരിക്കുന്നതിനായി സർക്കാർ 19.2 ജിഗാവാട്ടിന്റെ പുതിയ കൽക്കരി അധിഷ്ഠിത താപ വൈദ്യുതിശേഷി അനുവദിച്ചു. കൽക്കരി, ലിഗ്നൈറ്റ് അധിഷ്ഠിത താപനിലയങ്ങളുടെ ആകെ സ്ഥാപിത ശേഷി ഇപ്പോൾ 217.5 ജിഗാവാട്ടാണ്. 29.2 ജിഗാവാട്ടിന്റെ അധിക ശേഷി നിർമാണത്തിലാണ്. 2024 മാർച്ചില്‍ ആഭ്യന്തര കൽക്കരി അധിഷ്ഠിത (DCB) വൈദ്യുത നിലയങ്ങളുടെ കൽക്കരി സ്റ്റോക്ക് 47.8 മെട്രിക് ടണ്‍ ആയിരുന്നു. 2024 ഡിസംബറിലെ കണക്കനുസരിച്ച് ഈ പ്ലാന്റുകളിൽ 41.4 മെട്രിക് ടൺ കൽക്കരി ലഭ്യമാണ്. ഇത് 2025 മാർച്ചോടെ 50 മെട്രിക് ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കൽക്കരി വിഹിത നയം സര്‍ക്കാര്‍ പുനഃപരിശോധിച്ചുവരികയാണ്. 80 ജിഗാവാട്ട് അധിക താപശേഷി വികസിപ്പിക്കുന്നതിന് പിന്തുണ ഉറപ്പാക്കുകയെന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. 2024 നവംബറിൽ കേന്ദ്ര സര്‍ക്കാര്‍ അരുണാചൽ പ്രദേശിൽ ഹിയോ ജലവൈദ്യുത പദ്ധതിക്ക് (186 മെഗാവാട്ട്) അംഗീകാരം നൽകി. 1939 കോടി രൂപ ചെലവിൽ 50 മാസത്തിനകം പദ്ധതി പൂർത്തീകരിക്കും. 2024 ഓഗസ്റ്റ് 28-ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ “വടക്കുകിഴക്കൻ മേഖലയിലെ (NER) ജലവൈദ്യുത പദ്ധതികളുടെ (HEPs) വികസനത്തിനായി സംസ്ഥാന സർക്കാരുകളുടെ ഓഹരി പങ്കാളിത്തത്തിനായുള്ള കേന്ദ്ര സാമ്പത്തിക സഹായം (CFA)" എന്ന പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. 2024-25 മുതൽ 2031-32 സാമ്പത്തിക വർഷം വരെ കാലയളവിൽ ആകെ 4136 കോടി രൂപ സാമ്പത്തിക വിഹിതത്തോടെ ഈ പദ്ധതി നടപ്പാക്കും. "ജലവൈദ്യുത പദ്ധതികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന ചെലവിനുള്ള സാമ്പത്തിക പിന്തുണയെ സംബന്ധിച്ച പദ്ധതി പരിഷ്കരണം" 2024 സെപ്റ്റംബർ 11-ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2024-25 മുതൽ 2031-32 സാമ്പത്തിക വർഷം വരെ കാലയളവിൽ ആകെ പദ്ധതി വിഹിതം 12461 കോടി രൂപയാണ്. 2031-32 ആകുമ്പോഴേക്കും 35 ജിഗാവാട്ട് പിഎസ്‌പി ശേഷി കൂട്ടിച്ചേർക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിൽ 6 ജിഗാവാട്ട് നിർമ്മാണ ഘട്ടത്തിലും ബാക്കി വികസന ഘട്ടത്തിലുമാണ്.
