ആഭ്യന്തരകാര്യ മന്ത്രാലയം
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മറുപടി പറഞ്ഞു.
Posted On:
17 DEC 2024 10:23PM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്നലെ മറുപടി പറഞ്ഞു.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ച, രണ്ട് സുപ്രധാന ലക്ഷ്യങ്ങൾ നിറവേറ്റിയതായി ഉപരിസഭയിലെ (രാജ്യസഭ) ചർച്ചയ്ക്ക് മറുപടിയായി ശ്രീ അമിത് ഷാ വ്യക്തമാക്കി. ഒന്നാമതായി, ഭരണഘടനാ ചട്ടക്കൂടിന് കീഴിൽ നമ്മുടെ രാഷ്ട്രം കൈവരിച്ച അപരിമേയമായ പുരോഗതി ഈ ചർച്ച എടുത്തു കാട്ടി. രണ്ടാമതായി, കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യത്തിൻറെ ജനാധിപത്യ വേരുകൾ കൂടുതൽ ആഴ്ന്നിറങ്ങിയ കാര്യം ചർച്ച അടിവരയിടുന്നു. ഈ ലക്ഷ്യങ്ങൾ നിറവേറ്റാനായതിൽ ഭരണഘടനയുടെ ആത്മാവിനോട് നാം കടപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ അന്തസത്തയെ തച്ചുടയ്ക്കാനുള്ള ശ്രമങ്ങളിലേക്കും അവയുടെ പ്രത്യാഘാതങ്ങളിലേക്കും കൂടിയാണ് ചർച്ച വെളിച്ചം വീശിയതെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.പാർലമെൻ്റിൻ്റെ ഇരുസഭകളിലും നടന്ന ഭരണഘടനാ സംവാദം രാഷ്ട്രത്തിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട നിയമനിർമ്മാതാക്കൾക്ക് മാത്രമല്ല, യുവജനങ്ങൾക്കും കൗമാരക്കാർക്കും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, ഏതൊക്കെ രാഷ്ട്രീയ കക്ഷികളാണ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചതെന്നും ഏതൊക്കെ രാഷ്ട്രീയ കക്ഷികളാണ് ഭരണഘടനയെ ആദരിക്കുന്നതിൽ പരാജയപ്പെട്ടതെന്നും വിലയിരുത്താൻ ഈ ചർച്ച പൗരന്മാരെ പ്രാപ്തരാക്കുമെന്നും ശ്രീ ഷാ അഭിപ്രായപ്പെട്ടു.
സുദീർഘവും കഠിനവുമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ഐക്യം നിലനിർത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുമുള്ള രാജ്യത്തിൻ്റെ ശേഷിയെ ലോക രാജ്യങ്ങൾ സംശയിച്ചിരുന്നുവെന്ന് ശ്രീ അമിത് ഷാ അഭിപ്രായപ്പെട്ടു. ഭരണഘടന നിലവിൽ വന്ന ശേഷമുള്ള 75 വർഷങ്ങൾ അനുസ്മരിക്കവെ, സർദാർ വല്ലഭായ് പട്ടേൽ വഹിച്ച സുപ്രധാന പങ്കും അദ്ദേഹം എടുത്തു പറഞ്ഞു. പട്ടേലിൻ്റെ അശ്രാന്ത പരിശ്രമം ആഗോള വേദികളിൽ ഇന്ത്യയിന്ന് ഐക്യത്തോടെയും ശക്തിയുടെയും നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കി. കഴിഞ്ഞ 75 വർഷത്തിനിടെ ഒട്ടുമിക്ക അയൽ രാജ്യങ്ങളിലും ജനാധിപത്യം ക്ഷയോന്മുഖമായപ്പോൾ, ഇന്ത്യയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തിപ്പെട്ടതായി ശ്രീ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെ സുപ്രധാനമായ രാഷ്ട്രീയ പരിവർത്തനങ്ങൾ രക്തച്ചൊരിച്ചിലില്ലാതെ, സമാധാനപൂർവ്വം സാധ്യമാകുന്നത് നമ്മുടെ ജനാധിപത്യ ധാർമ്മികതയുടെ ശക്തിയ്ക്ക് ഉത്തമോദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനാധിഷ്ഠിതവും അഹിംസാത്മകവും ആയ രീതിയിൽ ഒട്ടേറെ സ്വേച്ഛാധിപതികളുടെ ഗർവ്വും ധിക്കാരവും അഹങ്കാരവും അവസാനിപ്പിക്കാൻ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗപെടുത്തിയ ഇന്ത്യൻ ജനതയെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് മുൻകാലങ്ങളിൽ നിലനിന്ന സംശയങ്ങളെ അഭിസംബോധന ചെയ്യവെ, ഭരണഘടനയാലും പൗരന്മാരുടെ ദൃഢനിശ്ചയത്താലും ശാക്തീകരിക്കപ്പെട്ട രാഷ്ട്രം ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു. ഒരുകാലത്ത് ഇന്ത്യയുടെ കൊളോണിയൽ ഭരണാധികാരിയായി വാണിരുന്ന ബ്രിട്ടൻ ഇപ്പോൾ ആഗോള സാമ്പത്തിക റാങ്കിംഗിൽ ഇന്ത്യയെക്കാൾ പിന്നിലാണെന്ന വസ്തുതയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഇത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച്, അഭിമാനത്തിൻ്റെയും നവീനമായ ദൃഢനിശ്ചയത്തിൻ്റെയും നിമിഷമാണെന്ന് ശ്രീ അമിത് ഷാ വിശേഷിപ്പിച്ചു.
