ഘന വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം 2024: ഘന വ്യവസായ മന്ത്രാലയം

Posted On: 19 DEC 2024 12:29PM by PIB Thiruvananthpuram

ഘനവ്യവസായ മന്ത്രാലയത്തിൻ്റെ (MHI) ഈ വർഷത്തെ പ്രധാന സംരംഭങ്ങൾ/നേട്ടങ്ങൾ/പരിപാടികൾ എന്നിവ താഴെ വിവരിക്കുന്നു -

25,938 കോടി രൂപ ബജറ്റ് വിഹിതമുള്ള ഓട്ടോമൊബൈൽ, ഓട്ടോ കംപോണൻ്റ്സ് (വാഹന, ഘടകഭാഗ) വ്യവസായത്തിനുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലൂടെ (The Production Linked Incentive -PLI), അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ടെക്നോളജി (AAT) ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്താനും, നിർമ്മാണച്ചെലവ് മറികടക്കാനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കാനും, ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നു. 15.09.2021-ന് അംഗീകാരം ലഭിക്കുകയും, 2023-24 സാമ്പത്തിക വർഷം മുതൽ 2027-28 സാമ്പത്തിക വർഷം വരെ പ്രാബല്യമുള്ളതുമായ ഈ പദ്ധതി, 2024-25 സാമ്പത്തിക വർഷം മുതൽ 2028-29 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ പ്രോത്സാഹനം ഉറപ്പാക്കുന്നു. വൈദ്യുത വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഘടകഭാഗങ്ങൾ എന്നിവയ്ക്ക് 13%-18% വരെയും മറ്റ്ഘഎ എ റ്റി ഘ ടകഭാഗങ്ങൾക്ക് 8%-13% വരെയും ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. ലഭിച്ച 115 അപേക്ഷകളിൽ 82 എണ്ണവും അംഗീകരിച്ചു. 42,500 കോടി രൂപയുടെ നിക്ഷേപവും, 2,31,500 കോടി രൂപയുടെ അധിക വിൽപ്പനയും, അഞ്ച് വർഷത്തിനിടെ 1.4 ലക്ഷം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ പ്രോത്സാഹന വിതരണത്തിലൂടെ  2024 സെപ്തംബർ വരെ, 20,715 കോടി രൂപയുടെ നിക്ഷേപവും  10,472 കോടി രൂപയുടെ അധിക വിൽപ്പനയും നേടാനായിട്ടുണ്ട്. കുറഞ്ഞത് 50% ആഭ്യന്തര മൂല്യവർദ്ധനവും ആഭ്യന്തര, കയറ്റുമതി വിൽപ്പനകൾക്കുള്ള അർഹതയും പ്രധാന സവിശേഷതകളാണ്.

2019-ൽ ആരംഭിച്ച FAME-II സ്കീം, 11,500 കോടി രൂപ ചെലവിൽ, e-2Ws, e-3Ws, e-4Ws, e-4Ws, e-ബസുകൾ, EV പൊതു ചാർജിംഗ് സ്റ്റേഷനുകൾ (EV  PCS - വൈദ്യുത വാഹനപൊതു ചാർജിംഗ് സ്റ്റേഷനുകൾ) എന്നിവയ്ക്കുള്ള പ്രോത്സാഹനത്തിലൂടെ ഇന്ത്യയിൽ വൈദ്യുത വാഹന ഗതാഗതം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.  2024 ഒക്‌ടോബർ 31 വരെ, സബ്‌സിഡികൾക്കായി ₹6,577 കോടിയും മൂലധന ആസ്തിക്കായി 2,244 കോടി രൂപയും മറ്റ് ചെലവുകൾക്കായി 23 കോടിയും ഉൾപ്പെടെ 8,844 കോടി ചെലവഴിച്ചു. ആകെ 16.15 ലക്ഷം വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം ലഭിച്ചു: 14.27 ലക്ഷം e-2Ws, 1.59 ലക്ഷം e-3Ws, 22,548 e-4Ws, 5,131 e-ബസുകൾ എന്നിവയ്ക്കും 10,985 വൈദ്യുത വാഹനപൊതു ചാർജിംഗ് സ്റ്റേഷനുകൾക്കും സഹായം  അനുവദിച്ചു. വൈദ്യുത വാഹനപൊതു ചാർജിംഗ് സ്റ്റേഷനുകളിൽ 8,812 എണ്ണം നിലവിൽ വന്നു.

2024 സെപ്തംബർ 29-ന് വിജ്ഞാപനം ചെയ്ത പിഎം ഇ-ഡ്രൈവ് സ്കീം, ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുത വാഹന നിർമ്മാണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുമായി, 2024 ഒക്ടോബർ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ, മൊത്തം 10,900 കോടി രൂപ അടങ്കലിൽ നടപ്പിലാക്കുന്നു. 28 ലക്ഷം e-2Ws, e-3Ws, ഇ-ആംബുലൻസുകൾ, ഇ-ട്രക്കുകൾ എന്നിവയ്ക്കുള്ള സബ്‌സിഡികൾക്കായി 3,679 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾക്ക് 14,028 ഇ-ബസുകൾ വാങ്ങുന്നതിന് 4,391 കോടി രൂപ; e-4Ws നായി 22,100 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നതിന് 2,000 കോടി രൂപ; ഇ-ബസുകൾക്ക് 1,800 ഫാസ്റ്റ് ചാർജറുകൾ; e-2Ws/3Ws-നായി 48,400 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നതിന് 2,000 കോടി രൂപ; ടെസ്റ്റിംഗ് ഏജൻസികൾ നവീകരിക്കാൻ 780 കോടി രൂപ; ഇ-ആംബുലൻസുകളും ഇ-ട്രക്കുകളും വിന്യസിക്കാൻ 500 കോടി രൂപ വീതം; ഭരണനിർവ്വഹണ ചെലവുകൾക്കായി 50 കോടി എന്നിങ്ങനെയും അനുവദിച്ചു. 2024 നവംബർ 20 വരെ, പദ്ധതിക്ക് കീഴിൽ 600 കോടി രൂപയുടെ ക്ലെയിമുകൾ സമർപ്പിച്ചു. 332 കോടി രൂപ  വിതരണം ചെയ്തു.

ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ (SMEC) നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി, 2024 മാർച്ച് 15-ന് വിജ്ഞാപനം ചെയ്‌തു. ആഗോള നിക്ഷേപം ആകർഷിക്കാനും ഇന്ത്യയെ വൈദ്യുത വാഹനങ്ങളുടെ (e-4Ws) നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും ആഭ്യന്തര മൂല്യവർദ്ധനവ് (DVA) വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. അംഗീകൃത അപേക്ഷകർ മൂന്ന് വർഷത്തിനുള്ളിൽ കുറഞ്ഞത് 4,150 കോടി  രൂപ (USD 500 ദശലക്ഷം) നിക്ഷേപിക്കേണ്ടതുണ്ട്. ഈ കാലയളവിൽ 25% DVA നേടുകയും അഞ്ച് വർഷത്തിനുള്ളിൽ 50% DVA നേടുകയും വേണം. പ്രതിവർഷം 8,000 വാഹനങ്ങൾ എന്ന് നിജപ്പെടുത്തി കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവോടെയുള്ള പരിമിതമായ  e-4Ws ഇറക്കുമതിക്കും  പദ്ധതി അനുവദിക്കുന്നു. അപേക്ഷകൻ്റെ മൊത്തം തീരുവ ഇളവ് 6,484 കോടി രൂപയോ പ്രസ്തുത തുകയ്ക്കുള്ള നിക്ഷേപ പ്രതിബദ്ധതയോ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. IFCI യെ പ്രോജക്ട് മാനേജ്‌മെൻ്റ് ഏജൻസിയായി (PMA) നിയോഗിച്ചു. ഒപ്പം രണ്ട് സ്‌റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷനുകളും നടത്തി.വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി വരുന്നു. 2025-ൽ തന്നെ വിജ്ഞാപനം ചെയ്യും.

മൊത്തം 3,435.33 കോടി രൂപയുടെ 

 ചെലവിൽ 2024 ഒക്ടോബർ 28-ന് വിജ്ഞാപനം ചെയ്ത പിഎം ഇ-ബസ് സേവ - പേയ്‌മെൻ്റ് സെക്യൂരിറ്റി മെക്കാനിസം (PSM) സ്കീം, ഇ-ബസ് സംഭരണത്തിനും ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (GCC) അല്ലെങ്കിൽ സമാന പ്രവർത്തനങ്ങളിലും പൊതുഗതാഗത അതോറിറ്റികൾ   വീഴ്ച വരുത്തിയാൽ, OEMs/ ഓപ്പറേറ്റർമാർക്ക് പേയ്‌മെൻ്റ് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. 38,000-ലധികം ഇ-ബസുകൾക്ക് 12 വർഷം വരെ പരിരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ, പണമടയ്ക്കാത്ത സാഹചര്യത്തിൽ അത് തിരിച്ചുപിടിക്കാൻ ആർ ബി ഐ   യുമായുള്ള എസ്ക്രോ അക്കൗണ്ട്സ് ആൻഡ് ഡയറക്ട് ഡെബിറ്റ് മാൻഡേറ്റ്‌സ് (DDM) പോലുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച ഫണ്ടുകൾ പൊതുഗതാഗത അതോറിറ്റികൾ 90 ദിവസത്തിനുള്ളിൽ തിരിച്ചടയ്‌ക്കേണ്ടതാണ്. ലേറ്റ് പേയ്‌മെൻ്റ് സർചാർജ് (LPS), MCLR അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകൾ എന്നിവയുൾപ്പെടെയുള്ള പിഴകൾ ബാധകമായിരിക്കും. നിരീക്ഷണത്തിനായി MHI ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുകയും CESL നെ നിർവ്വഹണ ഏജൻസിയായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, പദ്ധതി വിജ്ഞാപനവും  മാർഗ്ഗനിർദ്ദേശങ്ങളും പൊതുഗതാഗത അതോറിറ്റികൾ, സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ള പങ്കാളികളുമായി പങ്കുവച്ചിട്ടുണ്ട്. നടപ്പിലാക്കുന്നതിനുള്ള SOP  അന്തിമമാക്കുന്നതിന് 2024 നവംബർ 21-ന്  ഒരു കൂടിയാലോചന യോഗം ചേർന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇ-ബസ് അവതരണത്തിലൂടെയും റിസ്ക് മാനേജ്മെൻ്റ് പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുസ്ഥിര നഗര ഗതാഗതത്തെ പദ്ധതി പിന്തുണയ്ക്കുന്നു.