പ്രസരണം
2032 -ഓടെ 458 ജിഗാവാട്ട് എന്ന ഉയർന്ന ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിന് കേന്ദ്ര - സംസ്ഥാന പ്രസരണ സംവിധാനങ്ങൾക്കായി 2023 മുതൽ 2032 വരെയുള്ള ദേശീയ വൈദ്യുതി പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നൽകി. 9.15 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2017-22 ലെ മുൻ പദ്ധതി പ്രകാരം പ്രതിവർഷം ഏകദേശം 17,700 സർക്യൂട്ട് കിലോമീറ്റർ (ckm) ലൈനുകളും 73 GVA വോള്‍ട്ടേജ് ക്രമീകരണശേഷിയും ചേർത്തു. പുതിയ പദ്ധതി പ്രകാരം രാജ്യത്തെ പ്രസരണ ശൃംഖല 2024-ലെ 4.91 ലക്ഷം സർക്യൂട്ട് കിലോമീറ്ററിൽനിന്ന് 2032 ൽ 6.48 ലക്ഷം സർക്യൂട്ട് കിലോമീറ്ററായി വികസിപ്പിക്കും. 60,676 കോടി രൂപ ചെലവ് വരുന്ന 50.9 ജിഗാവാട്ട് അന്തർ സംസ്ഥാന പ്രസരണ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 2030 ആകുമ്പോഴേക്കും 280 ജിഗാവാട്ട് അസ്ഥിര പുനരുപയോഗ ഊർജ്ജം (VRE) അന്തർ സംസ്ഥാന പ്രസരണ സംവിധാനവുമായി (ISTS) ബന്ധിപ്പിക്കുന്നതിനാവശ്യമായ പ്രസരണ ശൃംഖല 335 ജിഗാവാട്ടായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൽ 42 ജിഗാവാട്ട് ഇതിനകം പൂർത്തിയായിട്ടുണ്ട്. 85 ജിഗാവാട്ട് നിർമാണത്തിലും 75 ജിഗാവാട്ട് ലേലത്തിലുമാണ്. ബാക്കി 82 ജിഗാവാട്ടിന് വൈകാതെ അംഗീകാരം ലഭിക്കും. 2024-ൽ 10,273 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകളും (220 കെവിയും അതിൽ കൂടുതലും) 71,197 എംവിഎ വോള്‍ട്ടേജ് ക്രമീകരണശേഷിയും (220 കെവിയും അതിൽ കൂടുതലും) 2200 മെഗാവാട്ട് അന്തര്‍-പ്രാദേശിക പ്രസരണ ശേഷിയും ചേർത്തിട്ടുണ്ട്. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം ഉല്പാദിപ്പിക്കുന്നതിനായി വൈദ്യുതി പ്രസരണ അടിസ്ഥാന സൗകര്യങ്ങളുടെ സമയബന്ധിത വികസനം ഉറപ്പാക്കാൻ വൈദ്യുതി മന്ത്രാലയം 2024 ജൂണിൽ നഷ്ടപരിഹാരം ഭൂമിയുടെ വിപണി മൂല്യവുമായി ബന്ധിപ്പിച്ചുകൊണ്ട് റൈറ്റ് ഓഫ് വേ (RoW) മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചു.ടവര്‍ ബേസ് വിസ്തൃതിയ്ക്ക് നഷ്ടപരിഹാരം ഭൂമി മൂല്യത്തിന്റെ 85 ശതമാനത്തില്‍നിന്ന് 200 ശതമാനമായി വർധിപ്പിച്ചു. റൈറ്റ് ഓഫ് വേ ഇടനാഴിയ്ക്ക് നഷ്ടപരിഹാരം ഭൂമി മൂല്യത്തിന്റെ 15% ൽ നിന്ന് 30% ആയി ഉയർത്തി.
