ധനകാര്യ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2024 : ധനവ്യയ വകുപ്പ്, ധനകാര്യ മന്ത്രാലയം
Posted On:
27 DEC 2024 5:31PM by PIB Thiruvananthpuram
ധനകാര്യ മന്ത്രാലയത്തിലെ ധനവ്യയ വകുപ്പ് (DoE) നൂതന സാമ്പത്തിക നിര്‍വഹണത്തിലൂടെയും നയപരിഷ്കാരങ്ങളിലൂടെയും ധനകാര്യ ഭരണവും പൊതുജനക്ഷേമവും സുസ്ഥിരമായി അഭിവൃദ്ധിപ്പെടുത്തി. 2024-25 സാമ്പത്തിക വർഷം 1,206-ലധികം പദ്ധതികൾക്കായി തത്സമയ സുതാര്യ തുക കൈമാറ്റം സാധ്യമാക്കുന്ന പൊതു ധനകാര്യ നിര്‍വഹണ സംവിധാനം (പിഎഫ്എംഎസ്) വഴി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) നടപ്പാക്കിയതാണ് ഒരു പ്രധാന നേട്ടം. 2.23 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇതുവഴി നടത്തിയത്.
15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്ക് അനുസൃതമായി ധനവ്യയ വകുപ്പ് സംസ്ഥാന ധനകാര്യം ശക്തിപ്പെടുത്തി. 2024-25 സാമ്പത്തിക വർഷം ആകെ വായ്പാ പരിധി 9.40 ലക്ഷം കോടി രൂപയായി നിശ്ചയിക്കുകയും വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് ജി.എസ്.ഡി.പിയുടെ 0.5% അധികമായി നീക്കിവെയ്ക്കുകയും ചെയ്തു.
പൊതു സാമ്പത്തിക നിയമ (GFRs) പ്രകാരം സാമ്പത്തിക പരിധി വർധിപ്പിക്കുന്നതിലും 2024-ൽ പുതുക്കിയ സംഭരണ മാനുവൽ പുറത്തിറക്കുന്നതിലുമാണ് സാമ്പത്തിക നിര്‍വഹണവുമായി ബന്ധപ്പെട്ട പൊതുപരിഷ്കാരങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2024 ലെ സാമ്പത്തിക അധികാര ഡെലിഗേഷൻ നിയമങ്ങൾ (ഡിഎഫ് പിആർ ) വഴി തീരുമാനമെടുക്കൽ ലളിതമാക്കുകയും കൂടുതൽ കാര്യക്ഷമതയ്ക്കായി വകുപ്പുകളെയും വ്യക്തികളെയും ശാക്തീകരിക്കുകയും ചെയ്യുന്നു.
വിരമിച്ച ഉദ്യോഗസ്ഥർക്ക് പെൻഷനും പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിച്ച ആനുകൂല്യങ്ങളും ഉറപ്പുനൽകുന്ന ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) വഴി സാമൂഹ്യസുരക്ഷാ പരിഷ്കാരങ്ങളും ധനവ്യയ വകുപ്പ് അവതരിപ്പിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങൾക്ക് സമയബന്ധിതമായി സഹായധനം അനുവദിക്കുന്നതും അഗ്നിശമന സേനയുടെ നവീകരണവും ദുരന്ത നിവാരണ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
ധനകാര്യ മന്ത്രാലയത്തിലെ ധനവ്യയ വകുപ്പിന്റെ 2024-ലെ പ്രധാന നേട്ടങ്ങൾ:
I. പൊതു ധനകാര്യ നിര്‍വഹണ സംവിധാനം (PFMS) വഴി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം [DBT]:
2024 നവംബർ 31 വരെയുള്ള നേട്ടങ്ങളിൽ ചിലത്:
- 2024-25 കാലയളവിൽ DBT സംരംഭത്തിന് കീഴിൽ 1,206 പദ്ധതികൾ
- 2024-25 സാമ്പത്തിക വർഷം ഗുണഭോക്താക്കൾക്ക് 2.23 ലക്ഷം കോടി രൂപ കൈമാറി
- 2014 മുതൽ 1,212.27 കോടി ഇടപാടുകൾ
- 2014 മുതൽ ഗുണഭോക്താക്കൾക്ക് 20.23 ലക്ഷം കോടി രൂപ നല്കി
- PFMS-മായി സംയോജിപ്പിച്ച 117 ബാഹ്യ സംവിധാനങ്ങൾ
- RBI ഉൾപ്പെടെ പ്രധാന ബാങ്കുകൾ PFMS ഉപയോഗപ്പെടുത്തി
II. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള അറ്റ വായ്പാ പരിധി (NBC):
- പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ [XV-FC] ശിപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള സാധാരണ അറ്റ വായ്പാ പരിധി 9.40 ലക്ഷം കോടി രൂപയായി (ജിഎസ്ഡിപിയുടെ 3%) നിശ്ചയിച്ചു.
