ഉരുക്ക് മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം 2024: ഉരുക്ക് മന്ത്രാലയം


കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഉരുക്ക് വ്യവസായത്തെ സഹായിക്കുന്നതിന് 15,000 കോടി രൂപ ചെലവിൽ 'ഗ്രീൻ സ്റ്റീൽ മിഷൻ'

27,106 കോടി രൂപയുടെ നിക്ഷേപത്തോടെ 'സ്പെഷ്യാലിറ്റി സ്റ്റീൽ' ആഭ്യന്തര ഉരുക്കു നിർമാണം വർധ‌ിപ്പിക്കുന്നതിന് ഉൽപ്പാദനബന്ധിത ആനുകൂല്യം (പിഎൽഐ)

നിലവാരം ന‌ിശ്ചയിക്കൽ, ഗുണനിലവാര നിയന്ത്രണ നിർദേശം എന്നിവയിലൂടെ ഉരുക്കിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു

Posted On: 30 DEC 2024 1:26PM by PIB Thiruvananthpuram

ഗ്രീൻ സ്റ്റീൽ മിഷൻ: വ്യവസായത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് ഗവൺമെന്റ് നിർണായക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കാർബൺ ബഹിർഗമനം കുറയ്ക്കാനും നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് മുന്നേറാനും ലക്ഷ്യമിട്ട് ഉരുക്കു മന്ത്രാലയം 15,000 കോടി രൂപ ചെലവിൽ ‘ഗ്രീൻ സ്റ്റീൽ മിഷൻ’ തയ്യാറാക്കുന്നു. ഇതിൽ ഗ്രീൻ സ്റ്റീലിനായുള്ള PLI പദ്ധതി, പുനരുപയോഗ ഊർജ ഉപയോഗത്തിനുള്ള പ്രോത്സാഹനങ്ങൾ, ഗ്രീൻ സ്റ്റീൽ വാങ്ങുന്നതിനു ഗവണ്മെന്റ് ഏജൻസികൾക്കുള്ള ഉത്തരവുകൾ എന്നിവ ഉൾപ്പെടുന്നു. നവ-പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം, സ്റ്റീൽ മേഖലയിലെ ഡീകാർബണൈസേഷനിൽ സംഭാവന ചെയ്യുന്ന ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനും ഉപയോഗിക്കാനും ലക്ഷ്യമിടുന്നു. 'ഇന്ത്യയിലെ ഉരുക്കു മേഖലയെ ഹരിതവൽക്കരിക്കൽ: മാർഗരേഖയും കർമപദ്ധതിയും' എന്ന റിപ്പോർട്ട് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങി. ഗ്രീൻ സ്റ്റീലും അതിന്റെ സ്റ്റാർ റേറ്റിങ്ങും നിർവചിക്കുന്ന 'ടാക്‌സോണമി ഓഫ് ഇന്ത്യ ഫോർ ഗ്രീൻ സ്റ്റീൽ' 2024 ഡിസംബറിൽ പുറത്തിറങ്ങി. സ്റ്റീൽ സ്ക്രാപ്പ് പുനഃചംക്രമണ നയം ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന സ്ക്രാപ്പ് ലഭ്യത വർദ്ധിപ്പിച്ച്, വിഭവ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നു.

വ്യവസായത്തിന്റെ ഹരിത പരിവർത്തനം സുഗമമാക്കുന്നതിന്, കുറഞ്ഞ കാർബൺ പുറന്തള്ളൽ ഉള്ള സ്റ്റീലിന് മാനദണ്ഡങ്ങൾ നൽകുന്നതിനായി മന്ത്രാലയം ഗ്രീൻ സ്റ്റീലിനായുള്ള ടാക്‌സോണമി പുറത്തിറക്കി. 2029-30 സാമ്പത്തിക വർഷം വരെ ഇരുമ്പ്, ഉരുക്ക് എന്നിവയുടെ പരീക്ഷണ പദ്ധതികൾക്കായി 455 കോടി രൂപ അനുവദിച്ച് ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ, സ്റ്റീൽ മേഖലയെയും പിന്തുണയ്ക്കുന്നു. 100% ഹൈഡ്രജൻ ഉപയോഗിച്ച് ഡയറക്ട് റിഡ്യൂസ്ഡ് അയൺ (ഡിആർഐ) ഉൽപ്പാദിപ്പിക്കുന്നതും സ്ഫോടന ചൂളകളിൽ കൽക്കരി/കോക്ക് ഉപഭോഗം കുറയ്ക്കുന്നതും ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.

