പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അന്താരാഷ്‌ട്ര അഭിധമ്മ ദിവസിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 17 OCT 2024 12:56PM by PIB Thiruvananthpuram

നമോ ബുദ്ധായ!

സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ന്യൂനപക്ഷകാര്യ മന്ത്രി, ശ്രീ കിരൺ റിജിജു ജി, ഭദന്ത് രാഹുൽ ബോധി മഹാതേരോ ജി, ബഹുമാനപ്പെട്ട ജങ്ചുപ് ചോഡൻ ജി, മഹാസംഘത്തിലെ എല്ലാ ബഹുമാന്യരായ അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ, നയതന്ത്ര സമൂഹത്തിലെ അംഗങ്ങൾ, ബുദ്ധമത പണ്ഡിതർ, ധമ്മയുടെ അനുയായികളേ, മഹതികളേ മാന്യ വ്യക്തിത്വങ്ങളേ.

ഒരിക്കൽ കൂടി, അന്താരാഷ്ട്ര അഭിധമ്മ ദിവസ് പരിപാടിയുടെ ഭാഗമാകാനുള്ള ബഹുമതി എനിക്കു ലഭിച്ചു. അനുകമ്പയും സന്മനസ്സും കൊണ്ട് മാത്രമേ ലോകത്തെ മികച്ചതാക്കാൻ കഴിയൂ എന്ന് അഭിധമ്മ ദിവസ് നമ്മെ ഓർമ്മിപ്പിക്കുന്നു. 2021-ൽ കുശിനഗറിൽ സമാനമായ ഒരു പരിപാടി നടന്നു, അതിൽ പങ്കെടുക്കാനുള്ള സവിശേഷ ഭാ​ഗ്യവും എനിക്ക് ലഭിച്ചു. എൻ്റെ ജനനം മുതൽ തുടങ്ങിയ ശ്രീബുദ്ധനുമായുള്ള ബന്ധത്തിൻ്റെ യാത്ര ഇപ്പോഴും തടസ്സമില്ലാതെ തുടരുന്നത് എൻ്റെ ഭാഗ്യമാണ്. ബുദ്ധമതത്തിൻ്റെ മഹത്തായ കേന്ദ്രമായിരുന്ന ഗുജറാത്തിലെ വഡ്‌നഗറിലാണ് ഞാൻ ജനിച്ചത്. ഈ പ്രചോദനങ്ങളാൽ ജീവിക്കുമ്പോൾ, ബുദ്ധൻ്റെ ധമ്മവും (ധർമ്മ) പഠിപ്പിക്കലുകളും പ്രചരിപ്പിക്കുന്നതിൽ എനിക്ക് ധാരാളം അനുഭവങ്ങൾ ലഭിച്ചു.

കഴിഞ്ഞ 10 വർഷമായി, ഭാരതത്തിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് മുതൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനും, ഭഗവാൻ ബുദ്ധൻ്റെ ജന്മസ്ഥലമായ നേപ്പാളിലെ ലുംബിനി സന്ദർശിക്കാനും, മംഗോളിയയിൽ അദ്ദേഹത്തിൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യാനും, ശ്രീലങ്കയിലെ വെസക് ആഘോഷത്തിൽ പങ്കെടുക്കാനും, നിരവധി പുണ്യ പരിപാടികളിൽ ഭാഗമാകാനും എനിക്ക് അവസരം ലഭിച്ചു. സംഘത്തിൻ്റെയും അന്വേഷകരുടെയും ഈ ഐക്യം ഭഗവാൻ ബുദ്ധൻ്റെ അനുഗ്രഹത്തിൻ്റെ ഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് അഭിധമ്മ ദിനത്തിൻ്റെ വേളയിൽ, നിങ്ങൾക്കും ഭഗവാൻ ബുദ്ധൻ്റെ എല്ലാ അനുയായികൾക്കും ഞാൻ എൻ്റെ ആശംസകൾ നേരുന്നു. ഇന്ന് ശരദ് പൂർണിമയുടെ മഹത്തായ ഉത്സവം കൂടിയാണ്. ഭാരതീയ ബോധത്തിൻ്റെ മഹാനായ മഹർഷി വാൽമീകി ജിയുടെ ജന്മദിനം കൂടിയാണിത്. ശരദ് പൂർണിമയിലും വാൽമീകി ജയന്തിയിലും ഞാൻ മുഴുവൻ രാജ്യത്തിനും ആശംസകൾ നേരുന്നു.

