ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ കരട് ചട്ടങ്ങൾ (ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം)

Posted On: 05 JAN 2025 9:54AM by PIB Thiruvananthpuram

ആമുഖം 

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണത്തിനുള്ള കരട് ചട്ടങ്ങൾ, സ്വകാര്യ ഡാറ്റയുടെ സംരക്ഷണത്തിനുള്ള പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. ഡിജിറ്റൽ വ്യക്തിഗത ഡാറ്റ പരിരക്ഷിക്കുന്നതിന് ശക്തമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം, 2023 (ഡിപിഡിപി ആക്റ്റ്) പ്രവർത്തനക്ഷമമാക്കാൻ ഈ ചട്ടങ്ങൾ ശ്രമിക്കുന്നു.

 

ലളിതവും വ്യക്തവും ആയി രൂപപ്പെടുത്തിയ ചട്ടങ്ങൾ, അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പൗരന്മാരെ ശാക്തീകരിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയന്ത്രണവും നൂതനാശയവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, ഡിപിഡിപി നിയമത്തിന് അനുസൃതമായി 
പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അവ ശ്രമിക്കുന്നു. അങ്ങനെ ഇന്ത്യയുടെ വളരുന്ന നൂതനാശയ ആവാസവ്യവസ്ഥയുടെ നേട്ടങ്ങൾ എല്ലാ പൗരന്മാർക്കും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കും ലഭ്യമാകും. ഡാറ്റയുടെ അനധികൃത വാണിജ്യ ഉപയോഗം, ഹാനികരമായ ഡിജിറ്റൽ പ്രവർത്തനങ്ങൾ , വ്യക്തിഗത ഡാറ്റ ലംഘനങ്ങൾ എന്നിവ പോലുള്ള വെല്ലുവിളികളും അവ അഭിമുഖീകരിക്കുന്നു.

 

 പ്രധാന സവിശേഷതകൾ

ഈ ചട്ടങ്ങൾ,ഡാറ്റ സംരക്ഷണ ചട്ടക്കൂടിൻ്റെ മുഖ്യ കേന്ദ്രമായി പൗരന്മാരെ പ്രതിഷ്ഠിക്കുന്നു. വ്യക്തിഗത അനുമതി വിവരങ്ങൾ പ്രാപ്തമാക്കിക്കൊണ്ട്, വ്യക്തിഗത ഡാറ്റ എങ്ങനെ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തവും പ്രവേശനക്ഷമവും ആയ വിവരങ്ങൾ ഡാറ്റ സംരക്ഷകർ (Data Fiduciaries )നൽകണം. ഡാറ്റ മായ്‌ക്കാൻ ആവശ്യപ്പെടുന്നതിനും ഡിജിറ്റൽ നോമിനികളെ നിയമിക്കുന്നതിനും ഡാറ്റ പരിപാലിക്കുന്നതിന് ഉപയോക്തൃ-സൗഹൃദ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള അവകാശങ്ങൾ പൗരന്മാർക്ക് നൽകിയിട്ടുണ്ട്.

 

ഈ ചട്ടങ്ങൾപൗരന്മാർക്ക് അവരുടെ ഡാറ്റയിൽ കൂടുതൽ നിയന്ത്രണം നൽകി അവരെ ശാക്തീകരിക്കുന്നു. അറിവോടെയുള്ള അനുമതി , മായ്ക്കാനുള്ള അവകാശം, പരാതി പരിഹാരത്തിനുള്ള വ്യവസ്ഥകൾ എന്നിവ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾക്കും മാതാപിതാക്കൾക്കും കഴിയും.

 

 നൂതനാശയവും നിയന്ത്രണവും തമ്മിലുള്ള സന്തുലിതാവസ്ഥ

 വ്യക്തിഗത ഡാറ്റ പരിരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ മാതൃക,നൂതന ആശയവും നിയന്ത്രണവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടയിലെ സന്തുലിതാവസ്ഥ കൈവരിക്കുന്നു. നിയന്ത്രിത ആഗോള ചട്ടക്കൂടുകളിൽ നിന്ന് വ്യത്യസ്തമായി, ഈ നിയമങ്ങൾ പൗര ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഡാറ്റാ ഗവേണൻസിനായുള്ള ഒരു പുതിയ ആഗോള ടെംപ്ലേറ്റായി ബന്ധപ്പെട്ട പങ്കാളികൾ ഇതിനെ നിരീക്ഷിക്കുന്നു.

 

ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും നിർവഹണ ഭാരം കുറയ്ക്കുന്നതാണ് ചട്ടക്കൂട്. പുതിയ നിയമത്തിന് അനുസൃതമായി സുഗമമായി മാറുന്നതിന്, ചെറുകിട സംരംഭങ്ങൾ മുതൽ വൻകിട കോർപ്പറേറ്റുകൾ വരെയുള്ള എല്ലാ പങ്കാളികൾക്കും മതിയായ സമയപരിധി നൽകും.

