വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner

സിനിമയുടെ ആഘോഷം തുടരുമെന്ന വാഗ്ദാനത്തോടെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു

ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഗംഭീരമായ ചടങ്ങോട് കൂടി 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI)യ്ക്ക്  സമാപനമായി .മാനവികത, സുസ്ഥിരത, തലമുറ ബന്ധങ്ങൾ എന്നിവയുടെ കഥ പറയുന്ന,  പ്രശസ്ത ചെക്ക് ചലച്ചിത്ര സംവിധായകൻ ബോഹ്ധൻ സ്ലാമയുടെ “ഡ്രൈ സീസൺ” എന്ന ചിത്രത്തോടെയാണ് മേള സമാപിച്ചത്.
 
മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം : ടോക്സിക്
 
 ഐഎഫ്എഫ്ഐയുടെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരമായ സുവർണ്ണമയൂരം ലിത്വാനിയൻ ചിത്രമായ ടോക്‌സിക്ക് കരസ്ഥമാക്കി.സംവിധായകൻ സൗളി ബിലുവെെറ്റെ സുവർണ്ണമയൂരം   ട്രോഫിയും സർട്ടിഫിക്കറ്റും 40,00,000 രൂപ സമ്മാനത്തുകയും സ്വീകരിച്ചു. നിർമ്മാതാവായ ഗീഡ്രെ ബുറോകൈറ്റുമായി പുരസ്കാരം പങ്കിട്ടു.
 
 ശാരീരികവും സാമൂഹികവുമായ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന കാലത്തിന്റെ ആഖ്യാനത്തിലൂടെ, ആഴത്തിലുള്ള സംവേദനക്ഷമതയും സഹാനുഭൂതിയും ആവിഷ്കരിച്ച ടോക്സിക് എന്ന ചിത്രത്തെ,മികച്ച ചിത്രമായി തിരഞ്ഞെടുത്തു കൊണ്ട് ജൂറി പ്രശംസിച്ചു.  
 
 മികച്ച സംവിധായകനുള്ള രജത മയൂരം: ബോഗ്ദാൻ മുറേസാനു
 
 റൊമാനിയൻ ചിത്രമായ' ദ ന്യൂ ഇയർ ദാറ്റ് നെവർ കെയിമി'ലെ അസാധാരണമായ സംവിധാന മികവിന് റൊമാനിയൻ സംവിധായകൻ ബോഗ്ദാൻ മുറേസാനു മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. അന്തർദേശീയ മത്സര വിഭാഗത്തിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരമാണിത് .
 
 രജതമയൂരം ട്രോഫിയും 15,00,000 രൂപ സമ്മാനത്തുകയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ബോഗ്ദാൻ മുറേസാനുവിന് ലഭിച്ചു.
 
 സിനിമയുടെ അതിമനോഹരമായ നിർമ്മാണം, രൂപകല്പന, പശ്ചാത്തലം , ആ കാലഘട്ടത്തെ ജീവസുറ്റതാക്കുന്ന രൂപകങ്ങൾ, ഒപ്പം അതിശയകരമായ പ്രകടനം എന്നിവ ജൂറി പ്രത്യേകം പ്രശംസിച്ചു. 
 
 മികച്ച അഭിനേതാവിനുള്ള രജതമയൂരം (പുരുഷനും സ്ത്രീയും ):
 
 പ്രധാന വേഷങ്ങളിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി , മികച്ച അഭിനേതാവ് (പുരുഷൻ), മികച്ച അഭിനേതാവ് (സ്ത്രീ) എന്നിവയ്ക്കുള്ള പുരസ്കാരങ്ങളിൽ രജതമയൂരം ട്രോഫിയും സർട്ടിഫിക്കറ്റും 10,00,000 രൂപ വീതം സമ്മാനത്തുകയും ഉൾപ്പെടുന്നു.  
 
 
 മികച്ച അഭിനേതാവിനുള്ള രജതമയൂരം (പുരുഷൻ): ക്ലെമൻ്റ് ഫാവോ 
 
 ഫ്രഞ്ച് ചിത്രമായ ഹോളി കൗവിലെ സൂക്ഷ്മവും ആകർഷകവുമായ അഭിനയ മികവിന് ക്ലെമൻ്റ് ഫാവോ മികച്ച നടനുള്ള (പുരുഷ) അവാർഡ് നേടി. തൻ്റെ കഥാപാത്രത്തിന് ആധികാരികതയും ആഴവും കൊണ്ടുവരാനുള്ള ക്ലെമൻ്റ് ഫാവോയുടെ അഭിനയ പ്രതിഭ ഈ ചിത്രത്തിൽ ആഴത്തിൽ പ്രകടമായിരുന്നതായി ജൂറി അഭിപ്രായപ്പെട്ടു.
 
