രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി സെക്കന്തരാബാദിലെ കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റിനു പ്രെസിഡന്റ്റ്സ് കളർ സമ്മാനിച്ചു
Posted On:
20 DEC 2024 1:54PM by PIB Thiruvananthpuram
ന്യൂഡൽഹി : 20 ഡിസംബർ 2024
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു സെക്കന്തരാബാദിലെ കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റിനു ഇന്ന് പ്രെസിഡന്റ്റ്സ് കളർ (COLOURS) സമ്മാനിച്ചു.
നയതന്ത്ര, സൈനിക പങ്കാളിത്തം ശക്തിപ്പെടുത്താനും പ്രതിരോധ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇന്ത്യയുടെ വര്‍ധിച്ച പ്രതിരോധ നിർവ്വഹണ ശേഷി സഹായിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ആഗോള സുരക്ഷാ വേദികളില്‍ സജീവമായി ഇടപെടാനും ഇത് ഇന്ത്യയെ സഹായിക്കും.
സാങ്കേതികവിദ്യയിലെ പുരോഗതി രാജ്യസുരക്ഷയെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളും പുതിയ തന്ത്രപരമായ പങ്കാളിത്തവും മൂലം യുദ്ധത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളും രീതികളും വെല്ലുവിളിക്കപ്പെടുകയാണ്. നവീന സാങ്കേതികവിദ്യകള്‍ക്കും നിര്‍മ്മിതബുദ്ധിക്കും ഇന്ത്യ മുന്തിയ പരിഗണന നല്‍കുകയും ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളില്‍, മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും ആഗോള മത്സരക്ഷമതയ്ക്കും വേണ്ടി അവ ഉപയോഗിക്കുകയും ചെയ്യുന്നു. നിര്‍മ്മിതബുദ്ധി, ഡ്രോണുകള്‍, സൈബര്‍ യുദ്ധരീതി, ബഹിരാകാശ പ്രതിരോധ സാങ്കേതിക എന്നിവ ഉള്‍പ്പടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതും പരമ്പരാഗത ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതും പോലുള്ള കാര്യങ്ങളില്‍ സമഗ്രമായ സമീപനമാണ് നാം സ്വീകരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക പുരോഗതികളും മാറുന്ന പ്രവര്‍ത്തന രീതികളും നമ്മുടെ സായുധസേനാംഗങ്ങള്‍ സ്വായത്തമാക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഗ്രേ സോണ്‍ യുദ്ധത്തിന്റെയും ഹൈബ്രിഡ് യുദ്ധത്തിന്റെയും ഈ കാലഘട്ടത്തില്‍ കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ് പോലുള്ള സ്ഥാപനങ്ങള്‍ക്കു ഒരു സുപ്രധാന പങ്ക് വഹിക്കാനുണ്ട്. കാലത്തിനനുസരിച്ച് നിരന്തരം മാറണമെന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളില്‍ മികവിനായി പരിശ്രമിക്കണമെന്നും അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ബഹുമുഖ സാമ്പത്തിക, സൈനിക ചട്ടക്കൂടുകളിലൂടെയും ഇടപെടലുകളിലൂടെയും പ്രാദേശിക, ആഗോള പ്രതിരോധ ചര്‍ച്ചകളില്‍ ഇന്ത്യയുടെ സ്വാധീനം ഗണ്യമായി വര്‍ധിച്ചതായി രാഷ്ട്രപതി പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ശേഷി അതിന്റെ ശക്തിയും ദീര്‍ഘവീക്ഷണവും പ്രതിഫലിപ്പിക്കുന്നു. സ്വാശ്രയത്വം, സാങ്കേതിക പുരോഗതി, തന്ത്രപരമായ സഹകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ സംഭാവന നല്‍കുകയും ചെയ്യുന്നു.
SKY
(Release ID: 2086465)
Visitor Counter : 25