ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

വര്‍ഷാന്ത്യ അവലോകനം 2024: മൃഗസംരക്ഷണ ക്ഷീരോത്പാദന വകുപ്പ്

Posted On: 19 DEC 2024 4:31PM by PIB Thiruvananthpuram
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോത്പാദന മന്ത്രാലയത്തിനു കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരോത്പാദന വകുപ്പിന്റെ പ്രധാന സംരംഭങ്ങളുടെയും നേട്ടങ്ങളുടെയും ഒരു ലഘുവിവരണം ചുവടെ.

1. ഈ മേഖലയിലെ വളര്‍ച്ച

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു പ്രധാന കൃഷി അനുബന്ധമേഖലയാണ് കന്നുകാലി വളര്‍ത്തല്‍. ഈ മേഖല 2014-15 മുതല്‍ 2022-23 വരെ 12.99 % ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) കൈവരിച്ചു. മൊത്തം കൃഷിയിലും അനുബന്ധ മേഖലയിലും കന്നുകാലികളുടെ സംഭാവന 2014-15ല്‍ മൊത്തം മൂല്യ വര്‍ദ്ധനയുടെ (GVA) 24.38 % ആയിരുന്നത് 2022-23ല്‍ 30.23%  (നിലവിലെ വിലയില്‍) ആയി ഉയര്‍ന്നു. 2022-23ല്‍ മൊത്തം ജിവിഎയുടെ 5.50% കന്നുകാലി മേഖലയില്‍ നിന്നുള്ള സംഭാവനയായിരുന്നു (നിലവിലെ വിലയില്‍).

ആഗോള പാല്‍ ഉത്പാദനത്തിന്റെ 24.76% സംഭാവന ചെയ്യുന്ന ഇന്ത്യ പാല്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്താണ്. 2014-15 ലെ പാല്‍ ഉത്പാദനം 146.31 ദശലക്ഷം ടണ്ണായിരുന്നത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ  5.62 % ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ (CAGR)  2023-24ല്‍ 239.30 ദശലക്ഷം ടണ്ണായി. 2022നെ അപേക്ഷിച്ച് 2023 ല്‍ (Est.) ലോക പാല്‍ ഉത്പാദനം 1.50 % വര്‍ദ്ധിച്ചു (ഫുഡ് ഔട്ട്‌ലുക്ക് 2024). ഇന്ത്യയില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 2023-24ല്‍ പ്രതിദിനം 471 ഗ്രാം ആണെങ്കില്‍ ആഗോള ശരാശരി 2023ല്‍ (e-st.) പ്രതിദിനം 329 ഗ്രാം ആണ് (ഫുഡ് ഔട്ട്‌ലുക്ക് നവംബർ  2024).


ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കോര്‍പ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാബേസ് (FAOSTAT) പ്രൊഡക്ഷന്‍ ഡാറ്റ (2022) അനുസരിച്ച്, മുട്ട ഉല്‍പാദനത്തില്‍ ഇന്ത്യ ലോകത്തില്‍ 2-ാം സ്ഥാനത്തും മാംസ ഉല്‍പാദനത്തില്‍ 5-ാം സ്ഥാനത്തുമാണ്. രാജ്യത്തെ മുട്ട ഉത്പാദനം 2014-15ല്‍ 78.48 ബില്യണില്‍ നിന്ന് 2023-24ല്‍ 142.77 ബില്യണായി ഉയര്‍ന്നു.

മൃഗസംരക്ഷണ, ക്ഷീരവികസന പദ്ധതികള്‍

2. നാടന്‍ ഇനങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും കന്നുകാലികളുടെ ജനിതക നവീകരണത്തിനും ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ ആരംഭിച്ചത്. 2024ല്‍ കന്നുകാലികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതിക്കു കീഴില്‍ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

തദ്ദേശീയമായി വികസിപ്പിച്ച  ബീജോത്പാദന സാങ്കേതിക വിദ്യയ്ക്ക് (sex sorted semen production technology) ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 5.10.2024 ല്‍ തുടക്കം കുറിച്ചു.  90% കൃത്യതയോടെ പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കുകയും അതുവഴി ഗുണമേന്മ വര്‍ദ്ധിപ്പിച്ച് കര്‍ഷകരുടെ വരുമാന വര്‍ദ്ധനയാണ് ന്യായമായ നിരക്കില്‍ ലഭ്യമായ ഈ  ബീജോത്പാദന സാങ്കേതിക വിദ്യയുടെ ലക്ഷ്യം.

ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷനുള്ള തദ്ദേശീയ മാധ്യമം (IVF), 2024  സെപ്റ്റംബര്‍ 13ന് ഭുവനേശ്വറില്‍ തുടങ്ങി. നാടന്‍ ഇനത്തില്‍പ്പെട്ട മുന്തിയ ഇനം കന്നുകാലികളുടെ പ്രജനനത്തിനുപയോഗിക്കുന്ന ഇറക്കുമതി ചെയ്ത വിലകൂടി മാധ്യമങ്ങള്‍ക്കു ബദലാണ് ചെലവു കുറഞ്ഞ തദ്ദേശീയ രീതി .

കന്നുകാലികള്‍ക്കുള്ള സാധാരണ ജനിതക ചിപ്പ് ഗൗ ചിപ്പും എരുമകള്‍ക്ക് മഹിഷ് ചിപ്പും 5.10.2024 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുറത്തിറക്കി;ഈ സംരംഭങ്ങളെല്ലാം രാജ്യത്തെ പശുക്കളുടെ ജനിതക നവീകരണത്തിനു പുതിയ മാനം നല്‍കും.

കന്നുകാലി, ക്ഷീര വികസന മേഖലയില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ദേശീയ അവാര്‍ഡുകളില്‍ ഒന്നാണ് ദേശീയ ഗോപാല്‍ രത്‌ന അവാര്‍ഡുകള്‍. ഈ വര്‍ഷം മുതല്‍, വടക്കു കിഴക്കന്‍ മേഖലയിലെ (NER) സംസ്ഥാനങ്ങള്‍ക്ക് എല്ലാ മൂന്നു വിഭാഗങ്ങളിലുമായി പ്രത്യേക അവാര്‍ഡ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2024 നവംബര്‍ 26ന് ദേശീയ ക്ഷീരദിനത്തിന്റെ തലേന്ന് ന്യൂഡല്‍ഹിയില്‍ 15 അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.

3. പാലിന്റെയും പാല്‍ ഉത്പ്പന്നങ്ങളുടെയും ഗുണനിലവാരം  പാല്‍ സംഭരണം, സംസ്‌കരണം, മൂല്യ വര്‍ദ്ധന, വിപണനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ക്ഷീര വികസന പരിപാടി (NPDD) വകുപ്പ്  നടപ്പാക്കി വരുന്നു. 19,010 ക്ഷീര സംഘങ്ങള്‍ സൃഷ്ടിക്കുന്നതിന്/ പുനരുജ്ജീവിപ്പിക്കുന്നതിനും ക്ഷീര സംഘങ്ങളിലേക്ക് 18.17 ലക്ഷം കര്‍ഷകരെ പുതുതായി അംഗങ്ങളായി ചേര്‍ക്കുന്നതിനും പ്രതിദിന പാല്‍ സംസ്‌കരണ ശേഷി 27.93 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വഴി സാധിച്ചു.

സംഘടിത വിപണിയിലേക്കുള്ള കര്‍ഷകരുടെ പ്രവേശനം വര്‍ദ്ധിപ്പിക്കുക, ക്ഷീര സംസ്‌കരണ സൗകര്യങ്ങളും അടിസ്ഥാന വിപണന സൗകര്യങ്ങളും നവീകരിക്കുക, ഉത്പാദകരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നിവയിലൂടെ പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതില്‍ മൃഗസംരക്ഷണ, ക്ഷീരോത്പാദന വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 1343.00 കോടിയുടെ 35 പദ്ധതികള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 10,000 പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ (DCs) സൃഷ്ടിക്കുകയും ഏകദേശം 1.5 ലക്ഷം കര്‍ഷകരെ അംഗങ്ങളായി ചേര്‍ക്കുകയും പ്രതിദിനം 14.20 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും ചെയ്യും. ഡയറി പ്രോസസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടിനു (DIDF) കീഴില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നായി 6777 കോടി രൂപ ചെലവു വരുന്ന 37 പദ്ധതികള്‍ക്ക്  അനുവാദം നല്‍കുകയും ഇതുവരെ, പ്രതിദിനം 73.95  ലക്ഷം ലിറ്റര്‍ പാല്‍സംസ്‌കരണ ശേഷി കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

