രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി റായ്രംഗ്പൂരിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു
Posted On:
07 DEC 2024 12:36PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഒഡിഷയിൽ ബംഗിരിപോസി-ഗോരുമഹിസാനി; ബുരാമര-ചകുലിയ; ബദാംപഹാർ-കെന്ദുജാർഗഡ് എന്നീ മൂന്ന് റെയിൽവേ പാതകൾക്ക് തറക്കല്ലിട്ടു. ട്രൈബൽ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് സെൻ്റർ, ഡാൻഡ്‌ബോസ് എയർപോർട്ട്; റായ്രംഗ്പൂരിൽ സബ് ഡിവിഷണൽആശുപത്രിയുടെ പുതിയ കെട്ടിടം എന്നിവയ്ക്കും ഇന്ന് (ഡിസംബർ 7, 2024) തറക്കല്ലിട്ടു
ഈ നാടിൻ്റെ മകളായതിൽ താൻ എന്നും അഭിമാനിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഉത്തരവാദിത്തങ്ങളും ജോലിത്തിരക്കുകളും ജന്മനാട്ടിൽ നിന്നും അവിടുത്തെ ജനങ്ങളിൽ നിന്നും ഒരിക്കലും തന്നെ അകറ്റിയിട്ടില്ല. മറിച്ച്, ആളുകളുടെ സ്നേഹം തന്നെ അവരിലേക്ക് ആകർഷിക്കുന്നു. തൻ്റെ ചിന്തകളിലും പ്രവൃത്തികളിലും മാതൃദേശം നിറഞ്ഞു നിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങളുടെ ശുദ്ധവും അഗാധവുമായ വാത്സല്യം തന്റെ മനസ്സിൽ എപ്പോഴും പ്രതിധ്വനിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു
റെയിൽ പദ്ധതികളും വിമാനത്താവളങ്ങളും മേഖലയിലെ ഗതാഗതം, വാണിജ്യം, ബിസിനസ് എന്നിവയെ ഉത്തേജിപ്പിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 100 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം പ്രദേശവാസികൾക്ക് മികച്ച ആരോഗ്യ സൗകര്യങ്ങൾ പ്രദാനം ചെയ്യും.
കേന്ദ്രഗവൺമെൻ്റിൻ്റെ പൂർവോദയ ദർശനത്തിൻ്റെ പ്രയോജനം ഒഡീഷയ്ക്ക് ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യം, വിനോദസഞ്ചാര കണക്ടിവിറ്റി , ഗതാഗത സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്ഷേമ പദ്ധതികളിലൂടെ ഈ പ്രദേശത്തിൻ്റെ വികസനം വേഗത്തിൽ ആവുകയാണ്.
ഗോത്ര വിഭാഗത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. മയൂർഭഞ്ച് ജില്ലയിലെ 23 സ്കൂളുകൾ ഉൾപ്പെടെ ഒഡീഷയിൽ 100-ലധികം പുതിയ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നതിൽ അവർ സന്തോഷം രേഖപ്പെടുത്തി . ആ സ്‌കൂളുകളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം, സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും പുരോഗതിക്ക് ഗുണമേന്മയുള്ള സംഭാവന നൽകാൻ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് കഴിയുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***************
(Release ID: 2081990)
Visitor Counter : 22