 
അഡ്വാൻസ് കെമിസ്ട്രി സെൽ (ACC) ബാറ്ററി സംഭരണ സംവിധാനം ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI Scheme):

അഡ്വാൻസ് കെമിസ്ട്രി സെൽ (ACC) ബാറ്ററി സംഭരണ സംവിധാനം ഇന്ത്യയിൽ നിർമ്മിക്കാനുള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഉത്പാദന ബന്ധിത പ്രോത്സാഹന  (PLI) പദ്ധതി സർക്കാർ അംഗീകരിച്ചു. 7 വർഷത്തേക്ക് 18,100 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ ഇന്ത്യയിൽ മത്സരാധിഷ്ഠിത എ സി സി ബാറ്ററി സജ്ജീകരണങ്ങൾ സ്ഥാപിക്കുന്നതിന് ആഭ്യന്തര, അന്തർദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും തദ്വാരാ രാജ്യത്തിൻറെ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

PLI എ സി സി പദ്ധതിയിലുൾപ്പെടുത്തി  30 GWh എ സി സി  ശേഷിയുള്ള നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കാനുള്ള  പ്രോഗ്രാം കരാറിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഗുണഭോക്തൃ സ്ഥാപനങ്ങൾ ഒപ്പുവച്ചു. സ്ഥാപനങ്ങൾ നടത്തേണ്ട ആകെ  നിക്ഷേപം 14,810 കോടി രൂപയും, ശേഷി 30 GWh ഉം ആണ്. ഈ പദ്ധതി 2024 ഡിസംബർ വരെയുള്ള കാലയളവിൽ പ്രാരംഭാവസ്ഥയിലാണ്. ഗുണഭോക്തൃ സ്ഥാപനങ്ങൾ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിച്ചുവരുന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ ഓല സെൽ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 1 GWh ശേഷിയുള്ള സംവിധാനം നിർമ്മാണ ഘട്ടത്തിലാണ്. ഇതിന്റെ മൊത്തം നിക്ഷേപം 1505 കോടി രൂപ. 31.10.2024 ഗുണഭോക്തൃ കമ്പനികൾ 863 തൊഴിലുകൾ സൃഷ്ടിച്ചു.


ക്യാപിറ്റൽ ഗുഡ്സ് സ്കീമിൻ്റെ നേട്ടങ്ങൾ


1. ക്യാപിറ്റൽ ഗുഡ്‌സ് സ്കീമിന് കീഴിൽ 88% മോട്ടോർ കാര്യക്ഷമതയും 78% പമ്പ് കാര്യക്ഷമതയും ഉള്ള 6 ഇഞ്ച് BLDC സബ്‌മേഴ്‌സിബിൾ പമ്പ് കോയമ്പത്തൂരിലെ സിറ്റാർക്ക് (Sitarc) തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം പമ്പുകളുടെ ഇറക്കുമതി 80% കുറച്ചുകൊണ്ട് ഈ സംരംഭം "ആത്മനിർഭരത"യെ പ്രോത്സാഹിപ്പിക്കുന്നു. യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (UNIDO) പമ്പുകളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഉത്പന്നമായി ഈ നൂതന സംരംഭത്തെ അംഗീകരിച്ചു.

2. 450 ആർപിഎം വരെ നൂലുകൾ നെയ്യാൻ ശേഷിയുള്ള ഹൈ സ്പീഡ് റാപ്പിയർ ലൂം മെഷീൻ CMTI വികസിപ്പിച്ചു. സൂറത്തിലെ ലക്ഷ്മി റാപ്പിയർ ലൂം പ്രൈവറ്റ് ലിമിറ്റഡ് ഈ യന്ത്രത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. ഇറ്റലിയിലെ മിലാനിൽ നടന്ന ITMA 2023-ൽ ഈ മെഷീൻ അവതരിപ്പിച്ചു. പദ്ധതിക്ക് കീഴിൽ ഒരു തദ്ദേശീയ വീവിങ് കൺട്രോളറും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വില 1.2 ലക്ഷം രൂപ. വിദേശ നിർമ്മാതാക്കളിൽ നിന്ന് വാങ്ങിയിരുന്നത് 8.5 ലക്ഷം രൂപയ്ക്ക്.

3. ടൊയോട്ട എഞ്ചിൻ മാനുഫാക്ചറിംഗ് ലൈനിൽ, CMTI-ഇൻഡസ്ട്രിയൽ ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (IIOT) ടെക്നോളജിയിലെ SAMARTH കേന്ദ്രത്തിന് കീഴിൽ, പ്രിവന്റീവ് മെയ്ന്റനൻസിനുള്ള 64 മെഷീനുകൾ സജ്ജമാക്കിക്കിയിട്ടുണ്ട്. വ്യാവസായിക സപ്ലൈ ചെയിൻ മാനേജ്മെൻ്റിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഇത്  സഹായകമാകും .

4.  ഘന വ്യവസായ മന്ത്രാലയത്തിന്റെ    ആഭിമുഖ്യത്തിൽ,പൂനെയിലെ ARAI-ൽ, ഇന്ത്യയിലാദ്യമായി, ബാറ്ററി, ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റം (BMS) ടെസ്റ്റിംഗ് സൗകര്യങ്ങൾ സ്ഥാപിച്ചു. ഇത് വൈദ്യുത വാഹന മേഖലയിൽ സ്വദേശിവത്കരണത്തിന് അവസരമൊരുക്കും.