4. ദേശീയ ലൈവ്‌സ്റ്റോക്ക് മിഷന്‍: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരഭകത്വ വികസനത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതി,  മൃഗങ്ങളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അങ്ങനെ മാംസം, ആട്ടിന്‍പാല്‍, മുട്ട, കമ്പിളി എന്നിവയുടെ ഉത്പാദന വര്‍ദ്ധനയും ലക്ഷ്യമിടുന്നു.

ഒട്ടകം, കുതിര, കഴുത, കോവര്‍കഴുത എന്നിവയുടെ വികസനത്തിനുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് 21.02.2024 മുതല്‍ പദ്ധതിയില്‍ ഭേദഗതി വരുത്തി. വ്യക്തിഗത, FPO, SHG, JLG, FCO, സെക്ഷന്‍ 8 കമ്പനികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിലൂടെ ബ്രീഡര്‍ ഫാമുകള്‍ സ്ഥാപിക്കുന്നതിനായി ഈ മൃഗങ്ങളെ ഇതാദ്യമായി ഉള്‍പ്പെടുത്തി. പച്ചപ്പുല്ലിന്റെ ലഭ്യത നിറവേറ്റുന്നതിനായി സാധാരണ മേച്ചില്‍പ്പുറങ്ങള്‍, നാശോന്മുഖ വനഭൂമി, തരിശുഭൂമി, വനഭൂമി എന്നിവിടങ്ങളില്‍ കാലിത്തീറ്റ ഉത്പാദനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കൂടുതല്‍ സ്ഥലങ്ങളിലേക്കു തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കാന്‍ ഇതു സഹായിക്കും. കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഒരു ഗുണഭോക്താവു നല്‍കേണ്ട പ്രീമിയം തുക 15% ആയി കുറച്ചു, നേരത്തെ അത് വിവിധ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ 20 % ശതമാനം മുതല്‍ 50% വരെയായിരുന്നു. ഇപ്പോള്‍ ഗുണഭോക്താവിന് പ്രീമിയം തുകയും 15% മാത്രം നല്‍കിക്കൊണ്ട് അവരുടെ മൃഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാം, ബാക്കി പ്രീമിയം തുക 60:40 എന്ന അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും വഹിക്കും. വടക്കു-കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ അനുപാതം 90:10 ആണ്, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് 100% വും കേന്ദ്രവിഹിതമാണ്. കൂടാതെ, ഒരു ഗുണഭോക്താവ് ഇന്‍ഷുര്‍ ചെയ്യേണ്ട മൃഗങ്ങളുടെ എണ്ണം 5 കന്നുകാലി യൂണിറ്റില്‍ (1 കന്നുകാലി യൂണിറ്റ് = ഒരു വലിയ മൃഗം അല്ലെങ്കില്‍ 10 ചെറിയ മൃഗം) നിന്ന് 10 കന്നുകാലി യൂണിറ്റായി ഉയര്‍ത്തി. ഇപ്പോള്‍ ഒരു ഗുണഭോക്താവിന് 100 ചെറിയ മൃഗങ്ങള്‍ക്കും 10 വലിയ മൃഗങ്ങള്‍ക്കും ഇന്‍ഷുര്‍ ചെയ്യാം. എന്നിരുന്നാലും, പന്നിക്കും മുയലിനും മൃഗങ്ങളുടെ എണ്ണം 5 കന്നുകാലി യൂണിറ്റ് ആയിരിക്കും. നിലവില്‍, ഇന്‍ഷുറന്‍സ് ശതമാനം 0.98% മാത്രമാണ്, രാജ്യത്തെ മൊത്തം മൃഗങ്ങളുടെ 5% ന് പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നു.