31 മണിക്കൂർ നീണ്ട ചർച്ചയിൽ 80 ലധികം പാർലമെൻ്റ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പുരോഗതി പ്രതിഫലിപ്പിക്കുന്ന, മഹർഷി അരവിന്ദന്റേയും സ്വാമി വിവേകാനന്ദൻ്റെയും പ്രവചനങ്ങൾ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതമാതാവ് അവളുടെ തേജസുറ്റതും ഊർജ്ജസ്വലവുമായ സ്വരൂപത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ആഗോളതലത്തിൽ വിസ്മയം ജനിപ്പിക്കുകയും ചെയ്യുന്ന ഒരു ദിനം അവർ വിഭാവനം ചെയ്തിരുന്നു. ആ ദർശനം സാക്ഷാത്കരിക്കുന്നതിലേക്ക് ഇന്ത്യ അനുപദം മുന്നേറുകയാണെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യൻ ഭരണഘട, ഭരണഘടനാ നിർമ്മാണ സഭ, ഭരണഘടനാ രൂപീകരണ പ്രക്രിയ എന്നിവ ആഗോള ഭരണഘടനാ ചരിത്രത്തിൽ സമാനതകളില്ലാത്തതാണെന്ന് ശ്രീ അമിത് ഷാ വ്യക്തമാക്കി. സമഗ്ര ചിന്തയുടെ പരമ്പരാഗത ഇന്ത്യൻ സമ്പ്രദായത്തിലൂടെ രൂപപ്പെടുത്തിയ അതിവിശദവും വിപുലവുമായ ലിഖിത രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സർവ്വാശ്ലേഷിയായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് 22 ജാതി,മത,സാമുദായിക,രാജ്യ, നാട്ടുരാജ്യ പ്രതിനിധികളടങ്ങിയ 299 അംഗ ഭരണഘടനാ നിർമ്മാണസഭയുടെ വൈവിധ്യമാർന്ന ഘടന അദ്ദേഹം എടുത്തുകാട്ടി. 2 വർഷവും 11 മാസവും 18 ദിവസവും നീണ്ട ഗഹനമായ ചർച്ചകൾക്ക് ശേഷമാണ് ഭരണഘടനയുടെ കരട് രൂപീകരണം നടന്നതെന്ന് ശ്രീ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ അഭിലാഷങ്ങൾ, ഭരണ തത്വങ്ങൾ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കുകയെന്ന പ്രമേയത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചു. 7 അംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 സമിതികളിലൂടെ ഈ ഭഗീരഥ പ്രയത്നം സൂക്ഷ്മതയോടെ പൂർത്തിയാക്കി. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അപൂർവ്വവും അസാധാരണമായ നടപടിയെന്ന് വിശേഷിപ്പിക്കാനാകും വിധം പ്രതികരണങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ കരട് പൊതുജനങ്ങളുമായി പങ്കിട്ടത് ശ്രദ്ധേയമായിരുന്നു. ഉന്നതമായ ജനാധിപത്യ പാരമ്പര്യങ്ങളിൽ അടിയുറച്ച ഈ ഭരണഘടനയിൽ 295 അനുച്ഛേദങ്ങളും 22 ഭാഗങ്ങളും 12 പട്ടികകളും അടങ്ങിയിരിക്കുന്നു.ലോകത്തെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാകാത്ത വിശാലമായ മാനുഷിക മൂല്യങ്ങൾ ഇത് ഉൾക്കൊള്ളുന്നു. ഭരണഘടനയിൽ അതിയായ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം ഓരോ ഇന്ത്യക്കാരനിൽ നിന്നും അത് അങ്ങേയറ്റം ഭയഭകതിബഹുമാനങ്ങൾ അർഹിക്കുന്നുണ്ടെന്നും പ്രസ്താവിച്ചു.
