വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഫിലിം ബസാർ 2024: ചലച്ചിത്ര മാഹാത്മ്യത്തിന്റെയും ആഗോള സഹകരണത്തിൻ്റെയും ആഘോഷത്തിന് 55-ാമത് IFFI യിൽ സമാപനം
പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര രണ്ട് കോ-പ്രൊഡക്ഷൻ മാർക്കറ്റ് പ്രോജക്ടുകളിൽ(CPM) ഫിലിം ബസാറുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു
ഗോവയിലെ 55-ാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ (IFFI) ഭാഗമായി നടന്ന ഫിലിം ബസാർ 2024 ന് പ്രതീക്ഷാനിർഭരമായ സമാപനം. വ്യവസായ പ്രമുഖരെയും പ്രതിഭാധനരായ നവാഗത ചലച്ചിത്രകാരന്മാരെയും ആഗോള പങ്കാളികളെയും ഒരു വേദിയിൽ ഒരുമിച്ച് കൊണ്ടുവരാൻ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (NFDC) ഈ സംരംഭത്തിന് സാധിച്ചു.
ഏറെക്കാലമായി, ദക്ഷിണേഷ്യയുടെ തനത് ഉള്ളടക്കങ്ങളും പ്രതിഭയും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള സുപ്രധാന വേദിയായി ഫിലിം ബസാർ നിലകൊള്ളുന്നു.
ഫിലിം ബസാറിന്റെ ആഭിമുഖ്യത്തിൽ രണ്ട് കോ-പ്രൊഡക്ഷൻ മാർക്കറ്റ് (CPM) പ്രോജക്റ്റുകളിൽ സഹകരിക്കുമെന്ന് മുകേഷ് ഛബ്ര വ്യക്തമാക്കി.ആദ്യ CPM ചലച്ചിത്രമായ 'ബാഗി ബെച്ചാരെ'യ്ക്ക് (റിലക്റ്റന്റ് റിബൽ) വേണ്ടി അദ്ദേഹം സൗജന്യമായി പ്രതിഭകളെ അവതരിപ്പിക്കും. രണ്ടാമത്തേത്, ഒരു CPM വെബ് സീരീസാണ്. 'ചൗഹാൻസ് ബി എൻ ബി ബെഡ് ആൻഡ് ബസേര'. ഇതിലും ഛബ്രയുടെ കാസ്റ്റിംഗ് വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തും. നൈസർഗ്ഗിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും വ്യവസായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ഫിലിം ബസാറിൻ്റെ നിരന്തര പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വെളിവാകുന്നത്.
തിരക്കഥാ രചനയുടെ വികസനം ലക്ഷ്യട്ട് ഫൈനൽ ഡ്രാഫ്റ്റുമായുള്ള സഹകരണം, പരമ്പരയിലൂടെ കഥപറയുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലിം ഇൻഡിപെൻഡൻ്റ് എപ്പിസോഡിക് റൈറ്റിംഗ് വർക്ക്‌ഷോപ്പുമായുള്ള സഹകരണം, SAAVA & ATF IP ആക്‌സിലറേറ്ററുമായി സഹകരിച്ചുള്ള കൊതിയൻ- ഫിഷേഴ്സ് ഓഫ് മെൻ എന്നീ ആവേശകരവും നിർണ്ണായകവുമായ പുതിയ CPM പങ്കാളിത്തങ്ങളും പ്രഖ്യാപിച്ചു.
ഈ സംരംഭങ്ങൾക്ക് പുറമെ, ഇനിപ്പറയുന്ന ചലച്ചിത്രങ്ങൾക്ക് വർക്ക് ഇൻ പ്രോഗ്രസ് (WIP) പുരസ്ക്കാരങ്ങളും സമ്മാനിച്ചു:
റിഥം ജാൻവെയുടെ 'കാട്ടി റി റാട്ടി: ഹണ്ടേഴ്സ് മൂൺ' 50 മണിക്കൂർ സൗജന്യ 4K DIക്കുള്ള പ്രസാദ് ലാബ്സ് അവാർഡ് നേടി.
ട്രിബെനി റായിയുടെ 'ഷേപ്പ് ഓഫ് മോമോ' യ്ക്ക് ന്യൂബ് സ്റ്റുഡിയോ 6 ലക്ഷം രൂപയുടെ DI പാക്കേജ് സമ്മാനിച്ചു.
പ്രസാദ് ലാബിൽ നിന്ന് 50 മണിക്കൂർ DI-യിൽ 50% കിഴിവ് ലഭിച്ച ദ ഗുഡ്, ദി ബാഡ് ആൻഡ് ദ ഹംഗ്രി, ദി റെഡ് ഹൈബിസ്കസ് എന്നിവയ്ക്ക് പ്രത്യേക പരാമർശമുണ്ട്.