വിതരണം
വൈദ്യുതി വിതരണ കമ്പനികളുടെ പ്രവർത്തന കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആർഡിഎസ്‌എസിന് കീഴിൽ, 1,30,670.88 കോടി രൂപ ചെലവിൽ 19,79,24,902 പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ, 52,52,692 ഡിടി മീറ്ററുകൾ, 2,10,704 ഫീഡർ മീറ്ററുകൾ എന്നിവ അനുവദിച്ചു. പിഎം ജൻമൻ (പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ) പ്രകാരം പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽ (PVTGs) നിന്നുള്ള വീടുകൾക്കും ഡിഎ-ജെജിയുഎ (ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ) പ്രകാരം ആദിവാസി കുടുംബങ്ങൾക്കും ആർഡിഎസ്‌എസിന് കീഴിൽ ഓൺ-ഗ്രിഡ് വൈദ്യുതി കണക്ഷനുകൾ നൽകുന്നു. പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽനിന്നും ആദിവാസി സമൂഹങ്ങളിൽ നിന്നുമുള്ളവരുടെ 9,61,419 വീടുകളുടെയും ഡിഎ-ജെജിയുഎ സംരംഭത്തിന് കീഴിൽ തിരിച്ചറിഞ്ഞ പൊതു സ്ഥലങ്ങളുടെയും വൈദ്യുതീകരണത്തിനായി ഇതുവരെ ആകെ 4,355 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഊർജ സംരക്ഷണം
രാജ്യവ്യാപകമായി പരസ്പര ബന്ധിതവും പരസ്പരം പ്രവർത്തിക്കാവുന്നതുമായ ഇലക്ട്കിക വാഹന ചാർജിംഗ് ശൃംഖല സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി - 2024 ല്‍ ഇലക്ട്രിക് വാഹന ചാർജിംഗ് അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ചാര്‍ജിങ് കേന്ദ്രങ്ങളുടെ എണ്ണം നിലവിലുള്ള 34,000-ത്തിൽനിന്ന് ഏകദേശം 1 ലക്ഷമായി ഉയർത്താൻ ഇത് സഹായിക്കും. വാണിജ്യ കെട്ടിടങ്ങൾക്ക് ഊർജ്ജ സംരക്ഷണ - സുസ്ഥിര കെട്ടിട കോഡ് (ECSBC), പാര്‍പ്പിട കെട്ടിടങ്ങൾക്ക് ഇക്കോ നിവാസ് സംഹിത (ENS) എന്നിങ്ങനെ രണ്ട് പുതിയ കെട്ടിട കോഡുകൾ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ ഹരിത ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിട്ടുണ്ട്: 100കിലോവാട്ടോ അതിൽ കൂടുതലോ വൈദ്യുതി ലോഡുള്ള വലിയ വാണിജ്യ കെട്ടിടങ്ങൾക്കും ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും പുതുക്കിയ കോഡുകൾ ബാധകമാണ്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിനും കാർബൺ ക്രെഡിറ്റുകൾ നേടുന്നതിനും വ്യവസായശാലകളെ ശാക്തീകരിക്കുന്ന കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് പദ്ധതി വൈദ്യുതി മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2015 ൽ തുടക്കംകുറിച്ച ഉജാല പരിപാടിയിലൂടെ പരമ്പരാഗതവും കാര്യക്ഷമമല്ലാത്തതുമായ വൈദ്യുതോപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഗാർഹിക ഉപഭോക്താക്കൾക്ക് എൽഇഡി ബൾബുകളും എൽഇഡി ട്യൂബ് ലൈറ്റുകളും ഊർജ്ജ കാര്യക്ഷമമായ ഫാനുകളും വില്‍ക്കുന്നു. ഇതുവരെ ഇന്ത്യയിലുടനീളം 36.87 കോടിയിലധികം എൽഇഡി ബൾബുകളും 72.18 ലക്ഷം എൽഇഡി ട്യൂബ് ലൈറ്റുകളും 23.59 ലക്ഷം ഊർജ്ജക്ഷമതയുള്ള ഫാനുകളും ഇഇഎസ്എൽ വിതരണം ചെയ്തിട്ടുണ്ട്. പരമ്പരാഗത തെരുവുവിളക്കുകൾ മാറ്റി, ഊർജ്ജക്ഷമതയുള്ള സ്മാർട്ട് എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി 2015 ൽ സ്ട്രീറ്റ് ലൈറ്റിംഗ് ദേശീയ പരിപാടി ആരംഭിച്ചു. ഇന്ത്യയിലുടനീളം യുഎൽബികളിലും ഗ്രാമപഞ്ചായത്തുകളിലുമായി 1.31 കോടിയിലധികം എൽഇഡി തെരുവുവിളക്കുകളാണ് ഇഇഎസ്എൽ ഇതികം സ്ഥാപിച്ചത്.