രാജ്യത്തിൻ്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിൻ്റെ അദ്വിതീയമായ പ്രതിഫലനം വ്യക്തമാക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇന്ത്യൻ ഭരണഘടന ഉൾക്കൊള്ളുന്ന ഗഹനമായ പ്രതീകാത്മകത വിശദീകരിച്ചു. ഭരണഘടനയിൽ ശ്രീരാമൻ, ബുദ്ധൻ, മഹാവീരൻ, ഗുരു ഗോബിന്ദ് സിംഗ് തുടങ്ങിയവരെ സംബന്ധിച്ച ചിത്രീകരണങ്ങളിൽ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ആദർശ ഘടനയെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഗുരുകുല സമ്പ്രദായവും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീരാമൻ്റെയും സീതയുടെയും ലക്ഷ്മണൻ്റെയും ചിത്രീകരണങ്ങൾ മൗലികാവകാശങ്ങളെ പ്രതിനിധീകരിക്കുന്നു. അതേസമയം ഭഗവദ്ഗീത, ശിവാജി മഹാരാജ്, റാണി ലക്ഷ്മിഭായി എന്നിവരുടെ ചിത്രങ്ങൾ ദേശസ്‌നേഹത്തിൻ്റെ ശക്തമായ പ്രതീകാത്മക പാഠങ്ങൾ നൽകുന്നു. ഇന്ത്യയുടെ പൗരാണിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രതീകമാണ് നളന്ദ സർവ്വകലാശാലയുടെ ചിത്രീകരണം. നടരാജ ചിത്രം ജീവിതത്തിലെ സന്തുലിതാവസ്ഥയുടെ തത്വം ഉൾക്കൊള്ളുന്നതായും ശ്രീ ഷാ വിശദീകരിച്ചു. ഈ ചിത്രീകരണങ്ങൾ കേവലം ദൃഷ്ടാന്തങ്ങളല്ലെന്നും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഭാരതീയ സംസ്ക്കാരത്തിന്റെ തീവ്രമായ പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പ്രതീകങ്ങളിലൂടെ വെളിപ്പെടുന്ന സന്ദേശങ്ങൾ മനസ്സിലാക്കുകയെന്നത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഭരണഘടനയുടെ സത്ത ഉൾക്കൊള്ളുന്നില്ലെങ്കിൽ അതിൻ്റെ പ്രാധാന്യം നഷ്ടപ്പെടും. ഇന്ത്യൻ ഭരണഘടന കേവലം പകർപ്പാണെന്ന ധാരണയെ ശ്രീ ഷാ ശക്തമായ ഭാഷയിൽ നിരാകരിച്ചു. ആഗോള ഭരണഘടനകളിൽ നിന്നുള്ള മൂല്യവത്തായ ഘടകങ്ങൾ ഇത് ഉൾക്കൊള്ളുന്നുവെന്ന് അംഗീകരിച്ചാൽ തന്നെ ലോകത്തിൻ്റെ വിവിധ കോണുകളിൽ പ്രകടമാകുന്ന നന്മയെയും ശുഭചിന്തകളെയും തുറന്ന മനസ്സോടെ സ്വീകരിക്കുക എന്ന ഋഗ്വേദ തത്വവുമായി ഇത് സമരസപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദേശിക വീക്ഷണകോണിലൂടെ ഭരണഘടനയെ ദർശിക്കുന്നത് അതിൽ അന്തർലീനമായ ഭാരതീയമൂല്യങ്ങൾ മനസ്സിലാക്കുന്നതിന് തടസ്സമാണെന്ന് ശ്രീ അമിത് ഷാ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ പ്രതീകാത്മക ദൃഷ്ടാന്തങ്ങൾ അവഗണിച്ച് കേവലം വാച്യാർത്ഥത്തിലേക്ക് ചുരുക്കുന്നവരെ അദ്ദേഹം വിമർശിച്ചു. ഭരണഘടനയുടെ ആത്മാവിനോടുള്ള വഞ്ചനയെന്നാണതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. വിശദമായ ചർച്ചകളിലൂടെയും ബൗദ്ധിക സംഭാവനകളിലൂടെയും ഭരണഘടനയെ സമ്പന്നമാക്കിയ ഡോ രാജേന്ദ്ര പ്രസാദ്, ഡോ ബി ആർ അംബേദ്കർ, സർദാർ വല്ലഭ് ഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു, ശ്രീ കട്ജു, കെ ടി ഷാ, മൗലാന ആസാദ്, ഡോ ശ്യാമ പ്രസാദ് മുഖർജി, ഡോ എസ് രാധാകൃഷ്ണൻ, കെ എം മുൻഷി, എന്നിവരുൾപ്പെടെ ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളെ ശ്രീ ഷാ ആദരപൂർവ്വം സ്മരിച്ചു. രാഷ്ട്രനിർമ്മാണത്തിലും ജനാധിപത്യത്തിലും സാംസ്കാരിക പാരമ്പര്യത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സ്വാമി വിവേകാനന്ദൻ, മഹർഷി അരവിന്ദൻ, മഹാത്മാഗാന്ധി, ഗോപാല കൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ, വീര സവർക്കർ, ലാലാ ലജ്പത് റായ് തുടങ്ങിയ ദർശനികരുടെ തത്വങ്ങളും ആശയങ്ങളും ഭരണഘടന ഉൾക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സുമനസ്സുകളുടെ ജ്ഞാനവും ആദർശങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭരണഘടനയാണ് രാഷ്ട്രത്തിന്റെ വിജയത്തിനായി വിധിക്കപ്പെട്ടതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീ ഷാ ചർച്ച ഉപസംഹരിച്ചത്.
