പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

2023-ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പുറത്തിറക്കി

Posted On: 21 DEC 2024 1:06PM by PIB Thiruvananthpuram

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന്  2023-ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR 2023)' പുറത്തിറക്കി. 1987 മുതൽ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (FSI) രണ്ടുവര്‍ഷത്തിലൊരിക്കലാണ് ISFR പുറത്തിറക്കുന്നത്.  വിദൂര ഉപഗ്രഹ വിവരങ്ങളുടെയും മേഖലാധിഷ്ഠിത ദേശീയ ഫോറസ്റ്റ് ഇൻവെന്ററിയുടെയും (NFI) വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കിയാണ് FSI രാജ്യത്തെ വനത്തിന്റെയും വൃക്ഷങ്ങളുടെയും ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തി ISFR-ൽ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2023 ഈ പരമ്പരയിലെ 18-ാമത്തെ റിപ്പോർട്ടാണ്.

വനമേഖല, വൃക്ഷങ്ങളുടെ വ്യാപ്തി, കണ്ടൽക്കാടുകളുടെ വ്യാപ്തി, വനസമ്പത്തിന്റെ വളര്‍ച്ച, വനങ്ങളിലെ കാർബൺ തോത്, കാട്ടുതീ, കാർഷിക വനവൽക്കരണം മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാജ്യത്തെ വനാരോഗ്യത്തിന്റെ വിശദമായ ചിത്രം അവതരിപ്പിക്കുന്നതിനായി വനമേഖലയെയും വനങ്ങളുടെ പ്രധാന സവിശേഷതകളെയും കുറിച്ച്  പ്രത്യേക പ്രമേയാധിഷ്ഠിത വിവരങ്ങൾ ISFR-ൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  നിലവിലെ വിലയിരുത്തൽ പ്രകാരം ആകെ വന-വൃക്ഷ വിസ്തീർണ്ണം 8,27,357 ചതുരശ്ര കിലോമീറ്ററാണ് - ഇത് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 25.17 ശതമാനമാണ്. വനമേഖലയ്ക്ക് ഏകദേശം 7,15,343 ചതുരശ്ര കിലോമീറ്ററും (21.76%) വൃക്ഷങ്ങള്‍ക്ക് 1,12,014 ചതുരശ്ര കിലോമീറ്ററും (3.41%) വിസ്തൃതിയുണ്ട്. 

2021 നെ അപേക്ഷിച്ച് രാജ്യത്തെ ആകെ വന-വൃക്ഷ വിസ്തൃതിയിൽ 1445 ചതുരശ്ര കിലോമീറ്റർ വർധന ഉണ്ടായതിൽ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് എഫ്എസ്ഐ നൽകുന്ന തത്സമയ തീപിടിത്ത മുന്നറിയിപ്പുകളും കാട്ടുതീയുമായി ബന്ധപ്പെട്ട സേവനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

 

പ്രധാന കണ്ടെത്തലുകൾ

 

  • രാജ്യത്തെ വന-വൃക്ഷ വിസ്തൃതി 8,27,357 ചതുരശ്ര കിലോമീറ്ററാണ്.  ഇത് രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 25.17 ശതമാനമാണ്.  ഇതിൽ 7,15,343 ചതുരശ്ര കിലോമീറ്റർ (21.76%) വനപ്രദേശവും 1,12,014 ചതുരശ്ര കിലോമീറ്റർ (3.41%) വൃക്ഷങ്ങളുമാണ്.

  • 2021 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ വന-വൃക്ഷ വിസ്തൃതിയിൽ 1445 ചതുരശ്ര കിലോമീറ്റർ വർധനയുണ്ടായി.   ഇതിൽ വനവിസ്തൃതി 156 ചതുരശ്ര കിലോമീറ്ററും വൃക്ഷ വ്യാപ്തി 1289 ചതുരശ്ര കിലോമീറ്ററുമാണ് വര്‍ധിച്ചത്.  

  • വന - വൃക്ഷ വിസ്തൃതിയിൽ പരമാവധി വർധന കാണിക്കുന്ന നാല് സംസ്ഥാനങ്ങൾ ഛത്തീസ്ഗഢ് (684 ചതുരശ്ര കിലോമീറ്റർ), ഉത്തർപ്രദേശ് (559 ചതുരശ്ര കിലോമീറ്റർ), ഒഡീഷ (559 ചതുരശ്ര കിലോമീറ്റർ), രാജസ്ഥാൻ (394 ചതുരശ്ര കിലോമീറ്റർ) എന്നിവയാണ്.

  • വനവിസ്തൃതിയിൽ പരമാവധി വർധന കാണിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ മിസോറാം (242 ചതുരശ്ര കിലോമീറ്റർ), ഗുജറാത്ത് (180 ചതുരശ്ര കിലോമീറ്റർ), ഒഡീഷ (152 ചതുരശ്ര കിലോമീറ്റർ) എന്നിവയാണ്.

  • വിസ്തൃതി പ്രകാരം ഏറ്റവും കൂടുതൽ വനവും വൃക്ഷങ്ങളുമുള്ള മൂന്ന് സംസ്ഥാനങ്ങൾ മധ്യപ്രദേശ് (85,724 ചതുരശ്ര കിലോമീറ്റർ),  അരുണാചൽ പ്രദേശ് (67,083 ചതുരശ്ര കിലോമീറ്റർ), മഹാരാഷ്ട്ര (65,383 ചതുരശ്ര കിലോമീറ്റർ) എന്നിവയാണ്.

  • വിസ്തൃതി പ്രകാരം ഏറ്റവും കൂടുതൽ വനമേഖലയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ മധ്യപ്രദേശ് (77,073 ചതുരശ്ര കിലോമീറ്റർ),  അരുണാചൽ പ്രദേശ് (65,882 ചതുരശ്ര കിലോമീറ്റർ), ഛത്തീസ്ഗഡ് (55,812 ചതുരശ്ര കിലോമീറ്റർ) എന്നിവയാണ്.

  • ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിലുള്ള ആകെ വനമേഖലയുടെ ശതമാനക്കണക്കിൽ ലക്ഷദ്വീപാണ് (91.33 ശതമാനം) ഏറ്റവും മുന്നില്‍.  മിസോറാം (85.34 ശതമാനം), ആൻഡമാൻ & നിക്കോബാർ ദ്വീപ് (81.62 ശതമാനം) എന്നിവയാണ് തൊട്ടുപിന്നില്‍.

  • 19 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഭൂവിസ്തൃതിയുടെ 33 ശതമാനത്തിലധികം വനമേഖലയുള്ളതായി നിലവിലെ വിലയിരുത്തൽ വ്യക്തമാക്കുന്നു. ഇതിൽ മിസോറാം, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍,  അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മണിപ്പൂർ എന്നീ എട്ട് സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളില്‍‌  75 ശതമാനത്തിലധികം വനവിസ്തൃതിയുണ്ട്. 

  • രാജ്യത്തെ ആകെ കണ്ടൽക്കാടുകളുടെ വിസ്തൃതി 4,992 ചതുരശ്ര കിലോമീറ്ററാണ്.

 

റിപ്പോർട്ട് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(Release ID: 2086946) Visitor Counter : 23