ബഹുമാനപ്പെട്ട സുഹൃത്തുക്കളേ,

ഈ വർഷം, അഭിധമ്മ ദിവസ് ആഘോഷത്തോടൊപ്പം ഒരു ചരിത്ര നേട്ടവും കൂട്ടിച്ചേർക്കുന്നു. ഭഗവാൻ ബുദ്ധൻ്റെ അഭിധമ്മയുടെ ഈ പൈതൃകവും അദ്ദേഹത്തിൻ്റെ വാക്കുകളും അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകളും ലോകത്തിന് നൽകിയ പാലി ഭാഷയെ ഭാരത ​ഗവൺമെന്റ് ഈ മാസം ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിച്ചു. അതിനാൽ, ഇന്നത്തെ സന്ദർഭം കൂടുതൽ സവിശേഷമായിത്തീരുന്നു. പാലിയെ ക്ലാസിക്കൽ ഭാഷയായി അംഗീകരിച്ചത് ശ്രീബുദ്ധൻ്റെ മഹത്തായ പാരമ്പര്യത്തിനുള്ള ബഹുമതിയാണ്. അഭിധമ്മം ധമ്മത്തിൽ അന്തർലീനമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ധമ്മത്തിൻ്റെ സാരാംശം മനസ്സിലാക്കാൻ, പാലി ഭാഷയെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്. ധമ്മമെന്നാൽ ബുദ്ധൻ്റെ സന്ദേശം, ബുദ്ധൻ്റെ തത്വങ്ങൾ... ധമ്മ എന്നാൽ മനുഷ്യൻ്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള പരിഹാരം... ധമ്മ എന്നാൽ മനുഷ്യരാശിയുടെ സമാധാനത്തിലേക്കുള്ള പാത... ധമ്മ എന്നാൽ ബുദ്ധൻ്റെ കാലാതീതമായ ഉപദേശങ്ങൾ... ഒപ്പം ധമ്മം എന്നാൽ എല്ലാ മനുഷ്യരാശിക്കും ക്ഷേമത്തിൻ്റെ അചഞ്ചലമായ ഉറപ്പ്! ഭഗവാൻ ബുദ്ധൻ്റെ ധമ്മത്താൽ ലോകം മുഴുവൻ പ്രകാശിതമായി.

എന്നാൽ സുഹൃത്തുക്കളേ,

നിർഭാഗ്യവശാൽ, ബുദ്ധൻ്റെ യഥാർത്ഥ പദങ്ങൾ നിലനിൽക്കുന്ന പുരാതന ഭാഷയായ പാലി ഇന്ന് സാധാരണ ഉപയോഗത്തിലില്ല. ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമല്ല! സംസ്‌കൃതിയുടേയും സംസ്‌കാരത്തിൻ്റെയും ആത്മാവാണ് ഭാഷ. ഓരോ ഭാഷയും അതിൻ്റേതായ സത്ത വഹിക്കുന്നു. അതിനാൽ, ഭഗവാൻ ബുദ്ധൻ്റെ വാക്കുകൾ അവയുടെ യഥാർത്ഥ ചൈതന്യത്തിൽ നിലനിർത്താൻ പാലി ഭാഷയെ നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ​ഗവൺമെന്റ് ഉത്തരവാദിത്തം എളിമയോടെ നിറവേറ്റിയതിൽ എനിക്ക് സന്തോഷമുണ്ട്. ശ്രീബുദ്ധൻ്റെ ദശലക്ഷക്കണക്കിന് അനുയായികളുടെയും ആയിരക്കണക്കിന് സന്യാസിമാരുടെയും പ്രതീക്ഷകൾ നിറവേറ്റാനുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്. ഈ സുപ്രധാന തീരുമാനത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

