വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് എൻഡിഎംസിയുടെ 'എക്സാം വാരിയർ ' പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു ; പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കുന്നതിന് സ്ഥിരതയാർന്ന പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ ഉപദേശിച്ചു

'എന്തെങ്കിലും ആയിത്തീരുന്നത് സ്വപ്നം കാണുന്നതിനേക്കാൾ പ്രവർത്തിക്കുന്നത് സ്വപ്നം കാണാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം 'എക്സാം വാരിയർ '' പരിപാടിയിൽ 4,000 വിദ്യാർത്ഥികൾക്ക് പ്രചോദനമായി

Posted On: 04 JAN 2025 6:59PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) സംഘടിപ്പിച്ച 'എക്സാം വാരിയർ ' കലാമേളയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പങ്കെടുത്തു. ശുഭാപ്തി വിശ്വാസം, ആത്മവിശ്വാസം, സർഗ്ഗാത്മകത എന്നിവ വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഈ സംരംഭം ലക്ഷ്യമിടുന്നു. അതുവഴി അവർക്ക് ശാന്തവും സന്തുലിതവുമായ മാനസികാവസ്ഥയോടെ പരീക്ഷകളെ സമീപിക്കാൻ കഴിയും.
 
 പുസ്തകത്തിലെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏകദേശം 4,000 വിദ്യാർത്ഥികൾ അവരുടെ ചിന്തകൾ കലയിലൂടെ പങ്കുവെച്ചു. ദിവ്യാംഗ് വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. അവർക്ക് മാർഗനിർദേശം നൽകുന്നതിന് പരിപാടിയിലുടനീളം അധ്യാപകരും ഉണ്ടായിരുന്നു.
 
 "നാം എന്തെങ്കിലും ആകാൻ സ്വപ്നം കാണുമ്പോൾ ചിലപ്പോഴെങ്കിലും അത് നിരാശയിൽ കലാശിച്ചേക്കാം; എന്നാൽ നാം എന്തെങ്കിലും ചെയ്യാൻ സ്വപ്നം കാണുന്നുവെങ്കിൽ, നമ്മുടെ ഏറ്റവും മികച്ചത് നൽകാൻ നമുക്ക് പ്രചോദനം ലഭിക്കും. അതിനാൽ, എന്തെങ്കിലും ആയിത്തീരുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, എന്തെങ്കിലും പ്രവർത്തിക്കുന്ന സ്വപ്നത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. കാരണം നിങ്ങൾ അങ്ങനെ പ്രവർത്തിക്കുമ്പോൾ , പരീക്ഷകളുടെ സമ്മർദ്ദം നിങ്ങൾക്ക് ഒരിക്കലും അനുഭവപ്പെടില്ല." എന്ന് റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികളുമായി തന്റെ ആശയം പങ്കുവെച്ചു.
 'എക്സാം വാരിയേർസ് ' എന്ന തൻ്റെ പുസ്തകത്തിൽ, വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ധാർമ്മിക പിന്തുണകളുടെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുകാണിക്കുന്നു. ഈ ആശയം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നിരവധി പ്രമുഖ കലാകാരന്മാർ അവരുടെ സർഗ്ഗാത്മകതയിലൂടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നു.
 
 ജതിൻ ദാസ് (പത്മഭൂഷൺ അവാർഡ് ജേതാവ്), ജയ് പ്രകാശ് (പത്മശ്രീ അവാർഡ് ജേതാവ്), കാഞ്ചൻ ചന്ദർ, ഹർഷ് വർധൻ, കല്യാൺ ജോഷി, പ്രദോഷ് സ്വയിൻ, വിജയ് ഭോറെ , റീന സിംഗ്, അനസ് സുൽത്താൻ, മനോജ് കുമാർ മൊഹന്തി, നരേന്ദ്ര പാൽ സിംഗ്, കൻഹു ബെഹ്‌റ, അസിത് കുമാർ പട്നായിക്, അങ്കിത് ശർമ്മ തുടങ്ങിയ പ്രശസ്ത കലാകാരന്മാർ പരിപാടിയിൽ പങ്കെടുത്തു. അവരുടെ കലാസൃഷ്‌ടികളും വിദ്യാർത്ഥികളുമായുള്ള സംവാദവും വിദ്യാർത്ഥികളുടെ ആവേശത്തെ വളർത്താൻ സഹായിക്കുകയും ആത്മവിശ്വാസത്തോടെയും ശുഭകരമായ മാനസികാവസ്ഥയോടെയും പരീക്ഷകളെ അഭിമുഖീകരിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.
 
പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മനോവീര്യം വർധിപ്പിക്കുന്നതിനായി പ്രശസ്ത കലാകാരന്മാർക്കൊപ്പം ചിത്രരചനയിൽ പങ്കാളിയായ ശ്രീ അശ്വിനി വൈഷ്ണവ്, വിദ്യാർത്ഥികളുമായി സംവദിച്ചു. അവരുടെ താല്പര്യങ്ങൾ പിന്തുടരാൻ മന്ത്രി അവരെ പ്രോത്സാഹിപ്പിക്കുകയും പരീക്ഷാ സമയത്തെ സമ്മർദ്ദം ഒഴിവാക്കാൻ വർഷം മുഴുവനും സ്ഥിരമായ പഠനക്രമം നിലനിർത്താൻ അവരെ ഉപദേശിക്കുകയും ചെയ്തു.
 
 പരിപാടിയിൽ എൻഡിഎംസി ചെയർപേഴ്സൺ ശ്രീ. കേശവചന്ദ്ര, വൈസ് ചെയർപേഴ്‌സൺ എസ്. കുൽജീത് ചാഹൽ, പാർലമെൻ്റ് അംഗം ശ്രീമതി ബൻസുരി സ്വരാജ്യ എന്നിവരും പങ്കെടുത്തു.
 
 
 
SKY
 
 
******
 
 

(Release ID: 2090252) Visitor Counter : 19