സാമ്പത്തിക പുരോഗതി: 2024-25 വര്‍ഷത്തില്‍ 324 കോടി രൂപ അനുവദിച്ചതില്‍ 190 കോടി രൂപ ഇതുവരെ വിനിയോഗിച്ചു. ഇതുവരെ 2858 അപേക്ഷകള്‍ ഡിഎഎച്ച്ഡി അംഗീകരിക്കുകയും 1168 ഗുണഭോക്താക്കള്‍ക്കായി 235.30 കോടി രൂപ സബ്സിഡിയായി അനുവദിക്കുകയും ചെയ്തു.

5. മൃഗസംരക്ഷണ അടിസ്ഥാന വികസന ഫണ്ട് (AHIDF): വ്യക്തിഗത സംരഭകര്‍, സ്വകാര്യ കമ്പനികള്‍, എംഎസ്എംഇ, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ (FPOs), സെക്ഷന്‍ 8 കമ്പനികള്‍ എന്നിവയ്ക്ക് (i) ഡയറി സംസ്‌കരണവും മൂല്യവര്‍ദ്ധിത അടിസ്ഥാന സൗകര്യങ്ങളും, (ii) മാംസ സംസ്‌കരണവും മൂല്യ വര്‍ദ്ധിത അടിസ്ഥാന സൗകര്യങ്ങളും (iii) കാലിത്തീറ്റ ഫാക്ടറി, (iv) ബ്രീഡ് ഇംപ്രൂവ്‌മെന്റ് ടെക്‌നോളജിയും ബ്രീഡ് മള്‍ട്ടിപ്ലിക്കേഷന്‍ ഫാമുകള്‍ (v) വെറ്ററിനറി മരുന്നുകളും വാക്‌സിന്‍ അടിസ്ഥാന സൗകര്യങ്ങളും (vi) മാലിന്യ സംസ്‌കരണത്തിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന സംരഭങ്ങള്‍ ആരംഭിക്കുന്നതിനു നിക്ഷേപ പ്രോത്സാഹനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദധതി കാലാവധി 2023-24 വരെ ആയിരുന്നത് 2025-26 വരെ ദീര്‍ഘിപ്പിച്ചു.  01.02.2024-ന് പദ്ധതിയില്‍ മാറ്റം വരുത്തിയതനുസരിച്ച് ക്ഷീര സഹകരണ സംഘങ്ങളെയും പദ്ധതിക്കു കീഴിലുള്ള ആനുകൂല്യം ലഭിക്കുന്നതിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഡയറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (ഡിഐഡിഎഫ്) എഎച്ച്‌ഐഡിഎഫില്‍ ഉള്‍പ്പെടുത്തി, പുതുക്കിയ അടങ്കല്‍ ഇപ്പോള്‍ 29, 610 കോടി രൂപയാണ്. സ്‌കീമിന് കീഴില്‍ 3% പലിശ സബ്സിഡി നല്‍കുന്നു കൂടാതെ ഒരു ഗുണഭോക്താവിന് എടുക്കാവുന്ന ക്രെഡിറ്റിന്റെ ലഭ്യതയ്ക്ക് പരിധിയില്ല.  MSME യ്ക്ക് EBLR ഉം 200 ബേസിസ് പോയിന്റുകളുമാണ് പലിശ നിരക്ക്. പദ്ധതി പ്രകാരം 270 കോടി രൂപ സംയോജിത എഎച്ച്‌ഐഡിഎഫ് പദ്ധതിക്കായി അനുവദിച്ചതില്‍ 231.79 കോടി രൂപ വിനിയോഗിച്ചു. ഇതുവരെ 486 അംഗീകൃത പദ്ധതികളിലായി 13306.50 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ മൂലം, പാല്‍, മാംസം, മൃഗങ്ങളുടെ തീറ്റ എന്നിവയുടെ സംസ്്കരണ ശേഷിയില്‍ 2-4% വര്‍ദ്ധനയുണ്ടായി.