5. ഇന്ത്യൻ നിർമ്മാണ കമ്പനികൾക്ക് വേണ്ടി സമർപ്പിതമായ ഇൻഡസ്ട്രി 4.0 മെച്യൂരിറ്റി മോഡൽ (I4MM) എന്ന് വിളിക്കപ്പെടുന്ന ഡെവലപ്മെന്റ് ഓഫ് ഇൻഡസ്ട്രി 4.0 മെച്യൂരിറ്റി & റെഡിനസ് അസസ്മെൻ്റ് ടൂൾ സജ്ജമായി. ഈ പ്രോഗ്രാമിന് കീഴിൽ, C4i4 ഒട്ടേറെ നിർമ്മാണ വ്യവസായങ്ങൾക്കായി വിലയിരുത്തൽ നടത്തി.

6. ഇൻഡസ്ട്രി 4.0 ൻ്റെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിനും MSME-കളുടെ ഇൻഡസ്ട്രി 4.0 പ്രയാണത്തിൽ അവരുടെ മെച്യൂരിറ്റി ലെവൽ മനസ്സിലാക്കാൻ സഹായിക്കുന്നതിനുള്ള സ്വയം വിലയിരുത്തൽ ആവശ്യത്തിനുമായി പൂനെയിലെ C4i4 ലാബ് 'സൗജന്യ ഓൺലൈൻ അസസ്‌മെൻ്റ് ടൂൾ' സജ്ജമാക്കി.

7. I-4.0 ഇന്ത്യ @ IISc, ബെംഗളൂരു, 6 സ്മാർട്ട് ടെക്നോളജീസ്, 5 സ്മാർട്ട് ടൂളുകൾ, 14 സൊല്യൂഷനുകൾ ഡിജിറ്റൽ ട്വിൻ, വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ്, പരിശോധന, സുസ്ഥിരത, അഡിറ്റീവ് മാനുഫാക്ചറിംഗ് തുടങ്ങിയവ വികസിപ്പിച്ചു.
 
8. ഇന്ത്യ എംഎസ്എംഇ, എം/എസ് എഎംഎസ്-ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനായി വികസിപ്പിച്ച തദ്ദേശീയ ടെക്നോളജി ആൻഡ് മൊഡ്യൂൾ, മെഷീൻ ടൂൾ കണ്ടീഷൻ മോണിറ്ററിംഗ് എഡ്ജ് ഉപകരണം എന്നിവ സിഎംടിഐ-ബെംഗളൂരു കൈമാറി.

9. ARAI- അഡ്വാൻസ്ഡ് മൊബിലിറ്റി ട്രാൻസ്ഫോർമേഷൻ & ഇന്നൊവേഷൻ ഫൗണ്ടേഷൻ്റെ (AMTIF) ഇൻഡസ്ട്രി ആക്‌സിലറേറ്ററിന് കീഴിൽ ഹൈ വോൾട്ടേജ് മോട്ടോർ കൺട്രോളർ വികസിപ്പിച്ചെടുത്തു. ഇലക്ട്രിക് കാർ DNA ഉപയോഗിച്ച് ഹൈ വോൾട്ടേജ് മോട്ടോർസൈക്കിൾ പുറത്തിറക്കാൻ വ്യവസായ പങ്കാളിയായ റാപ്‌റ്റി എനർജി പ്രൈവറ്റ് ലിമിറ്റഡിനെ പ്രാപ്‌തമാക്കി.

10. എആർഎഐ-അഡ്വാൻസ്‌ഡ് മൊബിലിറ്റി ട്രാൻസ്‌ഫോർമേഷൻ ആൻഡ് ഇന്നവേഷൻ ഫൗണ്ടേഷൻ്റെ (AMTIF) ഇൻഡസ്ട്രി ആക്‌സിലറേറ്ററിന് കീഴിൽ താപ സ്ഥിരതയുള്ള സോഡിയം-അയൺ ബാറ്ററികൾ വികസിപ്പിച്ചെടുത്തു. സോഡിയം-അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിനുള്ള പരീക്ഷണ പ്ലാൻ്റിൻ്റെ ഉദ്ഘാടന വേളയിൽ  വ്യവസായ പങ്കാളിയായ റീചാർജ്ജ് ഓൺ എനർജി പ്രൈവറ്റ് ലിമിറ്റഡ് ഇത് ഉപയോഗിച്ചു.


മറ്റ് സംരംഭങ്ങൾ-

1.  ഘനവ്യവസായ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെയുടെ അധ്യക്ഷതയിൽ 16.01.2024 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ, വാഹന, ഘടകഭാഗ വ്യവസായത്തിനായുള്ള PLI പദ്ധതിയുടെ പ്രധാന സവിശേഷതകൾ വിവരിച്ചുകൊണ്ട് ഘനവ്യവസായ മന്ത്രാലയം PLI-ഓട്ടോ കോൺക്ലേവ് സംഘടിപ്പിച്ചു. ബന്ധപ്പെട്ടവരുമായി കൂടിയാലോചനയും സംഘടിപ്പിച്ചു. PLI ഓട്ടോ കോൺക്ലേവിൽ ഘനവ്യവസായ, വൈദ്യുതിമന്ത്രാലയ  സഹമന്ത്രി ശ്രീ കൃഷൻ പാൽ ഗുർജറും സന്നിഹിതനായിരുന്നു. പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച വാഹനങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു. "ആത്മനിർഭര ഭാരതത്തിന്" വഴിയൊരുക്കുന്ന വാഹന വ്യവസായത്തിൽ സ്വദേശിവത്ക്കരണം ത്വരിതപ്പെടുത്തണമെന്ന് കോൺക്ലേവിൽ മന്ത്രി അഭ്യർത്ഥിച്ചു.

