ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ 50-ാമത് അഖിലേന്ത്യാ പോലീസ് ശാസ്ത്ര സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ, ആഭ്യന്തര സുരക്ഷയിലും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു
Posted On:
19 NOV 2024 5:33PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ 50-ാമത് അഖിലേന്ത്യാ പോലീസ് ശാസ്ത്ര സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ഈ അവസരത്തിൽ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (ബിപിആർ ആൻഡ് ഡി) ഡയറക്ടർ ജനറൽ ശ്രീ രാജീവ് കുമാർ ശർമ്മ എന്നിവരും മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.
നമ്മുടെ പോലീസ് സംവിധാനവും മറ്റു സുരക്ഷാ സംവിധാനങ്ങളും പ്രസക്തമായി നിലനിർത്തുന്നതിന് അഖിലേന്ത്യാ പോലീസ് ശാസ്ത്ര സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 50 വർഷത്തേക്ക് മാറ്റമില്ലാതെ തുടർന്നാൽ ഏത് സംവിധാനവും കാലഹരണപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു . കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി രാജ്യത്തും ലോകത്തും കുറ്റകൃത്യങ്ങളുടെ മേഖലയിലും പൊലീസിംഗിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ , ഈ മാറ്റങ്ങൾക്ക് അനുസൃതമായി പോലീസ് ശാസ്ത്ര സമ്മേളനം വികസിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു .
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോളതലത്തിൽ എല്ലാ മേഖലകളിലും നേതൃപരമായ പങ്ക് വഹിക്കാൻ പാകത്തിൽ മുന്നേറിയിട്ടുണ്ടെന്നും അതിൻ്റെ ഫലമായി നമ്മുടെ വെല്ലുവിളികൾ വർദ്ധിച്ചിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 11-ാം സ്ഥാനത്തുനിന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിയെന്നും 2028 ഓടെ നാം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിജിറ്റൽ വിപ്ലവത്തിലൂടെ മോദി ഗവൺമെന്റ്, ജുഡീഷ്യൽ നടപടികൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതായി ശ്രീ ഷാ പറഞ്ഞു.
പുതിയ ക്രിമിനൽ നിയമങ്ങൾ, ഫോറൻസിക് സയൻസിൻ്റെ ഉപയോഗം, ദുരന്തനിവാരണം, ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ പ്രയോഗം, സൈബർ തട്ടിപ്പ്, സ്മാർട്ട് സിറ്റികളിലെ പോലീസ് സംവിധാനം ,ഗോത്ര മേഖലകളിലെ സാമൂഹ്യ പോലീസിംഗ്, ജയിലുകളിലെ തീവ്രവാദ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ എട്ട് സെഷനുകളിലായി ഈ സമ്മേളനത്തിൽ ചർച്ചകൾ നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഭ്യന്തര സുരക്ഷയിലും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലും പരിവർത്തനാത്മകമായ മാറ്റത്തിന് വിധേയമായെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ പൂർണമായി നടപ്പാക്കുന്നതോടെ മൂന്ന് വർഷത്തിനുള്ളിൽ ഏത് കേസിലും,സുപ്രീം കോടതി തലത്തിൽ പോലും നീതി ലഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പതിറ്റാണ്ടുകളായി കശ്മീർ, വടക്കുകിഴക്കൻ പ്രദേശങ്ങൾ , നക്‌സൽ ബാധിത പ്രദേശങ്ങൾ എന്നിവയെ പ്രശ്‌നബാധിത പ്രദേശങ്ങളായി കണക്കാക്കിയിരുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ഈ മേഖലകളിൽ സുരക്ഷ ശക്തമാക്കുകയും കാര്യമായ പുരോഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. മുൻ ദശകത്തെ അപേക്ഷിച്ച്,കഴിഞ്ഞ 10 വർഷത്തിനിടയിൽ, അക്രമ സംഭവങ്ങളിൽ 70% കുറവ് വരുത്താൻ കഴിഞ്ഞതായി അദ്ദേഹം സൂചിപ്പിച്ചു. മോദി ഗവൺമെന്റിന്റെ കഴിഞ്ഞ 10 വർഷത്തിനിടയിൽ,അധികൃതർ 35,000 കോടി രൂപ വിലമതിക്കുന്ന 5,45,000 കിലോഗ്രാം മയക്കുമരുന്ന് വിജയകരമായി പിടിച്ചെടുത്തു,.ഇത് മോദി ഗവൺമെന്റ് അധികാരത്തിൽ വരുന്നതിന് മുമ്പുള്ള 10 വർഷത്തിൽ പിടിച്ചെടുത്തതിനേക്കാൾ ആറിരട്ടി കൂടുതലാണ്.
പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ആദ്യപടിയാണ് കമ്പ്യൂട്ടർവൽക്കരണം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തെ 100% പോലീസ് സ്‌റ്റേഷനുകളും അതായത് 17,000 പോലീസ് സ്‌റ്റേഷനുകളും കമ്പ്യൂട്ടർവൽക്കരിച്ച് ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് & സിസ്റ്റവുമായി (CCTNS) ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ, കോടതി, പ്രോസിക്യൂഷൻ, പോലീസ്, ജയിൽ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ സംവിധാനം മോദി ഗവൺമെന്റ് സൃഷ്ടിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മോദി ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാവിയിൽ സാങ്കേതിക മാറ്റങ്ങൾ വന്നാൽ നിയമം മാറ്റേണ്ടി വരില്ല എന്ന തരത്തിലാണ് പുതിയ മൂന്ന് നിയമങ്ങളിലും അത്യാധുനിക സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രൂപത്തിൽ സമാഹരിച്ചിട്ടുള്ള വ്യത്യസ്ത വിവരങ്ങൾ നിർമ്മിത ബുദ്ധി (എഐ) ഉപയോഗിച്ച് സംയോജിപ്പിച്ച് സമഗ്രമായി ഉപയോഗയോഗ്യമാക്കുന്നതിന് പ്രവർത്തിക്കേണ്ടത് പോലീസ് ശാസ്ത്ര സമ്മേളനത്തിന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ ഇന്ത്യയും ലോകവും അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികൾ ഉണ്ടായേക്കാമെന്നും അതിന് ഇന്ത്യയിൽ തന്നെ പരിഹാരം കാണാൻ ശ്രമിക്കണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.
GG
******************
(Release ID: 2074820)
Visitor Counter : 21