ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇലക്ട്രോണിക്സ് & വിവരസാങ്കേതിക മന്ത്രാലയത്തിന്റെ 2024-ലെ വർഷാന്ത അവലോകനം  - രണ്ടാം ഭാഗം 

Posted On: 31 DEC 2024 11:56AM by PIB Thiruvananthpuram

 

നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് സുപ്രധാന നയ സംരംഭങ്ങളും ഭേദഗതികളും ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം (MeitY) 2024-ൽ അവതരിപ്പിച്ചു.

 

നയരൂപീകരണം: 2024-ൽ കൊണ്ടുവന്ന നയങ്ങളും ഭേദഗതികളും

 

1. പുതുക്കിയ സിസിടിവി സുരക്ഷാ മാനദണ്ഡങ്ങൾ 

 

2024 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന സമഗ്ര നിയന്ത്രണ ഉത്തരവ് (CRO) പ്രകാരം സിസിടിവി ക്യാമറകളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം (MEITy)  പുതുക്കി. ഇന്ത്യയിൽ നിർമിക്കുന്നതോ വിൽക്കുന്നതോ ആയ എല്ലാ സിസിടിവി ക്യാമറകളും ഭൗതിക സുരക്ഷ, ലഭ്യതാനിയന്ത്രണം, ശൃംഖലാസുരക്ഷ, ചൂഷണ സാധ്യതകളുടെ പരിശോധന എന്നിവയുൾപ്പെടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. രാജ്യത്തെ നിരീക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരവും സൈബർ സുരക്ഷയും വർധിപ്പിക്കുക എന്നതാണ് ഈ പുതുക്കലിന്റെ ലക്ഷ്യം.

 

2. 2000-ത്തിലെ വിവരസാങ്കേതിക നിയമത്തിലെ 79A വകുപ്പ് പ്രകാരം ഫോറൻസിക് സയൻസ് ലബോറട്ടറി ഇലക്ട്രോണിക്സ് തെളിവുകളുടെ പരിശോധനാകേന്ദ്രമായി വിജ്ഞാപനം ചെയ്തു. 

 

ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം വഴി ഏതെങ്കിലും കോടതിയിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ ഇലക്ട്രോണിക്  തെളിവുകളുമായി ബന്ധപ്പെട്ട് വിദഗ്ധാഭിപ്രായം നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഏതെങ്കിലും വകുപ്പിനെയോ സ്ഥാപനത്തെയോ ഏജൻസിയെയോ ഇലക്ട്രോണിക് തെളിവുകളുടെ പരിശോധനയ്ക്ക് നിയോഗിക്കാന്‍ 2000-ത്തിലെ വിവരസാങ്കേതിക നിയമത്തിലെ പന്ത്രണ്ടാം അധ്യായം സെക്ഷൻ 79A പ്രകാരം കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.

 

വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പ്രാദേശിക സംരംഭങ്ങളുടെയും പരിപാടികളുടെയും സവിശേഷതകൾ

സൈബർ സുരക്ഷിത് ഭാരത് സംരംഭത്തിന് കീഴിൽ സൈബർ ഭീഷണികളെ ചെറുക്കുന്നതിന് മുഖ്യ വിവരസുരക്ഷാ ഉദ്യോഗസ്ഥരുടെയും (CISOs) ഐടി ഉദ്യോഗസ്ഥരുടെയും സൈബർ സുരക്ഷാ ശേഷി മന്ത്രാലയം ശക്തിപ്പെടുത്തുന്നു. പ്രത്യേക ക്യാമ്പുകളിലൂടെ എൻ‌പി‌എസ്, അടൽ പെൻഷൻ യോജന, പ്രധാൻ മന്ത്രി സ്വാനിധി തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രാപ്യമാക്കി വ്യാപാരികളെയും പൗരന്മാരെയും ശാക്തീകരിക്കുന്നതിന് CSC ഇ-ഗവേണൻസ് സർവീസസും CAIT-യും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇലക്ട്രോണിക്സ് -  വിവരസാങ്കേതിക മന്ത്രാലയം IIM വിശാഖപട്ടണവുമായി സഹകരിച്ച്  NeGD വഴി  AI/ML ആപ്ലിക്കേഷനുകളിൽ  ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നു.