ബഹുമാനപ്പെട്ട സുഹൃത്തുക്കളെ,

ഭാഷ, സാഹിത്യം, കല, ആത്മീയത - ഒരു രാജ്യത്തിൻ്റെ ഈ നിധികൾ അതിൻ്റെ നിലനിൽപ്പിനെ നിർവചിക്കുന്നു. അതുകൊണ്ടാണ്, ലോകത്തിലെ ഏതെങ്കിലും രാജ്യം നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള എന്തെങ്കിലും കണ്ടെത്തിയാൽ, അത് അഭിമാനത്തോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ഓരോ രാജ്യവും അതിൻ്റെ പൈതൃകത്തെ അതിൻ്റെ സ്വത്വവുമായി ബന്ധിപ്പിക്കുന്നു. നിർഭാഗ്യവശാൽ, ഭാരതം ഇക്കാര്യത്തിൽ വളരെ പിന്നിലായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ്, അധിനിവേശക്കാർ ഭാരതത്തിൻ്റെ സ്വത്വം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടിരുന്നു, സ്വാതന്ത്ര്യത്തിന് ശേഷം കൊളോണിയൽ ചിന്താഗതിയുള്ളവർ അത് ഏറ്റെടുത്തു. നമ്മെ എതിർദിശയിലേക്ക് തള്ളിവിടാൻ പ്രവർത്തിക്കുന്ന ഒരു ആവാസവ്യവസ്ഥ ഭാരതത്തിൽ പിടിമുറുക്കിയിരുന്നു. ഭാരതത്തിൻ്റെ ആത്മാവിൽ വസിക്കുന്ന ബുദ്ധനും സ്വാതന്ത്ര്യസമയത്ത് ഭാരതത്തിൻ്റെ പ്രതീകങ്ങളായി സ്വീകരിച്ച ബുദ്ധൻ്റെ പ്രതീകങ്ങളും പിന്നീടുള്ള ദശാബ്ദങ്ങളിൽ ക്രമേണ വിസ്മരിക്കപ്പെട്ടു. പാലി ഭാഷയ്ക്ക് അതിൻ്റെ ശരിയായ സ്ഥാനം ലഭിക്കാൻ ഏഴു പതിറ്റാണ്ടുകളെടുത്തു.

എന്നാൽ സുഹൃത്തുക്കളേ,

രാഷ്ട്രം ഇപ്പോൾ ആ അപകർഷതാ ബോധത്തിൽ നിന്ന് മുക്തമാണ്, ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ, സ്വാഭിമാനത്തോടെ മുന്നേറുകയാണ്. അതിൻ്റെ ഫലമായി രാജ്യം വലിയ തീരുമാനങ്ങളെടുക്കുന്നു. അതുകൊണ്ടാണ് ഇന്ന് പാലി ഒരു ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കപ്പെടുമ്പോൾ മറാത്തിക്കും അതേ ബഹുമാനം നൽകുന്നത്. ഡോ. ബാബാസാഹേബ് അംബേദ്കറുമായി ഇത് മനോഹരമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് എത്ര മനോഹരമായ യാദൃശ്ചികതയാണ്. നമ്മുടെ മഹത്തായ ബുദ്ധമത അനുയായിയായ ബാബാസാഹെബ് അംബേദ്കർ തൻ്റെ ധർമ്മ ദീക്ഷ സ്വീകരിച്ചത് പാലിയിലാണ്, അദ്ദേഹത്തിൻ്റെ മാതൃഭാഷ മറാത്തി ആയിരുന്നു. അതുപോലെ, ബംഗാളി, ആസാമീസ്, പ്രാകൃത് എന്നിവയ്ക്കും ഞങ്ങൾ ക്ലാസിക്കൽ ഭാഷാ പദവി നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഭാരതത്തിൻ്റെ ഈ ഭാഷകൾ നമ്മുടെ വൈവിധ്യത്തെ പരിപോഷിപ്പിക്കുന്നു. മുൻകാലങ്ങളിൽ, നമ്മുടെ ഓരോ ഭാഷയും രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിച്ചു. ഇന്ന് രാജ്യം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഈ ഭാഷകളെ സംരക്ഷിക്കാനുള്ള ഉപാധിയായി മാറുകയാണ്. രാജ്യത്തെ യുവജനങ്ങൾക്ക്  മാതൃഭാഷയിൽ വിദ്യാഭ്യാസം തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം അവതരിപ്പിച്ചതിനാൽ, ഈ ഭാഷകൾ കൂടുതൽ ശക്തമായി വളരുന്നു.