 ‘ ഹു ഡു ഐ ബി ലോങ്ങ് ടു ?’ എന്ന ചിത്രത്തിലെ അവിശ്വസനീയമാംവിധം സ്വാഭാവികമായ പ്രകടനത്തിന് ആദം ബെസ്സയ്ക്ക് ജൂറി പ്രത്യേക പരാമർശം നൽകി.
 
 
 രജതമയൂരം - മികച്ച അഭിനേതാവ് (സ്ത്രീ):വെസ്റ്റ മറ്റുലായിറ്റെ, ഇവ റുപകായിറ്റെ
 
 ടോക്സിക് എന്ന ചിത്രത്തിലെ മരിജയുടെയും ക്രിസ്റ്റീനയുടെയും അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചതിനു രണ്ട് നവാഗത നടിമാരായ വെസ്റ്റ മറ്റുലായിറ്റെ, ഇവ റുപകായിറ്റെ എന്നിവരുടെ അസാധാരണ പ്രകടനത്തിന് ഇരുവർക്കും സംയുക്തമായി മികച്ച അഭിനേതാവിനുള്ള (സ്ത്രീ ) പുരസ്കാരം നൽകുന്നതായി ജൂറി അഭിപ്രായപ്പെട്ടു 
 
 
 പ്രത്യേക ജൂറി പുരസ്കാരത്തിനുള്ള രജതമയൂരം : ലൂയിസ് കര്വോസിയർ
 
 ഫ്രഞ്ച് സംവിധായിക ലൂയിസ് കര്വോസിയറിന് തൻ്റെ ആദ്യ ചിത്രമായ ഹോളി കൗവിന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കുള്ള പരിവർത്തനമെന്ന സാർവത്രിക പ്രമേയത്തിനെ കേന്ദ്രീകരിച്ചുള്ള ചിത്രത്തെ ജൂറി പ്രശംസിച്ചു. 
 
 IFFI, എല്ലാ വർഷവും ചലച്ചിത്രനിർമ്മാണത്തിൻ്റെ ഏത് മേഖലയിലും മികവ് പുലർത്തുന്നവരെ പ്രത്യേക ജൂറി അവാർഡ് നൽകി ആദരിക്കുന്നു. രജതമയൂരം ട്രോഫിയും സർട്ടിഫിക്കറ്റും 15,00,000 രൂപ സമ്മാനത്തുകയും പുരസ്കാരത്തിൽ ഉൾപ്പെടുന്നു. കര്വോസിയറിന്റെ ചിത്രം , രസികനായ ഒരു കൗമാരക്കാരൻ പെട്ടെന്ന് പക്വത പ്രാപിക്കാനും തൻ്റെ ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനും നിർബന്ധിതനായി നേരിടുന്ന വെല്ലുവിളികൾ ആകർഷകമായി അവതരിപ്പിച്ചു  
 
  മികച്ച നവാഗത ചലച്ചിത്ര സംവിധായക: സാറ ഫ്രീഡ്‌ലാൻഡ്
 
 അമേരിക്കൻ സംവിധായിക സാറ ഫ്രീഡ്‌ലാൻഡ്, ഉജ്ജ്വലമായ ചലച്ചിത്ര ആഖ്യാനത്തിന് മികച്ച നവാഗത ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. ആഗോള സിനിമയിലെ പുതിയ പ്രതിഭകളെ ഈ പുരസ്കാരം അംഗീകരിക്കുന്നു.സാറാ ഫ്രീഡ്‌ലാൻഡിന് രജതമയൂരം ട്രോഫിയും സർട്ടിഫിക്കറ്റും 10,00,000 രൂപ സമ്മാനത്തുകയും അടങ്ങുന്ന പുരസ്കാരം ലഭിച്ചു.  
 
 12 അന്താരാഷ്‌ട്ര ചിത്രങ്ങളും 3 ഇന്ത്യൻ ചിത്രങ്ങളും അടക്കം 15 ചിത്രങ്ങളാണ് സുവർണ മയൂരത്തിനായി മത്സരിച്ചത്. 
 

IFFI 2024-ൽ ഓസ്‌ട്രേലിയൻ ചലച്ചിത്ര സംവിധായകൻ ഫിലിപ്പ് നോയ്‌സിനെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു.