2. 'BHEL ദിന'ത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ നോയിഡയിൽ പുതുതായി നിർമ്മിച്ച 'BHEL സദൻ' ഘനവ്യവസായ സഹമന്ത്രി ശ്രീ കൃഷൻ പാൽ ഗുർജാറിൻ്റെ സാന്നിധ്യത്തിൽ ഘനവ്യവസായ മന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെ ഉദ്ഘാടനം ചെയ്തു.ഘന  വ്യവസായ മന്ത്രാലയം , BHEL എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. തദവസരത്തിൽ, രാജ്യത്തിന് മികച്ച സേവനങ്ങൾ നൽകുന്നതിനായി വൈവിധ്യവൽക്കരണ ശ്രമങ്ങൾ തുടരണമെന്ന് മന്ത്രി BHEL നോട് അഭ്യർത്ഥിച്ചു.

3. 2024 ഫെബ്രുവരി 7-ന് ന്യൂ ഡൽഹിയിലെ പാർലമെൻ്റ് ഹൗസ് അനെക്സിൽ, 'ഘനവ്യവസായ മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി' യോഗത്തിൽ  "ഘന വ്യവസായ മന്ത്രാലയത്തിന്  കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്ക് - നൂതന സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഘനവ്യവസായ മന്ത്രി അധ്യക്ഷത വഹിച്ചു. MHI-യുടെ കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട CPSE-കൾ അതായത് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL), എഞ്ചിനീയറിംഗ് പ്രോജക്ട്സ് (ഇന്ത്യ) ലിമിറ്റഡ് (EPIL) ആൻഡ് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് (IL)  എന്നിവ കമ്മിറ്റിക്ക് മുമ്പാകെ വിശേഷാവതരണങ്ങൾ നടത്തുകയും ബഹുമാനപ്പെട്ട അംഗങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.

4. BHEL-തദ്ദേശീയമായി വികസിപ്പിച്ച PFBG സാങ്കേതികവിദ്യ ഉപയോഗിച്ച് കൽക്കരി ഗ്യാസിഫിക്കേഷൻ പ്രോജക്റ്റ് സംയുക്തമായി സ്ഥാപിക്കുന്നതിന് BHEL - കോൾ ഇന്ത്യ ലിമിറ്റഡ്  (CIL)  സംയുക്ത സംരംഭം (JV)  2024 ഫെബ്രുവരി 28-ന് ഒപ്പുവച്ചു.

5. കേന്ദ്ര ഘനവ്യവസായ മന്ത്രി 2024 മാർച്ച് 4-ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള BHEL-ൻ്റെ നിർമ്മാണ യൂണിറ്റ് സന്ദർശിച്ചു. തദവസരത്തിൽ, 2023 -24 സാമ്പത്തിക വർഷത്തിൽ ലഭിച്ച പുതിയ ഓർഡറുകൾ കണക്കിലെടുത്ത് ഉത്പാദന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രി  ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ വളർച്ചയ്ക്കും മികച്ച രാജ്യസേവനത്തിനുമായി വൈവിധ്യവൽക്കരണ ശ്രമങ്ങൾ തുടരാനും നിർദ്ദേശിച്ചു.

6. 2024 മാർച്ച് 13-ന് കേന്ദ്ര ഘനവ്യവസായ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെയുടെ സാന്നിധ്യത്തിൽ ഘനവ്യവസായ മന്ത്രാലയവും (MHI) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റൂർക്കിയും (ഐഐടി റൂർക്കി) ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ്, വൈദ്യുത വാഹന  (ഇവി) മേഖലകളിൽ നവീകരണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി ഒപ്പുവച്ച ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ട്. MHI യുടെ  (ഏകദേശം 25 കോടിയുടെ) ഇന്ത്യൻ ക്യാപിറ്റൽ ഗുഡ്‌സ് സെക്‌ടർ രണ്ടാം ഘട്ടത്തിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കീഴിൽ ഐഐടി റൂർക്കിയിൽ ഒരു സെൻ്റർ ഓഫ് എക്‌സലൻസും (സിഒഇ) ഒരു ഇൻഡസ്ട്രി ആക്‌സിലറേറ്ററും സൃഷ്‌ടിക്കുന്നതിനുള്ള സംയുക്ത  ധാരണാപത്രം ഒപ്പുവച്ചു.

7. നാഷണൽ ഓട്ടോമോട്ടീവ് ബോർഡിന് കീഴിലുള്ള ടെസ്റ്റിംഗ് ഏജൻസിയായ NATRAX, ഇൻഡോർ (MHI-യുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനം) "ഇന്ത്യൻ ടെസ്റ്റിംഗ് ഏജൻസികളുടെ ആഗോള സാന്നിധ്യം - മുന്നോട്ടുള്ള പാത" എന്ന വിഷയത്തിൽ 2024 ഏപ്രിൽ 27-ന് NATRAX ഇൻഡോറിൽ ഏകദിന കോൺഫറൻസ് സംഘടിപ്പിച്ചു. ടെസ്റ്റിംഗ് ഏജൻസികളുടെ ആഗോള സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളനത്തിൽ മൂന്ന് ധാരണാപത്രങ്ങൾ കൈമാറി. സമ്മേളനത്തിൽ 150 പ്രതിനിധികൾ പങ്കെടുത്തു.