സുഹൃത്തുക്കളേ,

ഞങ്ങളുടെ പ്രമേയങ്ങൾ നിറവേറ്റുന്നതിനായി ചെങ്കോട്ടയിൽ നിന്ന് 'പഞ്ച് പ്രാൺ' (അഞ്ച് പ്രതിജ്ഞകൾ) ദർശനം ഞങ്ങൾ രാജ്യത്തിന് സമർപ്പിച്ചു. പഞ്ച് പ്രാൺ അർത്ഥമാക്കുന്നത് - ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) നിർമ്മിക്കുക എന്നാണ്! കൊളോണിയൽ ചിന്താഗതിയിൽ നിന്നുള്ള മോചനം! രാഷ്ട്രത്തിൻ്റെ ഐക്യം! കടമകളുടെ പൂർത്തീകരണം! ഒപ്പം നമ്മുടെ പൈതൃകത്തിൽ അഭിമാനവും! അതുകൊണ്ടാണ് ഇന്ന്, ഭാരതം ദ്രുതഗതിയിലുള്ള വികസനവും അതിൻ്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും കൈവരിക്കാൻ പ്രവർത്തിക്കുന്നത്. ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പൈതൃക സംരക്ഷണം ഈ ദൗത്യത്തിൻ്റെ മുൻഗണനയാണ്. ബുദ്ധ സർക്യൂട്ടിൻ്റെ ഭാഗമായി ഭാരതത്തിലും നേപ്പാളിലും ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എങ്ങനെ വികസിപ്പിക്കുന്നുവെന്ന് നോക്കൂ. കുശിനഗറിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ലുംബിനിയിൽ ഞങ്ങൾ ഇന്ത്യ ഇൻ്റർനാഷണൽ സെൻ്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജ് നിർമ്മിക്കുകയാണ്. ലുംബിനിയിൽ തന്നെ, ബുദ്ധ സർവ്വകലാശാലയിൽ ബുദ്ധമത പഠനത്തിനായി ഞങ്ങൾ ഡോ. ബാബാസാഹെബ് അംബേദ്കർ ചെയർ സ്ഥാപിച്ചു. ബോധഗയ, ശ്രാവസ്തി, കപിൽവാസ്തു, സാഞ്ചി, സത്‌ന, രേവ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വികസന പദ്ധതികൾ നടക്കുന്നുണ്ട്. ഇനി മൂന്ന് ദിവസം കഴിഞ്ഞ്, ഒക്ടോബർ 20 ന്, ഞാൻ വാരാണസി സന്ദർശിക്കും, അവിടെ സാരാനാഥിലെ നിരവധി വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. പുതിയ നിർമിതികൾക്കൊപ്പം നമ്മുടെ ഭൂതകാലവും നാം സംരക്ഷിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള 600-ലധികം പുരാതന പൈതൃക വസ്തുക്കളും കലാസൃഷ്ടികളും അവശിഷ്ടങ്ങളും ഞങ്ങൾ തിരികെ കൊണ്ടുവന്നു-600-ലധികം. ഈ അവശിഷ്ടങ്ങളിൽ പലതും ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബുദ്ധൻ്റെ പൈതൃകത്തിൻ്റെ നവോത്ഥാനത്തിൽ ഭാരതം അതിൻ്റെ സംസ്കാരത്തെയും നാഗരികതയെയും പുതുതായി അവതരിപ്പിക്കുകയാണ്. 