ഭരണഘടനയുടെ 75 വർഷത്തെ യാത്രയെ കുറിച്ചും വിവിധ രാഷ്ട്രീയ പാർട്ടികളും ഗവൺമെന്റുകളും അത് എങ്ങനെ ഉയർത്തിപ്പിടിച്ചുവെന്നതും പ്രതിഫലിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ശ്രീ അമിത് ഷാ ഊന്നിപ്പറഞ്ഞു. ഒരു ഭരണഘടനയുടെ ഫലപ്രാപ്തി, ആത്യന്തികമായി അത് നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്നവരെ ആശ്രയിച്ചിരിക്കുന്നു എന്ന ഡോ.ബി.ആർ അംബേദ്കറുടെ ഗഹനമായ നിരീക്ഷണം അദ്ദേഹം അനുസ്മരിച്ചു. അനുയോജ്യമല്ലാത്ത വ്യക്തികൾ കൈകാര്യം ചെയ്താൽ മികച്ച ഭരണഘടന പോലും പരാജയപ്പെടുമെന്ന് ഡോ. അംബേദ്കർ പ്രസ്താവിച്ചിരുന്നു, അതേസമയം ന്യൂനതയുള്ള ഭരണഘടനയ്ക്ക് പോലും കഴിവും ശുഭചിന്തയുമുള്ള നേതാക്കളുടെ മേൽനോട്ടത്തിൽ വിജയിക്കാനാകും. ഭരണഘടനയുടെ പൈതൃകം രൂപപ്പെടുത്തുന്നതിൽ നേതൃത്വത്തിൻ്റെ നിർണായക പങ്കിനെ എടുത്തുകാണിച്ചുകൊണ്ട് കഴിഞ്ഞ 75 വർഷമായി ഈ രണ്ട് സാഹചര്യങ്ങൾക്കും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഭരണഘടന ഒരിക്കലും മാറ്റമില്ലാത്തതായി വീക്ഷിച്ചിട്ടില്ലെന്നും രാജ്യവും നിയമങ്ങളും സമൂഹവും കാലത്തിനനുസരിച്ച് വികസിക്കണമെന്നും അമിത് ഷാ ഊന്നിപ്പറഞ്ഞു. ഭരണഘടനയുടെ 368-ാം അനുച്ഛേദം തന്നെ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഭേദഗതികൾ അനുവദിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൻ്റെ പാർട്ടിയുടെ നേതൃത്വത്തിൽ 16 വർഷത്തെ ഭരണത്തിൽ- അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ 6 വർഷവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിൽ 10 വർഷവും കൊണ്ട് 22 ഭേദഗതികൾ ഭരണഘടനയിൽ വരുത്തിയതായി ശ്രീ ഷാ എടുത്തുപറഞ്ഞു. ഇതിനു വിപരീതമായി, 55 വർഷത്തെ ഭരണത്തിൽ പ്രതിപക്ഷ പാർട്ടി 77 ഭരണഘടനാ ഭേദഗതികൾ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, എല്ലാ പൗരന്മാർക്കും തുല്യാവകാശം ഉറപ്പാക്കുക എന്നിവയ്ക്കാണോ , അല്ലെങ്കിൽ രാഷ്ട്രീയ അധികാരം സംരക്ഷിക്കുന്നതിനാണോ ലക്ഷ്യമിട്ടതെന്ന് ശ്രീ ഷാ ചോദിച്ചു. ഒരു പാർട്ടിയുടെ സ്വഭാവം, ഭരണത്തോടുള്ള അതിൻ്റെ സമീപനം, ഭരണഘടനയോടുള്ള പ്രതിബദ്ധത എന്നിവ ഭരണഘടനാ ഭേദഗതികൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങളിലൂടെയും പ്രേരണകളിലൂടെയും വെളിപ്പെടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, പ്രധാന ഭരണഘടനാ ഭേദഗതികളും ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിൽ അവയുടെ പ്രത്യാഘാതങ്ങളും വിശദീകരിച്ചു. 1951 ജൂൺ 18-ന് ഭരണഘടനാ അസംബ്ലി തന്നെ നിയമമാക്കിയ ആദ്യ ഭേദഗതിയെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. ഈ ഭേദഗതിയിൽ അനുച്ഛേദം 19എയുടെ ആമുഖം ശ്രീ ഷാ എടുത്തുപറഞ്ഞു.അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന ആദ്യ ഭേദഗതി, അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1971 നവംബർ 5-ന് ഇന്ദിരാഗാന്ധിയുടെ ഗവൺമെൻ്റ് അവതരിപ്പിച്ച 24-ാം ഭരണഘടനാ ഭേദഗതിയിലേക്ക് ശ്രീ ഷാ ശ്രദ്ധ ക്ഷണിച്ചു . ഈ ഭേദഗതി പൗരന്മാരുടെ മൗലികാവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള അധികാരം പാർലമെൻ്റിന് നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, 39-ാമത് ഭരണഘടനാ ഭേദഗതിയെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു, അത് ഒരു പ്രധാന പരാജയമായി അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയ 1975 ഓഗസ്റ്റ് 10 ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമായി ശ്രീ ഷാ അടയാളപ്പെടുത്തി. മറുപടിയായി, ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് ഒരു ഭരണഘടനാ ഭേദഗതി പാസാക്കി, അത് പ്രധാനമന്ത്രിയുടെ ജുഡീഷ്യൽ അവലോകനം തടഞ്ഞു. ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെയാണ് വരുത്തിയിരിക്കുന്നത്. അതായത് മുമ്പ് തീർപ്പുകൽപ്പിക്കാത്ത കേസുകൾ പോലും ഒഴിവാക്കപ്പെട്ടു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും മുൻ നേതാക്കളുടെയും നേതൃശൈലികൾ താരതമ്യം ചെയ്ത ശ്രീ അമിത് ഷാ , നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ,അവരുടെ അധികാരത്തെ വെല്ലുവിളിക്കാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ "പ്രധാന സേവകൻ" എന്ന് സ്വയം വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദിയുടെ വിനയം എടുത്തുപറഞ്ഞു . ഭരണഘടന അവകാശങ്ങൾ അനുവദിക്കുമ്പോൾ ചില നേതാക്കൾ തന്നെ ആ അവകാശങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധി അഞ്ചിൽ നിന്ന് ആറ് വർഷമായി നീട്ടിയത് ഇന്ദിരാഗാന്ധിയാണെന്ന് ശ്രീ ഷാ അനുസ്മരിച്ചു. നേരത്തെയുള്ള തിരഞ്ഞെടുപ്പ്, നഷ്ടമുണ്ടാക്കുമെന്ന ഭയത്താലാണ് ഇത് ചെയ്തതെന്നും അങ്ങനെ അവരുടെ പാർട്ടിയുടെ അധികാരം നീണ്ടുനിർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാദിച്ചു. ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഭരണഘടനാ കൃത്രിമത്വങ്ങളിലൊന്നാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം വിമർശിച്ചു.