8. കൽക്കരി ഗ്യാസിഫിക്കേഷൻ മുഖേനയുള്ള CO2 ക്യാപ്ചർ തദ്ദേശീയമായി വികസിപ്പിക്കുന്നതിനും ഡി-മീഥൈൽ ഈതറിലേക്ക് (DME) പരിവർത്തനം ചെയ്യുന്നതിനുമായി 2024 ഏപ്രിൽ 19-ന് CSIR-IICT-യുമായി BHEL ധാരണാപത്രം ഒപ്പുവച്ചു.

9. താപേതര മേഖലകളിൽ സ്വന്തം ബിസിനസ്സ് സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി റെയിൽവേ സിഗ്നലിംഗ് ബിസിനസ്സിനായി M/s HIMA Middle East FZE, ദുബായുമായി (HIMA Paul Hildebrandt GmbH, ജർമ്മനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം) 2024 ഏപ്രിൽ 30-ന് BHEL തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടു.

10. ഹൈഡ്രജൻ ഉത്പാദനത്തിനായുള്ള 50 kW ആൽക്കലൈൻ ഇലക്‌ട്രോലൈസർ സിസ്റ്റത്തിനായി 27.05.2024-ന് ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്ററുമായി (BARC) BHEL സാങ്കേതിക കൈമാറ്റ കരാറിൽ ഏർപ്പെട്ടു. MNRE ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കീഴിലുള്ള ഹൈഡ്രജൻ ഇലക്‌ട്രോലൈസർ നിർമ്മാണത്തിൻ്റെ Tranche - II-ൻ്റെ SIGHT പ്രോഗ്രാമിൽ പങ്കെടുക്കാൻ BHEL-നെ ഇത് പ്രാപ്‌തമാക്കും.

11. സിൻ-ഗ്യാസ്, അമോണിയ ആൻഡ് നൈട്രിക് ആസിഡ് എന്നിവ ഉപോത്പന്നങ്ങളായും അമോണിയ നൈട്രേറ്റ് അന്തിമ ഉൽപ്പന്നമായും ലഭിക്കുന്ന കൽക്കരി ഗ്യാസിഫിക്കേഷൻ ബിസിനസിൽ ഏർപ്പെടുകയെന്ന ലക്ഷ്യത്തോടെ 28.05.2024-ന് "ഭാരത് കോൾ ഗ്യാസിഫിക്കേഷൻ ആൻഡ് കെമിക്കൽസ് ലിമിറ്റഡ്" എന്ന പേരിൽ ഒരു സംയുക്ത സംരംഭം (ജെവി) ആരംഭിച്ചു. ജെവി കോൾ ഇന്ത്യ ലിമിറ്റഡിൽ (CIL) CIL ന് 51 ശതമാനവും BHELന് 49 ശതമാനം ഓഹരിയുണ്ട്.

 12. 2024-ലെ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി, MHI-BHEL ൻ്റെ സഹകരണത്തോടെ, 2024 ജൂൺ 2-ന് നോയിഡ പരിസരത്ത് BHEL-ൽ ഒരു യോഗ പരിപാടി സംഘടിപ്പിച്ചു. കേന്ദ്രമന്ത്രി (HI & Steel), ശ്രീ എച്ച്.ഡി. കുമാരസ്വാമി അധ്യക്ഷത വഹിച്ചു. മന്ത്രാലയ സെക്രട്ടറി, BHEL ലെ  മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

13. CPSE-കളുടെ പ്രധാന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള കാര്യക്ഷമത വിലയിരുത്തുന്നതിനും അവയുടെ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തുന്നതിനും ഉള്ള മന്ത്രാലയത്തിൻ്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി, MHI അതിൻ്റെ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ (CPSE) 'വാർഷിക പ്രകടന അവലോകനം' എന്ന വിഷയത്തിൽ വിജ്ഞാൻ ഭവനിൽ 2024 ഓഗസ്റ്റ് 30-ന് കേന്ദ്രമന്ത്രി ശ്രീ എച്ച്.ഡി.കുമാരസ്വാമിയുടെ  (HI & Steel) അധ്യക്ഷതയിൽ ചേർന്നു. CPSE കളുടെ CMD മാർ, ഡയറക്ടർ ബോർഡംഗങ്ങൾ (സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെടെ) തുടങ്ങിയവർ കോൺഫറൻസിൽ പങ്കെടുത്തു.



1. ബജറ്റ് പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ  'ഇ-മൊബിലിറ്റി, ക്യാപിറ്റൽ ഗുഡ്‌സ്, വേ ഫോർവേഡ്' എന്ന തലക്കെട്ടിലുള്ള ഒരു ബജറ്റനന്തര വെബിനാർ, 2024 ഓഗസ്റ്റ് 22-ന്  കേന്ദ്രമന്ത്രിയുടെ (HI & Steel) അധ്യക്ഷതയിൽ നടന്നു.  

2. 2024 ലെ “ഹർ ഘർ തിരംഗ” പരിപാടി MHI യും അനുബന്ധ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളും (CPSEs) / സ്വയംഭരണ സ്ഥാപനങ്ങളും (ABs) ഓഗസ്റ്റ് 13 മുതൽ 15 വരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു.

3. 2024 ഓഗസ്റ്റ് 16 മുതൽ 31 വരെ MHI-യും അനുബന്ധ CPSE-കളും / AB-കളും സ്വച്ഛത പഖ്‌വാഡ 2024 ആചരിച്ചു.