 

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം: അടിസ്ഥാന സൗകര്യങ്ങളുടെയും ഭരണ നിര്‍വഹണത്തിന്റെയും പൊതു സേവനത്തിന്റെയും  പരിവർത്തനം 

 

രാജ്യത്തെ ഡിജിറ്റൽ ഉപാധികള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സർക്കാർ സേവനങ്ങൾ നൽകുന്നതില്‍ പ്രാപ്യത, വ്യാപ്തി, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും  സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി  സുപ്രധാന സംരംഭങ്ങളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ കേന്ദ്ര സ്തംഭങ്ങളിലൊന്ന് ഡാറ്റാ സെന്ററുകളുടെ വിപുലീകരണവും വികസനവുമാണ്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവരശേഖരങ്ങള്‍ സൂക്ഷിക്കല്‍, AI/ML ആപ്ലിക്കേഷനുകൾ എന്നിവയുടെ വർധിച്ചുവരുന്ന ആവശ്യകതയെ പിന്തുണയ്ക്കുന്നതില്‍ ഈ കേന്ദ്രങ്ങൾ നിർണായകമാണ്. ഡൽഹി, പൂനെ, ഭുവനേശ്വർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) സ്ഥാപിച്ച അത്യാധുനിക നാഷണൽ ഡാറ്റാ സെന്ററുകൾ (NCD)  സർക്കാർ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU) എന്നിവയ്ക്ക് ശക്തമായ ക്ലൗഡ് സേവനങ്ങൾ നൽകിവരുന്നു. 

 

ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം (DPI): ഒരു പരിവര്‍ത്തനശക്തി

 

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം (DPI) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിലൂടെ പ്രാപ്യവും സുരക്ഷിതവുമായ പൊതു സേവനങ്ങൾ പ്രദാനം ചെയ്യുന്നു. 138.34 കോടി ആധാർ നമ്പറുകൾ സൃഷ്ടിക്കുന്നത് പ്രധാന നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഏകീകൃത പണമിടപാട് സംവിധാനം (യുപിഐ) ഡിജിറ്റൽ പണമിടപാടുകള്‍ സുഗമമാക്കുകയും സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ വർധിപ്പിക്കുകയും ചെയ്യുന്നു. 2024 ജൂൺ 30 വരെ  24,100 കോടി സാമ്പത്തിക ഇടപാടുകൾ സുഗമമാക്കാന്‍ ഇതുവഴി സാധിച്ചു. 

 

ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിംഗ് (DIKSHA). 2024 ജൂലൈ 22 വരെ DIKSHA വഴി 556.37 കോടി പഠന സെഷനുകൾ നൽകി. ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ സംഭരണ-വിതരണ നിര്‍വഹണത്തിന് GeM, സർക്കാർ സേവനങ്ങൾക്കായി UMANG, സ്വതന്ത്ര അപ്ലിക്കേഷനുകള്‍ക്ക് API SETU തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടുന്നു. കോ-വിൻ, ആരോഗ്യ സേതു എന്നിവ ആരോഗ്യ സേവനങ്ങളിൽ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ ഇ-സഞ്ജീവനി, ഇ-ഹോസ്പിറ്റൽ, ഇ-കോടതികൾ എന്നിവ ആരോഗ്യ സംരക്ഷണവും നീതിനിര്‍വഹണവും മെച്ചപ്പെടുത്തി.  പോഷൻ ട്രാക്കർ, ഇ-ഓഫീസ്, എൻസിഡി പ്ലാറ്റ്‌ഫോം തുടങ്ങിയ സംവിധാനങ്ങള്‍ ഭരണ - ആരോഗ്യ നിര്‍വഹണം മെച്ചപ്പെടുത്തുന്നു.

 

പൗര കേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾ

 

UMANG, MeriPehchaan പോലുള്ള നൂതന ഡിജിറ്റൽ സേവനങ്ങൾ പൗരന്മാരുടെ ഇടപെടൽ വർധിപ്പിച്ച് സർക്കാർ സേവനങ്ങള്‍ ലളിതവും പ്രാപ്യവുമാക്കുന്നു.  32 സംസ്ഥാന -  കേന്ദ്രഭരണ പ്രദേശങ്ങളില്‍ 23 ഭാഷകളിലായി 2,077 സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ 7.12 കോടിയിലധികം ഉപയോക്താക്കളുമായുള്ള ആശയവിനിമയം UMANG സുഗമമാക്കുന്നു. ഇ-ഹസ്താക്ഷർ (ഇലക്ട്രോണിക് ഒപ്പ്) സേവനം രേഖകളിൽ ഡിജിറ്റൽ ഒപ്പുവെയ്ക്കാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിലൂടെ ഭൗതിക ഒപ്പിന് നിയമപരമായി അംഗീകാരമുള്ള ഒരു ബദൽ നൽകുന്നു. എല്ലാ ESP-കളും ആകെ 81.97 കോടി ഇലക്ട്രോണിക് ഒപ്പുകള്‍ നൽകി. മറ്റൊരു പ്രധാന പദ്ധതിയായ API Setu സർക്കാർ സംവിധാനങ്ങളിലുടനീളം തടസ്സമില്ലാത്ത ഡാറ്റാ കൈമാറ്റവും സേവന വിതരണവും സാധ്യമാക്കുന്നതുവഴി സർക്കാരിന്റെ സ്വതന്ത്ര API നയം നടപ്പിലാക്കാൻ സഹായിക്കുന്നു. 