  

ഡിജിറ്റൽ- പ്രഥമ സമീപനം

"ഡിജിറ്റൽ ബൈ ഡിസൈൻ" എന്ന തത്ത്വചിന്തയെ ഈ ചട്ടങ്ങൾ ഉൾക്കൊള്ളുന്നു. ജീവിതം സുഗമമാക്കുന്നതിനും ബിസിനസ് നടപടികൾ അനായാസം ആക്കുന്നതിനും ആയി അനുമതി സംവിധാനങ്ങൾ, പരാതികൾ പരിഹരിക്കൽ, ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിൻ്റെ പ്രവർത്തനം എന്നിവയെല്ലാം "ബോൺ ഡിജിറ്റൽ" ആയി വിഭാവനം ചെയ്‌തിരിക്കുന്നു.ബോർഡ് ഒരു ഡിജിറ്റൽ ഓഫീസായി പ്രവർത്തിക്കും. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ആപ്പും ഉപയോഗിച്ച് പൗരന്മാർക്ക് നേരിട്ട് ഹാജരാകാതെ ഡിജിറ്റലായി ഈ സംവിധാനത്തെ സമീപിക്കാനും അവരുടെ പരാതികൾ തീർപ്പാക്കാനും വഴിയൊരുക്കും. പരാതികൾ പ്രോസസ്സ് ചെയ്യുന്നത് മുതൽ ഡാറ്റ സംരക്ഷകരുമായി സംവദിക്കുന്നത് വരെ, വേഗതയും സുതാര്യതയും ഉറപ്പാക്കാൻ പ്രവർത്തനരീതികൾ ഫലപ്രദവും കാര്യക്ഷമവും ആക്കിയിരിക്കുന്നു. ഇത് ഭരണത്തോടുള്ള ഇന്ത്യയുടെ പുരോഗമനപരമായ സമീപനത്തെ പ്രതിഫലിപ്പിക്കുകയും പൗരന്മാർക്കും ഡാറ്റാ സംരക്ഷകർക്കും ഇടയിൽ വിശ്വാസം വളർത്തുകയും ചെയ്യുന്നു.

 

പങ്കാളികളുടെ ആശങ്കകളെ അഭിസംബോധന ചെയ്യുന്നു 

പ്രായോഗിക ചട്ടക്കൂടിൽ നിന്ന് ബിസിനസുകൾക്ക് പ്രയോജനം ലഭിക്കുന്നു. സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും കുറഞ്ഞ നിർവഹണഭാരമുള്ള ഗ്രേഡുചെയ്‌ത ഉത്തരവാദിത്വങ്ങൾ ആണുള്ളത്. അതേസമയം സുപ്രധാന ഡാറ്റ സംരക്ഷകർക്ക് ഉയർന്ന ബാധ്യതകളുണ്ട്. ചട്ടങ്ങളും നിയമങ്ങളും കൊണ്ട് സൃഷ്‌ടിച്ച പ്രധാന വ്യക്തിഗത ഡാറ്റാ പരിരക്ഷണ ചട്ടക്കൂടിന് വിഭാഗ -നിർദ്ദിഷ്‌ട ഡാറ്റാ പരിരക്ഷണ നടപടികൾ പൂരകമാകും.

 

ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിൻ്റെ ഡിജിറ്റൽ ഓഫീസ് സമീപനം, പരാതികളുടെ വേഗത്തിലുള്ളതും സുതാര്യവുമായ പരിഹാരം ഉറപ്പാക്കും. വീഴ്ചകൾക്ക് പിഴ ചുമത്തുമ്പോൾ, സംഭവിച്ച വീഴ്ചയുടെ സ്വഭാവവും വ്യാപ്തിയും, ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ ഘടകങ്ങൾ ബോർഡ് കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, നടപടികളുടെ ഏത് ഘട്ടത്തിലും ഡാറ്റ സംരക്ഷകർക്ക് സ്വമേധയാ രേഖാമൂലമുള്ള ഉറപ്പ് നൽകാം. അത് ബോർഡ് അംഗീകരിച്ചാൽ നടപടികൾ ഉപേക്ഷിക്കുന്നതിന് കാരണമാകും. ഇത് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും , അതേസമയം വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നവർക്ക് ന്യായമായ വിധിന്യായ ചട്ടക്കൂട് നൽകുന്നതും സന്തുലിതമാക്കുന്നു.

 

ഡാറ്റാ സംരക്ഷണത്തിന്റെ ആഘാത വിലയിരുത്തലുകൾ വാർഷികമായി നടത്തുന്നതിനും പ്രധാനപ്പെട്ട ഡാറ്റ സംരക്ഷകരുടെ ഓഡിറ്റിനുമുള്ള വ്യവസ്ഥകൾ, പാലിക്കൽ നടപടികൾ സുരക്ഷിതമാക്കുന്നതിനുള്ള ഫലപ്രദമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നു.

 

ഉൾക്കൊള്ളുന്ന സമീപനം

വിവിധ പങ്കാളികളിൽ നിന്ന് ശേഖരിച്ച വിശാലമായ ഇൻപുട്ടുകളും ആഗോള മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനവും അടിസ്ഥാനമാക്കിയുള്ളതാണ് കരട് ചട്ടങ്ങൾ . ഡിപിഡിപി ആക്ടിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളിൽ അവ അധിഷ്ഠിതമാണ്. നിയമനിർമ്മാണത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കാനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം 18.02.2025 വരെ പൊതുജനങ്ങളിൽ നിന്നും തല്പരകക്ഷികളിൽ നിന്നും MyGov പ്ലാറ്റ്‌ഫോമിലൂടെ നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ ക്ഷണിച്ചു.

 

 ബോധവൽക്കരണ സംരംഭങ്ങൾ

പൗരന്മാരുടെ ഇടപെടലിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഗവൺമെന്റ് സമഗ്രമായ ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്യുന്നു. ഈ സംരംഭങ്ങൾ പുതിയ ചട്ടക്കൂടിന് കീഴിലുള്ള അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുകയും ഡാറ്റ ഉത്തരവാദിത്വ സംസ്കാരം വളർത്തുകയും ചെയ്യും.

 

ഈ ചട്ടങ്ങളിലൂടെ തുല്യമായ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യ നേതൃത്വം പ്രകടിപ്പിക്കുന്നു. നൂതനാശയത്തിൽ അധിഷ്‌ഠിതമായതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് കരട് ചട്ടങ്ങൾ.


(Release ID: 2090429) Visitor Counter : 23