4. ഇ-മൊബിലിറ്റിക്കും പ്രതിരോധ ആപ്ലിക്കേഷനുകൾക്കുമായി 85 KW ആക്സിയൽ ഫ്ലക്സ് പെർമനൻ്റ് മാഗ്നറ്റ് (PM) അടിസ്ഥാനമാക്കിയുള്ള മോട്ടോർ വിജയകരമായി BHEL വികസിപ്പിച്ചെടുത്തു. ഈ സാങ്കേതികവിദ്യ ഗുണാത്മകമായും സംഖ്യാത്മകമായും ഗണ്യമായ നേട്ടം  വാഗ്ദാനം ചെയ്യുന്നു. ഇ-ബസിന് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വിശാഖപട്ടണത്തിലെ നേവൽ ഡോക്ക്‌യാർഡിൽ നാവികസേനയ്ക്കായി  പ്രദർശനവും സംഘടിപ്പിച്ചു.

5. ഹരിയാനയിലെ ഗോരഖ്പൂരിലെ അനു വിദ്യുത് പരിയോജനയുടെ (GHAVP) ആണവ നിലയത്തിന്  സ്റ്റീം ജനറേറ്റർ BHEL വിതരണം ചെയ്തു. BHEL വിതരണം ചെയ്യുന്ന 45-ാമത്തെ സ്റ്റീം ജനറേറ്ററാണ് ഇത്. ഇന്ത്യയിലെ സ്റ്റീം ജനറേറ്റർ നിർമ്മാതാക്കളിൽ ഉന്നത നേട്ടം.

 6. 2024 സെപ്‌റ്റംബർ 18-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ “ഇന്ത്യയുടെ വൈദ്യുത വാഹന ഭൂമിക രൂപാന്തരപ്പെടുത്തുന്നതിൽ FAME’ ൻ്റെ വിജയം: സങ്കല്പത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്” എന്ന പ്രമേയത്തിലൂന്നി  MHI ഒരു പരിപാടി സംഘടിപ്പിച്ചു. കേന്ദ്രമന്ത്രി (HI & സ്റ്റീൽ) ശ്രീ എച്ച്.ഡി. കുമാരസ്വാമി അധ്യക്ഷത വഹിച്ചു. OEM-കളും ഓഹരി ഉടമകളും രാജ്യത്ത് വൈദ്യുത വാഹന സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കുവഹിച്ചവർക്കും FAME-II-ലേക്കുള്ള പങ്കാളിത്തത്തിനും അഭിനന്ദനം.  


1. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള  #എക്_പേഡ്_മാം_കേ_നാം, ശുചിത്വത്തിനായുള്ള  'സ്വച്ഛതാ ഹി സേവ' പ്രചാരണങ്ങളുടെ ഭാഗമായി, സെപ്തംബർ 21 ന് അസമിലെ ബൊക്കാജാനിലെ സിമൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റെസിഡൻഷ്യൽ ടൗൺഷിപ്പിൽ കേന്ദ്രമന്ത്രിയുടെ (HI & Steel)  നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. MHI, അനുബന്ധ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങൾ (CPSEകൾ) / സ്വയംഭരണ സ്ഥാപനങ്ങൾ (ABs) തുടങ്ങിയവ ചേർന്ന് 2024 സെപ്റ്റംബർ വരെ രാജ്യത്തുടനീളം തൊണ്ണൂറ്റി അയ്യായിരത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 'സ്വച്ഛത ഹി സേവയുടെ' കീഴിൽ 333-ലധികം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വൃത്തിയുള്ള, ആരോഗ്യകരമായ ഇടങ്ങളിലെ കറുത്ത പാടുകൾ  എന്ന് വിശേഷിപ്പിക്കപ്പെടുന്ന, അവഗണിക്കപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലങ്ങളെ രൂപാന്തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 63-ലധികം ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകൾ (CTU)  ഏറ്റെടുക്കുത്തു.

2. ബെംഗളൂരുവിൽ EPC അടിസ്ഥാനത്തിൽ BHEL നടപ്പിലാക്കിയ ‘370 മെഗാവാട്ട് യെലഹങ്ക കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ്’ 2024 സെപ്റ്റംബർ 24ന് കർണാടക മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

3. CMD, BHEL, 2023-24 വർഷത്തെ ലാഭവിഹിതമായി 55 കോടി രൂപയുടെ ചെക്ക് 2024 സെപ്തംബർ 18-ന് കേന്ദ്രമന്ത്രിക്ക്  (HI & Steel) കൈമാറി.

4. 2024 ഒക്‌ടോബർ 1-ന് ന്യൂ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ എംഎച്ച്ഐ പിഎം ഇ-ഡ്രൈവ് പദ്ധതിയ്ക്ക് തുടക്കമിട്ടു. കേന്ദ്രമന്ത്രി (HI & Steel), ശ്രീ എച്ച്. ഡി. കുമാരസ്വാമി, സഹമന്ത്രി (HI & Steel) ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. മുതിർന്ന ഉദ്യോഗസ്ഥരുടെയും വാഹന വ്യവസായത്തിലെ പ്രമുഖരും സന്നിഹിതരായിരുന്നു.