 

പൊതു സേവന കേന്ദ്രങ്ങൾ (CSCs) ഗ്രാമീണ ഇന്ത്യയിലേക്ക്:  

 

ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം നിയന്ത്രിക്കുന്ന പൊതു സേവന കേന്ദ്ര സംരംഭം  ഗ്രാമീണ ഇന്ത്യയിലേക്ക് ഇ-സേവനങ്ങൾ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2024 ഒക്ടോബർ വരെ ഗ്രാമപഞ്ചായത്ത് തലത്തിലെ 4.63 ലക്ഷം ഉൾപ്പെടെ രാജ്യത്തുടനീളം 5.84 ലക്ഷത്തിലധികം CSC-കൾ പ്രവർത്തിക്കുന്നുണ്ട്.

 

സർക്കാരിന്റെ കടലാസ് രഹിത ഭരണനിര്‍വഹണം എന്ന കാഴ്ചപ്പാടിന് അനുസൃതമായി രേഖകൾ നൽകുന്നതിനും പരിശോധിക്കുന്നതിനുമുള്ള  വിപ്ലവകരമായ വേദിയായി ഡിജിലോക്കർ മാറി. 37 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുമായി പൗരന്മാർക്ക് അവരുടെ രേഖകൾ ലഭ്യമാക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള  രീതിയെ  ഡിജിലോക്കർ മാറ്റിമറിച്ചു.

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് സ്‌പ്രെഡ്‌ഷീറ്റുകൾ, ടെക്സ്റ്റ് ഫയലുകൾ തുടങ്ങിയ ഓഫീസ് രേഖകള്‍ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും പങ്കിടാനുമുള്ള ഒരു കേന്ദ്രീകൃത സംവിധാനമാണ് കൊളാബ് ഫയൽസ്. ഇ-ഓഫീസ്, എൻഐസി ഇ-മെയിൽ പോലുള്ള പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  വിവരശേഖര സൂക്ഷിപ്പിനുള്ള സേവനം വാഗ്ദാനം ചെയ്യുന്ന ക്ലൗഡ് അധിഷ്ഠിത, ബഹു-ഉപഭോക്തൃ സംവിധാനമാണ്  ജിഒവി ഡ്രൈവ്. 

 

ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വരാനിരിക്കുന്ന പദ്ധതികൾ: ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തൽ

 

ഉല്പാദന-ബന്ധിത പ്രോത്സാഹന (PLI) പദ്ധതികളിലൂടെ ഇന്ത്യയെ ഒരു ആഗോള അര്‍ധചാലക കേന്ദ്രമാക്കി മാറ്റാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ആഗോള സാങ്കേതിക ഭീമന്മാരുമായി സഹകരണം വളർത്തിയെടുക്കുന്നതിലൂടെയും പ്രാദേശിക സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിലൂടെയും അര്‍ധചാലക വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.  ഇന്ത്യ-എഐ ദൗത്യത്തിന് കീഴിൽ വിപുലമായ കമ്പ്യൂട്ടര്‍ അടിസ്ഥാനസൗകര്യം നിർമിക്കുന്നതിനും  നിര്‍മിതബുദ്ധി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, മറ്റ് പ്രധാന മേഖലകൾ എന്നിവയിൽ എഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഗണ്യമായ തോതില്‍ മാര്‍ഗങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുന്നു.  ആധാർ, യുപിഐ, ഡിജിലോക്കര്‍ തുടങ്ങിയ നിലവിലെ ഡിജിറ്റൽ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നു. സൈബർ ഭീഷണികളെ നേരിടാൻ കരുത്തുറ്റതും പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്  മന്ത്രാലയം നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ ഡിജിറ്റൽ ആസ്തികൾ സംരക്ഷിക്കുന്നതിനും പൗരന്മാർക്കും സംരംഭങ്ങൾക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്. 

 

കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക: https://pib.gov.in/PressReleasePage.aspx?PRID=2088268


(Release ID: 2089566) Visitor Counter : 16