പരിപാടിയുടെ ഊർജ്ജസ്വലതയും എല്ലാവരെയും ഉൾക്കൊള്ളുന്നതിനുള്ള മനോഭാവവും പ്രതിഫലിപ്പിക്കും വിധം, ഫിലിം ബസാർ റെക്കമൻഡ്‌സ് (FBR) വിഭാഗത്തിലെ ആദ്യ മൂന്ന് വിജയികൾക്ക് 3 ലക്ഷം സ്‌പോൺസർഷിപ്പും പ്രൊമോഷണൽ ആനുകൂല്യങ്ങളും ലഭിച്ചു.
വിജയികൾ :
വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത അങ്കമ്മാൾ
പിനാകി ജനാർദൻ രചനയും സംവിധാനവും നിർവഹിച്ച ഹൗസ് ഓഫ് മണികണ്ഠ
രവിശങ്കർ കൗശിക് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫ്ലേംസ്.
സ്റ്റുഡൻ്റ് പ്രൊഡ്യൂസർ വർക്ക്‌ഷോപ്പ് പിച്ച് പുരസ്ക്കാരം അനുശ്രീ കേലാട്ടിന്റെ 'ഡെഡ്‌ലി ദോശാസ്'- ന് പ്രഖ്യാപിച്ചു. പുഞ്ചൽ ജെയിനിന്റെ 'ലകഡ് ഹാര' റണ്ണർ അപ്പ് പുരസ്ക്കാരം നേടി.
ഫിലിം ബസാറിന് വേണ്ടി ഇതാദ്യമായി കോ-പ്രൊഡക്ഷൻ മാർക്കറ്റ് ഫീച്ചർ ക്യാഷ് ഗ്രാൻ്റ് വിഭാഗം അവതരിപ്പിച്ചു. ചലച്ചിത്ര നിർമ്മാതാക്കളുടെ മികവാർന്ന സൃഷ്ടികളെ ഇതിലൂടെ ആദരിച്ചു.
ഈ വിഭാഗത്തിലെ ഒന്നാം സമ്മാനം തനിക്കാചലം എസ്എ നിർമ്മിച്ച് പായൽ സേത്തി സംവിധാനം ചെയ്ത 'കുറിഞ്ഞി' (ദി ഡിസപ്പിയറിങ് ഫ്ലവർ) എന്ന ചിത്രത്തിന് ലഭിച്ചു.
പ്രമോദ് ശങ്കർ നിർമ്മിച്ച് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'കൊതിയൻ - ഫിഷേഴ്സ് ഓഫ് മെൻ' എന്ന ചിത്രത്തിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.
ബിച്ച്-ക്വാൻ ട്രാൻ നിർമ്മിച്ച് പ്രഞ്ജാൽ ദുവ സംവിധാനം ചെയ്ത 'ഓൾ ടെൻ ഹെഡ്‌സ് ഓഫ് രാവണ' യ്ക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.
കൂടാതെ, ചിപ്പി ബാബുവും അഭിഷേക് ശർമ്മയും ചേർന്ന് നിർമ്മിച്ച് സുമിത് പുരോഹിത് സംവിധാനം ചെയ്ത ബാഗി ബെച്ചാരെ (റിലക്റ്റൻ്റ് റിബൽസ്) പ്രത്യേക പരാമർശം നേടി.
സവിശേഷ സംരംഭമായ ഫിലിം ബസാറിൽ ഫ്രഞ്ച് ഡെലിഗേറ്റസിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങൾക്ക് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദരിക്കപ്പെട്ടു. ഫിലിം ബസാറിൻ്റെ ഉജ്ജ്വലമായ ഭാവിയുടെ നേർക്കാഴ്ച്ച വാഗ്‌ദാനം ചെയ്‌ത് WAVES 2025-ൻ്റെ ടീസറോടെയാണ് സായാഹ്നത്തിന് സമാപനം കുറിച്ചത്.
ചടങ്ങിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയും NFDC-MD യുമായ ശ്രീ പൃഥുൽ കുമാർ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം(ഫിലിംസ്)ജോയിൻ്റ് സെക്രട്ടറി മിസ്സ് വൃന്ദ മനോഹർ ദേശായി എന്നിവർ സംസാരിച്ചു. ഫിലിം ബസാർ ഉപദേഷ്ടാവ് ജെറോം പൈലാർഡ്, പ്രശസ്ത നടൻ അവിനാഷ് തിവാരി, പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര എന്നിവർ സന്നിഹിതരായിരുന്നു.

(Release ID: 2077340)