പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 22 DEC 2024 6:38PM by PIB Thiruvananthpuram

കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബാഹുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തി.
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, സാംസ്‌കാരികം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കുടുതല്‍ ശക്തമാക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കി. മറ്റുള്ളവയ്‌ക്കൊപ്പം ഊര്‍ജ്ജം, പ്രതിരോധം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മ, ഭക്ഷ്യപാര്‍ക്കുകള്‍ തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങള്‍ പരിശോധിക്കാന്‍ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും മറ്റ് പങ്കാളികളുമടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം എന്നിവയിലെ സഹകരണവും നേതാക്കള്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ ഒപ്പുവച്ച ജോയിന്റ് കമ്മീഷന്‍ ഫോര്‍ കോ-ഓപ്പറേഷനെ അവര്‍ സ്വാഗതം ചെയ്തു. ആരോഗ്യം, മനുഷ്യശക്തി, ഹൈഡ്രോകാര്‍ബണ്‍ എന്നിവയില്‍ നിലവിലുള്ള ജെ.ഡബ്ല്യു.ജികള്‍ക്ക് പുറമെ ഈ ജെ.സി.സിക്ക് കീഴില്‍ വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികം, കൃഷി, സുരക്ഷ, സാംസ്‌ക്കാരികം എന്നി മേഖലകളില്‍ പുതിയ സംയുക്ത കര്‍മ്മ സമിതികളും രൂപീകരിച്ചിട്ടുണ്ട്.


ചര്‍ച്ചകള്‍ക്ക് ശേഷം ഉഭയകക്ഷി കരാറുകളുടെയും ധാരണാപത്രങ്ങളുടെയും ഒപ്പിടലിനും കൈമാറ്റത്തിനും നേതാക്കള്‍ സാക്ഷ്യം വഹിച്ചു. പ്രതിരോധ സഹകരണത്തിനുള്ള ഒരു ധാരണാപത്രം, ഒരു സാംസ്‌കാരിക വിനിമയ പരിപാടി, കായികമേഖലയിലെ സഹകരണം സംബന്ധിച്ച ഒരു എക്‌സിക്യൂട്ടീവ് പ്രോഗ്രാം, അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ കുവൈറ്റ് ചേരുന്നതിനുള്ള ഒരു ചട്ടക്കൂട് കരാര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കുവൈറ്റ് പ്രധാനമന്ത്രിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.

 

-SK-


(Release ID: 2087122) Visitor Counter : 13