5. MHI 2024 ഒക്ടോബർ 2 മുതൽ 2024 ഒക്ടോബർ 31 വരെ സ്വച്ഛത സ്‌പെഷ്യൽ  കാമ്പെയ്ൻ 4.0 വിജയകരമായി പൂർത്തിയാക്കി. മന്ത്രാലയത്തിനുള്ളിലും അനുബന്ധ പൊതുമേഖലാ സ്ഥാപനങ്ങളിലും (CPSEകൾ) / സ്വയംഭരണ സ്ഥാപനങ്ങളിലും (ABs) ശുചിത്വ ഉത്സവം ആഘോഷിച്ചു. ആക്രി വില്പനയിലൂടെ 6.95 കോടി രൂപ (ഏകദേശം) വരുമാനം നേടുകയും 31.64 ലക്ഷം ചതുരശ്ര അടി (ഏകദേശം) സ്ഥലം പ്രയോജനപ്രദമാക്കുകയും ചെയ്‌തു. പുതിയ ഓഫീസ് ഏരിയ, മീറ്റിംഗ് ഹാളുകൾ, ലൈബ്രറികൾ തുടങ്ങിയവയുടെ നിർമ്മാണത്തിലേക്ക് ഇത് നയിച്ചു. 42,399 ഭൗതിക ഫയലുകളും 5,792 ഡിജിറ്റൽ ഫയലുകളും അവലോകനം ചെയ്തു. പ്രചാരണ വേളയിൽ 13,279 ഫിസിക്കൽ ഫയലുകൾ നീക്കം ചെയ്യുകയും 6,043 ഡിജിറ്റൽ ഫയലുകൾ തീരുമാനമാക്കുകയും ചെയ്തു.

6. NITI ആയോഗിൻ്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 17-18 തീയതികളിൽ ന്യൂഡൽഹിയിലെ മനേക്ഷാ സെൻ്ററിൽ നടന്ന അന്താരാഷ്ട്ര മെഥനോൾ സെമിനാറിൽ BHEL പങ്കെടുത്തു. കൽക്കരി ഗ്യാസിഫിക്കേഷൻ, കൽക്കരി-രാസവസ്തുക്കളുടെ പരിവർത്തനം എന്നിവയിലെ അത്യാധുനിക സാങ്കേതികവിദ്യകൾ കമ്പനി പ്രദർശിപ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത  മന്ത്രി BHEL  പവലിയൻ സന്ദർശിക്കുകയും 2070-ഓടെ പൂജ്യം കാർബൺ ബഹിർഗമനം കൈവരിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

 7. MHI, BHEL ന്റെ ആഭിമുഖ്യത്തിൽ 'BHEL SAMVAAD 4.0' സംഘടിപ്പിച്ചു - ''നവീകരണത്തിലൂടെയും സഹകരണത്തിലൂടെയും സ്വാശ്രയത്വം ശക്തിപ്പെടുത്തുക' എന്ന പ്രമേയത്തിലൂന്നിയായിരുന്നു നാലാം പതിപ്പ്. 2024 നവംബർ 25-ന് ഭാരത് മണ്ഡപത്തിൽ ആഭ്യന്തര ബിസിനസ് പങ്കാളികൾ, വ്യവസായ അസോസിയേഷനുകൾ, അക്കാദമിക സമൂഹം, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, CPSEകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി സംവാദം പ്രോത്സാഹിപ്പിക്കുന്ന പരിപാടി കേന്ദ്രമന്ത്രി (HI & സ്റ്റീൽ), ശ്രീ എച്ച്.ഡി. കുമാരസ്വാമി ഉദ്ഘാടനം ചെയ്തു.  MHI, BHEL എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.  MHI യുടെ ഹിന്ദി മാസികയായ ‘ഉദ്യോഗ് ഭാരതി’, BHEL ൻ്റെ എഞ്ചിനീയറിംഗ് സംക്ഷിപ്തം- ‘ഇന്നവേഷൻ ടു ആത്മ നിർഭരത’ എന്നിവ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. തുടർന്ന് ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിനായി സംഭാവന നൽകിയവരെ ആദരിച്ചു.

8. ഇന്ത്യ-ജപ്പാൻ വ്യാവസായിക പങ്കാളിത്തത്തിന് (IJICP) കീഴിൽ 2024 നവംബർ 6 ന് ന്യൂഡൽഹിയിൽ ഓട്ടോമോട്ടീവ് സംബന്ധമായ രണ്ടാമത് ഇന്ത്യ-ജപ്പാൻ സംയുക്ത കർമ്മസമിതി (JWG) യോഗം നടന്നു. ജാപ്പനീസ് പ്രതിനിധി സംഘവും ഇന്ത്യൻ വ്യവസായ അസോസിയേഷനുകളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹൈബ്രിഡ് വാഹന പ്രോത്സാഹനം, ഓട്ടോമോട്ടീവ് റീസൈക്ലിംഗ്, ADAS, സൈബർ സുരക്ഷ, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. വാഹന നിർമ്മാണ മേഖലയിലെ ബന്ധം ശക്തമാക്കാൻ യോഗം ലക്ഷ്യമിടുന്നു.

 9. ഇന്ത്യൻ നാവിക കപ്പലുകൾക്കായുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം (EPS) രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സഹകരണത്തിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും  ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും നവംബർ 24 ന് ഒരു സ്റ്റേറ്റ്മെൻ്റ് ഓഫ് ഇൻ്റൻ്റ് (SOI) ഒപ്പുവച്ചു. SOI ഒപ്പിട്ടതിന് പിന്നാലെ BHEL- GE പവർ കൺവേർഷൻ ധാരണാപത്രം 2026 ഏപ്രിൽ വരെ നീട്ടി.


(Release ID: 2086681)