6. കന്നുകാലികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ നേരിടാനും മൃഗങ്ങളുടെ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും  ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ഡിസീസ് കണ്‍ട്രോള്‍ പദ്ധതി (LH-DCP) നടപ്പാക്കി വരുന്നു. ഈ സംരംഭം കന്നുകാലികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് കാലിവളര്‍ത്തല്‍ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവരുടെ. പദ്ധതിക്കു കീഴില്‍ കൈവരിച്ച നേട്ടങ്ങള്‍ ചുവടെ:

6.1 ദേശീയ ജന്തു രോഗ നിയന്ത്രണ പരിപാടി (NADCP): 2019ല്‍ ആരംഭിച്ച ഈ പരിപാടി, 2030 ഓടെ എഫ്എംഡി, ബ്രൂസെല്ലോസിസ് എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ആഗോളതലത്തില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാണിത്. കന്നുകാലികളിലും എരുമകളിലും കുളമ്പു രോഗം നിയന്ത്രിക്കുന്നതിന് 99.71 കോടി പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയിട്ടുണ്ട്, 7.18 കോടി കര്‍ഷകര്‍ക്ക് ഇതുവരെ പ്രയോജനം ലഭിച്ചു. ആടുകളെ ബാധിക്കുന്ന പ്ലേഗ് (പെസ്റ്റെ ഡെസ് പെറ്റിറ്റ്സ് റുമിനന്റ്സ് -പിപിആര്‍), പക്ഷിപ്പിനി (ക്ലാസിക്കല്‍ സൈ്വന്‍ ഫീവര്‍ -സിഎസ്എഫ്) തുടങ്ങിയ മറ്റ് രോഗങ്ങള്‍ക്കുള്ള വാക്സിനേഷന്‍ കാമ്പെയ്നുകളും ദശലക്ഷക്കണക്കിന് വാക്സിനേഷനുകള്‍ പൂര്‍ത്തിയാക്കി ഗണ്യമായ പുരോഗതി കൈവരിച്ചു. 2024-ല്‍ ചെമ്മരിയാടുകളെയും  ആടുകളെയും ഉള്‍പ്പെടുത്തുന്നതിനായി എഫ്എംഡി വാക്്‌സിനേഷന്‍ കവറേജ് വിപുലീകരിച്ചു.


6.2 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ (MVUs): 4016 MVU-കള്‍ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തനക്ഷമമാക്കി, 1962 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി കര്‍ഷകരുടെ വീട്ടുപടിക്കല്‍ വെറ്ററിനറി സേവനങ്ങള്‍ ലഭ്യമാക്കുന്നു. 62.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്കും 131.05 ലക്ഷം മൃഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. MVUകള്‍ ഉല്‍പ്പാദനക്ഷമമായ ക്ഷീര മൃഗങ്ങളെ വളര്‍ത്തുന്നതില്‍ കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ക്ഷീര കൃഷിയെ വാണിജ്യപരമായി ലാഭകരമായ ഒരു സംരംഭമാക്കി മാറ്റുകയും ചെയ്യുന്നു.

6.3 ജന്തുജന്യ രോഗ നിയന്ത്രണങ്ങള്‍ക്കു സംസ്ഥാനങ്ങള്‍ക്കുള്ള സഹായം (ASCAD): ചര്‍മ്മ മുഴ രോഗം (ലംപി സ്‌കിന്‍ ഡിസീസ് -എല്‍എസ്ഡി) പോലുള്ള സാമ്പത്തിക പ്രാധാന്യമുള്ള ജന്തുജന്യ രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിനേഷനുകള്‍ക്കു സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കുന്നു.
2022 മുതല്‍ ഏകദേശം 25.6 കോടി കന്നുകാലികള്‍ക്ക് എല്‍എസ്ഡി വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്, കൂടാതെ കേസുകളുടെ എണ്ണം 2022 ല്‍ 33.5 ലക്ഷത്തില്‍ നിന്ന് 47 സജീവ കേസുകളായി കുറഞ്ഞു.