- 6.83 ലക്ഷം കോടി രൂപ OMB-യ്ക്കും 62,721.57 കോടി രൂപയുടെ പുനക്രമീകരിക്കാവുന്ന വായ്പകൾക്കും സർക്കാർ അനുമതി.
III. വൈദ്യുതി മേഖലയുടെ പ്രകടനവുമായി ബന്ധപ്പെട്ട ജി.എസ്.ഡി.പിയുടെ 0.5% അധിക വായ്പ:
- XV-FC യുടെ ശുപാർശകളനുസരിച്ച് വൈദ്യുതി മേഖല പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ വായ്പയെടുക്കൽ ശേഷിയില്‍ 0.5% വർധന.
- 2024-25 സാമ്പത്തിക വർഷത്തേക്ക് 1.56 ലക്ഷം കോടി രൂപ അധിക വായ്പയെടുക്കാം.
IV. ചരക്കു സേവന കരാറുകളുടെ നിര്‍വഹണത്തില്‍ കരാര്‍ നിക്ഷേപം കുറയ്ക്കൽ:
കരാര്‍ നിക്ഷേപം ചരക്കുസേവന മൂല്യത്തിന്റെ പരമാവധി 10 ശതമാനത്തിൽനിന്ന് 5 ശതമാനമായി ധനവ്യയ വകുപ്പ് കുറയ്ക്കുകയും ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2017-ലെ പൊതു ധനകാര്യ നിയമങ്ങൾ (GFRs) ഭേദഗതി ചെയ്തുകൊണ്ട് മിക്കവാറും എല്ലാ സംഭരണ രീതികളിലെയും ധനപരിധി വർധിപ്പിക്കുകയും ചെയ്തു.
V. ചരക്കുസംഭരണ മാനുവല്‍ പരിഷ്കരണം:
2024 ജൂലൈ മാസത്തിൽ പുറത്തിറക്കിയ ചരക്കുസംഭരണ മാനുവൽ ധനവ്യയ വകുപ്പ് പരിഷ്കരിച്ചു. വിതരണക്കാരുടെ ബിസിനസ്സ് എളുപ്പമാക്കുന്നതിലും സംഭരണക്കാരുടെ വ്യക്തതയിലുമാണ് പുതുക്കിയ മാനുവൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
VI. സംസ്ഥാനങ്ങൾക്കുള്ള ധനകാര്യ കമ്മീഷന്റെ ധനസഹായം (2024-25 ലെ 15-ാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരം):
- കൈമാറ്റത്തിന് ശേഷമുള്ള റവന്യൂ കമ്മി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ മേഖല, ദുരന്ത പ്രതികരണം എന്നിവയ്ക്കുള്ള ധനസഹായം
- 14 സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് 15,823.20 കോടി രൂപ അനുവദിച്ചു
- അഗ്നിശമന സേനയുടെ വിപുലീകരണത്തിനും ആധുനികവൽക്കരണത്തിനുമായി 757.39 കോടി രൂപ അനുവദിച്ചു.
VII. 2024-ലെ സാമ്പത്തിക അധികാര ഡെലിഗേഷൻ നിയമങ്ങൾ (ഡിഎഫ് പിആർ ) :
1978 -ലെ ഡെലിഗേഷൻ ഓഫ് ഫിനാൻഷ്യൽ പവേഴ്സ് നിയമങ്ങൾക്ക് പകരമായി രൂപീകരിച്ച ഈ പുതുക്കിയ നിയമങ്ങൾ 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു.
VIII. ഏകീകൃത പെൻഷൻ പദ്ധതി:
NPS അവലോകന സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ 2024 ഓഗസ്റ്റ് 24ന് മന്ത്രിസഭ അംഗീകരിച്ച ഏകീകൃത പെൻഷൻ പദ്ധതി (UPS) 2025 ഏപ്രിൽ 1 മുതൽ നടപ്പാക്കും. പ്രധാന സവിശേഷതകൾ ഇവയാണ്:
- ഉറപ്പായ പെൻഷൻ: കുറഞ്ഞത് 25 വർഷത്തെ സേവനത്തിന് അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50%
- ജീവനക്കാരന്റെ പെൻഷന്റെ 60% കുടുംബ പെൻഷൻ
- 10 വർഷത്തെ സേവനത്തിന് ശേഷം പ്രതിമാസം 10,000 രൂപ കുറഞ്ഞ പെൻഷൻ
- വ്യാവസായിക തൊഴിലാളികൾക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI-IW) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക
- പെൻഷൻ സഹിതം പിരിയുമ്പോള്‍ സൗജന്യവേതനത്തിന് പുറമെ ആകെ തുക
(Release ID: 2089741)