സ്‌പെഷ്യാലിറ്റി സ്റ്റീൽ - ഉൽപ്പാദനബന്ധ‌ിത ആനുകൂല്യം (പിഎൽഐ): 'സ്പെഷ്യാലിറ്റി സ്റ്റീലിന്റെ' ആഭ്യന്തര ഉരുക്കു‌ൽപ്പാദനം വർധിപ്പിക്കുന്നതിന്, ഗവൺമെന്റ് പിഎൽഐ പദ്ധതി നടപ്പാക്കി. ₹27,106 കോടി നിക്ഷേപം ആകർഷിക്കുകയും 14,760 പേർക്ക് നേരിട്ട് തൊഴിൽ സൃഷ്ടിക്കുകയും ചെയ്തു. 2024 ഒക്ടോബറിൽ കമ്പനികൾ 17,581 കോടി രൂപ നിക്ഷേപിക്കുകയും 8660-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ശേഷി വിപുലീകരണം: സ്റ്റീൽ മേഖലയുടെ നിയന്ത്രണം ഒഴിവാക്കി, അനുകൂലമായ നയ അന്തരീക്ഷം സൃഷ്ടിച്ച് ഗവണ്മെന്റ് സൗകര്യങ്ങൾഒരുക്കുന്ന സംവിധാനമായി പ്രവർത്തിക്കുന്നു. ഉരുക്കുൽപ്പാദനത്തിൽ ഇന്ത്യ വലിയ തോതിൽ സ്വയംപര്യാപ്തമാണ്. ഇറക്കുമതി ചെറിയ ശതമാനം സംഭാവന ചെയ്യുന്നു. ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുന്നതിനുള്ള ഗവണ്മെന്റ് നടപടികളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

* ഗവൺമെന്റ് സംഭരണത്തിനായി 'മെയ്ക്ക് ഇൻ ഇന്ത്യ' സ്റ്റീൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തരമായി നിർമിച്ച ഇരുമ്പ്-ഉരുക്ക്  ഉൽപ്പന്നങ്ങളുടെ (DMI&SP) നയം നടപ്പാക്കൽ.

* ഫെറോ നിക്കലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ (BCD) പൂജ്യമായി കുറയ്ക്കുകയും ഫെറസ് സ്ക്രാപ്പിന്റെ തീരുവ ഇളവ് 2026 മാർച്ച് വരെ നീട്ടുകയും ചെയ്യുന്നു. ഇത് ആഭ്യന്തര സ്റ്റെയിൻലെസ് സ്റ്റീൽ വ്യവസായത്തെ പിന്തുണയ്ക്കുകയും സ്ക്രാപ്പ് പുനഃചംക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

* ഇരുമ്പ്, ഉരുക്ക് മേഖലയ്ക്കായി 16 സുരക്ഷാ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കൽ, പ്രക്രിയ, ജോലിസ്ഥലത്തെ സുരക്ഷ എന്നിവ ഉൾക്കൊള്ളുന്നു. അപകടങ്ങൾ കുറക്കാനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനുമാണ് ഇവ ലക്ഷ്യമിടുന്നത്.