ബഹുമാനപ്പെട്ട സുഹൃത്തുക്കളേ,

ബുദ്ധനിലുള്ള ഭാരതത്തിൻ്റെ വിശ്വാസം തനിക്കുവേണ്ടി മാത്രമല്ല, എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള സേവനത്തിൻ്റെ പാത കൂടിയാണ്. ലോകരാജ്യങ്ങളെയും ബുദ്ധനെ അറിയുന്നവരും വിശ്വസിക്കുന്നവരുമായ എല്ലാവരെയും ഈ ദൗത്യത്തിൽ ഞങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഈ ദിശയിൽ അർത്ഥവത്തായ ശ്രമങ്ങൾ നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പാലി ഭാഷയിലുള്ള വ്യാഖ്യാനങ്ങൾ സമാഹരിച്ചുവരുന്നു. ഭാരതത്തിലും നാം അത്തരം ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണ്. പരമ്പരാഗത രീതികൾക്കൊപ്പം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ ആർക്കൈവ്‌സ്, ആപ്പുകൾ എന്നിവയിലൂടെയും ഞങ്ങൾ പാലി പ്രമോട്ട് ചെയ്യുന്നു. ഭഗവാൻ ബുദ്ധനെക്കുറിച്ച് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട് -  “बुद्ध बोध भी हैं, और बुद्ध शोध भी हैं” (ബുദ്ധൻ ജ്ഞാനവുമാണ് ബുദ്ധൻ അന്വേഷണവുമാണ്) അതിനാൽ, ബുദ്ധനെ അറിയാൻ ഞങ്ങൾ ആന്തരികവും അക്കാദമികവുമായ ഗവേഷണത്തിന് ഊന്നൽ നൽകുന്നു. നമ്മുടെ സംഘവും നമ്മുടെ ബുദ്ധമത സ്ഥാപനങ്ങളും നമ്മുടെ സന്യാസിമാരും യുവാക്കളെ ഈ ദിശയിലേക്ക് നയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ബഹുമാനപ്പെട്ട സുഹൃത്തുക്കളേ,

21-ാം നൂറ്റാണ്ടും ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യവും... ലോകം വീണ്ടും പല അനിശ്ചിതത്വങ്ങളാലും അസ്ഥിരതകളാലും ചുറ്റപ്പെട്ടിരിക്കുന്നു. അത്തരം സമയങ്ങളിൽ ബുദ്ധൻ പ്രസക്തി മാത്രമല്ല, അത്യന്താപേക്ഷിതവുമാണ്. ഒരിക്കൽ ഞാൻ ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു: ഭാരതം ലോകത്തിന് നൽകിയത് യുദ്ധമല്ല, ബുദ്ധനെയാണ്. ഇന്ന്, ഞാൻ ആത്മവിശ്വാസത്തോടെ പറയുന്നു, ലോകം മുഴുവൻ യുദ്ധത്തിലല്ല, ബുദ്ധനിൽ പരിഹാരം കണ്ടെത്തും. അഭിധമ്മ ദിവസിൻ്റെ ഈ വേളയിൽ, ഞാൻ ലോകത്തോട് ആഹ്വാനം ചെയ്യുന്നു: ബുദ്ധനിൽ നിന്ന് പഠിക്കൂ... യുദ്ധത്തിൽ നിന്ന് അകന്നുപോകൂ... സമാധാനത്തിന് വഴിയൊരുക്കൂ... കാരണം ബുദ്ധൻ പറയുന്നത് “नत्थि-संति-परम-सुखं” എന്നാണ്. , "സമാധാനത്തേക്കാൾ വലിയ സന്തോഷമില്ല." ഭഗവാൻ ബുദ്ധൻ പറയുന്നു:

“नही वेरेन वैरानि सम्मन्तीध कुदाचनम्

अवेरेन च सम्मन्ति एस धम्मो सनन्ततो”

ശത്രുത ശത്രുതയിൽ അവസാനിക്കുന്നില്ല. വിദ്വേഷം മനുഷ്യ സഹാനുഭൂതിയോടെ  സ്നേഹത്തിൽ അവസാനിക്കുന്നു. ബുദ്ധൻ പറയുന്നു, “भवतु-सब्ब-मंगलम्”,  അതായത്, "എല്ലാവരും സന്തുഷ്ടരാകട്ടെ, എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ." ഇതാണ് ബുദ്ധൻ്റെ സന്ദേശം, ഇതാണ് മാനവികതയുടെ പാത. 

ബഹുമാനപ്പെട്ട സുഹൃത്തുക്കളേ,

2047 വരെയുള്ള 25 വർഷങ്ങൾ അമൃത് കാൽ എന്നാണ് അറിയപ്പെടുന്നത്. അമൃത് കാലിൻ്റെ ഈ കാലഘട്ടം ഭാരതത്തിൻ്റെ ഉയർച്ചയുടെ സമയമായിരിക്കും. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്ന കാലഘട്ടമായിരിക്കും അത്. ഭാരതത്തിൻ്റെ വികസനത്തിനായി രൂപപ്പെടുത്തിയിട്ടുള്ള റോഡ്‌മാപ്പ് ഭഗവാൻ ബുദ്ധൻ്റെ പഠിപ്പിക്കലുകളാൽ നയിക്കപ്പെടും. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ വിഭവങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരുള്ളത് ഈ ബുദ്ധൻ്റെ മണ്ണിലാണ്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ രൂപത്തിൽ ലോകം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി നോക്കൂ. ഭാരതം ഈ വെല്ലുവിളികൾക്ക് സ്വയം പരിഹാരം കണ്ടെത്തുക മാത്രമല്ല അവ ലോകവുമായി പങ്കിടുകയും ചെയ്യുന്നു. നിരവധി രാജ്യങ്ങളെ കൂട്ടിയിണക്കിയാണ് ഞങ്ങൾ മിഷൻ ലൈഫ് ആരംഭിച്ചത്. ഭഗവാൻ ബുദ്ധൻ പറയാറുണ്ടായിരുന്നു, “अत्तान मेव पठमन्// पति रूपे निवेसये”, അതായത്, "ഏത് നന്മയും നമ്മൾ സ്വയം ആരംഭിക്കണം." ബുദ്ധൻ്റെ ഈ പഠിപ്പിക്കൽ മിഷൻ ലൈഫിൻ്റെ കാതലാണ്, അതായത് സുസ്ഥിരമായ ഭാവിയിലേക്കുള്ള പാത ഓരോ വ്യക്തിയുടെയും സുസ്ഥിരമായ ജീവിതശൈലിയിൽ നിന്നാണ്.

ഭാരതം അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം പോലെ  ഒരു വേദി ലോകത്തിന് നൽകിയപ്പോഴും, ഭാരതം അതിൻ്റെ G-20 പ്രസിഡൻറായിരിക്കെ ആഗോള ജൈവ ഇന്ധന സഖ്യത്തിന് രൂപം നൽകിയപ്പോഴും, ഭാരതം ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന കാഴ്ച്ചപ്പാട് നൽകിയപ്പോഴും, ബുദ്ധൻ്റെ ആശയങ്ങൾ ഈ ശ്രമങ്ങളിൽ പ്രതിഫലിച്ചു. നമ്മുടെ ഓരോ സംരംഭങ്ങളും ലോകത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കുകയാണ്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, 2030-ഓടെ ഇന്ത്യൻ റെയിൽവേയെ പൂജ്യം പുറന്തള്ളൽ സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള നമ്മുടെ ഹരിത ഹൈഡ്രജൻ മിഷൻ, പെട്രോളിൽ എഥനോൾ കലർത്തുന്നത് 20 ശതമാനമായി വർദ്ധിപ്പിക്കുക-ഇത്തരം നിരവധി സംരംഭങ്ങളിലൂടെ, ഞങ്ങൾ കാണിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ ഭൂമിയെ സംരക്ഷിക്കാനുള്ള ശക്തമായ പ്രതിബദ്ധത.