 
 ഓസ്‌ട്രേലിയൻ ഇതിഹാസ ചലച്ചിത്ര സംവിധായകൻ ഫിലിപ്പ് നോയ്‌സിനെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു. അദ്ദേഹത്തിൻ്റെ ഉജ്ജ്വലവും വിപുലവുമായ സിനിമായാത്രയ്ക്കുള്ള ആദരമായി ഗോവയിൽ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ ഇന്ന് പുരസ്കാരം സമ്മാനിച്ചു.
 
 ആഞ്ജലീന ജോളി അഭിനയിച്ച സാൾട്ട്, ഹാരിസൺ ഫോർഡ് അഭിനയിച്ച പാട്രിയറ്റ് ഗെയിംസ്, ഡെൻസൽ വാഷിംഗ്ടൺ നായകനായ ദി ബോൺ കളക്ടർ തുടങ്ങിയവ നോയ്സ് ന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 
 
 ചലച്ചിത്ര ഇതിഹാസങ്ങളോടുള്ള ആദരമായി നൽകുന്ന ഈ പുരസ്കാരത്തിൽ രജതമയൂരം മെഡൽ, സർട്ടിഫിക്കറ്റ്, ഷാൾ, സ്ക്രോൾ , 10,00,000 രൂപ ക്യാഷ് പ്രൈസ് എന്നിവ അടങ്ങിയിരിക്കുന്നു
 

സ്വീഡിഷ് ചലച്ചിത്ര സംവിധായകൻ ലെവൻ അകിൻ്റെ 'ക്രോസിംഗ്' 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അഭിമാനകരമായ ICFT - UNESCO ഗാന്ധി മെഡൽ നേടി.

 
 ഗോവയിലെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) സ്വീഡിഷ് ചലച്ചിത്ര സംവിധായകൻ ലെവൻ അകിൻ്റെ 'ക്രോസിംഗ്' അഭിമാനകരമായ ICFT - UNESCO ഗാന്ധി മെഡൽ നേടി. സമാധാനം, അഹിംസ, മനുഷ്യാവകാശം എന്നിവയുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സിനിമയെയാണ് ഈ പുരസ്കാരത്തിലൂടെ അംഗീകരിക്കുന്നത്.ഈ ആശയങ്ങളുടെ ശക്തമായ ആവിഷ്കാരം നടത്തിയതിനാണ് 'ക്രോസിംഗ്' തിരഞ്ഞെടുത്തത്. വിജയിക്ക് യുനെസ്കോ ഗാന്ധി മെഡലും സർട്ടിഫിക്കറ്റും ലഭിക്കും.
 

55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മറാത്തി ചിത്രമായ ‘ഘരത് ഗണപതി’യിലൂടെ നവജ്യോത് ബന്ദിവഡേക്കർ മികച്ച ഇന്ത്യൻ നവാഗത ചലച്ചിത്ര സംവിധായകനായി.

 
 
 
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) 2024-ൽ മറാത്തി ചിത്രമായ 'ഘരത് ഗണപതി' സംവിധാനം ചെയ്ത നവജ്യോത് ബന്ദിവഡേക്കർ മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. ബന്ദിവഡേക്കറുടെ ആദ്യ സംവിധാന സംരംഭത്തിന്റെ മികവിനെയും സിനിമാ വ്യവസായത്തിലെ ആവേശകരമായ ശബ്ദമാകാനുള്ള കഴിവിനെയും  
 ഈ പുരസ്കാരം പ്രതിഫലിപ്പിക്കുന്നു .  
 
 
 ഇന്ത്യൻ സിനിമയുടെ വികാസ പരിണാമത്തിന് രാജ്യത്തെ യുവ ചലച്ചിത്ര പ്രതിഭകൾ നൽകുന്ന സംഭാവനകളെ   അംഗീകരിക്കുന്നതിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഈ പതിപ്പിലാണ് മികച്ച നവാഗത ഇന്ത്യൻ ചലച്ചിത്ര സംവിധായകനുള്ള പുരസ്കാരം പുതിയതായി ഏർപ്പെടുത്തിയത്.
 
  സർട്ടിഫിക്കറ്റും 5 ലക്ഷം രൂപ ക്യാഷ് പ്രൈസും അടങ്ങുന്ന പുരസ്കാരം, 55-ാമത് ഐഎഫ്എഫ്ഐയുടെ സമാപന ചടങ്ങിൽ , മറാത്തി ചിത്രമായ ‘ഘരത് ഗണപതി’യിൽ അസാധാരണമായ കഥപറച്ചിൽ ചിത്രീകരിച്ച സംവിധായകൻ നവജ്യോത് ബന്ദിവഡേക്കറിന് സമ്മാനിച്ചു.
 

മറാത്തി വെബ് സീരീസ് 'ലംപൻ' IFFI 2024-ൽ മികച്ച വെബ് സീരീസ് (OTT) പുരസ്‌കാരം നേടി.  

