ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര മന്ത്രി ശ്രീ മനോഹർ ലാൽ ഇന്ന് കവരത്തിയിൽ ലക്ഷദ്വീപിലെ ഊർജ, നഗര വികസന മേഖലയുടെ സ്ഥിതി അവലോകനം ചെയ്തു

സൗരോർജ്ജം, കാറ്റ് തുടങ്ങി പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജത്തിൽ നിന്നുള്ള വൈദ്യുതി ഉല്പാദനം വർദ്ധിപ്പിച്ച്, ഡീസൽ അധിഷ്ഠിത ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത കേന്ദ്രമന്ത്രി വ്യക്തമാക്കി

Posted On: 23 DEC 2024 5:16PM by PIB Thiruvananthpuram


ലക്ഷദ്വീപ് : 23 ഡിസംബർ 2024  


 കേന്ദ്ര ഊർജ, ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഇന്ന് കവരത്തിയിൽ ലക്ഷദ്വീപിന്റെ ഊർജമേഖലയുടെ സാഹചര്യം അവലോകനം ചെയ്തു.

  ലക്ഷദ്വീപ്  കേന്ദ്ര ഭരണ പ്രദേശം അഡ്‌മിനിസ്‌ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുത്തു. ലക്ഷദ്വീപ് ഭരണകൂടത്തിലെയും കേന്ദ്രഗവൺമെന്റിലെയും പവർ ഫിനാൻസ് കോർപ്പറേഷനിലെ (PFC)യും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.  

 യോഗത്തിൽ, ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശത്തെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ദ്വീപിലെ വൈദ്യുതി ഉൽപ്പാദനത്തിൻ്റെ സ്ഥിതിയും ഉൽപ്പാദന സ്രോതസ്സും, വൈദ്യുതി വകുപ്പിൻ്റെ പ്രവർത്തനം , വൈദ്യുതിയുടെ ആവശ്യകതയും വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രധാനമന്ത്രി സൂര്യ ഘർ യോജന പദ്ധതിയുടെ പ്രകടന മികവ് , വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ യോഗത്തിൽ പ്രധാനമായും ചർച്ചയായി. ഗ്രൗണ്ട് മൗണ്ടഡ് സൗര പദ്ധതി,നിർദ്ദിഷ്ട ഫ്ലോട്ടിംഗ് സൗരോർജ്ജ വൈദ്യുത പദ്ധതി എന്നിവ സംബന്ധിച്ച തൽ
സ്ഥിതിയും ചർച്ച ചെയ്തു.

 കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അവലോകനത്തിനായി എത്തിയ കേന്ദ്രമന്ത്രിക്ക്,ലക്ഷദ്വീപ് ഭരണകൂടം അഡ്മിനിസ്ട്രേറ്റർ നന്ദി രേഖപ്പെടുത്തുകയും പ്രദേശത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.    

സബ്-മറൈൻ കേബിൾ വഴി ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ അനുമതിയ്ക്കായി അഡ്മിനിസ്ട്രേറ്റർ  അഭ്യർത്ഥിച്ചു. അതിനായി വിശദമായ ശുപാർശകൾ യഥാസമയം സമർപ്പിക്കും. ദ്വീപിലുടനീളം വൈദ്യുതി വിതരണത്തിന്   ഗുണനിലവാരമുള്ള പദ്ധതിയുടെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ആർഡിഎസ്എസിന് കീഴിൽ ലക്ഷദ്വീപിലെ പ്രേഷണ,വിതരണ സംവിധാനങ്ങളുടെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഊർജമേഖലയുടെ സമഗ്ര പുരോഗതിക്കായി ലക്ഷദ്വീപ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  യോഗത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ഊർജ, ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. ലക്ഷദ്വീപിലേക്കുള്ള തൻ്റെ സന്ദർശനം നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പൗരന്മാർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സംരംഭങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

 കാലക്രമേണ വൈദ്യുതി ഉൽപാദനച്ചെലവ് കുറയ്ക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ, സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുല്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളുടെ വിഹിതം വർദ്ധിപ്പിച്ച് ഡീസൽ അധിഷ്ഠിത ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു സ്ഥിര ഗ്രിഡ് സൃഷ്ടിക്കുന്നതിന് സൗരോർജ്ജം,കാറ്റ് എന്നീ ഊർജസ്രോതസ്സുകളെ ബാറ്ററി ഊർജ്ജ സംഭരണ സംവിധാനവുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി . ഊർജ ഉൽപ്പാദനത്തിൻ്റെ ഇതര സ്രോതസ്സുകളുടെ സാധ്യതകൾ തിരിച്ചറിയണമെന്നും കേന്ദ്രമന്ത്രി പരാമർശിച്ചു. കൂടാതെ, വൈദ്യുത വാഹനങ്ങളുടെ (ഇവി) ഉപയോഗം വർധിപ്പിക്കുന്നതിനും സൗരോർജ അധിഷ്ഠിത ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. നിലവിൽ ഡീസൽ ഉപയോഗിച്ച് ഓടുന്ന ബോട്ടുകൾക്കും സമാനമായ പൈലറ്റ് പദ്ധതി ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

 ലക്ഷദ്വീപിലെ അഗത്തി-ബംഗാരം, മിനിക്കോയ്, കദ്മത്ത് തുടങ്ങിയ ഏതാനും ദ്വീപുകൾ ഹരിതവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്രമന്ത്രി ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ആവശ്യമായ പിന്തുണ കേന്ദ്രമന്ത്രാലയം നൽകും.

  കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ തുടർച്ചയായ പിന്തുണയും സഹകരണവും കേന്ദ്ര ഊർജ മന്ത്രി ഉറപ്പുനൽകുകയും ജനങ്ങളുടെ ക്ഷേമത്തിനായി ആശംസകൾ നേരുകയും ചെയ്തു.


(Release ID: 2087480) Visitor Counter : 15