സുഹൃത്തുക്കളേ,

നമ്മുടെ ഗവൺമെൻ്റിൻ്റെ പല തീരുമാനങ്ങളും ബുദ്ധൻ, ധമ്മം, സംഘ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇന്ന് ലോകത്ത് എവിടെ പ്രതിസന്ധി ഉണ്ടായാലും ആദ്യം പ്രതികരിക്കുന്നത് ഭാരതമാണ്. ബുദ്ധൻ്റെ അനുകമ്പയുടെ തത്വത്തിൻ്റെ വിപുലീകരണമാണിത്. തുർക്കിയിലെ ഭൂകമ്പമായാലും, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയായാലും, കോവിഡ്-19 മഹാമാരിയുടെ കാലത്തെ സാഹചര്യങ്ങളായാലും, ഭാരതം സഹായിക്കാൻ മുന്നിട്ടിറങ്ങി. ഭാരതം എല്ലാവരേയും ഒരു ‘വിശ്വ ബന്ധു’ (ആഗോള സുഹൃത്ത്) ആയി കണ്ടാണ് മുന്നോട്ട് പോകുന്നത്. യോഗ പ്രസ്ഥാനമായാലും, തിനയുമായി ബന്ധപ്പെട്ട പ്രചാരണമായാലും, ആയുർവേദമായാലും, പ്രകൃതി കൃഷിയായാലും, നമ്മുടെ പല ശ്രമങ്ങൾക്കും പിന്നിലുള്ളത് ഭഗവാൻ ബുദ്ധൻ്റെ പ്രചോദനമാണ്.

ബഹുമാനപ്പെട്ട സുഹൃത്തുക്കളേ,

ഭാരതം ഒരു വികസിത രാഷ്ട്രമായി മാറുമ്പോൾ അതിൻ്റെ വേരുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഭാരതത്തിലെ യുവജനങ്ങൾ അവരുടെ സംസ്‌കാരത്തിലും മൂല്യങ്ങളിലും അഭിമാനിക്കുന്നതോടൊപ്പം ലോകത്തെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ശ്രമങ്ങളിൽ, ബുദ്ധമതത്തിൻ്റെ പഠിപ്പിക്കലുകൾ നമ്മെ വളരെയധികം നയിക്കുന്നു. നമ്മുടെ സന്യാസിമാരുടെയും സന്യാസിമാരുടെയും മാർഗനിർദേശത്താലും ഭഗവാൻ ബുദ്ധൻ്റെ ഉപദേശങ്ങളാലും നമ്മൾ ഒരുമിച്ച് മുന്നേറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ ശുഭദിനത്തിൽ, ഈ പരിപാടിക്ക് നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി ഞാൻ ആശംസകൾ നേരുന്നു. പാലി ക്ലാസിക്കൽ ഭാഷയായി മാറിയതിൻ്റെ അഭിമാനത്തോടൊപ്പം, ഈ ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്കെല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ട്. നമുക്ക് ആ ദൃഢനിശ്ചയം എടുത്ത് അത് നിറവേറ്റാൻ ശ്രമിക്കാം. ഈ പ്രതീക്ഷകളോടെ ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി പറയുന്നു.

നമോ ബുദ്ധായ!

***

SK


(Release ID: 2084864) Visitor Counter : 26