പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭൂട്ടാൻ രാജാവിനും രാജ്ഞിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരണം നൽകി


2024 മാർച്ചിൽ തൻ്റെ ഭൂട്ടാൻ സന്ദർശന വേളയിൽ ലഭിച്ച അതുല്യമായ ആതിഥ്യം പ്രധാനമന്ത്രി അനുസ്മരിച്ചു

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള മാതൃകാപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു

ഭൂട്ടാൻ്റെ സാമ്പത്തിക വികസനത്തിനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു

ഇരു രാജ്യങ്ങളും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റങ്ങളുടെ പാരമ്പര്യത്തിന് കൂടിക്കാഴ്ച അടിവരയിടുന്നു

ഭൂട്ടാൻ രാജാവിന്റെയും രാജ്ഞിയുടെയും ബഹുമാനാർത്ഥം പ്രധാനമന്ത്രി ഉച്ചവിരുന്ന് നൽകി

प्रविष्टि तिथि: 05 DEC 2024 3:42PM by PIB Thiruvananthpuram

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനെയും രാജ്ഞി ജെറ്റ്‌സൺ പേമ വാങ്‌ചുക്കിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ സ്വീകരിച്ചു. 2024 മാർച്ചിലെ തൻ്റെ ഭൂട്ടാൻ സന്ദർശന വേളയിൽ ഭൂട്ടാൻ ഗവൺമെൻ്റും ജനങ്ങളും നൽകിയ വിശിഷ്ടവും ഊഷ്മളവുമായ ആതിഥ്യത്തെ സ്‌നേഹപൂർവ്വം അനുസ്മരിച്ച പ്രധാനമന്ത്രി, ഇരുവർക്കും ആശംസകൾ നേർന്നു.

വികസന സഹകരണം, ശുദ്ധ ഊർജ്ജ പങ്കാളിത്തം, വ്യാപാരം, നിക്ഷേപം, ബഹിരാകാശ സാങ്കേതിക സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന മികച്ച ഉഭയകക്ഷി ബന്ധത്തിൽ പ്രധാനമന്ത്രിയും രാജാവും സംതൃപ്തി രേഖപ്പെടുത്തി. എല്ലാ മേഖലകളിലും ഈ മാതൃകാപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലെ പുരോഗതി  അവലോകനം ചെയ്ത നേതാക്കൾ ഭൂട്ടാൻ്റെ വികസനത്തിന് ഉത്തേജനം നൽകാനും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമായി ഭൂട്ടാൻ രാജാവിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ദർശന പദ്ധതിയായ ഗെലെഫു മൈൻഡ്‌ഫുൾനെസ് സിറ്റി ഉദ്യമത്തെക്കുറിച്ചുള്ള ആശയങ്ങളും പരസ്പരം കൈമാറി.

ഭൂട്ടാൻ്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആ രാജ്യത്തിനുള്ള ഇന്ത്യയുടെ വികസന പിന്തുണ ഇരട്ടിയാക്കിയത് എടുത്തുകാട്ടിക്കൊണ്ട്  ഭൂട്ടാന്റെ സാമ്പത്തിക വികസനത്തിനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. ഭൂട്ടാൻ്റെ സന്തോഷത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ദൃഢമായ പിന്തുണക്ക് പ്രധാനമന്ത്രിയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും രാജാവ് നന്ദി അറിയിച്ചു.

കൂടിക്കാഴ്ചക്ക് ശേഷം, രാജാവിൻ്റെയും രാജ്ഞിയുടെയും ബഹുമാനാർത്ഥം പ്രധാനമന്ത്രി ഉച്ചവിരുന്ന് നൽകി.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പരസ്പര വിശ്വാസത്തിൻ്റെയും സഹകരണത്തിൻ്റെയും അഗാധമായ ധാരണയുടെയും അന്തസത്ത പ്രതിഫലിപ്പിക്കുന്ന ഉഭയകക്ഷി ബന്ധത്തിനും, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പതിവ് ഉന്നതതല കൈമാറ്റങ്ങളുടെ പാരമ്പര്യത്തിനും ഈ കൂടിക്കാഴ്ച അടിവരയിടുന്നു.

 

-SK-


(रिलीज़ आईडी: 2081187) आगंतुक पटल : 67
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada