ധനകാര്യ മന്ത്രാലയം
2023-24, 2021-22 സാമ്പത്തിക വർഷങ്ങളിലെ വരുമാന, പണമിടപാട് പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനായി CBDT ഇലക്ട്രോണിക് കാമ്പെയ്ൻ ആരംഭിച്ചു
Posted On:
17 DEC 2024 1:33PM by PIB Thiruvananthpuram
ന്യൂഡൽഹി : 17 ഡിസംബർ 2024
2023-24, 2021-22 സാമ്പത്തിക വർഷങ്ങളിലെ ആദായനികുതി റിട്ടേൺ (ITRs) വാർഷിക വിവര പ്രസ്താവന (AIS) എന്നിവയിൽ വെളിപ്പെടുത്തിയ വരുമാനവും പണമിടപാടുകളും തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് നികുതിദായകരെ സഹായിക്കുന്നതിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (The Central Board of Direct Taxes-CBDT) ഇലക്ട്രോണിക് കാമ്പെയ്ൻ ആരംഭിച്ചു. ഈ പ്രചാരണത്തിൽ സ്വന്തം AIS പ്രകാരം നികുതി വിധേയമായ വരുമാനമോ, ഉയർന്ന മൂല്യമുള്ള ഇടപാടുകളോ ഉള്ളതും എന്നാൽ അതത് വർഷങ്ങളിൽ ITR-കൾ ഫയൽ ചെയ്തിട്ടില്ലാത്തതുമായ വ്യക്തികളെ ലക്ഷ്യമിടുന്നു. ഇ-വെരിഫിക്കേഷൻ സ്കീം, 2021 നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഈ സംരംഭം.
കാമ്പെയ്ൻ്റെ ഭാഗമായി, AIS മുഖാന്തിരം വെളിപ്പെടുത്തിയ ഇടപാടുകളും ഫയൽ ചെയ്ത ITR-കളും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തപ്പെട്ട നികുതിദായകർക്കും ITR ഫയൽ ചെയ്യാത്ത വ്യക്തികൾക്കും SMS വഴിയും ഇമെയിൽ വഴിയും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തേക്ക്, പുതുക്കിയോ വൈകിയോ ITR ഫയൽ ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്താൻ പ്രസ്തുത വ്യക്തികളെ ഓർമ്മിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദേശങ്ങളുടെ ഉദ്ദേശം.പുതുക്കിയതോ വൈകിയതോ ആയ ഈ ITR കൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആണ്.
2021-22 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട കേസുകളിൽ, നികുതിദായകർക്ക് 2025 മാർച്ച് 31 എന്ന തീയതിക്കകം പുതുക്കിയ ITR-കൾ ഫയൽ ചെയ്യാം.
ഇ-ഫയലിംഗ് വെബ്‌സൈറ്റ് (https://www.incometax.gov.in/iec/foportal/) വഴി ലഭ്യമാകുന്ന AIS പോർട്ടലിലൂടെ, AIS-ൽ റിപ്പോർട്ട് ചെയ്ത വിവരങ്ങളിലുള്ള തിരുത്തൽ ഉൾപ്പെടെ, നികുതിദായകർക്ക് സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയിക്കാനും കഴിയും.
നികുതി പാലനം ലളിതമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള ആദായനികുതി വകുപ്പിൻ്റെ പ്രതിബദ്ധതയാണ് പുതിയ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നത്. വികസിത ഭാരത ദർശനത്തിനനുഗുണമായ കൂടുതൽ കാര്യക്ഷമവും നികുതിദായക-സൗഹൃദവുമായ സംവിധാനം സൃഷ്ടിക്കാൻ മൂന്നാം കക്ഷി ഡാറ്റ ഉപയോഗപ്പെടുത്തുന്നതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നു.
എല്ലാ നികുതിദായകർക്കും സ്വന്തം നികുതി ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താൻ CBDT പ്രോത്സാഹനമേകുന്നു.ഈ ശ്രമം വികസിത ഇന്ത്യക്കായുള്ള സർക്കാരിന്റെ ദർശനത്തെ പിന്തുണയ്ക്കുക മാത്രമല്ല, സുതാര്യത, ഉത്തരവാദിത്തം, സ്വമേധയാ പാലിക്കൽ ഉൾപ്പെടെയുള്ള സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
SKY
(Release ID: 2085194)
Visitor Counter : 27