* ആഭ്യന്തര വ്യവസായ ആശങ്കകൾ പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ ഇറക്കുമതി നിരീക്ഷണത്തിനായി സ്റ്റീൽ ഇംപോർട്ട് മോണിറ്ററിംഗ് സിസ്റ്റം (സിംസ്) 2.0 നവീകരിക്കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ സുരക്ഷ: ഇന്ത്യയിൽ മതിയായ ഇരുമ്പയിര്, നോൺ-കോക്കിങ് കൽക്കരി എന്നിവയുടെ കരുതൽ ശേഖരം ഉണ്ട്, എന്നാൽ ആഭ്യന്തര ലഭ്യത കുറവായതിനാൽ കോക്കിങ് കൽക്കരി പ്രധാനമായും ഇറക്കുമതി ചെയ്യുന്നു. ഓസ്ട്രേലിയ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ഗണ്യമായ അളവിൽ കോക്കിങ് കൽക്കരി ഇറക്കുമതി സമീപ വർഷങ്ങളിൽ വർദ്ധിച്ചു. ഇന്ത്യൻ സ്റ്റീൽ മേഖലയിലേക്കുള്ള കോക്കിങ് കൽക്കരി ഇറക്കുമതി സാധ്യതകൾ അനാവരണം ചെയ്യുന്നതിനായി പ്രതിനിധിസംഘം 2024 അവസാനം മംഗോളിയ സന്ദർശിച്ചു.

അന്താരാഷ്ട്ര തന്ത്രം: ഇന്ത്യയുടെ ഉരുക്കു മേഖലയ്ക്കായി ആഗോള തന്ത്രം വികസിപ്പിക്കുന്നത് മത്സരക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് നിർണായകമാണ്. ആഗോള കമ്പനികളുമായി പങ്കാളിത്തം വളർത്തിയെടുക്കുന്നതും ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളുമായി നിലവാരം ക്രമീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അസംസ്‌കൃത വസ്തുക്കൾ, നിക്ഷേപങ്ങൾ, സാങ്കേതികവിദ്യകൾ, ഉരുക്കു കയറ്റുമതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ഉരുക്ക് ആഗോള അവലോകന നയം രൂപവൽക്കരിക്കുന്നതിന് കർമസമിതിക്കു രൂപം നൽകിയിട്ടുണ്ട്.  ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം നയപത്രം സൃഷ്ടിക്കും.

നിലവാരം ന‌ിശ്ചയിക്കൽ, ഗുണനിലവാര നിയന്ത്രണ നിർദേശം എന്നിവയിലൂടെ ഉരുക്കിന്റെ ഗുണനിലവാരം ഉറപ്പാക്കൽ: രാജ്യത്ത് ഉപയോഗിക്കുന്ന സ്റ്റീലിന്റെ മാനദണ്ഡങ്ങൾ രൂപീകരിക്കാനും അവയെ ഗുണനിലവാര നിയന്ത്രണ നിർദേശത്തിൽ (ക്യുസിഒ) ഉൾപ്പെടുത്താനും ഗവണ്മെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് ഉൽപ്പാദകരി‌ലുടനീളം ഉരുക്ക് ഗുണനിലവാരത്തിൽ സ്ഥിരത ഉറപ്പാക്കുന്നു. നിലവിൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) രൂപപ്പെടുത്തിയ 151 സ്റ്റീൽ മാനദണ്ഡങ്ങൾ ക്യുസിഒയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത സ്റ്റീൽ ചരക്കുകളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. ഇറക്കുമതി ചെയ്ത സ്റ്റീൽ ആപ്ലിക്കേഷനുകൾ പരിശോധിക്കുന്നതിനുള്ള TCQCO പോർട്ടൽ സിംസ് 2.0 പോർട്ടലുമായി ലയിപ്പിച്ചിരിക്കുന്നു. ഇത് SWIFT 2.0 സംരംഭത്തിന് കീഴിൽ കസ്റ്റംസ്  ICEGATE-മായി സംയോജിപ്പിക്കും.

***

NK


(Release ID: 2089841) Visitor Counter : 12