സാമൂഹ്യനീതി ശക്തിപ്പെടുത്തുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെ ശാക്തീകരിക്കുന്നതിനുമായി മോദി ഗവൺമെൻറ് കൊണ്ടുവന്ന നിരവധി സുപ്രധാന ഭരണഘടനാ ഭേദഗതികൾ ശ്രീ അമിത് ഷാ വിശദീകരിച്ചു. പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മിഷന് ഭരണഘടനാ പദവി നൽകുന്ന 102-ാം ഭരണഘടനാ ഭേദഗതി അദ്ദേഹം ഉയർത്തിക്കാട്ടി, ഇത് പ്രതിപക്ഷം പിന്തുടരാത്ത നീക്കമാണ്. പിന്നാക്ക ജാതിക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകാത്ത പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു. ഈ മാറ്റം വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്തു. 2019 ജനുവരി 12 ന് അവതരിപ്പിച്ച 103-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ചും ശ്രീ ഷാ സംസാരിച്ചു .ഇത് മറ്റേതെങ്കിലും തരത്തിലുള്ള സംവരണത്തിൽ നിന്ന് പ്രയോജനം ലഭിക്കാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജാതിയിൽപ്പെട്ട കുട്ടികൾക്ക് 10 ശതമാനം സംവരണം നൽകി. ദാരിദ്ര്യ നിർമ്മാർജ്ജനം കൈവരിക്കുമെന്ന് പ്രതിപക്ഷം വർഷങ്ങളായി വാഗ്ദാനങ്ങൾ നൽകിയിട്ടും, പാവപ്പെട്ടവർക്ക് മികച്ച അവസരങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഈ നിർണായക നടപടി നടപ്പാക്കിയത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
105-ാം ഭരണഘടനാ ഭേദഗതിയിലേക്കു നോക്കുമ്പോൾ, പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പ്രാദേശിക ശാക്തീകരണവും പ്രാതിനിധ്യവും ഉറപ്പാക്കിക്കൊണ്ട് പിന്നാക്കാവസ്ഥ നിർണ്ണയിക്കാനുള്ള അധികാരം സംസ്ഥാന ഗവൺമെന്റ്കൾക്ക് കൈമാറിയെന്ന് ശ്രീ ഷാ വിശദീകരിച്ചു. പാർലമെൻ്റിൻ്റെ ഇരുസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന നാരി ശക്തി വന്ദൻ നിയമം കൊണ്ടുവന്ന 2023 ഡിസംബർ 28-ന് നടപ്പാക്കിയ 106-ാം ഭരണഘടനാ ഭേദഗതിയും അദ്ദേഹം പരാമർശിച്ചു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മുസ്ലീം സ്ത്രീകൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പരിഷ്കാരമായ മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള നിയമം പാസാക്കുന്നതിൽ ഗവണ്മെന്റിന്റെ വിജയവും ശ്രീ ഷാ എടുത്തുപറഞ്ഞു. മുസ്ലീം സ്ത്രീകളുടെ അന്തസ്സും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കാൻ മോദി ഗവണ്മെന്റ് പ്രവർത്തിച്ചപ്പോൾ അവരുടെ അവകാശങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രതിപക്ഷത്തെ ശ്രീ ഷാ വിമർശിച്ചു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP), ജമ്മു കശ്മീരിലെ സംവരണത്തിനുള്ള ബിൽ, മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കൽ എന്നിവ ഉൾപ്പെടെ മോദി ഗവൺമെൻറ് അവതരിപ്പിച്ച നിരവധി സുപ്രധാന പരിഷ്കാരങ്ങൾ ശ്രീ അമിത് ഷാ വിശദീകരിച്ചു. 160 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ രൂപീകരിച്ച കാലഹരണപ്പെട്ട നിയമങ്ങൾക്ക് പകരമായി നരേന്ദ്രമോദി ഗവണ്മെന്റ് ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ആധുനികവത്കരിച്ചതായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, പ്രധാനമന്ത്രി മോദി നിയമ ചട്ടക്കൂടിനെ മാറ്റിമറിക്കുക മാത്രമല്ല, കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയും ചെയ്തു. വിദേശികൾ അടിച്ചേൽപ്പിച്ച നിയമങ്ങൾക്ക് പകരം ഇന്ത്യയുടെ സ്വന്തം പാർലമെൻ്റ് രൂപപ്പെടുത്തിയ നിയമങ്ങൾ നിലവിൽ വന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിൽ വേരൂന്നിയ ഒരു സമ്പ്രദായമെന്ന നിലയിൽ , ബ്രിട്ടനിലെ 11:00PM ന് അനുസൃതമായി ഇന്ത്യയിൽ , 5:30 PM-ന് ബജറ്റ് അവതരിപ്പിക്കുന്ന പാരമ്പര്യമുണ്ടായിരുന്നതായി ശ്രീ ഷാ പരാമർശിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെ ഗവൺമെൻ്റ് ഈ സമ്പ്രദായം മാറ്റി, അങ്ങനെ ഈ കൊളോണിയൽ സ്വാധീനം അവസാനിപ്പിച്ചതിന് അദ്ദേഹം പ്രശംസിച്ചു.