രാഷ്ട്രപതിയുടെ കാര്യാലയം
മംഗളഗിരി എയിംസിൻ്റെ ആദ്യ ബിരുദദാനച്ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
Posted On:
17 DEC 2024 2:14PM by PIB Thiruvananthpuram
ന്യൂഡൽഹി : 17 ഡിസംബർ 2024
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഡിസംബർ 17, 2024) ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസിൻ്റെ ആദ്യ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു.
ഏതൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെയും പ്രാരംഭ ബാച്ച് ആ സ്ഥാപനത്തിൻ്റെ സ്വത്വം സൃഷ്ടിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. വൈദ്യശാസ്ത്ര മേഖലയിലും സമൂഹത്തിലും രാജ്യത്തും വിദേശത്തും എയിംസ് മംഗളഗിരിയിലെ ആദ്യത്തെ ബ്രാൻഡ് അംബാസഡർമാരാണ് നിങ്ങളെന്ന് ആദ്യ ബാച്ചിലെ എംബിബിഎസ് ബിരുദധാരികളോട് രാഷ്ട്രപതി പറഞ്ഞു.
മെഡിക്കൽ പ്രൊഫഷൻ തെരഞ്ഞെടുത്തതിലൂടെ മനുഷ്യരാശിയെ സേവിക്കുന്ന പാതയാണ് തെരഞ്ഞെടുത്തതെന്ന് രാഷ്ട്രപതി ഡോക്ടർമാരോട് പറഞ്ഞു. വിജയവും ആദരവും നേടുന്നതിന് സേവനം, പഠനം, ഗവേഷണം എന്നിങ്ങനെ പൊതുവായ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ അവർ ഡോക്ടർമാരെ ഉപദേശിച്ചു. യശസ്സിലും സൗഭാഗ്യത്തിലും ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കേണ്ടി വന്നാൽ യശസ്സിനു മുൻഗണന നൽകണമെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള ഡോക്ടർമാർ അവരുടെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും അടിസ്ഥാനത്തിൽ ലോകത്തിലെ വികസിത രാജ്യങ്ങളിൽ മുൻനിര സ്ഥാനം നേടിയിട്ടുണ്ടെന്നു രാഷ്ട്രപതി പറഞ്ഞു. ഇവിടെയുള്ള ചികിത്സാസൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ത്യ സന്ദർശിക്കുന്നു.ആഗോള തലത്തിൽ താങ്ങാനാകുന്ന ചെലവിലുള്ള മെഡിക്കൽ ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമായി ഇന്ത്യ വികസിക്കുകയാണ്. ഈ വികസനത്തിൽ ഡോക്ടർമാർക്ക് വലിയ പങ്കുണ്ട്.
നമ്മുടെ പാരമ്പര്യത്തിൽ ആയുർദൈർഘ്യത്തിനും രോഗവിമുക്തിയ്ക്കും ആരോഗ്യകരമായ നിലനിൽപ്പിനും പ്രാർഥനകൾ അർപ്പിക്കാറുണ്ടെന്ന്രാ രാഷ്ട്രപതി പറഞ്ഞു. ജീവിതവും ആരോഗ്യവും പരസ്പരബന്ധിതമാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ സമീപനം സമഗ്ര ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മംഗളഗിരി എയിംസിൻ്റെ മുദ്രാവാക്യമായ ‘സകൽ സ്വാസ്ഥ്യ സർവദാ’ ഏവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ, ആരോഗ്യ സംരക്ഷണം എന്നീ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നതിൽ രാഷ്ട്രപതി സന്തോഷിച്ചു. സമഗ്രമായ ആരോഗ്യത്തിൻ്റെ നിരന്തരമായ പ്രോത്സാഹനവും ഏവർക്കും ആരോഗ്യം ഉറപ്പാക്കലും ഈ സ്ഥാപനത്തിലെ എല്ലാ മെഡിക്കൽ പ്രൊഫഷണലുകളുടെയും മാർഗനിർദേശക തത്വമായിരിക്കണം എന്നും രാഷ്ട്രപതി പറഞ്ഞു.
കാലത്തിനും സാഹചര്യത്തിനും അനുസൃതമായി വൈദ്യശാസ്ത്രം പുതിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത്തരം വെല്ലുവിളികളെ നേരിടാൻ പുതിയ പ്രതിവിധികൾ ആവശ്യമാണ്. മംഗളഗിരി എയിംസിലെ സൈറ്റോജെനെറ്റിക്‌സ് ലബോറട്ടറി ഈ ദിശയിലുള്ള ശ്രമമാണ്. ഈ ലബോറട്ടറി ഉപയോഗിച്ച് ഈ സ്ഥാപനം പുതിയ ഗവേഷണങ്ങളും ചികിത്സകളും വികസിപ്പിക്കുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
SKY
(Release ID: 2085249)
Visitor Counter : 13