7. വെറ്ററിനറി വിദ്യാഭ്യാസ കോളജുകളുടെ ശൃംഖല വിപുലീകരിക്കുന്നു:  രാജ്യത്ത് യോഗ്യതയുള്ള മൃഗ ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് IVC Act,1984 ലെ വ്യവസ്ഥകള്‍ പ്രകാരം പുതിയ വെറ്ററിനറി കോളജുകള്‍ ആരംഭിക്കാന്‍ അനുമതിയുണ്ട്. വെറ്ററിനറി കോളേജുകളുടെ എണ്ണം 2014-ല്‍ 36 ആയിരുന്നത് 2024-ല്‍ 79 ആയി ഉയര്‍ന്നു (ഇതുവരെ) .നീറ്റ് സ്‌കോറില്‍ നിന്ന് പ്രവേശനം എടുക്കുകയും ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു എന്നത് എടുത്തുപറയേണ്ടതാണ്.



8. കന്നുകാലി സെന്‍സസ് & സംയോജിത സാമ്പിള്‍ സര്‍വേ സ്‌കീം:


8.1 സംയോജിത സാമ്പിള്‍ സര്‍വേ: പാല്‍, മുട്ട, മാംസം, കമ്പിളി തുടങ്ങിയ പ്രധാന കന്നുകാലി ഉല്‍പന്നങ്ങളുടെ (MLP) കണക്കുകള്‍ പുറത്തുകൊണ്ടുവരുന്നതിന്, ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബേസിക് അനിമല്‍ ഹസ്ബന്‍ഡറി സ്റ്റാറ്റിസ്റ്റിക്‌സിന്റെ (BAHS) വാര്‍ഷിക പ്രസിദ്ധീകരണത്തിലാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023-24 കാലയളവിലെ ബേസിക് അനിമല്‍ ഹസ്ബന്‍ഡറി സ്റ്റാറ്റിസ്റ്റിക്‌സ് (BAHS)-2024 അടുത്തിടെ പ്രസിദ്ധീകരിച്ചു.


8.2  കന്നുകാലി സെന്‍സസ്: '20-ാമത് കന്നുകാലി സെന്‍സസ്-2019' എന്ന പേരില്‍  20-ാമത് കന്നുകാലി സെന്‍സസ് എല്ലാ സംസ്ഥാനങ്ങളിലെയും / കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മൃഗസംരക്ഷണ വകുപ്പിന്റെയും പങ്കാളിത്തത്തോടെ അഖിലേന്ത്യാ തലത്തില്‍ കന്നുകാലികളുടെ ഇനം തിരിച്ചും സംസ്ഥാനം തിരിച്ചുമുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തി 2019-ല്‍ നടത്തി.

മേല്‍പ്പറഞ്ഞവ കൂടാതെ, കന്നുകാലികളെയും കോഴികളെയും (20-ാമത്തെ കന്നുകാലി സെന്‍സസ് അടിസ്ഥാനമാക്കി) ഇനം തിരിച്ചുള്ള റിപ്പോര്‍ട്ടും വകുപ്പ് പ്രസിദ്ധീകരിച്ചു. 2024 ഒക്ടോബര്‍ 25-ന് ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാജീവ് രഞ്ജന്‍ സിംഗ്  21-ാമത് കന്നുകാലി സെന്‍സസിനു തുടക്കം കുറിച്ചു. അതിനുശേഷം, 21-ാമത് LC സോഫ്റ്റ്വെയര്‍ വഴി എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും കന്നുകാലികളെയും കോഴികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു.


9. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസിസി) ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീര സഹകരണ സംഘങ്ങളുടെയും പാല്‍ ഉത്പാദക കമ്പനികളുടെയും: 15.11.2024 ലെ കണക്കനുസരിച്ച്, എഎച്ച്ഡി കര്‍ഷകര്‍ക്കായി 41.66 ലക്ഷത്തിലധികം പുതിയ കെസിസികള്‍ അനുവദിച്ചു.
 

(Release ID: 2086348) Visitor Counter : 75