പരിഷ്കാരങ്ങളും സംരംഭങ്ങളും
ഉപഭോക്തൃ അവകാശ നിയമങ്ങൾ: വൈദ്യുതി ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി 2024 ഫെബ്രുവരിയിൽ വൈദ്യുതി നിയമങ്ങൾ വിജ്ഞാപനം ചെയ്തു. ഈ ചട്ടക്കൂട് അവരുടെ അവകാശങ്ങൾ സ്ഥാപിക്കുകയും അവ നടപ്പാക്കുന്നതിന് സംവിധാനങ്ങൾ നൽകുകയും ചെയ്യുന്നു. പുരപ്പുറ സൗരോര്‍ജ ഉല്പാദനവും ഇലക്ട്രിക് വാഹന സംയോജനവും സുഗമമാക്കുന്നതിനൊപ്പം പുതിയ വൈദ്യുതി കണക്ഷനുകൾ, പരാതി പരിഹാരം, ബില്ലിംഗ് സുതാര്യത തുടങ്ങിയ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാകുന്നുവെന്നും ഈ നിയമങ്ങൾ ഉറപ്പാക്കുന്നു.
അധിക സർചാർജ് ഒഴിവാക്കൽ: ഓപ്പൺ ആക്‌സസ് ചാർജുകൾ യുക്തിസഹമാക്കുന്നതിനായി 2005 ലെ വൈദ്യുതി നിയമങ്ങൾ 2024 ൽ ഭേദഗതി ചെയ്തു. പുതിയ നിയമങ്ങൾ ഇപ്പോൾ വന്‍കിട ഉപഭോക്താക്കൾക്ക് (ഓപ്പൺ ആക്‌സസ് ഉപഭോക്താക്കൾ) അവരുടെ പ്രാദേശിക വിതരണക്കാരില്‍ നിന്ന് മാത്രമല്ല, ഇന്ത്യയിലെങ്ങുമുള്ള ഏറ്റവും വിലകുറഞ്ഞ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നു. മറ്റ് സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് ചില സംസ്ഥാനതല നിയന്ത്രണ കേന്ദ്രങ്ങള്‍ വന്‍കിട ഉപഭോക്താക്കളിൽ നിന്ന് വലിയ തുക ഈടാക്കുന്നു. ഈ തുക കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ചുമത്തുന്ന അധിക സർചാർജ് ഇപ്പോൾ ക്രമേണ കുറയ്ക്കുകയും നാല് വർഷത്തിനകം പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും.
കമ്പ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് റെസ്‌പോൺസ് ടീം - പവർ (CSIRT–പവർ): 2024 സെപ്റ്റംബറിലാണ് കമ്പ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് റെസ്‌പോൺസ് ടീം - പവർ (CSIRT–പവർ) സൗകര്യം കേന്ദ്ര വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്തത്. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സൈബർ സുരക്ഷാ ഉപകരണങ്ങളും മറ്റ് സുപ്രധാന വിഭവങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന CSIRT-പവർ ഉയർന്നുവരുന്ന സൈബർ ഭീഷണികളെ നേരിടാൻ സജ്ജമാണ്.
SKY
*************
(Release ID: 2090442)
Visitor Counter : 23