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സത്യസന്ധതയില്ലാതെ വോട്ട് നേടാനും ഭരണഘടനയുടെ പകർപ്പുകൾ ഉയർത്തിപ്പിടിക്കുന്ന പ്രതിപക്ഷം, തെരഞ്ഞെടുപ്പിൽ ഭരണഘടനയെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നതിനെ ശ്രീ അമിത് ഷാ വിമർശിച്ചു. ഭരണഘടന രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്യാനുള്ള ഒരു പ്രതീകമല്ല, മറിച്ച് ബഹുമാനം ആവശ്യപ്പെടുന്ന പവിത്രമായ വിശ്വാസമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനിടെ, പൊതുജനങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പുകളിൽ ശൂന്യമായ പേജുകൾ കണ്ടെത്തിയത് ഭയാനകമാണെന്നും ഇത് ഭരണഘടനയുടെ വഞ്ചനാപരമായ ദുരുപയോഗമാണെന്നും - സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ മണ്ണ് സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ ശ്രീ അമിത് ഷാ ആദരിച്ചു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും മറ്റൊരു രാജ്യത്തിന് വിട്ടുനൽകണമെങ്കിൽ അതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 1 ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഗവണ്മെന്റ് ,തമിഴ്‌നാടിന് സമീപമുള്ള കച്ചത്തീവ് ദ്വീപ് കരാറിലൂടെ ശ്രീലങ്കയ്ക്ക് വിട്ടുനൽകിയതായും ഭരണഘടനാ ഭേദഗതി ആവശ്യപ്പെടാതെയാണ് ഇത് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്ന് അദ്ദേഹം വിമർശിച്ചു, മുൻ ഗവണ്മെന്റ് ഇന്ത്യയിൽ ചെയ്തതുപോലെ മറ്റൊരു രാഷ്ട്ര നേതൃത്വവും ഇത്തരം നടപടികളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
പാർലമെൻ്റിൻ്റെ അംഗീകാരമില്ലാതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ചുമത്തിയ അനുച്ഛേദം 35 എയെ ചുറ്റിപ്പറ്റിയുള്ള നടപടികളെയും ശ്രീ ഷാ വിമർശിച്ചു. ഇതിനു വിരുദ്ധമായി, അനുച്ഛേദം370 നീക്കം ചെയ്യാൻ മോദി ഗവൺമെൻറ് പാർലമെൻ്റിൻ്റെ ഇരുസഭകളിൽ നിന്നും അംഗീകാരം തേടുകയും അംഗീകാരം ലഭിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിപക്ഷ പാർട്ടി തങ്ങളുടെ പാർട്ടിയെ ഒരു കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായി കാണുന്നതുപോലെ ഭരണഘടനയെ വ്യക്തിപരമായ സ്വത്തായിട്ടാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. .
ദശലക്ഷക്കണക്കിന് ആളുകളെ അകാരണമായി ജയിലിലടച്ച അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി ഓർമിപ്പിച്ചു .മാധ്യമങ്ങൾക്കുമേൽ സെൻസർഷിപ്പ് ഏർപ്പെടുത്തിയതോടെ രാജ്യത്ത് നിലനിന്ന ഭീതിയുടെ അന്തരീക്ഷം, ഇന്ത്യൻ എക്‌സ്പ്രസ് ശൂന്യമായ എഡിറ്റോറിയൽ പേജ് പ്രസിദ്ധീകരിച്ചതിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം വിവരിച്ചു. ഈ സമയത്ത് ഗവൺമെൻറ് എന്ത് തീരുമാനിച്ചാലും അത് നിയമമാകുമെന്ന് അവകാശപ്പെട്ടതെങ്ങനെയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യമാക്കിയതിനെ തുടർന്ന് അവരുടെ രാഷ്ട്രീയ സ്ഥാനം സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്ന് ശ്രീ ഷാ പറഞ്ഞു. ബാഹ്യ ഭീഷണിയോ ആഭ്യന്തര സുരക്ഷാ പ്രതിസന്ധിയോ ഇല്ലായിരുന്നുവെന്നും അടിയന്തരാവസ്ഥ വെറും അധികാരം പിടിച്ചെടുക്കലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയെക്കുറിച്ചുള്ള നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ശ്രീ അമിത് ഷാ ,മുൻ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന് പറഞ്ഞു . ഭരണഘടനയിൽ അനാവശ്യ ഇടപെടൽ വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് പൊതുസമൂഹം തങ്ങളെ ഉത്തരവാദിത്വമുള്ളവരാക്കി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് നവംബർ 26-ന് ഭരണഘടനാ ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തീരുമാനിച്ചത് - എല്ലാവർക്കും ഭരണഘടനയുടെ ആത്മാവ് യഥാർത്ഥമായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുമെന്ന് ഇത് ഉറപ്പാക്കും .
ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ആദരിക്കുന്നതിനായി മോദി ഗവൺമെൻറ് സ്വീകരിച്ച നിരവധി സുപ്രധാന സംരംഭങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി എടുത്തുപറഞ്ഞു. രാജ്പഥിനെ കർത്തവ്യ പഥ് എന്ന് പുനർനാമകരണം ചെയ്തതായും ഇന്ത്യാ ഗേറ്റിലെ ജോർജ്ജ് അഞ്ചാമൻ രാജാവിൻ്റെ പ്രതിമ മാറ്റി സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമ സ്ഥാപിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കൽ ബ്രിട്ടീഷുകാർ നൽകിയ നാവികസേനയുടെ ചിഹ്നം ,വീർ ഛത്രപതി ശിവാജി മഹാരാജിൻ്റെ ചിഹ്നം ഉപയോഗിച്ച് മാറ്റി. കൂടാതെ, ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മദിനം ജൻജാതിയ ഗൗരവ് ദിവസ് ആയി ആഘോഷിക്കുകയും ദേശീയ യുദ്ധ സ്മാരകം സ്ഥാപിക്കുകയും അമർ ജവാൻ ജ്യോതി അതിൽ ലയിപ്പിക്കുകയും ചെയ്തു. പാർലമെൻ്റിൽ ചെങ്കോൽ സ്ഥാപിക്കുന്നത് പ്രധാനമന്ത്രി മോദി ഉറപ്പാക്കുകയും പുതിയ പാർലമെൻ്റ് മന്ദിരം നിർമ്മിക്കുകയും ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട ലോകമെമ്പാടുമുള്ള 345 ഇന്ത്യൻ പ്രതിമകളും പുരാവസ്തുക്കളും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതായും ശ്രീ അമിത് ഷാ പരാമർശിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നിർബന്ധമാക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 അദ്ദേഹം എടുത്തുകാട്ടി. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് ഷഹീദ് എന്നും സ്വരാജ് ദ്വീപ് എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. ലുട്ടിയൻസിൻ്റെ ഡൽഹിയിൽ, റേസ് കോഴ്‌സ് റോഡിൻ്റെ പേര് ലോക് കല്യാൺ മാർഗ് എന്നും ഡൽഹൗസി മാർഗ് ദാരാ ഷിക്കോയുടെ പേരിലും പുനർനാമകരണം ചെയ്യപ്പെട്ടു. കൂടാതെ, ഭരണം കാര്യക്ഷമമാക്കുന്നതിനായി കാലഹരണപ്പെട്ട 1500-ലധികം നിയമങ്ങൾ മോദി ഗവൺമെൻറ് ഇല്ലാതാക്കി.
ഒബിസികൾക്ക് സംവരണം ശുപാർശ ചെയ്യുന്നതിനായി 1955ൽ രൂപീകരിച്ച കാക്കാ സാഹേബ് കലേക്കർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ട് അംഗീകരിച്ചിരുന്നെങ്കിൽ മണ്ഡല് കമ്മീഷൻ റിപ്പോർട്ടിൻ്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും അതും നടപ്പാക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ഇതിനു വിരുദ്ധമായി, ഒബിസി കമ്മിഷന് ഭരണഘടനാപരമായ അംഗീകാരം നൽകുകയും അതുവഴി പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ ബഹുമാനം നൽകുകയും ചെയ്ത പ്രധാനമന്ത്രി മോദിയെ അദ്ദേഹം പ്രശംസിച്ചു. നിലവിൽ രണ്ട് സംസ്ഥാനങ്ങളിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം നിലനിൽക്കുന്നുണ്ടെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്ന് താൻ കരുതുന്നുണ്ടെന്നും ശ്രീ ഷാ എടുത്തുപറഞ്ഞു. തങ്ങളുടെ പാർട്ടിയിലെ ഒരു അംഗം പോലും പാർലമെൻ്റിൽ തുടരുന്നിടത്തോളം, മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിനെത്തുടർന്ന് മുസ്ലീം വ്യക്തിനിയമം കൊണ്ടുവന്നതാണ് ഏകീകൃത സിവിൽ കോഡ് (യുസിസി) വൈകാൻ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവിച്ചു, ഇത് പ്രീണന നയത്തിലേക്ക് നയിച്ചു. നിർണായകമായ സാമൂഹിക മാറ്റം കൊണ്ടുവരാൻ കഴിയുമായിരുന്ന യുസിസി ,ഉത്തരാഖണ്ഡ് ഗവണ്മെന്റ് മാതൃകാ നിയമമായി പാസാക്കിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മോദി ഗവണ്മെന്റ് അധികാരമേറ്റപ്പോൾ, ഡോ. അംബേദ്കറുടെ ജന്മസ്ഥലമായ മോവിൽ (മധ്യപ്രദേശിൽ) ഒരു സ്മാരകം നിർമ്മിക്കുകയും ഏപ്രിൽ 14 ന് രാഷ്ട്രീയ സമരസ്ത ദിവസ് ആയി പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ശ്രീ അമിത് ഷാ പരാമർശിച്ചു. അനുച്ഛേദം 370ൻ്റെ താൽക്കാലിക വ്യവസ്ഥ പ്രതിപക്ഷം 70 വർഷമായി ഉയർത്തിപ്പിടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനുച്ഛേദം370 ഉം 35 എയും ഒറ്റയടിക്ക് നീക്കം ചെയ്യാൻ വലിയ ദൃഢനിശ്ചയമുള്ള ഒരാൾക്ക് മാത്രമേ കഴിയൂവെന്നും 2019 ൽ പ്രധാനമന്ത്രി മോദി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ അത് സംഭവിച്ചതാണെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു.
ഭരണഘടനയുടെ 14, 21 വകുപ്പുകൾ പ്രകാരം അന്തസ്സോടെ ജീവിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന് ശ്രീ അമിത് ഷാ ഊന്നിപ്പറഞ്ഞു. "ഗരീബി ഹഠാവോ" പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയിട്ടും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ പരാജയപ്പെട്ട മുൻ ഗവൺമെൻറ്കളെ അദ്ദേഹം വിമർശിച്ചു. ഈ ഗവൺമെന്റുകൾ 75 വർഷമായി ജനങ്ങളെ ദാരിദ്ര്യത്തിൽ നിർത്തി. ഇതിനു വിപരീതമായി, 9.6 കോടി പാവപ്പെട്ട സ്ത്രീകൾക്ക് ഉജ്ജ്വല ഗ്യാസ് കണക്ഷനുകൾ നൽകി, 12 കോടി വീടുകൾക്ക് ശുചിമുറികൾ നിർമ്മിച്ചു, 12.65 കോടി കുടുംബങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കി, 18,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു തുടങ്ങി നരേന്ദ്ര മോദി ഗവണ്മെന്റിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി 14.5 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2.40 ലക്ഷം കോടി രൂപ ഗവണ്മെന്റ് കൈമാറ്റം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 36 കോടി ആയുഷ്മാൻ കാർഡുകൾ സൃഷ്ടിക്കുകയും 8.19 കോടി രോഗികൾക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു. കൂടാതെ, മോദി ഗവണ്മെന്റ് ഇപ്പോൾ വരുമാന ഗ്രൂപ്പ് പരിഗണിക്കാതെ 70 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്നു.
80 കോടി ജനങ്ങൾക്ക് പ്രയോജനം ചെയ്ത ഒരു രാജ്യം ഒരു റേഷൻ കാർഡ് സംവിധാനം, 5 കിലോ സൗജന്യ ധാന്യം വിതരണം എന്നിവ ഉൾപ്പെടെ മോദി ഗവണ്മെന്റിന്റെ നിരവധി സുപ്രധാന ക്ഷേമ പദ്ധതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി എടുത്തുപറഞ്ഞു.ഒരു കോടി തെരുവ് കച്ചവടക്കാരെ സഹായിക്കാൻ 11,000 കോടി രൂപയും ലഖ്‍പതി ദീദി പദ്ധതിയ്ക്ക് കീഴിൽ രണ്ട് കോടി സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്തു. കൂടാതെ, വിശ്വകർമ യോജന വഴി കരകൗശല തൊഴിലാളികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്.
ലോക്‌സഭയിൽ വീർ സവർക്കറുടെ പരാമർശത്തെ അഭിസംബോധന ചെയ്ത് ശ്രീ അമിത് ഷാ, സവർക്കറുടെ പേരിനൊപ്പം "വീർ" എന്ന പേര് ചേർത്തത് ഏതെങ്കിലും പാർട്ടിയോ ഗവൺമെന്റോ അല്ലെന്നും, സമാനതകളില്ലാത്ത ധീരതയാൽ ഇന്ത്യയിലെ 140 കോടി ജനങ്ങൾ അദ്ദേഹത്തിന് നൽകിയതാണെന്നും ഊന്നിപ്പറഞ്ഞു. പാർലമെൻ്റിൽ ഇത്തരമൊരു ദേശസ്‌നേഹിയായ വ്യക്തിയെ കുറിച്ച് മോശമായ പരാമർശങ്ങളെ അദ്ദേഹം അപലപിച്ചു. 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര കാലത്ത് വീർ സവർക്കർക്ക് മാത്രമാണ് രണ്ട് ജീവപര്യന്തം ശിക്ഷ ലഭിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രത്തോടുള്ള സവർക്കർക്കുള്ള അഗാധമായ ഭക്തി ഉയർത്തിക്കാട്ടിക്കൊണ്ട്, "ഓ മാതൃഭൂമി, നീയില്ലാതെയുള്ള ജീവിതം മരണം പോലെയാണ്" എന്ന സവർക്കറുടെ ശക്തമായ വാക്കുകളും ശ്രീ ഷാ ഉദ്ധരിച്ചു.
SKY/GG
(Release ID: 2085619)
Visitor Counter : 50