 
 വ്യത്യസ്തമായ കഥപറച്ചിൽ രീതിയും ഉയർന്ന നിർമ്മാണ മികവും അസാധാരണമായ പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായ മറാത്തി വെബ് സീരീസ് 'ലംപൻ' 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വെബ് സീരീസ് (OTT) നുള്ള പുരസ്കാരം കരസ്ഥമാക്കി.
 
 പ്രകാശ് നാരായൺ സന്ത് എഴുതിയ കഥകളെ ആസ്പദമാക്കി നിപുൺ അവിനാഷ് ധർമ്മാധികാരി സംവിധാനം ചെയ്ത 'ലംപൻ' അതിരുകളില്ലാത്ത കൗതുകമുള്ള സ്വപ്നജീവിയായ ഒരു കുട്ടിയുടെ കഥയാണ്.
 
 ഡിജിറ്റൽ ഉള്ളടക്കത്തിലെ സർഗ്ഗാത്മകതയുടെ മുന്നേറ്റം തിരിച്ചറിഞ്ഞ്, മേളയുടെ 54-ാം പതിപ്പിലാണ് മികച്ച വെബ് സീരീസ് (OTT) അവാർഡ് അവതരിപ്പിച്ചത് .
 
  കലാ വൈഭവം, കഥപറച്ചിലിലെ മികവ്, സാങ്കേതിക മികവ്, സാംസ്കാരിക സ്വാധീനം എന്നിവ പരിഗണിച്ച് ഈ വർഷം, അഞ്ച് വെബ് സീരീസുകൾ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു 


 ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം നടൻ വിക്രാന്ത് മാസിക്ക്

 ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും ചേർന്ന് നടൻ വിക്രാന്ത് മാസിക്ക് ഈ വർഷത്തെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി പുരസ്കാരം സമ്മാനിച്ചു.

പ്രത്യേക ആദരം

 ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ മുൻനിർത്തി ഇന്ത്യൻ സംവിധായകൻ രമേഷ് സിപ്പിയെയും പ്രശസ്ത നടി ജയപ്രദയെയും ചടങ്ങിൽ ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും ചേർന്ന് ആദരിച്ചു.


  വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെയും എൻഎഫ്ഡിസിയുടെയും ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു, “ഫിലിം ബസാർ പോലെയുള്ള നിരവധി പുതിയ സംരംഭങ്ങൾ കൊണ്ട് ഈ ഐഎഫ്എഫ്ഐ അദ്വിതീയമാണ്. വിപ്ലവകരമായ രീതിയിൽ ആവിഷ്കരിച്ച ഫിലിം ബസാർ എല്ലാവർക്കും പ്രയോജനകരമായി . ഇത്തവണ, ചലച്ചിത്ര പ്രേമികൾക്ക്  ആസ്വദിക്കുന്നതിനായി ഞങ്ങൾ ഗോവ നഗരത്തിലുടനീളം സിനിമകൾ പ്രദർശിപ്പിച്ചു.ഈ വർഷം 195 ലധികം സിനിമകളാണ് പ്രദർശിപ്പിച്ചത്. " ശ്രീ വിനോദ് സാവന്ത് പറഞ്ഞു.

“ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര ചടുലത എന്ന വിശേഷണമാണ് ഈ വർഷത്തെ ഐഎഫ്എഫ്ഐയെ നിർവചിക്കുന്നത് . നമ്മുടെ പ്രധാനമന്ത്രി എപ്പോഴും നമ്മുടെ യുവ സ്രഷ്‌ടാക്കളെക്കുറിച്ചും ഉള്ളടക്കം കയറ്റുമതി ചെയ്യുന്ന ഇന്ത്യയെക്കുറിച്ചും സംസാരിക്കുന്നതിനാലാണിത്. ഈ വർഷത്തെ ഐഎഫ്എഫ്ഐ എല്ലാ യുവ സ്രഷ്‌ടാക്കൾക്കും നാളെയുടെ വളർന്നുവരുന്ന സർഗ്ഗ പ്രതിഭകൾക്കും രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും വരുന്ന കഥാകൃത്തുക്കൾക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു. ഈ IFFI ഇതുവരെയുള്ളതിൽ അളവിലും ഗുണത്തിലും മികച്ചതാണ്. ഇത് സാധ്യമാക്കിയ ഗോവയിലെയും നമ്മുടെ രാജ്യത്തെയും എല്ലാ കലാകാരന്മാർക്കും ഞാൻ നന്ദി പറയുന്നു".കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു

 

SKY

 

******************

iffi reel

(Release ID: 2078850) Visitor Counter : 33